ലീല ടീച്ചറിന്റെ ഹോസ്റ്റല്‍ – കഥ
വാടകയും തന്നിട്ട് രായ്ക്കു രാമാനം സ്ഥലം കാലിയാക്കി.ഒരു കണക്കിന് നന്നായി.പെണ്‍കുട്ടികളല്ലേ…അവരുടെ അച്ഛനോടും അമ്മയോടും ഒക്കെ ഒരു ഉത്തരവാദിത്വം ഉണ്ടല്ലോ.
489 total views

ഈ പെണ് പിള്ളേരെ കൊണ്ട് തോറ്റു എന്റെ അമ്മേ. എല്ലാം ഒന്നിനൊന്നു മെച്ചം. വലിയ ബക്കറ്റില്‍ വെള്ളം എടുത്തു കൊണ്ട് പോകുമ്പോള്‍ അമ്മിണി പറഞ്ഞു. അമ്മിണി അങ്ങനെ ആണ്. വലിയ എന്തോ കാര്യം ചെയ്യും പോലെ ആണ് എന്തും പറയുക. വലിയ അവസ്ഥയില്‍ ഒക്കെ ജീവിച്ചതാണ്. എന്ത് ചെയ്യാം. ഭര്‍ത്താവ് മരിച്ചു. കുട്ടികള്‍ ഒന്നും നേരെ ചൊവ്വേ ആയും ഇല്ല. പിന്നെ അമ്മിണി ഒരു സഹായം ആണ്. ഏകാന്തതയില്‍ അമ്മിണിയും ഈ പിള്ളേരും അല്ലാതെ ആരു ഇരിക്കുന്നു. അല്പം വര്‍ത്തമാനം കൂടുതല്‍ ഉണ്ടെന്നെ ഉള്ളു. പാവം ആണ്. പിന്നെ ആരെങ്കിലും വേണ്ടേ ഇവിടെ സംസാരിക്കാന്‍. എത്ര നേരമെന്നു വെച്ച ടി വി യില്‍ നോക്കി ഇരിക്കുന്നെ. തോരാത്ത മഴയല്ലേ കാലത്തേ മുതല്‍. പുറത്തേക്കു ഒന്ന് ഇറങ്ങാനേ തോന്നില്ല. മൂടിപുതച്ചു ചാരുകസേരേല് ഇരിക്കുന്ന കണ്ടാല്‍ പിള്ളേര് വഴക്ക് പറയും. പിള്ളേര് എന്ന് പറഞ്ഞാല്‍ അഞ്ചെട്ടു പേര് ഉണ്ടേ. സ്വന്തം മക്കള്‍ അല്ലെങ്കിലും സ്വന്തം മക്കളെക്കാള്‍ കാര്യംഎല്ലാം വികൃതികള്‍ ആണ്. എന്നാലും സ്നേഹം ഉള്ള കൂട്ടരാ. പെണ്ണുങ്ങള് എല്ലാം കൂടി ചേര്‍ന്നാല്‍ ഒരു മേളമാ.
മെഡിസിനു പഠിക്കുന്ന പിള്ളേര് ആയതുകൊണ്ട് എന്തെങ്കിലും അസുഖം വന്നാലും അവര്‍ തന്നെ നോക്കും ഇങ്ങനെ ഒരു കൂട്ട് കിട്ടിയത് നന്നായി. അവരുടെ കാര്യം ഒക്കെ നോക്കി നടന്നു സമയം പോകും. പിന്നെ ഒരു വരുമാനവും. അതിന്റെ അവശ്യം ഒന്നും ഉണ്ടായിട്ടല്ല. അമ്മിണിക്ക് ഒരു സഹായം. പെന്ഷന് കിട്ടുന്ന തുക തന്നെ ഇവിടെ മിച്ചമല്ലേ. സ്കൂളില്‍ നിന്നും വിരമിച്ചപ്പോള്‍ കിട്ടിയ തുക ബാങ്കില്‍ ഉണ്ട്.അതിന്റെ പലിശ തന്നെ എടുക്കാറില്ല. പാവപ്പെട്ടവരെ സഹായിക്കാറുണ്ട്. നാല് കുട്ടികളുടെ പഠിത്ത ചെലവും. പഠിക്കാന്‍ സഹായം ചോദിച്ചു വരുന്ന ആരെയും നിരാശരാക്കാറില്ല. അങ്ങനെ വരുന്നവരില്‍ തന്റെ മുഖവും ഭാസിയുടെ മുഖവും ദര്ശിക്കുമ്പോള് പ്രത്യുപകാരം ചെയ്യാന്‍ വേണ്ടി ദൈവം തന്ന അവസരം എന്നെ കരുതിയിട്ടുള്ളൂ..
മൂന്നു വര്‍ഷമായി കുട്ടികള്‍ ഇവിടെ താമസിക്കുന്നു.ഭാസി ആണ് ആണ് ഇങ്ങനെ ഒരു ഉപായം പറഞ്ഞത്.മെഡിക്കല്‍ കോളേജ് അടുത്തല്ലേ..വീടിനോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ ഒരു ഹോസ്റ്റല്‍ പോലെ തുടങ്ങാന്‍. ചേച്ചിക്ക് ഒരു കൂട്ടും ആയിരിക്കും എന്ന് കേട്ടപ്പോള്‍ തരക്കേടില്ല എന്ന് തോന്നി..എത്ര നാളാ ഇങ്ങനെ അമ്പലോം അനാഥ ശാലയും ആയിട്ടു ഒറ്റയ്ക്ക് .നാളെ കിടപ്പായി പോയാലും ആരെങ്കിലും കൂട്ടിനു ഉണ്ടാവില്ലേ എന്ന് ഭാസി ചോദിച്ചപോ വിഷമം തോന്നി.ഭാസിക്ക് അല്ലേലും സ്നേഹം കുറച്ചു കൂടുതല്‍ ആണ്.മാസത്തില്‍ ഒന്ന് വരും.ഒരു ദിവസം താമസിക്കും.ഡല്‍ഹിയിലാണ് ജോലി..ഭാര്യ സരോജം അവിടെ തന്നെ ഗസറ്റഡ് റാങ്കില്‍ .അഞ്ചു വര്‍ഷം കൂടി കഴിഞ്ഞാല്‍ റിട്ടയര്‍മെന്റ് ആയി…അത് കഴിഞ്ഞാല്‍ തറവാട്ടിനടുത്തു തന്നെ ഒരു വീട് വെച്ച് താമസിക്കണം എന്നാണ് അവന്റെ വിചാരം..വരട്ടെ..എന്റെ കാലം കഴിഞ്ഞാല്‍ ഇതെല്ലാം പിന്നെ ആര്‍ക്കാ..മറ്റൊരാള്‍ ഉണ്ടായിരുന്നത് എവിടെയാ എന്ന് പോലും അറിയില്ല..പത്തു പതിനെട്ടു വയസ്സുള്ളപ്പോള്‍ ആരോടും പറയാതെ ഒറ്റ പോക്ക്..പിന്നെ ഒരു വിവരവും ഇല്ല..
ആദ്യം രണ്ടു പേരാണ് താമസിക്കാന്‍ വന്നത്.പിന്നെ അവരുടെ കൂട്ടുകാര്‍ എട്ടു പേരും കൂടി വന്നു.ഇതേവരെ ഒരാളെ വിട്ടു പോയുള്ളൂ.സുനന്ദ.അവളുടെ രീതികള്‍ എനിക്ക് പിടിക്കാഞ്ഞതോ,എന്റെ രീതികള്‍ അവള്‍ക്കു പിടിക്കാഞ്ഞതോ ആര്‍ക്കറിയാം.ഒന്ന് രണ്ടു ദിവസം താമസിച്ചു വന്നു..പിന്നെ ഏതോ ചെറുക്കന്മാരുടെ കൂടെ ഒരു ദിവസം വന്നപ്പോള്‍ ഞാന്‍ ഒന്ന് ഗുണദോഷിച്ചു…അത്രേ ഉണ്ടായുള്ളൂ..വാടകയും തന്നിട്ട് രായ്ക്കു രാമാനം സ്ഥലം കാലിയാക്കി.ഒരു കണക്കിന് നന്നായി.പെണ്‍കുട്ടികളല്ലേ…അവരുടെ അച്ഛനോടും അമ്മയോടും ഒക്കെ ഒരു ഉത്തരവാദിത്വം ഉണ്ടല്ലോ.ഹെഡ് മിസ്ട്രെസ്സ് ആയി റിട്ടയര്‍ ചെയ്ത ആളാ എന്നൊക്കെ അറിഞ്ഞിട്ടാണ് പലരും ഹോസ്റ്റല്‍ വിട്ടു വീട്ടില്‍ താമസിപ്പിക്കാന്‍ പിള്ളേരെ സമ്മതിച്ചത് തന്നെ…ഒരാള്‍ ഇതിനു വേണ്ടി തന്നെ അവധി എടുത്തു അമേരിക്കേന്നു വന്നു എന്ന് പറഞ്ഞ തന്നെ അറിയാല്ലോ,എത്ര കാര്യമായിട്ടാ പിള്ളേരെ ഓരോരുത്തര് നോക്കുന്നെ എന്ന്.
കൂട്ടത്തില്‍ സുന്ദരിയും ശാന്ത സ്വഭാവം ഉള്ളതും ശോഭ ആണ്.നല്ല അടക്കവും ഒതുക്കവും…അമ്മൂമ്മേ എന്ന് വിളിക്കുന്നത് കേള്‍ക്കാന്‍ തന്നെ ഒരു സുഖം.നല്ല പ്രായത്തില്‍ കല്യാണം കഴിച്ചിരുന്നെങ്കില്‍ ഈ പ്രായത്തില്‍ ഒരു കൊച്ചുമകള്‍ ഉണ്ടായേനെ എന്ന് ശോഭയെ കാണുമ്പോള്‍ ഓര്‍ക്കാറുണ്ട്…അന്നത്തെ കാലത്ത് അത് നടന്നില്ല.പിന്നീട് മനസ്സും വന്നില്ല.ശോഭയ്ക്ക് അമ്മിണിയോടാണ് ആണ് കൂടുതല്‍ അടുപ്പം.അമ്മിണിയമ്മേ എന്നാണ് വിളിക്കുക.മറ്റു പിള്ളേര് അമ്മിണി ചേച്ചി എന്നും കേള്‍ക്കാതെ ഭദ്രകാളീന്നും ഒക്കെ വിളിക്കുന്ന കേള്‍ക്കാം…
ഭാസീടെ മകന് വിവേകിന് ശോഭ നല്ല ചേര്‍ച്ച ആണെന്ന് എപ്പോഴും ഓര്‍ക്കും.ഭാസി കഴിഞ്ഞ തവണ വന്നപ്പോള്‍ സൂചിപ്പിക്കുകേം ചെയ്തു.ഭാസി ആലോചിക്കാം ചേച്ചി എന്നെ പറഞ്ഞുള്ളൂ.നല്ല ജോലിയാണ് വിവേകിന്.അമേരിക്കയില്‍ എന്‍ജിനീയര്‍ .ഭാസിക്ക് ആണും പെണ്ണുമായി ഒന്നേ ഉള്ളു..അടുത്ത് തന്നെ വരുന്നുണ്ടത്രേ..ഈ തവണ കല്യാണം കഴിപ്പിക്കാനാ പരിപാടി. വന്നു കണ്ടു നോക്കട്ടെ..കാണാന്‍ നല്ലത്..പിന്നെ മെഡിസിന് പഠിക്കുന്ന കുട്ടി.വേറെ എന്ത് വേണം..പിന്നെ വീട്ടുകാര്‍..അവരോടാലോചിച്ചു നടക്കുന്നേല്‍ നടക്കട്ടെ…
മനോരാജ്യത്തില്‍ മുഴുകി ഇരുന്ന കൊണ്ട് ശോഭ വന്നത് അറിഞ്ഞില്ല..എന്താ അമ്മൂമ്മേ ഒരു ആലോചന..നിനക്കൊരു കല്യാണം ആലോചിച്ചതാ എന്ന് പറഞ്ഞപോഴേക്കും നാണം..കല്യാണം ഒന്നും ഇപ്പൊ വേണ്ട അമ്മൂമ്മേ..ഒരു അഞ്ചു വര്‍ഷം കഴിഞ്ഞു..എം ബി ബി എസ് കഴിഞ്ഞു എംഡി.പിന്നെ ഒരു ജോലി . അമേരികയില്‍ ഉള്ള ഒരു ചെക്കന് ആയാലോ ?എന്നെ ഒക്കെ കെട്ടാന്‍ ആരു വരാനാ അമ്മൂമ്മേ അമേരിക്കയില്‍ നിന്നും…അമ്മൂമ്മക്ക് എന്നെ പറ്റി അറിയാഞ്ഞിട്ടാ. അമ്മിണിയമ്മയോടു ചോദിക്കു..പറയും എന്നെ പറ്റി .ശോഭ പുറത്തേക്കു പോയി.
ആകാംഷ അടക്കാന്‍ കഴിഞ്ഞില്ലില്ല…അമ്മിണീന്നു നീട്ടി വിളിച്ചു.കാര്യം പറഞ്ഞപോഴേക്കും അമ്മിണി പറഞ്ഞു.ആ ശോഭ കൊച്ചിന്റെ കാര്യം കഷ്ടമാ അമ്മെ..അച്ഛന് ചെറുപ്പത്തിലെ ഉപേക്ഷിച്ചു പോയി..അമ്മ വീട് വീടാന്തരം കയറി ജോലി ചെയ്താണ് ശോഭയെ പഠിപ്പിക്കുന്നതത്രേ..പഠിക്കാന്‍ മിടുക്കി ആയതുകൊണ്ട് സ്കോളര്‍ഷിപ് ഒക്കെ കിട്ടുമായിരുന്നു..പിന്നെ അടുത്തുള്ള പള്ളിയിലെ അച്ചനാണ് ഇടക്കൊക്കെ ഒരു സഹായം.നമ്മുക്ക് അത് വേണ്ടമ്മേ.ഭാസി അണ്ണന് സമ്മതിക്കത്തില്ലാരിക്കും .
ലീല ടീച്ചര്‍ അമ്പതു വര്‍ഷങ്ങള്‍ക്കു അപ്പുറത്തേക്ക് പോയി..അച്ഛന് മരിച്ചപ്പോള്‍ മൂന്നു ചെറിയ കുട്ടികളെ പോറ്റാന്‍ അമ്മ കഷ്ടപ്പെട്ട ദിവസങ്ങളിലേക്ക്.തയ്യല്‍ ജോലി ഒക്കെ ചെയ്തു പഠിക്കാന്‍ ഉള്ള പണം കണ്ടെത്തിയിരുന്ന ഒരു കൌമാരക്കാരിയിലേക്ക് .കാലത്തെ പത്രം വിതരണം ചെയ്തും ചെറിയ കുട്ടികള്‍ക്ക് ട്യുഷന് എടുത്തും തന്നത്താന്‍ പഠിച്ച ഭാസിയെ കുറിച്ച്..അവന്റെ മകനെ കൊണ്ട് ഈ കുട്ടിയെ വിവാഹം കഴിപ്പിക്കുന്നതില്‍ ഏറ്റവും സന്തോഷിക്കുന്നത് ഭാസി തന്നെ ആയിരിക്കും എന്ന് ടീച്ചര്‍ക്ക് തോന്നി..ഭാസിക്ക് പഴയകാലം മറക്കാന്‍ ആവുമോ ?
ഫോണ്‍ എടുത്തു നേരെ ഭാസിയെ വിളിച്ചു..വിവരങ്ങള്‍ എല്ലാം പറഞ്ഞു തീരും മുന്‍പേ ഭാസി പറഞ്ഞു.ചേച്ചി,വേറെ ഒന്നും തോന്നരുത്.സരോജതിന്റെ ഓഫീസിലെ ഐ എ എസ്സുകാരന്റെ മകളുമായി കല്യാണം ആലോചിചിരിക്കുകയാണ്..അതിനിടക്ക്…
ഫോണ്‍ വെക്കുമ്പോള്‍ ഒരു കാര്യം ടീച്ചര്‍ ഉറപ്പിച്ചിരുന്നു..ശോഭയെ തന്റെ ചിലവില്‍ തുടര്‍ന്ന് പഠിപ്പിക്കാനും, നല്ല രീതിയില്‍ കല്യാണം കഴിച്ചയക്കാനുമുള്ള തീരുമാനം..
490 total views, 1 views today
