Lawrence Mathew

തൂവാനത്തുമ്പികൾ എന്ന സിനിമയിൽ ജയകൃഷ്ണനും ക്ലാരയും കണ്ടുമുട്ടുന്ന ഫ്രെയ്മുകൾ എല്ലാം തന്നെ വളരെ ഐക്കോണിക് ആയിട്ടുള്ള ഫ്രെയിംസ് ആണ്. ക്ലാരയെ ജയകൃഷ്ണൻ തന്റെ ഭാവനയിലേക്ക് കൊണ്ടുവന്നിട്ട് അമ്മാനമാടുമ്പോൾ ഒരു രാജാരവിവർമ ചിത്രത്തിന്റെ പകിട്ടുണ്ട് അവൾക്ക്… മറ്റാരെങ്കിലും ചിന്തിച്ചിട്ടുള്ളതാണോ എന്നറിയില്ല… എന്റെ മനസ്സിലെ തൂവാനത്തുമ്പികൾ നിങ്ങളുടെ മുന്നിലേക്ക് ഞാൻ ഇട്ടു തരുന്നു…

“കുറച്ച് അന്ധവിശ്വാസങ്ങളും കൊച്ചു ദുശീലങ്ങളും കൊച്ചു പിടിവാശികളും ഉള്ള ഒരു ആൽഫ മെയിൽ ആണ് ജയകൃഷ്ണൻ “. കൂട്ടുകാർക്ക് വേണ്ടി എന്തും ചെയ്യും.. എന്നാൽ തന്റെ ജീവിതത്തിൽ ഇതുവരെ ഒരു പെണ്ണിനോടും ഒരു സ്നേഹം അയാൾക്ക് തോന്നിയിട്ടില്ല.. സ്നേഹം എന്നല്ല ഒരു വികാരവും തോന്നിയിട്ടില്ല… കൂട്ടുകാരെ സന്തോഷിപ്പിക്കാൻ അയാൾ തങ്ങൾ വഴി സ്ത്രീകളെ എത്തിച്ചു കൊടുക്കുമ്പോഴും അയാൾക്ക് ഒരു പൂതി തോന്നിയിട്ടില്ല… താൻ കാരണം ഒരു പെണ്ണ് മോശമായാൽ, അവളെ മാത്രമേ താൻ വിവാഹം കഴിക്കൂ എന്ന് ചില എത്തിക്ക്സും അയാൾക്കുണ്ട്…

സത്യം പറഞ്ഞാൽ ഗ്രാമത്തിൽ ജീവിക്കുമ്പോൾ അയാൾക്ക് ഒരു മുഖവും പുറത്ത് നഗരത്തിൽ മറ്റൊരു മുഖവുമാണ്… സിനിമയിൽ ആണെങ്കിൽ പോലും ഗ്രാമത്തിലെ അയാളുടെ മുഖം ഫേക്ക് ആണെന്നും നഗരത്തിലെ ജയകൃഷ്ണൻ ആണ് റിയാലിറ്റി എന്നും പറഞ്ഞു പോകുന്നുണ്ട്.. എന്നാൽ എനിക്ക് തോന്നുന്നത് തിരിച്ചാണ്.. നഗരത്തിലെ ജയകൃഷ്ണൻ എന്ന മുഖംമൂടി അയാൾ മെനഞ്ഞെടുത്ത ഒരു കള്ളം മാത്രമാണ്… വളരെ സ്ട്രിക്ട് ആയ ഒരു പിതാവിൽ നിന്നും, തന്റെ ബാല്യകാലം മുഴുവൻ അയാൾക്ക് നഷ്ടപ്പെട്ടിരുന്നു… അധികം കൂട്ടുകാരും അയാൾക്ക് ഇല്ല… കുറച്ച് ഉയർന്ന ജാതിയിൽ ആയതുകൊണ്ട്, മറ്റുള്ളവരുമായി കളിക്കാനും കൂട്ടുകൂടാനും ഒന്നും അയാൾക്ക് അവസരം കിട്ടിയിട്ടില്ല… മാനസികമായി വളർച്ച മുരടിച്ചു പോയ ഒരു വ്യക്തിയാണ് ജയകൃഷ്ണൻ….

എന്നാൽ നഗരത്തിലേക്ക് എത്തുമ്പോൾ അയാൾ അനുഭവിക്കുന്ന ഒരു ഫ്രീഡം അയാൾക്ക് അതിനു മുന്നേ കിട്ടിയിട്ടില്ല… കൈ നിറയെ പണം ഉണ്ട്..ആ പണം ഉപയോഗിച്ചുകൊണ്ട് അയാൾ കുറെ സുഹൃത്തുക്കളെ ഉണ്ടാക്കി.. അവരുടെ കൊള്ളരുതായ്മകൾക്ക് എല്ലാം അയാൾ കുടപിടിച്ചു… തന്നെ അലട്ടിക്കൊണ്ടിരുന്ന ഒരു ഒറ്റപെടലിൽ നിന്നും അയാൾക്ക് രക്ഷ നേടാൻവേണ്ടി, അയാൾക്ക് ചുറ്റും ഒരു വലയം അയാൾ ഉണ്ടാക്കി എടുത്തു…

ഇവിടെയാണ്‌ രാധയുടെ വരവ്… ആദ്യമായി, അയാൾക്ക് പ്രണയം തോന്നുന്ന ഒരു പെണ്ണ് രാധയാണ്.. എന്നാൽ അയാൾ രാധയോട് പ്രണയം പറയുമ്പോൾ വളരെ നെഗറ്റീവ് ആയിട്ട് ആണ് അവൾ പ്രതികരിക്കുന്നത്… തന്റെ സൂക്കേട് തീർക്കാൻ നടക്കുന്ന പെണ്ണുങ്ങൾ വേറെയുണ്ട്.. തന്റെ സൂക്കേട് വേറെയാണ് എന്നൊക്കെ പറഞ്ഞിട്ട് രാധ അയാളെ കളിയാക്കി വിടുന്നുണ്ട്… അവിടുന്നാണ് തങ്ങൾ വഴി ക്ലാര അയാളുടെ ലൈഫിലേക്ക് വരുന്നത്… ഇവിടെ മുതൽ ആണ് എന്റെ തൂവാനത്തുമ്പികൾ ആരംഭിക്കുന്നത്…

ശെരിക്കും ക്ലാര എന്ന പെണ്ണ് അയാളുടെ ജീവിതത്തിലേക്ക് വന്നോ എന്നുള്ളത് വരെ സംശയിക്കേണ്ട കാര്യമാണ്…ഒരുപക്ഷെ, രാധയുടെ മുന്നിൽ നഷ്ടപെട്ട തന്റെ ആൽഫ മെയിൽ ഈഗോ തിരിച്ചെടുക്കാൻ അയാൾ മെനഞ്ഞുണ്ടാക്കിയ ഒരു ഫാന്റസി മാത്രം ആവും ക്ലാരയും അവളുമായുള്ള അടുപ്പവും… ഇവരെ രണ്ടുപേരെയും ഒരുമിച്ച് സ്‌ക്രീനിൽ കാണിക്കുന്ന സീനിൽ മറ്റൊരു പ്രധാന കഥാപാത്രവും അവിടെ വരുന്നില്ല എന്നുള്ളത് വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ്…

ഇവരിൽ സ്വകാര്യതയിൽ ഇവർ മാത്രമാണ്…ഇതിൽ എത്രത്തോളം ജയകൃഷ്ണന്റെ ഫാന്റസി ഉണ്ടെന്നുള്ളത് ആഴത്തിൽ പഠിക്കേണ്ട ഒന്നാണ്… ഒരുപക്ഷെ ക്ലാരയുമായി ഒരിക്കൽ അയാൾ ബന്ധപെട്ടു കാണണം, പിന്നീട് അവൾ വീണ്ടും വരുന്നതൊക്കെ അയാളുടെ ഭാവനകൾ മാത്രമാണ്… ഒരുകണക്കിന് നോക്കുമ്പോൾ, അയാളുടെ ഈഗോയെ തോൽപിച്ച രണ്ടു സ്ത്രീകൾ ആണ് രാധയും ക്ലാരയും… ഏത് പെണ്ണിനും തന്നെപോലെ ഒരു ജന്മിയെ ഇഷ്ടപെടും എന്നുള്ള ഈഗോ രാധ തകർത്തു… അതുപോലെ, തന്നോടൊപ്പം ആദ്യമായി കിടക്ക പങ്കിടുന്ന പെണ്ണിനെ താൻ കെട്ടും എന്നുള്ള വാശി ക്ലാരയും തകർത്തു… അയാളുടെ മുഴുവൻ കണ്ട്രോളും കൈയിൽ നിന്നും പോയി…

രാധ തിരിച്ചു വരുമ്പോൾ പോലും, അവളെ ചൊടിപ്പിക്കാനും, അവൾ തന്നെ വേണ്ടെന്നു വെച്ചാലും, അവളെക്കാൾ സുന്ദരിയായ ക്ലാര തനിക്ക് വേണ്ടി കാത്തിരിക്കുന്നുണ്ട് എന്നൊക്കെ ഒരു ഐഡിയ ജയകൃഷ്ണൻ കൃത്യമായി അവളിലേക്ക് ഇട്ടുകൊടുക്കുന്നുണ്ട്.. ആർക്കും വേണ്ടാതെ കിടക്കുന്ന ഒരു പുരുഷൻ അല്ല താൻ എന്നൊക്കെ രാധയിലേക്ക് അയാൾ ഇട്ടുകൊടുക്കുന്നു…അതോടെ, അയാളെ സ്വന്തമാക്കണം എന്നൊരു ഈഗോ രാധയിലേക്ക് കടന്നു വരുന്നുണ്ട്.. എന്നെ ആദ്യമായി ഇഷ്ടപെട്ട പുരുഷൻ അങ്ങനെ മറ്റൊരുത്തിയെ കെട്ടേണ്ട എന്ന ലെവലിലേക്ക് രാധ വരുന്നു…

ക്ലൈമാക്സിൽ പോലും ക്ലാര പോയതിനു ശേഷമാണ് രാധ ജയകൃഷ്ണനെ കാണുന്നത്.. അപ്പോഴും രാധയെ പറ്റിക്കാൻ വേണ്ടി ജയകൃഷ്ണൻ വെറുതെ റെയിൽവേ സ്റ്റേഷനിൽ പോയതാണോ എന്ന് കൂടെ സംശയിക്കണം… അതിനേക്കാൾ വളരെ അപകടം പിടിച്ച ഒരു സാധ്യത ബാക്കിയുണ്ട്… താൻ ഒരു ഫാന്റസിയിൽ ആണെന്ന് ജയകൃഷ്ണൻ മനസിലാക്കിയിട്ടില്ല എങ്കിലോ? ഒരു പക്ഷേ,ക്ലാര എന്നത് ഒരു റിയാലിറ്റി തന്നെയാണ് എന്നതാണ് അയാളുടെ ബോധമനസ്സും ഉപബോധമനസ്സും ധരിച്ചുവച്ചിരിക്കുന്നത് എങ്കിലോ?

ഇങ്ങനെ ഒരുപാട് സാദ്ധ്യതകൾ ഈ സിനിമയിൽ ചികയാൻ ബാക്കിയുണ്ട്… സൈക്കോ അനാലിസിസ് ഫിലിം തിയറികൾ ഒരുപാട് മണിച്ചിത്രതാഴ് എന്ന സിനിമയെ ആസ്പദമാക്കി പലരും ഉപയോഗിച്ചിട്ടുണ്ട്… എന്നാൽ അത്രയും തന്നെ സാധ്യതകൾ തൂവാനത്തുമ്പികൾ എന്ന പടത്തിലും ഒളിഞ്ഞു കിടപ്പുണ്ട്… 37 വർഷങ്ങൾക്ക് ശേഷവും ഇന്നും തൂവാനത്തുമ്പികൾ പുതുമയോട് നില്കുന്നത് അതുകൊണ്ടാണ്…ഓരോ പുരുഷനിലും ഒരു ജയകൃഷ്ണൻ ഉണ്ട്.. എന്നിലും ഉണ്ട്… നിങ്ങളിലും ഉണ്ടാവും… രാധയും ക്ലാരയും ഇങ്ങനെ മാറിമാറി വരും… അതിൽ ചിലതൊക്കെ റിയാലിറ്റിയും ചിലതൊക്കെ സ്വപ്നവും ആവും… ചിലപ്പോൾ ഏതാണ് സത്യമെന്നും ഏതാണ് സ്വപ്നമെന്നും നമ്മൾ പോലും തിരിച്ചറിയില്ല…

You May Also Like

സാന്ദ്രാ തോമസ് പ്രൊഡക്ഷൻസിന്റെ “നല്ല നിലാവുള്ള രാത്രി” ഒഫീഷ്യൽ ടീസർ

സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സാന്ദ്ര തോമസും വിൽസൺ തോമസും ചേർന്നു നിർമ്മിച്ചു നവാഗതനായ മർഫി…

ദംഗൽ മുതൽ ജവാൻ വരെ.. 1000 കോടിയിലധികം കളക്ഷൻ നേടിയ മികച്ച 6 ഇന്ത്യൻ ചിത്രങ്ങൾ

ഒരു സിനിമയുടെ വിജയത്തെ നമുക്ക് രണ്ട് തരത്തിൽ കണക്കാക്കാം, ഒന്ന് അത് ജനങ്ങളിൽ ചെലുത്തിയ സ്വാധീനത്തെ…

താനൊരു സൈനികനാണെന്നും തന്റെ രാജാക്കന്മാർ ആരെന്നും തുറന്നു പറയുകയാണ് വിജയ്

തമിഴ് നടൻമാരായ കമൽഹാസനും ദളപതി വിജയും ഒരുമിച്ചുള്ള ഒരു അപൂർവ ദൃശ്യത്തിന്റെ ഫോട്ടോ വൈറലാകുന്നു. ചൊവ്വാഴ്ച…

“അച്ഛൻ പറഞ്ഞിട്ട് കേൾക്കാതെ പന്ത്രണ്ട് വർഷം മുമ്പ് ഞാനൊരു തെറ്റ് ചെയ്തു, പിന്നെ ദൈവം എന്നെ തിരുത്തി”

തെന്നിന്ത്യൻ ചലച്ചിത്ര നടനായ ബാല ചെന്നൈയിലാണ് ജനിച്ചത്. പ്രശസ്ത സംവിധായകൻ ജയകുമാറിന്റെ മകനാണ് ബാല. ബാലകുമാർ…