നിങ്ങൾ BSNL ഇന്റർനെറ്റ് കണക്ഷനാണോ ഉപയോഗിക്കുന്നത്? അശ്ലീല പരസ്യങ്ങൾ നിങ്ങളുടെ ബ്രൗസറിൽ വന്നിട്ടുണ്ടോ? എങ്കിൽ എല്ലാവരും ഇത് വായിക്കണം, ഒരു ചതിയുടെ കഥ

0
302
Lathish PV
നിങ്ങൾ BSNL ഇന്റർനെറ്റ് കണക്ഷനാണോ ഉപയോഗിക്കുന്നത്?
നിങ്ങൾ അടുത്ത ദിവസങ്ങളിൽ കേരള സർക്കാർ/ പൊതു മേഖലാ സ്ഥാപന വെബ് സൈറ്റുകൾ സന്ദർശിച്ചിട്ടുണ്ടോ?
അശ്ലീല പരസ്യങ്ങൾ നിങ്ങളുടെ ബ്രൗസറിൽ വന്നിട്ടുണ്ടോ?
എങ്കിൽ എല്ലാവരും ഇത് വായിക്കണം.
2020 ജനുവരി മുതൽ കെ.എസ്.ഇ.ബിയുടെ വെബ് സൈറ്റ് സന്ദർശിക്കുന്ന നിരവധി ഉപഭോക്താക്കളാണ് സൈറ്റിലെ ഏതെങ്കിലും ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ അശ്ലീല വെബ് സൈറ്റുകളിലേക്ക് പോകുന്നു എന്ന വസ്തുത ഐ.ടി വിഭാഗത്തെ അറിയിക്കുന്നത്. സൈറ്റിലേക്ക് പോയ ഉടനെ ആദ്യ ലിങ്ക് ക്ലിക്ക് ചെയ്താൽ ആണ് പുതിയ ടാബിൽ പരസ്യം വരുന്നത്. പിന്നീട് ഇത് ആവർത്തിക്കില്ല. ആവർത്തിക്കണമെങ്കിൽ മോഡം റീസെറ്റ് ചെയ്ത് ഐ.പി മാറുകയോ നിശ്ചിത സമയം കഴിയുകയോ വേണം. Repeatabilityയും reprodusabilityയും ഇല്ലാത്തതിനാൽ എന്തു കൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് പരിശോധിക്കുന്നത് ബുദ്ധിമുട്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ kseb.in വെബ് സൈറ്റ് വിശദമായി ഓഡിറ്റ് ചെയ്തു. വിവിധ എക്സ്റ്റൻഷനുകളുടെ സെക്യൂരിറ്റി പാച്ചുകൾ അപ്ഡേറ്റ് ചെയ്തു. എല്ലാ ഫയലിന്റേയും ഇന്റഗ്രിറ്റി ചെക്ക് നടത്തി. ഡാറ്റാബേസിൽ മാൽവെയർ സിഗ്നേച്ചറുകൾ കടന്നു കൂടിയിട്ടില്ല എന്ന് ഉറപ്പു വരുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ വിശദമായ പരിശോധന നടത്തിയപ്പോൾ kerala.gov.in അടക്കമുള്ള മിക്ക വെബ് സൈറ്റുകളിലും ഇതേ പ്രശ്നം കണ്ടെത്തിയതായി ചില ഉപഭോക്താക്കൾ അറിയിച്ചു. allashark.സൈറ്റ് എന്ന വെബ് സൈറ്റിലേക്കാണ് ആദ്യം റീഡയറക്ഷൻ ഉണ്ടാകുന്നത്. ആ വെബ് സൈറ്റിൽ നിന്നാണ് best-dates-here.കോം അടക്കമുള്ള പോൺ സൈറ്റുകളിലേക്ക് അടക്കം പോയിരുന്നത്. ( ചിത്രം ശ്രദ്ധിക്കുക)
kseb.in വെബ് സൈറ്റ് ഹോസ്റ്റ് ചെയ്തത് കേരള സ്റ്റേറ്റ് ഡാറ്റ സെന്ററിലായതിനാൽ അവരെ ഈ വിവരം അറിയിച്ചു. പ്രാഥമിക പരിശോധനയിൽ വെബ് സൈറ്റിൽ പ്രശ്നങ്ങൾ കാണുന്നില്ല എന്നും അവർ അറിയിച്ചു. എന്നാലും പരാതി പറയുന്നവരുടെ പബ്ലിക് ഐ.പിയും പോൺ സൈറ്റിന്റെ പരസ്യം കണ്ട സമയവും നൽകാൻ അവർ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ 6-7 വ്യത്യസ്ത സ്ഥലങ്ങളിലെ പബ്ലിക് ഐ.പി ഡാറ്റ സംഘടിപ്പിച്ചു നൽകി. ഇതിൽ ഭൂരിഭാഗവും കെ.എസ്.ഇ.ബി ഓഫീസുകൾ തന്നെയായിരുന്നു. എന്നാൽ ഡാറ്റ സെന്ററിലെ വെബ് സർവർ ലോഗിന്റെ പരിശോധനയിൽ, സെർവറിൽ നിന്നും അതതരം റീഡയറക്ഷൻ വന്നതായി കണ്ടെത്താൻ കഴിഞ്ഞില്ല. വ്യത്യസ്ത സ്ഥലങ്ങളിൽ ( അതും ഭൂരിഭാഗവും ഉബുണ്ടു) നിന്ന് റിപ്പോർട്ട് ചെയ്തതിനാൽ ഏതെങ്കിലും ക്ലയന്റ് മെഷീനിലെ ബ്രൗസറിന്റെ പ്രശ്നമായി കരുതാനും പറ്റാതായി.
വിശദമായ പരിശോധനയിലാണ് ഇത്തരം അശ്ലീല പരസ്യങ്ങൾ വരുന്നത് മുഴുവൻ ബി.എസ്.എൻ.എൽ ഇന്റർനെറ്റ് ഉള്ളവർക്ക് മാത്രമാണെന്ന് മനസ്സിലായത്. അതിന്റെ അടിസ്ഥാനത്തിലാണ് ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ ആയ ബി.എസ്.എൻ.എലിനെ ബന്ധപ്പെടുന്നത്. ബി.എസ്.എൻ.എൽ അവരുടെ ഇന്റർനെറ്റ് ഉപഭോക്താക്കളുടെ ബ്രൗസറിലേക്ക് പരസ്യം ഇൻജക്ട് ചെയ്യുന്നതിന് ദേശീയ തലത്തിൽ ഏതോ സ്വകാര്യ കമ്പനിയുമായി കരാർ ആക്കിയ വിവരം അപ്പോഴാണ് അറിയുന്നത്. ഈ സ്വകാര്യ കമ്പനി വേറെ ഒരു സ്വകാര്യ കമ്പനിക്ക് ഔട്ട്‌സോർസ് ചെയ്തു. ബി.എസ്.എൻ.എൽന് ഇതിൽ കിട്ടുന്നത് പരസ്യ തുകയുടെ 10 ശതമാനം മാത്രം. കെ.എസ്.ഇ.ബിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജനുവരി 18 മുതൽ കേരളത്തിൽ പരസ്യം ഇൻജക്ട് ചെയ്യുന്നത് അവസാനിപ്പിച്ചതായി തിരുവനന്തപുരം ജനറൽ മാനേജർ അറിയിച്ചിട്ടുണ്ട്. എന്നാൽ മറ്റ് സംസ്ഥാങ്ങളിൽ ഇത് തുടരുന്നുണ്ട്. കെ.എസ്.ഇ.ബിയുടെ 95%ത്തിലേറെ ഓഫീസുകളിലും ബി.എസ്.എൻ.എൽ ഇന്റർനെറ്റ് കണക്ഷനാണ് ഉപയോഗിക്കുന്നത് എന്നതിനാൽ ഞങ്ങളുടെ ഓഫീസ് പ്രവർത്തനങ്ങളെ ഇത് വലിയ തോതിൽ ബാധിച്ചു. ഇപ്പോൾ അശ്ലീല പരസ്യം വന്നതിനാൽ മാത്രമാണ് കാര്യങ്ങൾ എല്ലാവരുടേയും ശ്രദ്ധയിൽ പെട്ടത്. നേരത്തെ ഫ്ലിപ്കാർട്ടിന്റെ അടക്കമുള്ള പരസ്യങ്ങൾ വരുന്നതായി പലരും പറഞ്ഞിരുന്നു. ഈ പരസ്യ പരിപാടി BSNL തുടങ്ങിയിട്ട് ഏറെക്കാലമായി എന്നാണ് തോന്നുന്നത്. നേരത്തെ എന്റെയൊരു സുഹൃത്ത് ഇത്തരം വിഷയം ഉന്നയിച്ചത് ഓർമ്മിക്കുന്നു.
പൊതു മേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിലാവുന്നതിന്ന് പ്രധാന കാരണം കേന്ദ്ര സർക്കാർ നയങ്ങളാണ്. എന്നാൽ ലാഭത്തിന് വേണ്ടി ഏന്തു വൃത്തികേടും ചെയ്യുന്നത് അംഗീകരിക്കാനാവില്ല. സ്വകാര്യ മേഖലയിലെ ഐ.എസ്.പികൾ പോലും ഇത്തരം കാര്യങ്ങൾ ചെയ്യുമെന്ന് തോന്നുന്നില്ല. പൊതു മേഖലയിലെ ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ ആയ BSNL തന്നെ ഉപഭോക്താക്കളുടെ സ്വകാര്യതയിൽ നുഴഞ്ഞു കയറി അവർക്ക് തോന്നുന്ന പരസ്യം നൽകുന്നത് അംഗീകരിക്കാനാവില്ല. ഇത് ആവർത്തിക്കുകയാണെങ്കിൽ അത്തരം സ്ഥാപനങ്ങളുടെ ഇന്റർനെറ്റ് കണക്ഷൻ ഒഴിവാക്കുക മാത്രമാണ് ഏക പോം വഴി. കേരളത്തിലെ സർക്കാർ – പൊതു മേഖലാ സ്ഥാപനങ്ങളെ അപകീർത്തിപ്പെടുത്താനുള്ള എന്തെങ്കിലും ഗൂഡാലോചന ഇക്കാര്യത്തിൽ നടന്നിട്ടുണ്ടോ എന്നതും പരിശോധിക്കപ്പെടണം.