രക്തസാക്ഷിയായ മുസ്തഫ കൊചാകിന് അന്ത്യാഭിവാദ്യങ്ങൾ

54

Shanas Kollam

തുർക്കിയിൽ ഹെലിൻ ബോളിക്കിന് പിന്നാലെ ജയിലിൽ നിരാഹാരം കിടന്ന മറ്റൊരു രാഷ്ട്രീയ തടവുകാരൻ കൂടി മരണപ്പെട്ടിരിക്കുന്നു. നീതിപൂർവമായ വിചാരണ നടത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 297 ദിവസമായി നിരാഹാരം കിടക്കുകയായിരുന്ന മുസ്തഫ കൊചാക് ആണ് മരണപ്പെട്ടിരിക്കുന്നത്. മാർക്‌സിസ്‌റ്റ്‌ സംഘടനയുമായി ബന്ധം പുലർത്തി എന്നാരോപിച്ചാണ്‌ മുസ്‌തഫയെ ജീവപര്യന്തം തടവിന്‌ ശിക്ഷിച്ചിരുന്നത്‌.

മാര്‍ക്‌സിസ്റ്റ് സംഘടനകളുമായി ബന്ധം പുലര്‍ത്തി എന്നും ഒരു പ്രോസിക്യൂട്ടറുടെ മരണവുമായി ബന്ധപ്പെട്ട സംഭവത്തില്‍ നിരോധിത സംഘടനാ പ്രവര്‍ത്തകര്‍ക്ക് സ്ഫോടക വസ്‌തുക്കള്‍ എത്തിച്ചുകൊടുത്തുവെന്നുമായിരുന്നു മുസ്‌തഫയ്ക്ക് എതിരായ കേസ്. എന്നാൽ പ്രോസിക്യൂട്ടറുടെ മരണവുമായി തനിക്ക് ബന്ധമില്ലെന്നും നിരോധിത സംഘടനകളുടെ ഭാഗമല്ലെന്നും കൊചാക് കോടതിയില്‍ പറഞ്ഞിരുന്നു. പോലീസ് ആവശ്യപ്പെട്ടതുപ്രകാരം കള്ളസാക്ഷി പറയാത്തതിനാലാണ് തന്നെ അറസ്റ്റ് ചെയ്ത് കള്ളക്കേസിൽ കുടുക്കിയതെന്ന് കൊചാക് കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ഗർഭിണിയായ സഹോദരിയെ ബലാത്സംഗം ചെയ്യുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയതായും താൻ ജയിലിനുള്ളിൽ ക്രൂരമായ പീഢനങ്ങൾക്കിരയാവുകയാണെന്നും വ്യക്തമാക്കുന്ന മുസ്‌ത‌ഫയുടെ കത്ത് പുറത്തുവന്നിരുന്നു.

മൂന്ന് മാസത്തിനുള്ളിൽ 40 കിലോ തൂക്കം കുറഞ്ഞ് പല്ലുകളടക്കം കൊഴിഞ്ഞ മുസ്തഫക്ക് ചികിത്സ ലഭ്യമാക്കണമെന്നും നീതി ലഭ്യമാക്കണമെന്നുമാവശ്യപ്പെട്ട് നിരവധി സംഘടനകൾ രംഗത്തുവന്നിരുന്നെങ്കിലും ഇതിനൊന്നും ഉർദോഗാൻ ഭരണകൂടം യാതൊരു നടപടിയും കൈക്കൊണ്ടില്ല. ഇതിനെ തുടര്‍ന്ന് മുസ്‌തഫയുടെ സുരക്ഷ ആവശ്യപ്പെട്ട് തടവറയ്ക്കു മുന്നിലെത്തിയ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമെതിരെ ലോക്ക് ഡൗണ്‍ ലംഘിച്ചതിന് ഭരണകൂടം വന്‍ തുക പിഴയും ചുമത്തിയിരുന്നു.തുര്‍ക്കിയും അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഭീകരസംഘടനയായി പ്രഖ്യാപിച്ച ഡി എച്ച് കെ പി- സി എന്ന മാര്‍ക്‌സിസ്റ്റ് സംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് മുസ്‌ത‌‌ഫയെ പൊലീസ് അറസറ്റ് ചെയ്‌തത്. ഇതേ സംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ജനപ്രിയ സംഗീത ബാന്‍ഡായ യോറത്തിനെതിരെയും വര്‍ഷങ്ങളായി പൊലീസ് നടപടി തുടരുന്നത്.

ഈ ബാൻ്റ് അംഗമായ ഹെലിൻ ബോളെക് തങ്ങൾക്കെതിരെ നടക്കുന്ന വേട്ടയാടൽ നിർത്തണമെന്നും തങ്ങളെ സ്വതന്ത്രമായി പാടാൻ അനുവദിക്കണമെന്നുമാവശ്യപ്പെട്ട് നിരാഹാരം കിടക്കുകയും 288 ദിവസത്തെ നിരാഹാരത്തെത്തുടർന്ന് രക്തസാക്ഷിയാവുകയും ചെയ്തിരുന്നു. ഇവർക്കൊപ്പം നിരാഹാരമാരംഭിച്ച ഇബ്രാഹിം ഗോക്ചുക്ക് ഇപ്പോഴും നിരാഹാരം തുടരുകയാണ്. ഈ നിരാഹാരം 313ആം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. മനുഷ്യാവകാശങ്ങൾക്ക് പുല്ലുവില നൽകിക്കൊണ്ട് സ്വന്തം നാട്ടിലെ ആളുകളെ മരണത്തിന് വിട്ടുനൽകുകയാണ് ഉർദോഗാൻ ഭരണകൂടം. ഇതിനെതിരെ ശക്തമായ പ്രതിഷേധം അന്താരാഷ്ട്രതലത്തിൽ തന്നെ ഉയർന്നുവരേണ്ടതുണ്ട്. ഉർദോഗാൻ്റെ ഫാസിസ്റ്റ് സമീപനം പുലർത്തുന്ന ഭരണകൂടത്തിനെതിരെ നിരാഹാരം കിടന്ന് രക്തസാക്ഷിയായ മുസ്തഫ കൊചാകിന് അന്ത്യാഭിവാദ്യങ്ങൾ.