ലോ ആൻഡ് ഓഡറും ഇൻവെസ്റ്റിഗേഷനും രണ്ട് സ്വതന്ത്ര വിഭാഗങ്ങളാക്കി പോലീസ് സംവിധാനം അഴിച്ചു പണിയണം

315

ഷാഹിന നഫീസ

ബഹുമാനപ്പെട്ട മുഖ്യമന്ത്രി,

ഇത് ഒരു നിവേദനമാണ് .എല്ലാവരും വായിക്കേണ്ടതുമാണ് .അത് കൊണ്ടാണ് ഇങ്ങനെ ഒരു തുറന്ന കത്തായി എഴുതുന്നത് .

ഒരു പഴയ സംഭവം താങ്കളുടെ ശ്രദ്ധയിൽ പെടുത്തട്ടെ .ഇവിടെ നടന്നതല്ല ,അങ്ങ് ഗുജറാത്തിൽ സംഭവിച്ചതാണ് . 2003 ഫെബ്രുവരി 27 ന് അഹമ്മദാബാദിലെ നവരംഗ്പുരിൽ ആറു വയസ്സുള്ള ഗൗമി എന്ന പെൺകുട്ടി ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ടു .സംഭവവുമായി ബന്ധപ്പെട്ട് കിഷൻഭായ് എന്നൊരാളെ അഹമ്മദാബാദ് പോലീസ് അറസ്റ്റ് ചെയ്തു . സെഷൻസ് കോടതി വധശിക്ഷക്ക് വിധിച്ച കിഷൻ ഭായിയെ വേണ്ടത്ര തെളിവില്ലാത്തതിനാൽ ഹൈക്കോടതി വെറുതെ വിട്ടു .ഹൈക്കോടതിവിധിക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീൽ സുപ്രീം കോടതി തള്ളി . കിഷൻ ഭായിയെ വെറുതെ വിട്ട നടപടി സുപ്രീം കോടതി ശരിവെച്ചു . 2003 ൽ തുടങ്ങി 2014 ൽ സുപ്രീം കോടതി ഉത്തരവോടെ അവസാനിച്ച കേസ് . നീതിക്ക് വേണ്ടിയുള്ള ഗൗമിയുടെ അച്ഛനമ്മമാരുടെ അലച്ചിൽ അവിടെ തീർന്നു .
കിഷൻഭായിയെ വെറുതെ വിട്ടു കൊണ്ട് ,സുപ്രീം കോടതി ജഡ്‌ജിമാരായ ചന്ദ്രമൗലി പ്രസാദ് ,ജഗദീഷ് സിങ് കേദാർ എന്നിവർ എഴുതിയ വിധിന്യായത്തിലെ ചില പ്രസക്തഭാഗങ്ങളിലേക്ക് താങ്കളുടെ ശ്രദ്ധ ക്ഷണിക്കട്ടെ .

22 പേജുള്ള വിധിന്യായത്തിന്റെ പതിനഞ്ചാമത്തെ പാരഗ്രാഫിൽ ഇങ്ങനെ പറയുന്നു . “കുറ്റകൃത്യം സംശയാതീതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ ദയനീയമായി പരാജയപ്പെട്ടു . കേസന്വേഷണത്തിൽ പോലീസ് ഗുരുതരമായ വീഴ്ച വരുത്തി. തെളിവുകൾ പരിശോധിച്ച് നിഷ്പക്ഷമായി നിയമം നടപ്പിലാക്കുകയാണ് ഞങ്ങളുടെ ചുമതല. അത്‌ ഞങ്ങൾ നിർവഹിക്കുകയാണ്. പക്ഷേ ഹൃദയം തകർന്നാണ് ഞങ്ങൾ ഈ വിധിന്യായം എഴുതുന്നത്. ആറു വയസ്സുള്ള ഒരു പെൺകുട്ടി അതിദാരുണമായി കൊല്ലപ്പെട്ടു. അതിനുത്തരവാദിയാവർ ഈ അഹമ്മദാബാദ് നഗരത്തിലൂടെ തലയുയർത്തിപിടിച്ചു തന്നെ നടക്കുന്നുണ്ടാവാം. ക്രൂരനായ ഒരു കൊലയാളി നമുക്കിടയിൽ തന്നെ സുരക്ഷിതനായി ഒളിച്ചിരിക്കുന്നു. വൈകാരികമായല്ല, മറിച്ച് തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഞങ്ങൾ പ്രവർത്തിക്കേണ്ടത്. അത്‌ കൊണ്ട് തന്നെ തെളിവില്ലാതെ ഒരാളെയും ശിക്ഷിക്കാനാവില്ല. പക്ഷേ അങ്ങേയറ്റം ദുഃഖത്തോടെയാണ് ഈ വിധിന്യായം എഴുതുന്നത്. ഗോമിക്കും അവളുടെ കുടുംബത്തിനും കിട്ടാതെ പോയ നീതി നിയമവാഴ്ചയുടെ പരാജയത്തെ കുറിക്കുന്നു. തെളിവില്ലാത്തതിനാൽ പ്രതികളെ വെറുതെ വിടുന്ന ഓരോ കേസിലും നിയമവാഴ്ച പരാജയപ്പെടുന്നു. കുറ്റത്തിന് ഇരയായവർക്ക് ഒരിക്കലും നീതി കിട്ടാതെ പോകുന്നു എന്ന് മാത്രമല്ല, നിരപരാധികൾ പ്രോസിക്യൂഷൻ നടപടികൾ നേരിടേണ്ടി വരികയും ചെയ്യുന്നു… ”
ഹൃദയത്തിൽ തൊട്ടെഴുതിയ ഈ വരികൾക്കൊടുവിൽ കോടതി സുപ്രധാനമായ ചില നിർദേശങ്ങൾ മുന്നോട്ട് വെക്കുന്നുണ്ട്. അന്വേഷണനടപടികളിലെ വീഴ്ച കൊണ്ട് പ്രോസിക്യൂഷൻ പരാജയപ്പെടുന്ന കേസുകളിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥന്മാർക്കെതിരെ ഉചിതമായ നടപടി എടുക്കണമെന്ന് കോടതി ആവശ്യപ്പെടുന്നു. ഇത്തരത്തിലുള്ള ഓരോ കേസും പരിശോധിച്ച് പ്രോസിക്യൂഷന് സംഭവിച്ച പരാജയത്തിന്റെ കാരണങ്ങൾ വിലയിരുത്തി അത്‌ രേഖപ്പെടുത്തണമെന്നും ഇതിനായി ഓരോ സംസ്ഥാനത്തെയും ആഭ്യന്തര വകുപ്പ് സംവിധാനമുണ്ടാക്കണമെന്നും കോടതി നിർദേശിക്കുന്നു. സുപ്രീം കോടതി വിധി നിയമമാണ് എന്ന വസ്തുത മുഖ്യമന്ത്രിയെ വിനയത്തോടെ ഓർമിപ്പിക്കട്ടെ. BJP നയിക്കുന്ന ഇന്ത്യയിൽ സുപ്രീം കോടതിയുടെ വാക്കുകൾക്ക് വില ഇല്ലാതാകുന്ന ഇക്കാലത്ത്, ആ കോടതി വിധി നടപ്പിലാക്കി കേരളം മാതൃകയാകണമെന്ന് അഭ്യർത്ഥിക്കുന്നു. വളയാറിലെ ആ പെൺകുട്ടികളുടെ കേസിൽ പ്രോസിക്യൂഷന് സംഭവിച്ച ദയനീയ പരാജയത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരുടെ കാര്യത്തിൽ സുപ്രീം കോടതി വിധി അനുസരിച്ച് നടപടി എടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. സുപ്രീം കോടതി നിർദേശിച്ചത് പോലെ ഇത്തരം കേസുകൾ പഠിക്കാനായി ഒരു വിദഗ്ധ സമിതിയെ നിയോഗിക്കുന്നതടക്കമുള്ള കാര്യങ്ങൾ നടപ്പിലാക്കാൻ കേരളം മുൻകൈ എടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
എല്ലാത്തിലുമുപരി കേരളത്തിലെ ജനങ്ങൾ ഉറ്റു നോക്കുന്ന ഒരു കാര്യമുണ്ട്. പ്രകടനപത്രികയിലെ, ഇനിയും നടപ്പിലാക്കിയിട്ടില്ലാത്ത ഒരു വാഗ്ദാനം. ലോ ആൻഡ് ഓഡറും ഇൻവെസ്റ്റിഗേഷനും രണ്ട് സ്വതന്ത്ര വിഭാഗങ്ങളാക്കി പോലീസ് സംവിധാനം അഴിച്ചു പണിയും എന്ന വാഗ്ദാനമാണത്. അറുനൂറിൽ 599 വാഗ്ദാനങ്ങളും നടപ്പിലാക്കിയാലും ഈ ഒരൊറ്റ ഒന്ന് നടക്കാതെ പോയാൽ, മുറിവേറ്റ മനുഷ്യരുടെ ഹൃദയത്തിൽ സഖാവിനു ഒരിക്കലും ഇടമുണ്ടാവില്ലെന്ന് ഓർമിപ്പിക്കട്ടെ. പോലീസിന്റെ അനാസ്ഥ കൊണ്ടും അധികാരദുർവിനിയോഗം കൊണ്ടും ജീവനും ജീവിതവും നഷ്ടമായ മനുഷ്യർക്ക് കിട്ടാതെ പോകുന്ന നീതി താങ്കളുടെ എല്ലാ ഭരണനേട്ടങ്ങളെയും അദൃശ്യമാക്കുമെന്ന് ഓർമിപ്പിക്കട്ടെ.

കോപ്പി : ഷാഹിന നഫീസ