Latheef Mehafil
ഈയ്യിടെ ഒരു ഇന്റർവ്യൂയിൽ സുരേഷ് ഗോപി വേദനയോടെ പറഞ്ഞ ഒരു കാര്യമുണ്ട്.ഒരു നടൻ എന്ന നിലയിൽ മമ്മൂട്ടിക്കും മോഹൻലാലിനും ലഭിച്ച ചില സ്വാതന്ത്ര്യങ്ങൾ സിനിമയിൽ തനിക്ക് ലഭിട്ടില്ലെന്ന് അദ്ദേഹം തുറന്നു പറയുന്നുണ്ട്.അതൊരു സ്റ്റേറ്റ്മെന്റ് ആണ്.സത്യമുള്ള ഒരു സ്റ്റേറ്റ്മെന്റ്.ഒരു മികച്ച നടൻ ആയി അഭ്രപാളിയിൽ എന്നെന്നേക്കുമായി അടയാളപ്പെടേണ്ടിയിരുന്ന ഒരാൾ എങ്ങനെയാണ് ട്രാക്ക് മാറി കേവലം ഒരു ആക്ഷൻ ഹീറോ മാത്രമായി മുദ്ര കുത്തപ്പെട്ടത്..?
സൂപ്പർ താരമായതിൽ പിന്നെ ഇത്രയും ലിമിറ്റ് ചെയ്യപ്പെട്ട ഒരു നടൻ ഇവിടെ വേറെ ഉണ്ടായിട്ടില്ല.’സിന്ദൂര രേഖ’ എന്ന സിനിമയെ കുറിച്ച് അദ്ദേഹം ആ ഇന്റർവ്യൂയിൽ പ്രത്യേകം എടുത്തു പറയുന്നുണ്ട്.നായകൻ സുരേഷ് ഗോപി ആയതിനാൽ അടിയും ഇടിയും അനാവശ്യമായി സിനിമയിലേക്ക് കേറ്റിയിടുന്ന പ്രവണത.തലസ്ഥാനം എന്ന സിനിമ സുരേഷ് ഗോപിയുടെ സ്റ്റാർഡം മാറ്റി മറിച്ചെങ്കിലും പിന്നീട് ഷാജി- രഞ്ജി പണിക്കർ പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറുകൾ സുരേഷ് ഗോപി എന്ന നടനെ തീർത്തും സൈഡ് ലൈൻ ചെയ്യുകയും സുരേഷ് ഗോപി എന്ന സ്റ്റാർ മെറ്റീരിയലിനെ മാത്രം ഫോക്കസ് ചെയ്ത് മുന്നോട്ട് പോകുകയും ചെയ്തു.ഫലം സ്ഥിരം ജോണറുകളിൽ പെട്ട് ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുകയും ഒരു ഘട്ടത്തിൽ സിനിമയിൽ നിന്ന് തന്നെ മാറി നിൽക്കേണ്ടി വരികയും ചെയ്തു.
മലയാളത്തിൽ സ്റ്റീരിയോ ടൈപ്പുകൾ എങ്ങനെ സൃഷ്ടിക്കപ്പെടുന്നുവെന്നും അത്തരം അവരോധിക്കലുകൾ എങ്ങനെയാണ് ഒരു നടനെ ഇല്ലാതാക്കുന്നതെന്നും മനസ്സിലാക്കാൻ സുരേഷ് ഗോപിയുടെ അഭ്രജീവിതം പരിശോധിച്ചാൽ മനസ്സിലാകും. പൈതൃകവും ഇന്നലെയും വടക്കൻ വീരഗാഥയും കളിയാട്ടവും പൊന്നുച്ചാമിയും പപ്പയുടെ സ്വന്തം അപ്പൂസും ഇൻ ഹരിഹർ നഗറും മനു അങ്കിളും സ്ഥലത്തെ പ്രധാന പയ്യൻസും രണ്ടാം ഭാവവും സമ്മർ ഇൻ ബത്ലെഹേമും മണിച്ചിത്രത്താഴും കൗതുക വാർത്തകളും ഉത്സവ മേളവും തൂവൽ സ്പർശവും ഒക്കെ ചെയ്ത് തന്നിലെ നടന്റെ വൈവിധ്യങ്ങളുടെ റേഞ്ച് അടയാളപ്പെടുത്തിയ ഒരു പെർഫോമറെ ഒരേ ടൈപ്പ് പോലീസ് വേഷങ്ങളുടെ സ്ഥിരം കുപ്പായങ്ങളിലേക്ക് കേറ്റി വെച്ച് കഥ പറഞ്ഞവർ ആ നടനോട് ചെയ്ത പാതകം ചെറുതൊന്നുമല്ല.
അതേ പോലീസ് വേഷത്തിൽ രണ്ടാമതൊരു തിരിച്ചു വരവിനു ശ്രമിച്ചു.ഭരത് ചന്ദ്രൻ ഐ പി എസ് ബോക്സ് ഓഫീസിൽ വിജയിച്ചെങ്കിലും പഴയ വീഞ്ഞിനെ പുതിയ കുപ്പിയിലാക്കി വീണ്ടും ഇറക്കുകയായിരുന്നു. SG യുടെ അത്തരം വേഷങ്ങളിലെ സ്ക്രീൻ ഫയർ ഒരിക്കൽ കൂടി നമ്മൾ കണ്ടെങ്കിലും അത് വെച്ച് വീണ്ടും മുന്നോട്ട് പോകാൻ പരിമിതികൾ ഏറെയുണ്ടായിരുന്നു.കുറച്ചു നേരത്തേക്ക് വീണ്ടും ബ്ലാക്ക് ഔട്ടായ സുരേഷ് ഗോപി ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയിലൂടെ വീണ്ടുമൊരു തിരിച്ചു വരവ് നടത്തി.
വളരെ ബുദ്ധി പരമായ ഒരു തീരുമാനം ആയിരുന്നു ആ സിനിമ.കാരണം അതൊരു ഹീറോ ഓറിയന്റഡ് സിനിമ അല്ലായിരുന്നു.തുടർന്ന് വന്ന കാവൽ കാര്യമായി ഓളങ്ങൾ ഉണ്ടാക്കിയില്ലെങ്കിലും പാപ്പൻ സൂപ്പർ ഹിറ്റായി.തന്റെ ഫയർ ബ്രാൻഡ് ഹീറോയിസം തനിക്കു നൽകിയ പാഠങ്ങൾ അദ്ദേഹം കൃത്യമായി മനസ്സിലാക്കിയിട്ടുണ്ട്.അതിന്റെ പരിമിതികളെ മനസ്സിലാക്കി കുറച്ചു കൂടി പെർഫോമൻസ് സാധ്യതകളുള്ള ഹീറോയിസത്തിനുള്ള സ്കോപ്പില്ലാത്ത കഥകൾ തന്നെയാണ് ഈ സിനിമകൾ.ആ വേഷങ്ങളിലൊക്കെ പ്രേക്ഷകർ അനുഭവിച്ച ഒരു തണുപ്പൻ അപ്പിയറൻസ് പഴയ തീ കുറച്ചൊക്കെ അറിഞ്ഞു കൊണ്ട് കെടുത്തിയത് കൊണ്ടും വീണ്ടും തിരിച്ചു വരാനുള്ള സാധ്യതകളെ ഇല്ലായ്മ ചെയ്യുന്നതുമാണ്. അതൊരു ബ്രില്യൻസാണ്.