എന്താണ് “ലോ ഓഫ് ഇൻഫിനിറ്റ് കോർന്നുകോപ്പിയ” ?

488

Anuraj Girija KA എഴുതുന്നു 

ലാസെക്ക് കൊളക്കോവ്സ്കി എന്നൊരു പോളിഷ് തത്വചിന്തകൻ ഉണ്ടായിരുന്നു. ആളുടെ “ലോ ഓഫ് ഇൻഫിനിറ്റ് കോർന്നുകോപ്പിയ” എന്നൊരു നിരീക്ഷണമുണ്ട്. അതിങ്ങനെയാണ്.

“For any given doctrine one wants to believe, there is never a shortage of arguments by which one can support it.”

Anuraj Girija KA

അതായത്, നിങ്ങൾ ഒരു സിദ്ധാന്തത്തിൽ വിശ്വസിക്കാൻ തീരുമാനിച്ചാൽ, ആ സിദ്ധാന്തത്തെ സാധൂകരിക്കുന്ന അനേകം തെളിവുകൾ നിങ്ങൾക്ക് കിട്ടും.

ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് “ഫ്ലാറ്റ് എർത്ത്” അഥവാ “പരന്ന ഭൂമി” സിദ്ധാന്തക്കാർ. ഭൂമി പറന്നതാണെന്ന് വിശ്വസിക്കുന്ന ഒരു വിഭാഗം ആളുകൾ ഇന്നുമുണ്ട്. ഉരുണ്ട ഭൂമി എന്നത് പല നിക്ഷിപ്ത താല്പര്യക്കാർ ഉണ്ടാക്കിയെടുത്ത കെട്ടുകഥ മാത്രമാണെന്നും, സത്യത്തിൽ ഭൂമി ഒരു ഡിസ്ക് പോലെ പരന്ന ഒന്നാണെന്നും ആണ് അവർ വിശ്വസിക്കുന്നത്. വെറുതെ വിശ്വസിക്കുകയല്ല. ചോദിച്ചാൽ “തെളിവും” തരും ഈ കൂട്ടർ.

ലോകം കാഴ്ച്ചയിൽ തന്നെ പരന്നാണ് ഇരിക്കുന്നത്, മേഘങ്ങൾ പരന്നാണ്, സൂര്യന്റെ ചലനം പോലും ഒരു പരന്ന ലോകത്തിലേക്കാണ് വിരൽ ചൂണ്ടുന്നത് എന്നൊക്കെയാണ് അവർ പറയുന്നത്.

ഭൂമിയുടെ രൂപത്തെപ്പറ്റിയുള്ള ആധുനിക സിദ്ധാന്തങ്ങൾ എത്ര തന്നെ പറഞ്ഞാലും അവർക്ക് ഭൂമി പരന്നത് തന്നെയായിരിക്കും. അതിന്റെ കാരണം അവർ ആദ്യമേ “പരന്ന ഭൂമി” എന്ന ഐഡിയയിൽ വിശ്വസിച്ചു കഴിഞ്ഞു എന്നുള്ളതാണ്. അതിൽ വിശ്വസിച്ചാൽ ബാക്കി ഉള്ള സിദ്ധാന്തങ്ങൾ ഒക്കെയും കള്ളങ്ങളും മണ്ടത്തരങ്ങളും മാത്രമായിക്കും.

ഒരു പ്രതിഭാസത്തെ വിശദീകരിക്കുമ്പോൾ ഏറ്റവും ശാസ്ത്രീയമായ വഴി കൈവശമുള്ള വിവരങ്ങൾ വച്ച് അതിനെ വിശദീകരിച്ച് ഒരു നിഗമനത്തിൽ എത്തുക എന്നതാണ്. ഇവിടെ പരന്ന ഭൂമിക്കാർ, അല്ലെങ്കിൽ പൊതുവിൽ കപട ശാസ്ത്രങ്ങൾ, അവലംബിക്കുന്ന രീതി നേരെ വിപരീതമാണ്. അവർ ആദ്യം ഒരു സിദ്ധാന്തം ഫിക്സ് ചെയ്യും. പിന്നെ അതിനെ സാധൂകരിക്കുന്ന തെളിവുകൾ കണ്ടെത്തും.

ഇത്രയൊക്കെ പറഞ്ഞത് മറ്റൊരു കാര്യത്തിന്റെ ആമുഖമായാണ്.

അടിസ്ഥാനപരമായി ഒരു സംഘി എങ്ങനെ ഉണ്ടാകുന്നു എന്നതിന്റെ എക്സ്പ്ലേനേഷൻ “ലോ ഓഫ് ഇൻഫിനിറ്റ് കോർന്നുകോപ്പിയ” വച്ച് ചെയ്യാൻ സാധിക്കും എന്നാണ് എനിക്ക് തോന്നുന്നത്.

ഒരു സംഘി അടിസ്ഥാനപരമായി വിശ്വസിക്കുന്നത് ബിജെപിയിലോ ആർഎസ്എസിലോ അല്ല.

അത് “ഹിന്ദു അപകടത്തിലാണ്’ എന്ന സിദ്ധാന്തത്തിലാണ്. ആ സിദ്ധാന്തത്തിൽ വിശ്വസിച്ചു കഴിഞ്ഞ ഒരാളെ മറ്റ് യുക്തിപരമായ തെളിവുകൾ നിരത്തി തിരികെ കൊണ്ടുവരിക എന്നത് നിയർലി ഇമ്പോസിബിൾ ആയ കാര്യമാണ്.

കാരണം നിങ്ങൾ ആ സിദ്ധാന്തത്തെ ഖണ്ഡിക്കാൻ മുന്നിൽ വന്നിരിക്കുമ്പോൾ തന്നെ അവർക്ക് മുന്നിൽ നിങ്ങൾ “ഹിന്ദുവിരുദ്ധയോ/നോ”, “ഹിന്ദുക്കൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ മനസ്സിലാകാത്തയാളോ”, “വിവരമില്ലാത്തയാളോ” അല്ലെങ്കിൽ ഇതെല്ലാമോ ആയിക്കഴിഞ്ഞിരിക്കും. കാരണം “ഹിന്ദു അപകടത്തിൽ” എന്ന തിയറിയിൽ ചുറ്റുമുള്ള മനുഷ്യരും മാധ്യമങ്ങളുമൊക്കെ കള്ളം പറയുന്നവരാണ്. അവരിനി എന്തൊക്കെ പറഞ്ഞാലും സംഘികളുടെ തലക്ക് മുകളിലൂടെ മാത്രമേ പോവുകയുള്ളൂ. അകത്തേക്ക് നഹി നഹി.

ഇന്ത്യയിൽ ജോലികളിൽ വിദ്യാഭ്യാസത്തിൽ കൈവശമുള്ള ഭൂമിയുടെ കാര്യത്തിൽ ജീവിതാവസ്ഥകളിൽ ഒക്കെയും സവർണ്ണ ഹിന്ദുക്കൾ ഇതര സമുദായങ്ങളെക്കാൾ ബഹുദൂരം മുന്നിലാണ്‌. സാമൂഹികാവസ്ഥയിൽ പിന്നോക്കം നിൽക്കുന്ന ജാതി-മത സമുദായങ്ങളെ മുന്നോട്ട് കൊണ്ടുവരാൻ സംവരണം പോലെയുള്ള നയങ്ങൾ ഭരണകൂടം മുന്നോട്ട് വയ്ക്കുന്നു. അവസരസമത്വം എന്ന തത്വമാണ് ഇവിടെ അടിസ്ഥാനം. പക്ഷേ സംഘികൾക്ക് ഇത് ന്യൂനപക്ഷ – പിന്നോക്ക – ദളിത് – ആദിവാസി പ്രീണനം ആയിട്ടേ മനസ്സിലാകൂ. കാരണം അസമത്വം എന്നത് ഒരു സാമൂഹിക ഘടന ആയിരിക്കുമ്പോൾ ആ ഘടനയുടെ ഗുണഭോക്താക്കൾക്ക് സമത്വം എന്നത് അനീതി ആയിട്ടേ മനസ്സിലാകൂ. ഈ പ്രീണനം “ഹിന്ദു അപകടത്തിൽ” എന്ന അവരുടെ സിദ്ധാന്തത്തിന് അനുകൂലമായ ഒരു തെളിവാകും.

ശബരിമല പോലെയൊരു വിഷയം സാമാന്യമായ യുക്തികൾ വച്ച് നോക്കിയാൽ മതി ഒരു ലിംഗ സമത്വത്തിന്റെ വിഷയമാണെന്ന് മനസ്സിലാകാൻ. പക്ഷെ ഒരു സംഘിക്ക് അത് മനസ്സിലാവുകയേ ഇല്ല. കാരണം ഹിന്ദു ഓൾറെഡി അപകടത്തിൽ ആയിരുന്നു, സുപ്രീം കോടതി ആകട്ടെ ഹിന്ദുവിനെ കൊല്ലുകയും ചെയ്തു. പിന്നെ അവിടെ സംഘികൾക്ക് യുക്തി ഒന്നുമില്ല, വൈകാരികത മാത്രമേ കാണൂ. ഏതാണ് ശബരിമലയിൽ കണ്ടതും.

എല്ലാ തെരഞ്ഞെടുപ്പുകളിലും ഹിന്ദുവിന്റെ പണം സർക്കാർ എടുത്ത് അഹിന്ദുക്കൾക്ക് കൊടുക്കുന്നു എന്ന ആരോപണം വരും. അത് പല തവണ പൊളിഞ്ഞ വാദമാണ്. പക്ഷേ ഇനിയും ആ വാർത്ത ഓടും. കാരണം അതിന്റെ ഇന്ധനം ഹിന്ദു അപകടത്തിൽ ആണെന്നതാണ്.

പൊതുവിൽ നല്ല മനുഷ്യരും എന്നാൽ ആശയപരമായി സംഘികളുമായ ഒരുപാട് പേരുണ്ടാകും. അവരുടെ നന്മ എന്നത് കപടമല്ലാത്തതാകാം. പക്ഷേ അവർക്കെല്ലാം മുസ്‌ലിം കൂട്ടക്കൊല നടന്നപ്പോൾ കണ്ണടച്ചു സഹകരിച്ച മോഡി നേതാവാകും, മുസ്ലീങ്ങളെ ഖബറിൽ നിന്നെടുത്ത് ബലാത്സംഗം ചെയ്യണം എന്ന് പറഞ്ഞ യോഗിയും നേതാവാകും മാലേഗാവ് സ്ഫോടനക്കേസിൽ പ്രതിയായ പ്രഗ്യാ സിംഗ് ഠാക്കൂറും നേതാവാകും. കാരണം അവർ ചെയ്തതൊക്കെയും അപകടത്തിലായ ഹിന്ദുക്കളെ രക്ഷിക്കാൻ വേണ്ടിയാണെന്ന് ആത്മാർത്ഥമായി വിശ്വസിക്കും ഈ നന്മ ബാക്കിയുള്ള സംഘികൾ പോലും.

സംഘികൾ എന്ന് ഇവിടെ ഉദ്ദേശിച്ചവരെ ബിജെപിക്കാർ എന്ന് ചുരുക്കി കാണരുത്. ഇടത്തിലും വലത്തിലുമൊക്കെ നിന്ന് ഹിന്ദു അപകടത്തിലാണെന്ന തിയറി വിശ്വസിക്കുന്ന ഒരുപാട് പേരുണ്ട്. അവരും ഈ കൂട്ടത്തിൽ പെടും.

ഹിന്ദു അപകടത്തിലാണ് എന്ന തിയറിയിൽ വിശ്വസിച്ച് കഴിഞ്ഞ ആളുകളെ മടക്കി കൊണ്ടുവരാൻ ശ്രമിക്കുക എന്നത് വെറുതെ സമയവും ആരോഗ്യവും പാഴാക്കലായിരിക്കും.

പക്ഷെ ചെയ്യാവുന്ന ഒന്നുണ്ട്.

ഇനി വരുന്ന തലമുറയോട്, മുന്നിൽ വരുന്ന ഏതൊരു ആശയത്തെയും വെറുതെ വെള്ളം തൊടാതെ വിശ്വസിക്കരുതെന്ന് പറഞ്ഞ് പഠിപ്പിക്കാം. ആളുകളെ സ്കെപ്റ്റിക്ക് ആക്കാം. പ്രമാണങ്ങളിൽ നിന്നും പ്രതിഭാസങ്ങളിലേക്കല്ല, പ്രതിഭാസങ്ങളിൽ നിന്നും പ്രമാണത്തിലേക്കാണ് ശാസ്ത്രം സഞ്ചരിക്കുന്നത് എന്ന് പുതിയ തലമുറയ്ക്കെങ്കിലും മനസ്സിൽ പതിയുന്ന രീതിയിൽ പറഞ്ഞു കൊടുക്കാം.

====