പൗരത്വം പോയാലും പെണ്ണേ നീ സ്വർഗ്ഗം കളയരുതേ

152
അത്രയേ ഉസ്താദും പറഞ്ഞുള്ളൂ..
അല്ലെങ്കിൽ തന്നെ ഈ പെണ്ണുങ്ങൾ എല്ലാം കൂടി എന്തിന് തെരുവിൽ മുഷ്ടി ചുരുട്ടണം.
ഇനി അഥവാ പെണ്ണുങ്ങൾക്ക് ചുരുട്ടണമെങ്കിൽ ഇവിടത്തെ അവസാനത്തെ ആണും ചുരുട്ടി കൂട്ടപ്പെട്ടിട്ട് മതി.
സുബ്ഹാനള്ളാഹ്..
ഭർത്താവിനെ നിരുപാധികം അനുസരിക്കുന്നവളത്രെ നല്ല ഭാര്യ..വീടാണ് സ്ത്രീക്ക് ഉത്തമം. സ്ത്രീയെ ഇങ്ങനെ ആദരിക്കുന്ന ഏത് മതമുണ്ട്. ജോലിക്ക് പോകണ്ട, പഠിക്കണമെന്ന് യാതൊരു നിർബന്ധവുമില്ല. പ്രായ പൂർത്തിയായാൽ ഏതേലും ഒരു ആണിനെ വീട്ടുകാർ കാണിച്ച് കെട്ടാൻ പറയും.. കെട്ടുക.. നിക്കാഹിന് പോലും അവളെ മതം ബുദ്ധിമുട്ടിക്കുന്നില്ല. ബാപ്പയും പ്രതിശ്രുത വരനും പള്ളിയിലെ ഉസ്താദും കൂടി കൈകൊടുത്ത് ഖബൂലാക്കിക്കോളും.
ഓൾടെ മൗനം തന്നെയാണ് സമ്മതം, അല്ലാതെ വായ തുറന്ന് എതിർക്കാനൊന്നും ഇസ്‌ലാമിനെ പെണ്ണിനെ കിട്ടൂല്ല. മതം അവളെ അത്രമേൽ സുരക്ഷിതയാക്കിയിട്ടുണ്ട്. വർഷാവർഷം പ്രസവിക്കട്ടെ അവൾ. ദാരിദ്രം ഭയന്ന് കുഞ്ഞുങ്ങടെ എണ്ണം കുറക്കരുതെന്ന് പടച്ചോൻ പറഞ്ഞിട്ടുണ്ട്. പടച്ചോനേക്കാളും വല്യ ആള് ആരാ ഇവിടെയുള്ളത്. ഓൾടെ സ്വർഗ്ഗമാണ് ഈ മതം ഉറപ്പ് തന്നത്.
ഇനിയിപ്പോൾ മാസ മുറയുടെ, പ്രസവത്തിന്റെ രക്തം പോക്കിന്റെ ക്ഷീണം ഉണ്ടെങ്കിൽ, ഓൾ ഓൾടെ കേട്ട്യോനെ സുഖിപ്പിക്കുകയൊന്നും വേണ്ട, ഓളെ ബുദ്ധിമുട്ടിക്കാനും പടച്ചോൻ ഉദ്ദേശിക്കുന്നില്ല. അവിടേം പ്രതിവിധി ഉണ്ട്. ലവൻ ഒന്നൂടെ കെട്ടട്ടെ, ഇനിയും വേണേൽ കെട്ടട്ടെ, അങ്ങനെ നാലെണ്ണം കെട്ടട്ടെ. സ്‌ത്രീയെ അതീവ ഗൗരവതരമായി പരിഗണിച്ച മതമാണ് ഇസ്ലാം. മാസമുറ സമയത്ത്, ഓളെ പരിഗണിച്ചത് കണ്ടോ, അദ്ദാണ്. ഓൾക്ക് ശുദ്ധിയില്ല, അതോണ്ട് നിസ്കരിക്കണ്ട. സൃഷ്ടിച്ച പടച്ചോൻ വരെ അവളെ അശുദ്ധിക്കാരിയാക്കി എന്ന് പുരോഗമനക്കാർ പറയും, പക്ഷേ സത്യം എന്താ, പടച്ചോൻ പരിഗണിച്ചതാണ് അവളെ.
സാക്ഷ്യം പറയാൻ ഒരാണ് വേണ്ടിടത്ത് പകരം രണ്ട് പെണ്ണ് വേണം, എന്തിനാ.. ഒറ്റക്ക് സാക്ഷി പറഞ്ഞാൽ, ചുറ്റുമുള്ള പുരുഷ ലോകം അവളെ ആക്രമിച്ചാലോ.. അപ്പൊ രണ്ട് പേര് ഉണ്ടാകുമ്പോൾ, അവരൊന്ന് വിറക്കും. കൺഫൂസൻ ആകും. പടച്ചോനോടാണോ കളി. സ്വത്തിന്റെ പാതി മതി, ബാക്കിയൊക്കെ ഓളെ സംരക്ഷിക്കാൻ ഇവിടെ ആണുങ്ങളുണ്ട്. അവസാനത്തെ ആണും ലാ ഇലാഹ ഇല്ലള്ളാഹ് പറഞ്ഞിട്ട് മണ്ണോട് അടിഞ്ഞിട്ട് മതി ഇവിടെ പെണ്ണുങ്ങളുടെ ലോകം വരാൻ. ഫെമിനിച്ചികൾക്ക് ഒന്നും ആണിന്റെ സംരക്ഷണത്തിന്റെ വില മനസ്സിലാവില്ല.
റസൂൽ നരകത്തിൽ മുഴുവൻ കണ്ടത് പെണ്ണുങ്ങളെയാണ്. എല്ലാവരെയും സ്വർഗത്തിൽ കൊണ്ട് വരാനാണ് ഞങ്ങൾ “അനക്ക് മരിക്കണ്ടേ പെണ്ണേ” എന്ന് ചോദിക്കുന്നത്. സ്ത്രീയെ ഇതിന് മാത്രം പരിഗണിക്കുന്ന വേറെ മതമുണ്ട് ഈ ഭൂമിയിൽ. അപ്പോൾ ഉസ്താദ് പറഞ്ഞ പോലെ, മുഷ്ടി ചുരുട്ടാതെ, ഭർത്താവിനെ അനുസരിച്ച്, വീട്ടിൽ അടങ്ങി ഒതുങ്ങി നിന്നോണം. പൗരത്വം പോയാലും പെണ്ണേ നീ സ്വർഗ്ഗം കളയരുതേ.