എന്താണീ സിനോപ്ടിക് സർവെ ?

sabu jose (ഫേസ്ബുക്കിൽ എഴുതിയത് )

ജ്യോതിശാസ്ത്ര പര്യവേഷണങ്ങളുടെ ഗുണനിലവാരം വാനോളമുയര്ത്തുന്ന പദ്ധതിയാണ് എല്.എസ്.എസ്.ടി. ഉത്തര ചിലിയിലെ ‘സെറോ പാക്കണ്’ (Cerro Pachon) പര്വതനിരകളിലെ ‘എല് പെനോണ്’ കൊടുമുടിയില് സമുദ്രനിരപ്പില്നിന്ന് 2663 മീറ്റര് ഉയരത്തില് സ്ഥാപിക്കുന്ന എല്.എസ്.എസ്.ടി. (Large Synoptic Survey Telescope- LSST) ജ്യോതിശാസ്ത്ര പര്യവേഷണ ചരിത്രത്തില് പുതിയ നാഴികക്കല്ലാവുകയാണ്. 2012 ഓഗസ്റ്റില് അംഗീകരിക്കപ്പെട്ട എല്.എസ്.എസ്.ടി. പദ്ധതി ഈ ദശാബ്ദത്തില് തന്നെ പൂര്ത്തീകരിക്കപ്പെടും. 2021ല് ദൂരദര്ശിനി പ്രവര്ത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ദുരൂഹ പ്രതിഭാസങ്ങളായ ഡാര്ക്ക് എനര്ജി, ഡാര്ക്ക് മാറ്റര് എന്നിവയെക്കുറിച്ചുള്ള പഠനങ്ങള്, കുയ്പര് ബെല്റ്റിലെ ധൂമകേതുക്കള്, ഭൂമിക്കു സമീപത്തുകൂടി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഛിന്നഗ്രഹങ്ങള് (Near Earth Objects), നോവാ, സൂപ്പര് നോവാ സ്ഫോടനങ്ങള്, ട്രാന്സിയന്സ് എന്നിവയെക്കുറിച്ചെല്ലാം പഠനം നടത്തുന്ന എല്.എസ്.എസ്.ടി. ക്ഷീരപഥത്തിന്റെ സമ്പൂര്ണ മാപിംഗും ആകാശത്തിന്റെ സമഗ്ര സര്വേയുമാണ് ലക്ഷ്യമിടുന്നത്. അതുകൂടാതെ ആദ്യമായി ആകാശപ്രതിഭാസങ്ങളുടെ ചലിക്കുന്ന ചിത്രങ്ങള് ആറു വര്ണങ്ങളില് അവതരിപ്പിക്കുന്ന പ്രപഞ്ച ചലച്ചിത്രവും എല്.എസ്.എസ്.ടി. നിര്മിക്കും.
എല്.എസ്.എസ്.ടിയുടെ സവിശേഷതകള് അവിടെ തീരുന്നില്ല. ഏറ്റവും വലുതും ശക്തവുമായ ഡിജിറ്റല് ക്യാമറ ഉപയോഗിക്കുന്ന ടെലസ്കോപ്പ്, ത്രിതീയ ദര്പ്പണം ഉപയോഗിക്കുന്ന ആദ്യത്തെ പ്രതിഫലന ദൂരദര്ശിനി (Reflecting Telescope), ഏറ്റവും കൂടുതല് വിവരങ്ങള് ശേഖരിക്കുന്ന അനുബന്ധ ഉപകരണങ്ങള്, സൂപ്പര് കമ്പ്യൂട്ടറുകളുടെ പിന്തുണ, ലോകമെമ്പാടും വ്യാപിച്ച ഇന്റര്നെറ്റ് ശൃംഖലയുടെ സഹായം എന്നിങ്ങനെ എല്.എസ്.എസ്.ടിയുടെ വിശേഷണങ്ങള് നിരവധിയാണ്. ദൂരദര്ശിനിയുടെ നിര്മാണത്തിനു ചുക്കാന്പിടിക്കുന്നത് അമേരിക്കയിലെ നാഷണല് സയന്സ് ഫൗണ്ടേഷനാണ്. അതുകൂടാതെ സോഫ്റ്റ്വെയര് രംഗത്തെ ശതകോടീശ്വരന്മാരായ ചാള്സ് സൈമണ്യി, ബില്ഗേറ്റ്സ് എന്നിവരുടെ സാമ്പത്തിക സഹകരണവും ഈ പദ്ധതിക്കുണ്ട്.

ശാസ്ത്രം ജനകീയമാക്കുകയെന്ന ലക്ഷ്യത്തോടെ പൊതുമേഖലയുടെയും സ്വകാര്യമേഖലയുടെയും പങ്കാളിത്തത്തോടെയാണ് എല്.എസ്.എസ്.ടി. സ്ഥാപിക്കപ്പെടുന്നത്. ജ്യോതിശാസ്ത്ര ഗവേഷകര്ക്കു മാത്രമല്ല, വിദ്യാര്ത്ഥികള്ക്കും അമച്വര് ആസ്ട്രോണമര്മാര്ക്കും ഇന്റര്നെറ്റ് സൗകര്യമുള്ള ഏതൊരാള്ക്കും ഓഫിസിലോ വീട്ടിലോ കാറിലോ ഇരുന്ന് എല്.എസ്.എസ്.ടി. ഉപയോഗിക്കാന് കഴിയും. ശാസ്ത്രാഭിമുഖ്യമുള്ള ഏതൊരാളും എല്.എസ്.എസ്.ടി.യെക്കുറിച്ച് അറിഞ്ഞിരിക്കണം.

എന്താണ് എല്.എസ്.എസ്.ടി?

ഇന്നുവരെ നിര്മിച്ചിട്ടുള്ളതില്വച്ച് ഏറ്റവും വലിയ കളക്ടിംഗ് ഏരിയയുള്ള ഓപ്ടിക്കല് (ദൃശ്യപ്രകാശം ആധാരമാക്കി പ്രവര്ത്തിക്കുന്നത്) ദൂരദര്ശിനിയാണ് ലാര്ജ് സിനൊപ്ടിക് സര്വേ ടെലസ്കോപ്പ് (LSST). ഈ റിഫഌക്ടിംഗ് ടെലസ്കോപ്പിന്റെ പ്രാഥമിക ദര്പ്പണത്തിന്റെ വ്യാസം 8.4 മീറ്ററാണ്. അതുമാത്രമല്ല, എല്.എസ്.എസ്.ടിയുടെ പ്രത്യേകത. ഇതില് ഉപയോഗിക്കുന്ന 3200 മെഗാ പിക്സല് ഡിജിറ്റല് ക്യാമറ ലോകത്തിന് ഇന്നുവരെ ദൂരദര്ശിനികളില് ഉപയോഗിച്ചിട്ടുള്ള ക്യാമറകളില് ഏറ്റവും വലുതാണ്. സാധാരണ ഒപ്ടിക്കല് ദൂരദര്ശനികളില് രണ്ടു ദര്പ്പണങ്ങള് പ്രതിഫലകങ്ങളായി ഉപയോഗിക്കുമ്പോള് എല്.എസ്.എസ്.ടിയില് അഞ്ചു മീറ്റര് വ്യാസമുള്ള ഒരു ത്രിതീയ ദര്പ്പണംകൂടി ഉപയോഗിക്കുന്നുണ്ട്. നിരീക്ഷണമേഖലയുടെ സൂക്ഷ്മതയ്ക്കും വളരെ മങ്ങിയ പ്രകാശസ്രോതസ്സുകളെ കണ്ടെത്തുന്നതിനുമാണിത്. 30 ടെറാബൈറ്റ് ഡാറ്റകളാണ് ഓരോ രാത്രിയിലും എല്.എസ്.എസ്.ടി. നല്കുന്നത്.

എന്താണീ സിനോപ്ടിക് സര്വേ?

സിനോപ്സിസ് (Synopsis) എന്ന ഗ്രീക്ക് പദത്തില്നിന്നാണ് സിനോപ്ടിക് എന്ന പേര് സ്വീകരിച്ചിട്ടുള്ളത്. ഒരു വസ്തുവിന്റെ എല്ലാ സവിശേഷതകളും സമ്പൂര്ണമായി പഠിക്കുന്നതിനാണ് സിനോപ്സിസ് എന്നുപറയുന്നത്. എല്.എസ്.എസ്.ടിയുടെ നിരീക്ഷണപരിധിയില് വരുന്ന കോടിക്കണക്കിന് ആകാശപ്രതിഭാസങ്ങളുടെ ചിത്രങ്ങള് ആറു വര്ണങ്ങളില് നിര്മിക്കുകയും ദൂരദര്ശിനിയുടെ അനുബന്ധ ഘടകമായ സൂപ്പര് കമ്പ്യൂട്ടറുകള് വഴി വിവരങ്ങള് അപഗ്രഥിച്ച് ദൃശ്യപ്രപഞ്ചത്തിന്റെ വീഡിയോ ദൃശ്യങ്ങള് തുടര്ച്ചയായി സൃഷ്ടിക്കുകയും ചെയ്യുന്ന ദൂരദര്ശിനിക്ക്് ഈ പേര് എന്തുകൊണ്ടും അനുയോജ്യമാണ്.

എന്താണ് എല്.എസ്.എസ്.ടിയുടെ പ്രസക്തി?

തുടര്ച്ചയായി നടത്തുന്ന ആകാശസര്വേയിലൂടെ ദൃശ്യപ്രപഞ്ചത്തിന്റെ വീഡിയോ ചിത്രങ്ങള് നിര്മിക്കുക വഴി ആകാശ പ്രതിഭാസങ്ങളുടെ സഞ്ചാരത്തിലും പ്രഭയിലുമുണ്ടാകുന്ന നേരിയ വ്യതിയാനം പോലും കണ്ടുപിടിക്കാന് കഴിയും. പത്തുവര്ഷത്തെ തുടര്ച്ചയായ നിരീക്ഷണത്തിലൂടെ നിര്മിക്കുന്ന വീഡിയോ ചിത്രങ്ങള് ഇതുവരെ നിര്മിക്കപ്പെട്ടിട്ടുള്ളതില് വച്ച് ഏറ്റവും ദീര്ഘമേറിയ പ്രപഞ്ച ചലച്ചിത്രമായിരിക്കും. ജ്യോതിശാസ്ത്രത്തിലും ഭൗതികത്തിലും നിലനില്ക്കുന്ന നിരവധി പ്രഹേളികകള്ക്കുള്ള ഉത്തരമായിരിക്കും എല്.എസ്.എസ്.ടി.

എന്തുകൊണ്ട് ചിലി?

ലൈറ്റ് പൊല്യൂഷന് ഒഴിവാക്കുന്നതിനുവേണ്ടി വലിയ ഓപ്ടിക്കല് ദൂരദര്ശിനികള് ജനവാസമേഖലയില്നിന്ന് വളരെ അകന്നാണ് സ്ഥാപിക്കാറുള്ളത്. എല്.എസ്.എസ്.ടി. സ്ഥാപിക്കുന്ന ‘സെറോ പാക്കോണ്’ സമുദ്രനിരപ്പില്നിന്നും 2600 മീറ്ററിലധികം ഉയരമുള്ള പര്വതനിരയാണ്. ഈ മേഖലയിലെ വരണ്ട കാലാവസ്ഥ മേഘാവൃതമായ അന്തരീക്ഷം സൃഷ്ടിക്കുന്ന അസ്വസ്ഥതകള് ഒരുപരിധിവരെ ഒഴിവാക്കുകയും ചെയ്യും. അതുമാത്രമല്ല, ദൂരദര്ശിനി സ്ഥാപിക്കുന്നതിനുവേണ്ടി നിയമിക്കപ്പെട്ട സ്ഥാനനിര്ണയക്കമ്മിറ്റി ഭൂമിയില് ഏറ്റവും അനുയോജ്യമായ പത്തു സ്ഥലങ്ങളില് പ്രഥമ സ്ഥാനം നല്കിയതും ചിലിക്കു തന്നെയാണ്.

എന്നുമുതല് എല്.എസ്.എസ്.ടി. പ്രവര്ത്തനമാരംഭിക്കും?

എല്.എസ്.എസ്.ടിയുടെ ഡിസൈനിംഗും ഇന്ഫ്രാസ്ട്രക്ചര് വികസനവുമാണ് ഇപ്പോള് നടന്നുകൊണ്ടിരിക്കുന്നത്. ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ദൂരദര്ശിനി പൂര്ണമായും പ്രവര്ത്തനസജ്ജമാകും. ദൂരദര്ശിനിയുടെ ഏറ്റവും പ്രധാന ഭാഗമായ പ്രാഥമിക, ദ്വിതീയ, ത്രിതീയ ദര്പ്പണങ്ങള് നിര്മിക്കുകയും സൂക്ഷ്മമായി സംയോജിപ്പിക്കുകയും ചെയ്തുകഴിഞ്ഞു. 2014ല് എല്.എസ്.എസ്.ടി. ഭാഗികമായി നിരീക്ഷണം ആരംഭിക്കും. 2021ല് ദൂരദര്ശിനി പൂര്ണമായി പ്രവര്ത്തനസജ്ജമാകും.

എല്.എസ്.എസ്.ടി. ക്ലാസ് മുറികളിലേക്ക്?

എല്.എസ്.എസ്.ടി. ഗൂഗിളുമായി ചേര്ന്നു പ്രവര്ത്തിക്കുന്നതുകൊണ്ട് വിദ്യാര്ത്ഥികള്ക്ക് ജ്യോതിശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, ഭൂമിശാസ്ത്രം, ഗണിതം, സാങ്കേതികവിദ്യ എന്നിങ്ങനെ വിവിധ വിഷയങ്ങളില് സമയബന്ധിതവും കാലികവുമായി പ്രൊജക്ടുകള് തയ്യാറാക്കുന്നതിനും അപ്ഡേറ്റ് ചെയ്യുന്നതിനും കഴിയും. ഈ മേഖലകളില് പുത്തന് പ്രതിഭകളെ വളര്ത്തിക്കൊണ്ടുവരുന്നതിനും എല്.എസ്.എസ്.ടി. ശാസ്ത്രജ്ഞര്ക്ക് താത്പര്യമുണ്ട്. അധ്യാപകര്ക്ക് അവരുടെ തൊഴില്നിലവാരം ഉയര്ത്തുന്നതിന് വിവിധ പദ്ധതികളും തയ്യാറാക്കുന്നുണ്ട്.

എന്തിനാണ് പുതിയൊരു ദൂരദര്ശിനി?

എല്.എസ്.എസ്.ടി. ചെയ്യുന്നതിന് അടുത്തെത്താന്പോലും നിലവിലുള്ള ഒരു ദൂരദര്ശിനിക്കും കഴിയില്ല. ഇതിന്റെ നിരീക്ഷണമേഖലയുടെ വ്യാപ്തിയും ഇതിലുപയോഗിക്കുന്ന ക്യാമറാ സംവിധാനങ്ങളും മറ്റൊരു ദൂരദര്ശിനിക്കും അവകാശപ്പെടാന് കഴിയില്ല. മറ്റു ദൂരദര്ശിനികളുമായി താരതമ്യം ചെയ്യുമ്പോള് വൈഡര്- ഫാസ്റ്റര്- ഡീപ്പര് എന്നുവേണമെങ്കില് എല്.എസ്.എസ്.ടിയെ വിശേഷിപ്പിക്കാം. ഇതു കേവലമൊരു ദൂരദര്ശിനി മാത്രമല്ല, 3200 മെഗാപിക്സല് ക്യാമറ, ശക്തമായ ഡാറ്റാ പ്രൊസസര്, സൂപ്പര് കമ്പ്യൂട്ടറുകള്, വാര്ത്താവിതരണ സമ്പ്രദായം, ഇന്റര്നെറ്റ് സങ്കേതങ്ങള് എന്നിങ്ങനെ വിവിധ മേഖലകളിലേക്ക് വ്യാപിച്ചുകിടക്കുന്ന വിവിധോദ്ദേശ്യ പദ്ധതികൂടിയാണിത്. ബഹിരാകാശ പര്യവേഷണത്തില് പുതിയ മാനങ്ങങ്ങളാണ് എല്.എസ്.എസ്.ടി. തുറന്നുതരുന്നത്.

പൊതുസമൂഹത്തിലേക്ക്?

എല്.എസ്.എസ്.ടി. ശേഖരിക്കുന്ന വിവരങ്ങളും നിര്മിക്കുന്ന ചിത്രങ്ങളും ഇന്റര്നെറ്റിലൂടെ ലഭ്യമാകും. പൊതുജനങ്ങളെയും വിദ്യാര്ത്ഥികളെയും ഉള്പ്പെടുത്തിക്കൊണ്ടുള്ള വിവിധ പര്യവേഷണ- നിരീക്ഷണ പദ്ധതികള് ശാസ്ത്രജ്ഞര് തയ്യാറാക്കുന്നുണ്ട്.

ഇപ്പോള് ഗൂഗിള് സ്കൈയും വേള്ഡ് വൈഡ് ടെലസ്കോപ്പും (WWT) ചെയ്യുന്നതുപോലെ എല്.എസ്.എസ്.ടി. തയ്യാറാക്കുന്ന ഗവേഷണ പ്രൊജക്ടുകള് ക്ലാസ് മുറികളിലും വീടുകളിലും ലഭ്യമാക്കുന്നതുകൂടാതെ ശാസ്ത്രമ്യൂസിയങ്ങളില് വച്ച് പൊതുജനങ്ങള്ക്കും ഉപയോഗിക്കാന് കഴിയും. എല്.എസ്.എസ്.ടി. നിര്മിക്കുന്ന ചിത്രങ്ങള് സൂപ്പര് കമ്പ്യൂട്ടറുകളുടെ സഹായത്തോടെ നാലു മാനങ്ങളിലുള്ള സ്ഥല-കാല ചിത്രീകരണത്തിലൂടെ (4 Dimensional Spacetime Landscape) ആറു വര്ണങ്ങളിലുള്ള വീഡിയോചിത്രങ്ങളായി പുനഃസൃഷ്ടിക്കുന്നത് ശാസ്ത്രാഭിമുഖ്യമുള്ള ഏതൊരാള്ക്കും ആവേശം പകരും.
ചെറിയ ദര്പ്പണങ്ങള് സംയോജിപ്പിച്ചുകൊണ്ടുള്ള ദൂരദര്ശിനികളാണല്ലോ കൂടുതല് പ്രായോഗികം?

എന്തിനാണീ ഭീമന് 8 മീറ്റര് ദര്പ്പണം?

വലിയ ദര്പ്പണത്തിന്റെ സയന്സ് അല്ല ചെറിയ ദര്പ്പണത്തിന്. ഭൂമിക്കു സമീപം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഛിന്നഗ്രഹങ്ങളെയും (Near Earth Objects) അതിവേഗം പലായനം ചെയ്തുകൊണ്ടിരിക്കുന്ന പ്രാപഞ്ചിക പ്രതിഭാസങ്ങളെയും (Transient Objects) കൂടുതല് സമയം ‘എക്സ്പോസ്’ ചെയ്യുന്ന ചെറിയ ദര്പ്പണങ്ങളുള്ള ദൂരദര്ശിനികള് ഉപയോഗിച്ച് കണ്ടെത്താന് കഴിയില്ല. വലിയ ദര്പ്പണങ്ങളുപയോഗിക്കുന്ന ദൂരദര്ശിനികള്ക്ക് നിരീക്ഷണവേഗതയും കൂടുതലാണ്.

എന്തുകൊണ്ട് എല്.എസ്.എസ്.ടി. ഒരു സ്പേസ് ടെലസ്കോപ്പ് ആയില്ല?

ഭൂതല ദൂരദര്ശിനികളെ അപേക്ഷിച്ച് ബഹിരാകാശ ദൂരദര്ശിനികളുടെ കളക്ടിംഗ് ഏരിയ ചെറുതാണ്. എല്.എസ്.എസ്.ടി. പോലെ വിശാലമായ കളക്ടിംഗ് ഏരിയയും ഡീപ് -ഫാസ്റ്റ് സര്വേയും നടത്താന് കഴിയുന്ന ഒരു ബഹിരാകാശ ദൂരദര്ശിനിയുടെ വലിപ്പം വളരെ വലുതായിരിക്കും. ഇത്തരമൊരു ഭീമന് ദൂരദര്ശിനി സ്പേസിലെത്തിക്കുന്നതിനും അതിന്റെ മെയിന്റനന്സിനും ആവശ്യമായിവരുന്ന സാമ്പത്തിക ചെലവും സാങ്കേതിക ബുദ്ധിമുട്ടുകളും വളരെ വലുതായിരിക്കും. ട്രാന്സിയന്സ് പോലെയുള്ള പ്രതിഭാസങ്ങള് കണ്ടെത്തുന്നതിന് ഭൂതല ദൂരദര്ശിനികളാണ് പൊതുവെ ജ്യോതിശാസ്ത്രജ്ഞര് ഉപയോഗിക്കുന്നത്. എല്ലാം എല്.എസ്.എസ്.ടിയുടെ പരിധിയില് വരുമ്പോള് അമച്വര് ആസ്ട്രോണമര്മാരുടെ ഭാവി?
പുതിയ അവസരങ്ങളും എല്.എസ്.എസ്.ടി. സൃഷ്ടിക്കുന്നുണ്ട്.

എല്.എസ്.എസ്.ടി.യെക്കുറിച്ച് കൂടുതല് അറിയാന്?
lsst.orgലേക്ക് ‘Contact’ എന്ന് മെയില് ചെയ്യുക. പൊതുജനങ്ങളില്നിന്നുള്ള നിര്ദേശങ്ങള് എല്.എസ്.എസ്.ടി. സംഘം പരിഗണിക്കുന്നതാണ്.

You May Also Like

ഭാരമില്ലാത്ത അവസ്ഥയിൽ മനുഷ്യന്റെ രക്തചംക്രമണ വ്യവസ്ഥ എങ്ങനെ പ്രവര്‍ത്തിക്കും ?

Basheer Pengattiri ബഹിരാകാശ നിലയങ്ങൾ ——————————————— ഭാരമില്ലാത്ത അവസ്ഥയിൽ മനുഷ്യന്റെ രക്തചംക്രമണ വ്യവസ്ഥ എങ്ങനെ പ്രവര്‍ത്തിക്കും…

ഗ്രീൻ എനർജി

ഇലക്ട്രിസിറ്റിക്ക് വേണ്ടി ഉപയോഗപെടുത്തുന്ന മാർഗങ്ങളിൽ ഏറ്റവും മികച്ചതും ഗ്രീൻ എനർജി സോർസ് സോളാർ, കാറ്റ്, ജല വൈദ്യുതി നിലയങ്ങളാണ്‌. എന്നാൽ ലോകത്ത് എല്ലാ ഭാഗത്തും അത്തരത്തിലുള്ള നിലയങ്ങൾ സ്ഥാപിക്കാൻ കഴിയില്ല.

ക്ലാരൻസ് മാഡിസൺ ഡാലി: റേഡിയേഷന്റെ ആദ്യ ഇര

ക്ലാരൻസ് മാഡിസൺ ഡാലി: റേഡിയേഷന്റെ ആദ്യ ഇര ✍️ Sreekala Prasad 1895 ഡിസംബറിൽ, ജർമ്മൻ…

ചൊവ്വയിൽ വിചിത്രമായ ഒരു കല്ല് കണ്ടെത്തി ! രസകരമായ കാര്യം അറിയണ്ടേ…

നാസയുടെ പെർസ്‌വെറാൻസ് റോവർ ചൊവ്വയിൽ വിചിത്രമായ ഒരു കല്ല് കണ്ടെത്തി. ഏകദേശം 15 സെന്റീമീറ്റർ നീളമുള്ള പാറയെക്കുറിച്ചുള്ള രസകരമായ കാര്യം എന്താണെന്ന് വച്ചാൽ.. അതിന്റെ ഉത്ഭവത്തെക്കുറിച്ചു ആർക്കും അറിയില്ല