Latheef Mehafil
ചില സിനിമകൾ എന്തു കൊണ്ടാണ് തിയറ്ററിൽ പരാജയപ്പെട്ടു പോയത് എന്ന ചിന്ത അത്യന്തം കോംപ്ലക്സ്റ്റിറ്റീസ് നിറഞ്ഞ ഒന്നാണ്.വിജയിക്കാനായി ഒരു സിനിമയും പിറവിയെടുക്കുന്നില്ല; പരാജയപ്പെടാനും.പരാജയപ്പെടാൻ അർഹതയുള്ള ചില സിനിമകളുണ്ട്.വിജയിക്കുന്ന എല്ലാ സിനിമകളും നല്ല സിനിമകൾ ആവണമെന്നില്ല.അതുപോലെ തന്നെ പരാജയപ്പെട്ട എല്ലാ സിനിമകളും മോശം സിനിമകളുമല്ല. സിനിമകളുടെ വിജയത്തിന്റെ രസതന്ത്രം അത്യന്തം സങ്കീർണ്ണമാണ്.
സിനിമയിൽ ഒരു വെള്ളിയാഴ്ച്ച കൊണ്ട് തന്നെ വീണവരും വാണവരും ഉണ്ടെന്ന് പറയാറുണ്ട്. എങ്കിലും ചില സിനിമകളുടെ പ്രേക്ഷകരുടെ വിധി നിർണ്ണയം എന്തുകൊണ്ട് തെറ്റി പോകുന്നു എന്ന് പല വട്ടം ചിന്തിച്ചിട്ടുണ്ട്. പിന്നീടുള്ള കാലങ്ങളിൽ കൾട്ട് സ്റ്റാറ്റസ് നേടിയ അത്രയേറെ പ്രിയപ്പെട്ട പല സിനിമകളും തിയറ്ററിൽ കാര്യമായി ചലനങ്ങൾ സൃഷ്ടിച്ചിട്ടില്ല എന്നറിയുമ്പോൾ സിനി ഫൈലുകൾക്കിടയിൽ ഉണ്ടാകുന്ന നേർത്ത ചില നൊമ്പരങ്ങളുണ്ട്. ഉദാഹരണങ്ങൾ നിരവധിയുണ്ട്.അത്തരത്തിലുള്ള ഒരു സിനിമയാണ് പ്രിയദർശന്റെ മിഥുനം.വിജയിക്കാനുള്ള ചേരുവകളെല്ലാം ഉണ്ടായിട്ടും തിയറ്ററിൽ കാര്യമായി ഓടാതെ പോയ ഒരു സിനിമയാണ് മിഥുനം.
മികച്ച ഒരു ലവ് സ്റ്റോറി വളരെ രസിപ്പിക്കുന്ന ഹ്യൂമർ ടച്ചോടു കൂടി ചിത്രീകരിക്കപ്പെട്ട മിഥുനത്തിലേ കോമഡി ട്രാക്ക് ഇന്നും എന്നും ആസ്വാദ്യകരമാണ്.ഉർവ്വശിയുടെ സുലോചന അവരുടെ കരിയറിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊന്നാണ്.പ്രണയത്തിന്റെ മഴവില്ലുകൾ തീർത്ത സാങ്കല്പിക ലോകത്ത് നിന്നും ജീവിതത്തതിന്റെ പരു പരുത്ത ചെമ്മൺ പാതകളിലേക്ക് ഇറങ്ങി വരാൻ കൂട്ടാക്കാത്ത പൈങ്കിളി കഥയിലെ കാമുകിയായും ഭാര്യയായും ഉർവ്വശി തന്റെ സ്വത സിദ്ധമായ പ്രതിഭ കൊണ്ട് അവിസ്മരണീയമാക്കി.
അന്തി വരെ വെള്ളം കോരി അന്തിക്ക് കലമുടക്കുന്നു എന്ന് പറഞ്ഞത് പോലുള്ള ചില കൈ ക്രിയകൾ പ്രിയൻ തന്റെ സിനിമകളുടെ ക്ലൈമാക്സിൽ കാണിക്കാറുണ്ട്.വന്ദനത്തിൽ നമ്മളത് കണ്ടതാണ്.എന്നാൽ മിഥുനത്തിന്റേത് വ്യത്യസ്തമായ ഒരു ക്ലൈമാക്സ് ആയിരുന്നു.സേതുവിനെ പലയിടത്തും വേണ്ട വിധത്തിൽ മനസ്സിലാക്കാൻ സുലോചനക്ക് കഴിയുന്നില്ല.ഭർത്താവിനോടുള്ള സ്നേഹക്കൂടുതൽ കാരണം അയാളുടെ മനപ്പൂർവ്വമല്ലാത്ത അവഗണനകൾ പോലും സുലോചനയെ വേദനിപ്പിക്കുന്നുണ്ട്.
തന്റെ സ്വപനമായ ആ ബിസ്ക്കറ്റ് കമ്പനി എങ്ങനെയെങ്കിലും സഫലമാക്കാനുള്ള നെട്ടോട്ടത്തിനിടയിൽ ഭാര്യയുടെ കൊച്ചു കൊച്ചു സന്തോഷങ്ങളിൽ പോലും അയാൾക്ക് തന്റെ സാന്നിധ്യമറിയിക്കാൻ കഴിയാതെ വരുന്നു.ആ സംഘർഷം അവരെ മാനസികമായ അകറ്റുന്നുവെങ്കിലും ക്ലൈമാക്സിൽ സേതു മനസ്സ് തുറന്നു തന്റെ പ്രശ്നങ്ങൾ സുലോചനയെ ബോധ്യപ്പെടുത്തുന്നുണ്ട്.പരസ്പരം അടുത്തിരുന്നു മനസ്സ് തുറന്നു സംസാരിച്ചാൽ മാഞ്ഞു പോകാവുന്ന സങ്കടങ്ങളും അകലങ്ങളും രണ്ട് മനുഷ്യർക്കിടയിൽ ഉണ്ടായിരുന്നുള്ളൂ. അതാണ് പരസ്പരമുള്ള ഈഗോയെ ആളിക്കത്തിച്ച് പരസ്പരം നാം നഷ്ടപ്പെടുത്തി കളയുന്നത്.
സേതുവും സുലോചനയും പരസ്പരം മനസ്സിലാക്കി അവരുടെ ജീവിത യാത്ര പുനരാരംഭിക്കുന്നിടത്ത് സിനിമ തീരുന്നു.ഇന്നും ഒരു ബോറടിയുമില്ലാതെ കണ്ടിരിക്കാവുന്ന, കാണും തോറും മധുരം കൂടുന്ന സിനിമയാണ് മിഥുനം.