അങ്കക്കോഴികളുടെ നാട് !

1740
കൗമാരകാലത്തെനിക്ക് രണ്ട് അങ്കക്കോഴികൾ ഉണ്ടായിരുന്നു. അമ്മയോടൊപ്പം ഒരു ബന്ധുവിന്റെ വീട്ടിൽ പോയപ്പോൾ മുറ്റത്തു വിലസുന്ന അനവധി കുഞ്ഞുങ്ങളെ കണ്ടു മോഹിച്ചതിന്റെ ഫലമായി അവരെനിക്ക് സമ്മാനമായി തന്നതായിരുന്നു അവയെ. സാധാരണ കോഴികൾ അല്ലാത്തതുകൊണ്ട് തന്നെ അവരുടെ വളർച്ചയെ അത്രയും ആകാംഷയോടെ നോക്കിയിരുന്നു. വളർച്ചയുടെ ഒരു പ്രത്യേകഘട്ടം പിന്നിട്ടപ്പോൾ അവർ തമ്മിൽ ഘോരമായ പോരാട്ടം തുടങ്ങി. രണ്ടിലൊന്നറിഞ്ഞിട്ടേ നിർത്തൂ എന്ന നിശ്ചയദാർഢ്യം അവരിൽ കണ്ട ഞാൻ പലപ്പോഴും ഒരു റഫറിയെ പോലെ പിടിച്ചുമാറ്റി പ്രശ്നം സോൾവ് ചെയ്തിരുന്നു. ഒത്ത ഉയരവും ബലിഷ്ഠമായ കാലുകളും തലയെടുപ്പും ഉള്ള അവയെ പേടിച്ചു പൂച്ചകളും പട്ടികളും ഇങ്ങോട്ടു വരാതായി. പരിസരവാസികൾക്ക് പോലും ഭയമുണ്ടാക്കിയ വില്ലന്മാരായി, എന്റെ അഭിമാനഭാജനങ്ങളായി, അരുമകളായി അവരങ്ങനെ പരസ്പരം പോരടിച്ചു വളർന്നു. ഒരിക്കൽ അയൽവീട്ടിലെ കുട്ടിയെ കൊത്തിയതിന്റെ പേരിൽ അവിടെയുള്ളവർ പരാതിപറഞ്ഞതിനാൽ ഏറെക്കാലം എനിക്ക് ദുഖമുണ്ടാക്കി കോഴികളെ ഒരു കുടുംബസുഹൃത്തിന് വളർത്താൻ കൊടുക്കുകയുണ്ടായി. പിന്നെ ഞാനവരെ കണ്ടിട്ടേയില്ല. ഇപ്പോഴും അവരുടെ ആ വീര്യവും കലിയോടെയുള്ള പോരും എന്റെ കണ്ണുകളിലുണ്ട്.

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾക്കു നേതൃത്വം നൽകുന്നവരെയും അതിനിരയാകുന്നവരെയും കാണുമ്പൊൾ ഞാനെന്റെ കോഴികളെ ഓർമകളിൽ നിന്നും ആവാഹിച്ചെടുക്കും. ഒന്നിനെ കൊന്നിട്ട് മറ്റൊന്നിനു തിന്നാനാണോ, അല്ല. ഒന്ന് ചത്തതിന്റെ പേരിൽ മറ്റൊന്ന് താത്കാലികമായി അതിന്റെ പ്രിയപ്പെട്ടവരാൽ ആദരിക്കപ്പെടുന്നുണ്ടാകും. എന്നാൽ അടുത്ത പോരിനുള്ള ഊർജ്ജമാകും ആ ആദരത്തിലൂടെ  കുത്തിവയ്ക്കപ്പെടുക. കോഴിപ്പോര് കാണുമ്പോൾ ആദ്യമൊക്കെ ഞാനും ആനന്ദിച്ചിരുന്നു. പക്ഷെ ഒന്നിന്റെ, ചിലപ്പോൾ രണ്ടിന്റെയും മരണത്തോടെയേ അതവസാനിക്കൂ എന്ന തിരിച്ചറിവാകണം എന്നെയും ഒരു കോഴിപ്പോര് വിരോധിയാക്കിയത്. ഇന്ത്യൻ ശിക്ഷാനിയമം 428, 429 വകുപ്പ് പ്രകാരവും മൃഗപീഡനനിയമം പതിനൊന്നാം വകുപ്പുപ്രകാരവും കോഴിപ്പോരു നടത്തുന്നവരെ അറസ്റ്റുചെയ്യാൻ നിയമമുണ്ട്, എന്നാലോ മനുഷ്യപ്പോരുകോഴികളെ സ്പർദ്ദയും കലിയും സ്റ്റിറോയിഡ് പോലെ സിരകളിൽ കുത്തിവച്ചു വിടുന്നവരെ അറസ്റ്റ് ചെയ്യാൻ ഇവിടെ യാതൊരു നിയമവും ഇല്ലെന്നത് അത്യന്തം ദൗഭാഗ്യകരമാണ്. തത്ഫലമായി കോഴികൾ തന്നെ പോരാടുകയും ഒടുങ്ങുകയും കാരാഗൃഹത്തിലാകുകയും ചെയ്യുന്നു..

തമിഴ്‌നാട്ടിൽ കോഴിപ്പോരിന്(ചേവൽച്ചണ്ടൈ)ഏറെ ആരാധകരുണ്ട്. അല്ലെങ്കിലും ജെല്ലിക്കെട്ട് പോലുള്ള മൃഗവിനോദങ്ങൾ മൃഗീയമായി ആസ്വദിക്കുന്നവരാണല്ലോ അവർ. എന്നാൽ കോഴിപ്പോരിന്റെ മനുഷ്യവേർഷന് കേരളത്തിൽ തന്നെയാണ് ആരാധകർ കൂടുതൽ. പിന്നെയും പിന്നെയും ഉളുപ്പില്ലാതെ ന്യായീകരിക്കുകയും പോർവിളികളുടെ കൊക്കരക്കോ മുഴക്കുകയും തലയെണ്ണി സ്കോർബോർഡുകൾ സ്ഥാപിക്കുകയും ചെയ്യുന്നവർ ഇവിടെ സുലഭമാണ്. നദീതട സംസ്കാരകാലങ്ങളിൽ വരെ നിലനിന്നിരുന്ന ഏറെ പഴക്കമുള്ള വിനോദങ്ങളിൽ ഒന്നായ കോഴിപ്പോര്, ചില പക്ഷിരോഗങ്ങൾ മനുഷ്യർക്കും പിടിപെടുന്നപോലെ വ്യാപകമായി നമ്മുടെ നാട്ടിലെ ചിലയിടങ്ങളിൽ മരണഭീതി പരസ്പരംവിതച്ചു മുന്നേറുകയാണ്. ജനാധിപത്യത്തെ കുറിച്ചുള്ള അവബോധവും മനുഷ്യസ്നേഹവുമൊക്കെയാണ് ഇതിന്റെ വാക്സിനുകൾ എന്നിരിക്കെ അവയെല്ലാം അവഗണിച്ചു വീര്യത്തോടെ പരസ്പരം ചിറകുകൾവീശി പറന്നടുക്കുകയാണ് അവർ അനുദിനം.

എവിടെയും പുരുഷന്മാരാണല്ലോ യുദ്ധവും കലാപവും സംഘർഷങ്ങളും ഭീതിയും വിതയ്ക്കുക. എന്നതിനാൽ പൂവങ്കോഴികളെയാണ് കോഴിപ്പോരിനും തിരഞ്ഞെടുക്കുന്നത്. ഇനി നമുക്കിതിന്റെ മനുഷ്യവേർഷനിലൂടെപോകാം. പോരിന് പറ്റിയവരെ ഒരു പ്രത്യേകപ്രായത്തിൽ തന്നെ കണ്ടുപിടിച്ചു യജമാനന്മാർ തങ്ങളുടെ വരുതിയിൽ ആക്കുന്നു. തങ്ങൾക്കു വേണ്ടി മരിക്കാനും തയ്യാറാണെന്ന അവസ്ഥ അവരിൽ അവർപോലുമറിയാതെ സൃഷ്ടിച്ചെടുക്കും. ആവശ്യത്തിന് പണവും രാഷ്ട്രീയസ്വാധീനം കൊണ്ട് പറ്റുന്നവയെല്ലാം ചെയ്തുംകൊടുക്കും. ഇത്തവരിൽ വളരെ വലിയ രീതിയിൽ സെക്ക്യൂരിറ്റി ഫീൽ ചെയ്യിപ്പിക്കുകയും അതിന്റെ മറവിൽ എന്തുംചെയ്യാനുള്ള ലൈസൻസുകൾ നേടിയെടുക്കുകയും ചെയ്യും. ക്രമേണ ജീവിതം കൈവിട്ടുപോകുന്നത് അറിയാത്ത അവർ സംഘബലത്തിന്റെ ഹുങ്കിൽ ചെറിയചെറിയ കേസുകളായി അഭ്യാസത്തിന്റെ ബാലപാഠങ്ങൾ പഠിച്ചുതുടങ്ങും. പോരുകോഴികളെ അങ്കത്തട്ടിൽ ഇറക്കുന്നതിനു മുൻപ് മലദ്വാരത്തിൽ മുളകരച്ചു തേയ്ക്കുമത്രേ. ഇവിടെ ആ മുളക് വെറുപ്പുംദേഷ്യവുമാണ്. കോഴികളുടെ കാലുകളിൽ അള്ളുകൾ എന്ന മുനയേറിയ ആയുധമാണ് വച്ചുപിടിപ്പിക്കുന്നതെങ്കിൽ മനുഷ്യർക്ക് നൽകുന്നത് വടിവാളുകളും മഴുകളും ബോംബുകളും.

പോരിനുമുമ്പ് കോഴികളുടെ തലകൾ പരസ്പരം ചേർത്തുപിടിച്ചു ഉരച്ചും കൊത്തിച്ചും  കലിപിടിപ്പിക്കുമത്രേ. ആ കലിയാണ് അവരുടെ പോരാടാനുള്ള ഊർജ്ജം. മനുഷ്യരുടെ കാര്യത്തിലാണെങ്കിൽ ആ കലിയ്ക്ക് ഏറെക്കാലത്തെ പഴക്കമുണ്ടാകും. ഇനി രക്തരൂക്ഷിതമായ പോരാട്ടമാണ്. അപ്പോൾ ചുറ്റുംനിൽക്കുന്നവർ പക്ഷംപിടിച്ചു വെറിയെ മുഖങ്ങളിൽ സന്നിവേശിപ്പിച്ചുകൊണ്ട് പ്രോത്സാഹിപ്പിക്കാനാരംഭിക്കും. തങ്ങളുടെ ദേശത്തിന്റെ ( പാർട്ടിയുടെ )കോഴി വിജയിക്കണം. അവൻ നമ്മുടെ അഭിമാനമാണ്. മകരസംക്രാന്തി ആഘോഷവുമായി ബന്ധപ്പെട്ടുള്ള ദിവസങ്ങൾ നിയമങ്ങളെ കാറ്റിൽപ്പറത്തി ആന്ധ്രയിൽ ചില ജില്ലകളിൽ നടത്തുന്ന കോഴിപ്പോര് പ്രസിദ്ധമത്രെ. ആയിരംകോടിയുടെ വാതുവയ്‌പ്പാണ്‌ നടക്കുന്നത്. ഇവിടെ നേതാക്കളുടെ വാതുവയ്പുകൾ രഹസ്യമാണ്. അവർക്കൊന്നും നഷ്ടപ്പെടാനുമില്ല. അവരുടെ അരുമക്കോഴികൾ വിദേശങ്ങളിൽ സുഖലോലുപതയിൽ പാറിക്കളിച്ചു നടക്കുകയാകും.

അങ്ങനെ എല്ലാത്തരം കോഴികളെയും പോരിന് നിയോഗിക്കാറില്ല. കോടി, പച്ച കാക്കി,തീട്ടുവ,  പാര്‍ല, നെമലി ,മൈല, ടെഗ, കാക്കി, അര്‍ത്തവരം…ഇവയൊക്കെയാണ് പോരിന് പറ്റിയതത്രെ.
മനുഷ്യരുടെ കാര്യത്തിലേക്കു വന്നാലോ, ചില പ്രത്യേകസമുദായക്കാരെയാണ് പോരിന് തിരഞ്ഞെടുക്കുന്നത്. സാമ്പത്തികമായും വളരെ പരിതാപകരമായ അവസ്ഥയിൽ ഉള്ളവരാകും. വിദ്യാഭ്യാസവും സമ്പത്തും ഉള്ളവർ ഇതിനൊന്നും പോകില്ലല്ലോ. സമുദായത്തിന്റെ കാര്യംപറഞ്ഞാൽ അവർണ്ണരെ ആണ് പോരിന് നിയോഗിക്കുന്നത്. ‘ചാവേറും അശാന്തിയും’ എന്ന മറ്റൊരു ആർട്ടിക്കിളിൽ ഞാൻ ചാവേറുകളെ പരാമർശിച്ചിട്ടുണ്ട്. അവരെപോലെയാണ് മനുഷ്യരിലെ പോരുകോഴികളും. തങ്ങളുടെ ജീവിതം പാർട്ടിക്കുവേണ്ടിയെന്ന് അവർപോലുമറിയാതെ എന്നോയെടുത്ത പ്രതിജ്ഞകൾ ചിലപ്പോൾ തികട്ടിവരും. ഏതൊരു യുദ്ധമുഖത്തും അലറിയടുത്തു ബോംബെറിഞ്ഞു പ്രതിയോഗിയെ വീഴ്ത്തിയ ശേഷം കൊലവെറിയോടെ വെട്ടിയരിയുന്നു. മകരസംക്രാന്തി കോഴിപ്പോരിന്റെ രസകരമായ ഒരു വശം പോരാട്ടത്തിൽ വിജയിച്ച കോഴികൾക്കു അടുത്തവർഷത്തെ പോരുകാലം ആകുന്നതുവരെ ആഡംബരവിശ്രമമാണ് ഒരുക്കുന്നത് . മനുഷ്യന്റെ കാര്യത്തിലോ, ഒരാളെ വകവരുത്തിക്കഴിഞ്ഞാൽ പ്രതികൾക്കു ജയിലിലും അതെ വിശ്രമസൗകര്യങ്ങൾ തന്നെ. അവരിൽ തങ്ങളുടെ പാർട്ടി അണികൾ നിരന്തരം അഭിമാനപുളകിതരാകുകയും ചെയ്തുകൊണ്ടേയിരിക്കും. അവർക്കു അസൗകര്യങ്ങളുണ്ടാകാതെ നേതാക്കൾ അവരിൽ അതീവശ്രദ്ധാലുക്കൾ ആയി നിലകൊള്ളുകയും ചെയ്യും.

നോക്കൂ, ഇവിടെ തലയെണ്ണി കൊല്ലുന്നവരുടെ ലിസ്റ്റുകൾ സൂചിപ്പിക്കാനോ ഏതുപാർട്ടിക്കാർ ആണ് കൂടുതൽ മരിക്കുന്നതെന്നു പറയാനോ പ്രതിയോഗികളുടെ വാദങ്ങൾ നിരത്താനോ എനിക്ക് മനസില്ല. മതവും വിശ്വാസവും ജീവിതരീതികളും പ്രാകൃതമായ ഒരു നാട്ടിൽ രാഷ്ട്രീയംമാത്രം സഹിഷ്ണുതയുടേതാകണം എന്ന് വാദിക്കാൻ പറ്റില്ലല്ലോ. മേല്പറഞ്ഞവയിൽ നിന്നൊക്കെ തന്നെയാണ് ഇവിടത്തെ രാഷ്ട്രീയവും ഉടലെടുക്കുന്നത്. അടിസ്ഥാനപ്രശ്നം കണ്ടറിഞ്ഞു പരിഹരിക്കാൻ കഴിയാതെ ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചിട്ടോ രക്തസാക്ഷികളുടെയോ ബലിദാനികളുടെയോ കുമിഞ്ഞുകൂടുന്ന പേരുകൾ പ്രസിദ്ധീകരിച്ചിട്ടോ എന്തുനേടാൻ? അവയൊക്കെ വെറും അക്കങ്ങൾ മാത്രമാണ്. പേരുകൾ നേതാക്കൾക്ക് മാത്രം അവകാശപ്പെട്ടത്. ഏതൊരുകാലത്തും ഏതൊരുചരിത്രത്തിലും അവമാത്രം തങ്കലിപികളിൽ തിളങ്ങിനിൽക്കും. അവർക്കുവേണ്ടി മരിച്ചൊടുങ്ങിയ ‘പേരില്ലാതവരുടെ’ പട്ടടകളിലെ കരിക്കട്ടകൾ കുതിർത്തുകിട്ടുന്ന മഷികൊണ്ടുതന്നെയാണ് ലോകചരിത്രങ്ങൾ എഴുതപ്പെട്ടതും എഴുതപ്പെടുന്നതും.

വിദൂരങ്ങളിൽ ഇരിക്കുന്ന ശത്രുക്കളെ കമ്പ്യൂട്ടർ സംവിധാനങ്ങൾ ഉപയോഗിച്ചോ മിസൈലോ ബോംബോ വർഷിച്ചോ കൊന്നൊടുക്കുന്ന വീഡിയോദൃശ്യങ്ങളും ഫോട്ടോകളും ആധുനികലോകത്തിൽ സുലഭമാണ്. കൊല്ലപ്പെട്ടവരെയോർത്തു നാം കരയാറുമുണ്ട്. എന്നാൽ അതിനേക്കാളൊക്കെ എത്രയോ ക്രൂരവും ഭീകരവുമാണ് തന്റെ കയ്യിലിരിക്കുന്ന മൂർച്ചയേറിയ ആയുധം കൊണ്ട് ഒരാൾ മറ്റൊരാളെ വെട്ടിനുറുക്കുന്നത്. അതിനു വല്ലാത്തൊരു മനസ് വേണം. ഒരാളെ ആക്രമിക്കുമ്പോൾ അയാൾക്ക് വേദനിക്കും എന്നറിയണമെങ്കിൽ ആ ആക്രമണം തങ്ങളുടെ ശരീരത്തിലേറ്റാലും വേദനിക്കുമെന്ന തിരിച്ചറിവ് ഉണ്ടാകണം. നിർഭാഗ്യവശാൽ പ്രസ്ഥാനങ്ങൾ പടർത്തുന്ന വെറി കാരണം വേദനയറിയാനുള്ള മനസുകൾ പോലും മരവിച്ചു പോയിരിക്കുന്നു. സ്പര്ശനശേഷിയില്ലാത്ത അവയവങ്ങളായി ഹൃദയങ്ങൾ വെറുതെ സ്പന്ദിച്ചുകൊണ്ടിരിക്കുന്നു.

ഒരാളുടെ വിയോഗം അയാളുടെ കുടുംബം മാത്രമാണ് അനുഭവിക്കുന്നതെന്ന സത്യം അവരവർ സ്വയം മനസിലാക്കണം. രാഷ്ട്രീയകൊലകളിൽ ഒടുങ്ങിയവരിലൂടെ ഈ നാട് എന്തുനേട്ടമാണ് കൈവരിച്ചത് ? പാർട്ടികളുടെ ബോർഡുകളിൽ കുറച്ചുകാലത്തേക്ക് സ്ഥാനംപിടിക്കാം. അടുത്തയാളുടെ ചിത്രം വരുമ്പോൾ മാറിക്കൊടുക്കുകയും വേണം. ജനാധിപത്യത്തിന്റെ കാവല്ഭടന്മാരാകേണ്ട പാർട്ടികൾക്കു ഇവിടെ ജനാധിപത്യത്തെ കുറിച്ചുള്ള അവബോധം പൂർണ്ണമായും നഷ്ടമായിരിക്കുന്നു. ഓരോ മേഖലയിലും തങ്ങളുടെ അധീശത്വം നിലനിർത്താനുള്ള തത്രപ്പാടിൽ അക്രമങ്ങളും കലാപങ്ങളും നിത്യസംഭവങ്ങളാക്കുന്ന അവർ മാനവികതയുടെ ഘാതകന്മാർ തന്നെയാണ്. പത്തൊമ്പതാം നൂറ്റാണ്ടോടെ അമേരിക്കയിലും യൂറോപ്പിലുമൊക്കെയാണ് നാമിന്നുകാണുന്ന പാർട്ടികൾ ഉടലെടുത്തത്. ഏകകക്ഷിയായും ദ്വികക്ഷിയായും ബഹുകക്ഷിയായും ഒക്കെയാണ് അവർ ഓരോയിടങ്ങളുടെ സവിശേഷതകൾക്കനുസരിച്ചും ഭരണസമ്പ്രദായങ്ങൾക്കനുസരിച്ചും ഭരിക്കുക. ബഹുകക്ഷിഭരണമുള്ള നമ്മുടെ നാട് അതുകൊണ്ടുതന്നെ രാഷ്ട്രീയത്തിൽ ബഹുസ്വരതയുടെ ഉന്നതയിൽ നിൽക്കേണ്ടതായിരുന്നു. നിർഭാഗ്യവശാൽ കുരങ്ങന്റെ കയ്യിലെ പൂമാലപോലെ നമ്മൾ പാർട്ടികളുടെ ലേബലണിഞ്ഞു ജനാധിപത്യത്തെ വികലമാക്കിക്കൊണ്ടിരിക്കുന്നു. 

ഞാൻ മേല്പറഞ്ഞപോലെ അണികൾ രാഷ്ട്രീയത്തിൽ സഹിഷ്ണുതയുള്ളവരാകും എന്ന് ചിന്തിക്കുന്നതുതന്നെ വിഡ്ഢിത്തം ആണ്. മറ്റുള്ളവയെല്ലാം പ്രകൃതമാകുന്ന നാട് രാഷ്ട്രീയത്തിൽ ഉന്നതി കൈവരിക്കില്ല. ജാതിയുടെയും മതത്തിന്റെയും ആചാരത്തിന്റെയും  ആഹാരത്തിന്റെയും  പ്രണയത്തിന്റെയും…പേരിൽ കൊന്നൊടുക്കലുകൾ തുടർക്കഥയായ ഇവിടെ അതിൽനിന്നൊക്കെ രാഷ്ട്രീയം രക്ഷപെട്ടു നിൽക്കില്ല. രാഷ്ട്രീയത്തിന്റെ മാത്രം പ്രശ്നമല്ല അത്. രാഷ്ട്രീയത്തെയോ ജനാധിപത്യത്തെയോ സ്വീകരിക്കാൻ ഇവിടത്തെ ജനം പ്രാപ്തരായിട്ടില്ല. രാജകൊട്ടാരങ്ങളിൽ നിന്നും മന്ത്രിമാർ ഇറങ്ങിവന്നെങ്കിലും അവർ രാജാധികാരത്തിന്റെ അസ്കിത വിട്ടൊഴിയാതെ, മനസുകളിൽ ഏകാധിപത്യത്തെ താലോലിക്കുന്നവരാണ്. പോരെങ്കിൽ എന്തിനുംപോന്ന കിങ്കരന്മാരും. ചില പ്രദേശങ്ങളുടെ ചരിത്രപരമായ സവിശേഷതകൾ കൂടിയാകുമ്പോൾ അവിടെ മരണം സ്ഥിരതാമസമാക്കുന്നു. അതുകൊണ്ടാണ് കേരളത്തിൽ ചില മേഖലകളിൽ മാത്രം പോര് മുറുകുന്നത്. പ്രസ്ഥാനത്തിനുവേണ്ടി ആണുങ്ങൾ നിശ്ശേഷം ഇല്ലാതായ കുടുംബങ്ങൾ അനവധിയുള്ള ദൈവത്തിന്റെ സ്വന്തം നാട്.

അക്ഷരാർത്ഥത്തിൽ ഭീകരപ്രസ്ഥാനങ്ങളുടെ ശൈലിയാണ് ഇവിടത്തെ രാഷ്ട്രീയ പാർട്ടികൾക്കും. ആയുധനിർമ്മാണശാലകൾ, ആയുധ പരിശീലനശാലകൾ..എല്ലാം സ്വന്തമായുണ്ട്. എങ്ങനെ നാടിനെ നന്നാക്കാം എന്നല്ല, പ്രതിയോഗികളെ വകവരുത്താനും അവരുടെ അക്രമങ്ങളെ പ്രതിരോധിക്കാനും ആണ് സദാസമയവും ചിന്തകളും ചർച്ചകളും. പാരപസ്പരംവെട്ടി മരിക്കുന്നവരെപോലെ തന്നെ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെടുന്നവരും വിരളമല്ല. ജനം വോട്ടുനൽകിയാൽ മാത്രം വിജയിച്ചു അധികാരസ്ഥാനങ്ങളിലേക്കു നടന്നുകയറേണ്ടവർ ആരോടാണ് ..എന്തു വിജയത്തിനാണ് ആയുധത്താൽ പോരാടുന്നതെന്ന് നമുക്കിനിയും അറിയില്ല. പോരാടി ജയിച്ചാൽ തന്നെ അവർക്കു ഏതുരാജ്യമാണ് കിട്ടുക ? ഇവിടെ അവരുടെ ആശയങ്ങളുടെ ഒരു രാജ്യത്തിന് നാന്ദികുറിക്കാൻ സാധിക്കുമോ ? എതിരാളികൾ മുഴുവൻ തോറ്റു അതിർത്തികടന്നു പോകുമോ ? ഇല്ലെന്നു നന്നായി അറിയാം. ആയുധത്താൽ ഇവിടെ ജയപരാജയങ്ങൾ ഉണ്ടാകുന്നില്ല. ആയുധം എല്ലാരേയും തോൽപ്പിക്കുന്ന ചിഹ്നമാണ്. അതിനു മനഃസാക്ഷിയുള്ള ജനങ്ങൾ ഒരിക്കലും വോട്ടു നൽകില്ല. നോട്ടയെക്കാൾ വോട്ടുകുറഞ്ഞ ഗതികേടിന്റെ ചിഹ്നമായി മാത്രമേ അവ സമൂഹത്തിൽ നിലനിൽക്കൂ.

നമ്മുടെ നാടിന് എത്രയോ പ്രശ്നങ്ങളുണ്ട്. അവ പരിഹരിക്കാൻ ഒരുമിച്ചു ഒരേമനസായി പ്രവർത്തിക്കേണ്ട യുവതയുടെ വീര്യത്തെ വെട്ടിമുറിച്ചു അങ്കക്കോഴികളെപോലെ പൊരുതിമരിക്കാൻ പ്രചോദനം നൽകുന്ന ഒരു ആശയവും നേതാവും നമുക്കുവേണ്ട. അമ്മമാരുടെ തോരാക്കണ്ണുകൾ കേരളമനസാക്ഷിയുടെ നെഞ്ചിലേക്ക് ഒഴുകിനിറയുകയാണ്. ആരൊക്കെ സമ്മതിച്ചാലും ഇല്ലെങ്കിലും പറയും, രാഷ്ട്രമെന്ന അമ്മയേക്കാൾ വലുതാണ് പത്തുമാസം ചുമന്നു നോവറിഞ്ഞു നമ്മെ ഭൂമിയിലേക്കു പെറ്റിടുന്ന അമ്മ. ആ നോവിന്റെ ആനന്ദം പോലെയല്ല മകന്റെ നിശ്ചലമായ ശരീരം കാണുമ്പോഴുള്ള നോവ്. അത് മക്കൾക്കറിയില്ല എന്നതാണ് ഇവിടത്തെ അക്രമസംഭവങ്ങളുടെ കാരണങ്ങളിലൊന്ന്. പോരുകോഴികൾ ആകരുത്…നല്ല പേരുനേടാനും രാഷ്ട്രത്തെയും സ്വന്തം കുടുംബത്തെയും നല്ലനിലയിൽ എത്തിക്കാനും വേണ്ടിയാകണം പോരാടേണ്ടത്. അഴിമതിയും ചൂഷണവും വർഗീയതയും വിഘടനവാദവും ദാരിദ്ര്യവും നമ്മെ തുറിച്ചുനോക്കുമ്പോൾ അവയോടാകട്ടെ നമ്മുടെ പോരുകൾ.