പേടിച്ചിട്ടല്ല, അടികിട്ടുന്നത് ശരീരത്തിന് പണ്ടേ അലർജിയാണ്.

580

സുഹൃത്തുക്കളോടൊപ്പം ക്രിസ്തുമസ് ആഘോഷം കഴിഞ്ഞു രാത്രി കിഴക്കേക്കോട്ടയിൽ ഒറ്റയ്ക്ക് പ്രാഞ്ചി പ്രാഞ്ചി ബസ് കാത്തുനിൽക്കുമ്പോൾ ഒരു ജ്യൂസ് കുടിക്കാൻ തോന്നി. അവിടത്തെയൊരു പതിവുകടയിൽ നിന്നും കുടിച്ചിട്ട് ഇറങ്ങി നടക്കുമ്പോൾ, റോഡിലെ പഴക്കച്ചവടം അവസാനിപ്പിച്ചു കച്ചവടക്കാർ എല്ലാം പെറുക്കി ഒതുക്കുന്നു. അവരിൽ നിന്നൊരു യുവാവ് മുന്നോട്ടുവന്നിട്ടു കവിതയെഴുതുന്ന രാജേഷ് ശിവയല്ലേ എന്ന് എന്നോട് ചോദിക്കുകയും അഷ്‌റഫ് എന്ന് സ്വയം പരിചയപ്പെടുത്തുകയും ചെയ്തു. ഇനി എഴുതിയാൽ കൈ തല്ലിയൊടിക്കും എന്ന് പറയുമോ എന്ന് പേടിച്ചെങ്കിലും രണ്ടുംകല്പിച്ചു ‘അതെ’ എന്ന് ഞാൻ മറുപടിപറഞ്ഞു. ഞാൻ താങ്കളുടെ ബുക്കുകൾ വായിച്ചിട്ടുണ്ടെന്നും പരിചയമുള്ള ഒരാളിന്റെ വീട്ടിൽ നിന്നും വായിക്കാൻ കിട്ടിയതാണെന്നും നല്ല പുസ്തകങ്ങളാണെന്നും അവയുടെ പേരുകൾ സഹിതം പറഞ്ഞു വാചാലനായി. അതിലെ കുറെ കവിതകൾ ഉന്നത നിലവാരമുള്ളതാണെന്നും താനും എഴുതാറുണ്ടെന്നും പറഞ്ഞു.

കേട്ടപ്പോൾ സന്തോഷം തോന്നി. അക്ഷരങ്ങൾ കാരണം അരണ്ട വെളിച്ചത്തിലും ആരെങ്കിലുമൊക്കെ തിരിച്ചറിയുന്നല്ലോ എന്നോർത്തു രോമാഞ്ചവും തോന്നി. ആ സഹൃദയനോട് യാത്രപറഞ്ഞു അവിടെ നിന്നും നടന്നു വീണ്ടും ബസ്റ്റാന്റിൽ വന്നുനിന്നു. പെട്ടന്നൊരു ബോധം എന്നിൽ ഉൾക്കിടിലം ഉണ്ടാക്കി. ഇതുപോലുള്ള സ്നേഹമുള്ളവർ തിരിച്ചറിഞ്ഞതിനേക്കാൾ വേഗം ശത്രുക്കൾ എന്നെ തിരിച്ചറിഞ്ഞേക്കാം. പുസ്തകങ്ങൾ മാത്രമല്ലല്ലോ എഫ്ബിയിൽ ചില തുറന്നടികൾ കൂടെയുണ്ടല്ലോ. നേരംകടന്നുപോകുന്തോറും ഈ ബോധം ശക്തിയാർജ്ജിച്ചതുകാരണം ചുറ്റിനും പലപ്രാവശ്യം സൂക്ഷ്മമായി നോക്കിക്കൊണ്ട് കിട്ടിയ ബസിൽ കേറി അവിടെനിന്നും സ്‌കൂട്ടാകാൻ ഒട്ടും അമാന്തിച്ചില്ല. പേടിച്ചിട്ടല്ല, അടികിട്ടുന്നത് ശരീരത്തിന് പണ്ടേ അലർജിയാണ്.