വണ്ടിപെരിയാരിലേക്കുള്ള അവസാനത്തെ വണ്ടി
കടുത്തുരുത്തിയില്‍ എത്തിയപ്പോള്‍ നാലു മണി കഴിഞ്ഞിരുന്നു..അവിടുന്ന് വീണ്ടും മൂന്നു നാല് കിലോമീറ്റെര്‍. ബസ് റൂട്ട് അല്ല ..ഒരു ജീപ്പ് കിട്ടി..തപ്പിപിടിച്ച് മാത്യു സാറിന്റെ വീട്ടിലെത്തി.
145 total views, 1 views today

പരമേശ്വരന് വണ്ടി പെരിയാറില്‍ നിന്നും കൊണ്ടോടി മോട്ടോര്‍സില്‍ കയറുമ്പോള്‍ മണി പതിനൊന്നു. ആദ്യം കോട്ടയം.പിന്നെ അവിടുന്ന് കടുത്തുരുത്തി. എങ്ങനെ പോയാലും സന്ധ്യയാകാതെ മാത്യു സാറിന്റെ വീട്ടില്‍എത്തില്ല.ഒന്‍പതുമണിക്കായിരുന്നു വീട്ടില്‍ നിന്നും ഇറങ്ങിയത്. കടുത്തുരുത്തിക്ക് പോകും മുന്‍പ് മാത്യു സാര്‍ ജോലി ചെയ്തിരുന്ന വില്ലജ് ഓഫീസില്‍ ഒന്ന് കൂടി പോയി. ഇന്നും വന്നിട്ടില്ല.മാസം മൂന്നാകുന്നു മാത്യു സാര്‍ പോയിട്ട്.. ജോലി പോയേക്കും എന്ന് പ്യൂണ്‍ ബഷീര്‍ പറഞ്ഞു..അവധി എഴുതാതെ ആണ് പോയതത്രേ.
കടുത്തുരുത്തിയില്‍ എത്തിയപ്പോള്‍ നാലു മണി കഴിഞ്ഞിരുന്നു..അവിടുന്ന് വീണ്ടും മൂന്നു നാല് കിലോമീറ്റെര്‍. ബസ് റൂട്ട് അല്ല ..ഒരു ജീപ്പ് കിട്ടി..തപ്പിപിടിച്ച് മാത്യു സാറിന്റെ വീട്ടിലെത്തി. സാര്‍ പറഞ്ഞതുപോലെ ഒന്നും അല്ലായിരുന്നു അവിടുത്തെ ചുറ്റുപാടുകള്‍.ഒരു സാധാരണ ഓടിട്ട വീട്.ചുവരുകള്‍ അവിടെയും ഇവിടെയും പൊളിഞ്ഞിരിക്കുന്നു. ജനലുകള്‍ക്ക് വാതിലുകള്‍ ഉണ്ടായിരുന്നില്ല. തുണി കൊണ്ട് മറച്ച ജനാലകള്‍.ഒരു വില്ലജ് ഓഫീസ് ജോലിക്കാരന്റെ വീടാണ് അത് എന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നി….സാറേ..സാറെ..ആരെയും കാണാഞ്ഞപ്പോള്‍ പരമേശ്വരന് ഉറക്കെ വിളിച്ചു..ഒരു മെലിഞ്ഞ രൂപം ഇറങ്ങി വന്നു. കൂടെ പത്തു പതിനാറു വയസുള്ള ഒരു പയ്യനും…മകനായിരിക്കും..അതോ അനുജനോ.
‘അപ്പന്‍ജോലിക്ക് പോയെക്കുവാനല്ലോ.രണ്ടുമാസമായി വന്നിട്ട് .വല്ല കാശിന്റെ കാര്യത്തിനും ആണോ?’ പയ്യനോട് കള്ളം പറയാന്‍ തോന്നിയില്ല.’അത്യാവശ്യം ആയി കുറെ രൂപ വേണം എന്ന് പറഞ്ഞിട്ട് പെങ്ങളുടെ മാല പണയം വെച്ച് കുറച്ചു കാശു കൊടുത്തായിരുന്നു. പെങ്ങള് പെറ്റു എഴുന്നേറ്റു പോകാറായി..മാല എടുത്തു കൊടുത്തില്ലേല് അളിയന്’ പരമേശ്വരന് നിര്‍ത്തി..
സാറിന്റെ ഭാര്യയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു’അല്പം കാപ്പികിട്ടിയാല്‍ കൊള്ളാമായിരുന്നു’.പരമേശ്വരന് പറഞ്ഞു..’കാപ്പിക്ക്..പൊടിയില്ല’അവര്‍ പറഞ്ഞു..’.ഇവിടുത്തെ കാര്യങ്ങള്‍ എല്ലാം കുഴപ്പത്തിലാണ്.’സാര്‍ വന്നിട്ട് രണ്ടു മാസമായി എന്ന് പറഞ്ഞത് പരമേശ്വരന് ഓര്‍ത്തു..’ഞാന്‍ പോകുവാണ് കേട്ടോ..സാര്‍ വരുമ്പോള്‍ പരമേശ്വരന്, കുനുമ്പുംതടത്തില്‍ പരമേശ്വരന് വന്നിരുന്നു എന്ന് പറഞ്ഞാല്‍ മതി’
തിരിച്ചു നടക്കുമ്പോള്‍ പയ്യന് കൂടെ വന്നു…അപ്പന് അവിടെ കുഴപ്പം വല്ലതും ഉണ്ടാക്കിയോ എന്ന് പയ്യന് ചോദിച്ചു..കൂട്ടത്തില്‍ ഉള്ളവരില്‍ നിന്നും പരിചയക്കാരില്‍ നിന്നും ഒക്കെ പണം കടം വാങ്ങിയിട്ടുണ്ട് എന്ന് പയ്യനോട് പറയാന്‍ തോന്നിയില്ല. പക്ഷെ അവനു എല്ലാം മനസിലായി എന്ന് ആ കണ്ണുകള്‍ പറഞ്ഞു.’പഠിക്കുന്നുണ്ടോ മോന്?’ പരമേശ്വരന് ചോദിച്ചു..’പഠിത്തം നിര്‍ത്തി’.പയ്യന് പറഞ്ഞു..വേറെ ഒന്നും ചോദിയ്ക്കാന്‍ മനസ്സനുവദിച്ചില്ല.
വഴിയില്‍ ഒരു മധ്യ വയസ്കനെ കണ്ടു..ഒരു ദയയും ഇല്ലാതെ അയാള്‍ പയ്യനോട് ചോദിച്ചു..’ആരാ..എവിടുന്നാ.നിന്റെ അപ്പന് കാശ് കൊടുക്കാന്‍ ഉള്ള വല്ലവരും ആണോടാ?’പയ്യന് ക്രുരമായി ഒന്ന് നോക്കിയിട്ട് തിരിച്ചു പോയി..മധ്യവയസ്കന് പറഞ്ഞു.’ഹും പറഞ്ഞപോ ഇഷ്ട്ടപ്പെട്ടില്ല ചെറുക്കന്..ഇതേപോലെ കുറെ പേര് കാശു ചോദിച്ചു വരാറുണ്ട്.എത്ര നല്ല ജോലി.കള്ളും കുടിച്ചു ചീട്ടും കളിച്ചു നടന്നാല്‍ പിന്നെ എങ്ങനെയാ’.
ചീട്ടുകളി ഭ്രാന്തന് ആയിരുന്നു മാത്യു സാര്‍..കുറെ കടം വരുത്തി വെച്ചു എന്നും നില്ക്കക്കള്ളി ഇല്ലാതെ ആണ് വണ്ടിപെരിയാര്‍ വിട്ടതെന്നും പിന്നീടാണ് മനസിലായത്..ഒരു വസ്തുവിന്റെ പോക്ക് വരവ് സംബന്ധമായിട്ടായിരുന്നു മാത്യു സാറിനെ പരിചയം..പിന്നെ പരമേശ്വരന് തന്റെ വീടിന്റെ അടുത്ത് കുറഞ്ഞ വാടകയ്ക്ക് ഒരു വീട് ഏര്‍പ്പാടാക്കി..ഇടയ്ക്കു പരമേശ്വരനെ വിളിച്ചു ബ്രണ്ടിക്കടയില്‍ കൊണ്ടുപോയി സല്ക്കരിക്കും..നാട്ടിലെന്തോ അത്യാവശ്യമാ,വൈകുന്നേരത്തിനു മുന്‍പ് ആയിരം രൂപ വേണം എന്ന് പറഞ്ഞപോ ഒന്നും ആലോചിച്ചില്ല…പെങ്ങളുടെ മാല പണയം വെച്ചു പൈസ കൊടുത്തു..പിന്നെമാത്യു സാറിനെകണ്ടിട്ടില്ല..എന്നിട്ടുംമാത്യുസാറിനോട്ദേഷ്യം തോന്നിയില്ല. സ്നേഹമുള്ള മനുഷ്യന്!.പരിചയക്കാര്‍ക്ക് വേണ്ടി എന്തും ചെയ്യാനുള്ള മനസ്സ്..മനപൂര്‍വം പറ്റിക്കും എന്ന് കരുതാന്‍ സാധിക്കുന്നില്ല..
കോട്ടയത്ത് എത്തിയപ്പോള്‍ ഒന്‍പതു മണി കഴിഞ്ഞിരുന്നു…വണ്ടിപെരിയാരിനുള്ള അവസാനത്തെ ബസും പോയിരുന്നു.ബസ് സ്റ്റാന്‍ഡില്‍ തന്നെ ഉള്ള ലോഡ്ജില്‍ മുറി എടുക്കുമ്പോഴും അളിയനോട് എന്ത് അവുതാ പറഞ്ഞു നില്ക്കും എന്നായിരുന്നു മനസ്സില്‍ .
മുറിയില്‍ കയറി ഒന്ന് മുഖം കഴുകി. മാറി ഉടുക്കാന്‍ ഒന്നുമില്ല…ഇന്ന് തന്നെ മടങ്ങാമെന്നായിരുന്നല്ലോ കണക്കു കൂട്ടല്‍…പോക്കറ്റില്‍ തപ്പിയപ്പോള്‍ ഒരു തെറുപ്പു ബീഡി കൂടി ബാക്കി..ആരോടെങ്ങിലും തീ ചോദിക്കാനായി വെളിയിലേക്ക് ഇറങ്ങവേ ആയിരുന്നു ആ പരിചിത രൂപം കൈയ്യില്‍ ഒരു പൊതിയുമായി ആടിയാടി അടുത്ത് മുറിയിലേക്ക് കേറിപ്പോയത്..മാത്യു സാര്‍..പുറകെ ചെന്ന പരമേശ്വരന് മുറിയിലേക്ക് നോക്കിയപ്പോഴേക്കും സാര്‍ കട്ടിലിലേക്ക് കമിഴ്ന്നു വീണിരുന്നു..മദ്യത്തിന്റെ രൂക്ഷ ഗന്ധം ..അവ്യക്തമായി എന്തൊക്കെയോ പിറുപിറുക്കുന്ന സാറിനെ കുലുക്കി വിളിച്ചു..ആരാ..നീ പോ…എന്റെ കൈയില്‍ ഒന്നുമില്ല…നാളെ വാ..മുഴുവന്‍ തരാം…സാര്‍ പിന്നെയും പിന്നെയും നാളെ വാ നാളെ വാ എന്ന് പറഞ്ഞു കൊണ്ടിരുന്നു….പോക്കറ്റില്‍ തപ്പി നോക്കി..രണ്ടു രൂപയും കുറെ തുട്ടുകളും..അടുത്ത് കിടന്ന പൊതി അഴിച്ചു നോക്കി…ഒരു പൊതി ചോറും,ബ്രാണ്ടിയും പിന്നെ ഒരു കീടനാശിനിയും..പരമേശ്വരന്റെ ശരീരത്തിലൂടെ ഒരു മിന്നല്‍ കടന്നു പോയത് പോലെ.സാറിന്റെ ഭാര്യയുടെയും മകന്റെയും കണ്ണീരില്‍ കുതിര്‍ന്ന മുഖങ്ങള്‍ ഓര്‍മ്മ വന്നു..കീടനാശിനി എടുത്തു ലോഡ്ജിന്റെ പിന്നിലെ കുപ്പത്തൊട്ടിയില്‍ കളഞ്ഞിട്ടു വീണ്ടും സാറിന്റെ മുറിയിലേക്ക് നടക്കുമ്പോള്‍ വണ്ടിപെരിയാരിലേക്കുള്ള അവസാനത്തെ വണ്ടികിട്ടാതിരുന്നത് ഒരു നിയോഗം ആയിരുന്നു എന്ന് മനസ്സില്‍ ഓര്‍ത്തു..ഒരാളെ മരണത്തില്‍ നിന്നും തല്‍ക്കാലത്തേക്ക് എങ്കിലും രക്ഷിക്കുക എന്ന നിയോഗം..
146 total views, 2 views today
