ലത മങ്കേഷ്കർ പാടിയ മലയാളം പാട്ടുകൾ ഏതെല്ലാം ?
ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി
ഭാരത ഭാഷകളിലെ ഏറ്റവും മികച്ച ചലച്ചിത്ര പിന്നണി ഗായിക ആരാണ് എന്നു ചോദിച്ചാൽ ആർക്കും സംശയമേതും ഇല്ലാതെ പറയാവുന്ന പേരാണ് :ലത മങ്കേഷ്ക്കർ! .’മധുര സംഗീതത്തിന്റെ റാണി’ എന്നറിയപ്പെടുന്ന അവർ, 16-ൽ പരം ഭാഷകളിൽ ആയി, 50000-ൽ പരം പാട്ടുകൾ പാടിയിട്ടുണ്ട്. ഹിന്ദിയിൽ മാത്രo 5000-ലേറെ സിനിമകളുടെ ഭാഗമായിട്ടു പാട്ടുകൾ പടിയിട്ടുണ്ടെന്നും അവയിൽ ഓരോന്നും ഒന്നിനൊന്നു മെച്ചം ആണ് എന്ന് മനസ്സിലാക്കുമ്പോൾ ആണ് അവരുടെ ഔന്നത്യം നമുക്ക് തിരിച്ചറിയുന്നത് .
ലത മങ്കേഷ്ക്കർ മലയാള ഭാഷയിൽ പാടിയ ഒരേ ഒരു ഗാനം, 1971 -ൽ രാമുകാര്യാടിന്റെ സംവിധാനത്തു നിന്ന് പുറത്തു ഇറങ്ങിയ നെല്ല് എന്ന ചിത്രത്തിലെ, വയലാർ രാമവർമ്മ എഴുതി, സലിൽ ചൗധരി സംഗീതം നൽകിയ “കദളി ചെങ്കദളി, ചെങ്കദളി പൂ വേണോ” എന്ന് തുടങ്ങുന്ന ഗാനമാണ്.ഇതല്ലാതെ മൂന്ന് ഗാനങ്ങൾ കൂടി മലയാള സിനിമക്ക് വേണ്ടി അവർ ആലപിച്ചിട്ടുണ്ടെങ്കിലും അവയൊന്നും മലയാളത്തിൽ അല്ലായിരുന്നു. മലയാള ചലച്ചിത്ര സന്ദർഭങ്ങളിലെ ഹിന്ദി ഗാനങ്ങളായിരുന്നു ബാക്കി മൂന്ന് പാട്ടുകളും.
✨1. 1957-ൽ ശ്രീ രാമുലു നായിഡു തന്റെ തന്നെ ‘മലൈകള്ളൻ’ എന്ന തമിഴ് ചിത്രം മലയാളത്തിലേക്ക് ‘തസ്കരവീരൻ ‘ എന്ന പേരിൽ സംവിധാനം ചെയ്തപ്പോൾ, കഭീ ഖാമോഷ് രഹ്തേ ഹേ (‘ആസാദ്’ എന്ന ചിത്രത്തില് നിന്നു പുനരാലാപനം) എന്ന ഒരു ഹിന്ദി ഗാനം ഉണ്ടായിരുന്നു. അത് പാടിയത് ലതാജി ആണ്.
✨2. 1974 ൽ ഹരിഹരൻ സംവിധാനം ചെയ്ത അയലത്തെ സുന്ദരി എന്ന ചിത്രത്തിലും . ‘കോര കഗാസ്’ എന്ന് തുടങ്ങുന്ന ഒരു ഹിന്ദി ഗാനമുണ്ടായിരുന്നു ഈ യുഗ്മ ഗാനത്തിലെ സ്ത്രീശബ്ദവും ലതാജി തന്നെ ആയിരുന്നു.
✨3. 1985-ൽ ഭരതന്റെ സംവിധാനത്തിൽ പുറത്തു വന്ന ഒഴിവുകാലം എന്ന ചിത്രത്തിന് വേണ്ടി, ഒരു ഹിന്ദി മീര ഭജനം ലതാജി മലയാള സിനിമക്ക് ആയി പാടിയിട്ടുണ്ട്
**
മറാത്ത നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്കറുടെ ആറുമക്കളിൽ മൂത്തയാളായി 1929-ൽ ഇൻഡോറിൽ ഒരു കൊങ്കണി കുടുംബത്തിൽ ലത ജനിച്ചു. അമ്മ ശുദ്ധമാതി. ഹാർദ്ദികാർ എന്ന കുടുംബപ്പേര്, ദീനനാഥിന്റെ സ്വദേശമായി ഗോവയിലെ മങ്കേഷി എന്ന സ്ഥലപ്പേരുമായി ബന്ധപ്പെടുത്തി മങ്കേഷ്കർ എന്നാക്കിയതാണ്. ലത മങ്കേഷ്കറിന്റെ ആദ്യനാമം ഹേമ എന്നായിരുന്നു – പിന്നീട്, ദീനനാഥിന്റെ ഭാവ്ബന്ധൻ എന്ന നാടകത്തിലെ കഥാപാത്രത്തിന്റെ പേരായ ലതിക എന്ന പേരുമായി ബന്ധപ്പെടുത്തി , പേരു ലത എന്നാക്കിമാറ്റുകയാണുണ്ടായത്. . ഈ ദമ്പതികളുടെ മൂത്ത പുത്രിയായിരുന്നു ലത, ഹൃദ്യനാഥ് മങ്കേഷ്കർ, ആശാ ഭോസ്ലേ, ഉഷാ മങ്കേഷ്കർ, മീനാ മങ്കേഷ്കർ എന്നിവരാണ് സഹോദരങ്ങൾ. 2022 ഫെബ്രുവരി 6-ന് 92-ആം വയസ്സിൽ മുംബൈയിൽ വച്ച് കോവിഡ് രോഗബാധിതയായി അന്തരിച്ചു
പിതാവിൽനിന്നാണ് ലത, സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്, അഞ്ചാമത്തെ വയസ്സിൽ പിതാവിന്റെ സംഗീതനാടകങ്ങളിൽ അഭിനയിക്കാൻ തുടങ്ങി. ലതക്ക് പതിമൂന്ന് വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു.കുടുംബം പോറ്റാൻവേണ്ടി ലത സിനിമയിൽ അഭിനയിക്കാൻ തുടങ്ങി. പിന്നീട് അഭിനയം വിട്ട് സംഗീതത്തിലൂടെ ലത വളർന്നു. 1942-ൽ കിടി ഹസാൽ എന്ന മറാത്തി ചിത്രത്തിൽ നാചു യാ ഗാഥേ, ഖേലു നാ മണി ഹാസ് ബാരി എന്ന ഗാനമാണ് ആദ്യമായി ആലപിച്ചത്, എന്നാൽ ഈ ഗാനം സിനിമയിൽ നിന്നും നീക്കപ്പെടുകയായിരുന്നു. ആ വർഷം തന്നെ ലത, പാഹിലി മംഗള-ഗോർ എന്ന മറാത്തി ചിത്രത്തിൽ അഭിനയിക്കുകയും നടാലി ചൈത്രാചി നവാലായി എന്ന ഗാനമാലപിക്കുകയും ചെയ്തു. 1943-ൽ ഗജാബാഹു എന്ന ചിത്രത്തിലെ മാതാ ഏക് സപൂത് കി ദുനിയാ ബദൽ ദേ തൂ എന്നതാണ് ലതയുടെ ആദ്യ ഹിന്ദി ഗാനം.1948-ൽ ഷഹീദ് എന്ന ചിത്രത്തിനു വേണ്ടി പാടാനെത്തിയ ലതയെ ശബ്ദം നേർത്തതാണെന്ന് പറഞ്ഞ് നിർമ്മാതാവ് എസ്. മുഖർജി മടക്കി അയക്കുകയാണുണ്ടായത്. ബോംബെ ടാക്കീസിനുവേണ്ടി നസീർ അജ്മീറി സംവിധാനം ചെയ്ത മജ്ബൂർ (1948) എന്ന ചിത്രത്തിലെ ഗുലാം ഹൈദർ സംഗീതസംവിധാനം ചെയ്ത മേരാ ദിൽ തോഡാ എന്ന ഗാനമാണ് ലതാമങ്കേഷ്കറെ ഗായികയെന്ന നിലയിൽ ശ്രദ്ധേയയാക്കിയത്. ആ ശബ്ദമാണ് പിന്നീട് ഇന്ത്യ കീഴടക്കിയത്. 15 ഭാഷകളിലായി നാല്പതിനായിരത്തോളം സിനിമാഗാനങ്ങൾ ആലപിച്ചു. ലോകത്തിലേറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോർഡ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തിൽ ലത മങ്കേഷ്കറുമുണ്ട്. ഹിന്ദിസിനിമാരംഗം ലതയും സഹോദരി ആഷഭോസ്ലെയും ഏതാണ്ട് പൂർണമായും കീഴടക്കി. 1999 മുതൽ 2005 വരെ എൻ.ഡി.എ മുന്നണിയുടെ രാജ്യസഭാംഗമായും പ്രവർത്തിച്ചു. 2001-ൽ ഭാരതരത്നം ലഭിച്ചു.