ഏഷ്യാനെറ്റനുകൂലികൾക്കായി ഏഷ്യാനെറ്റിൻ്റെ ജനാധിപത്യ വിരുദ്ധതയുടെയും ബഹിഷ്കരണത്തിൻ്റയും മറ്റൊരു കഥ

222

Leen Jesmas

എത്രമേൽ വേദനാജനകമായിരുന്നു ആ ബഹിഷ്കരണം
2016 ജനുവരി 30

അന്നാണ് ടി എൻ ജി എന്ന് സ്നേഹത്തോടെ വിളിച്ചിരുന്ന ടി. എൻ.ഗോപകുമാർ യാത്രയാകുന്നത്.ഏതാണ്ട് രണ്ട് പതിറ്റാണ്ടോളം ഏഷ്യാനെറ്റ് വാർത്തകളോട് ചേർത്തു വെച്ചതായിരുന്നു ടി. എൻ.ജി യുടെ മാധ്യമ ജീവിതം.സ്വന്തം ശൈലിയുടെ കയ്യൊപ്പ് കൂടി പതിപ്പിച്ച ഒരു ചാനലിനെ മലയാളിക്ക് നൽകി മടങ്ങിപ്പോകുമ്പോൾ അദ്ദേഹത്തിന്റെ മനസ്സിൽ ഉണങ്ങാത്ത ഒരു മുറിവുണ്ടായിരുന്നു..അറിഞ്ഞോ അറിയാതെയോ സ്വന്തം സ്ഥാപനം ഒരു വിലക്കിനാൽ കോറിയിട്ട മുറിവ്..
2016 ജനുവരി 25

അന്നാണ് ഫ്ളവേഴ്‌സ് ചാനൽ സംഘടിപ്പിച്ച ആദ്യ ടെലിവിഷൻ അവാർഡ് ദാന ചടങ്ങ് കൊച്ചിയിൽ നടന്നത്.എല്ലാ ചാനലുകളെയും ഒരു കുടക്കീഴിൽ അണി നിരത്തുക എന്ന വിശാലമായൊരു ലക്ഷ്യത്തോടെ ആർ.ശ്രീകണ്ഠൻ നായർ മുന്നോട്ട് വെച്ച ആശയമായിരുന്നു ഈ അവാർഡ്.പ്രശസ്ത നടൻ മധു ചെയർമാൻ ആയ ജൂറിയിൽ ഛായാഗ്രാഹകൻ അളഗപ്പൻ,ടെലിവിഷൻ നിരൂപക ഉഷാ. എസ്.നായർ, വാർത്താ അവതാരക രാജേശ്വരി മോഹൻ എന്നിവരായിരുന്നു അംഗങ്ങൾ.പുറമെ,ചാനലിന്റെ പ്രതിനിധിയായി ഞാനും.വിനോദ, വാർത്താ വിഭാഗങ്ങളിൽ എല്ലാ ചാനലുകളിൽ നിന്നുമുള്ള പരിപാടികൾ ജൂറി തെരഞ്ഞെടുത്തു.ഒപ്പം ടെലിവിഷൻ വാർത്താ മാധ്യമ രംഗത്തെ സംഭാവനകൾക്കുള്ള പുരസ്കാരവും ആദരവും ടി. എൻ.ഗോപകുമാറിന് നൽകാനും തീരുമാനിച്ചു.ഇത് അദ്ദേഹത്തെ അറിയിക്കുവാനും,ക്ഷണിക്കുവാനുമുള്ള ദൗത്യം എനിക്കായിരുന്നു.

ഫ്ലവേഴ്സിലെ ഡിജിറ്റൽ ഡിവിഷൻ ചുമതലക്കാരൻ കൂടിയായ നിഖിൽ രാജിനൊപ്പം ഏഷ്യാനെറ് ന്യൂസിന്റെ ഓഫീസിലെത്തി..നാലു വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള കണ്ടുമുട്ടലായിരുന്നു അത്.ആഹ്ലാദവാനായിരുന്നു ടി എൻ ജി.ഏഷ്യാനെറ്റ് ന്യൂസിന്റെ “എന്റെ പുഴ” എന്ന പരമ്പരയ്ക്കുമുണ്ടായിരുന്നു അവാർഡ്.എം.ജി.രാധാകൃഷ്ണൻ ആ അവാർഡ് സ്വീകരിക്കാൻ എത്താം എന്നും നിശ്ചയിച്ചു.അവാർഡ് ചടങ്ങ് കഴിഞ്ഞാൽ ഉടൻ തിരികെ യാത്ര ചെയ്യാൻ ബുദ്ധിമുട്ടുണ്ടാകും താമസസൗകര്യം ഒരുക്കണമെന്നും ടി എൻ ജി..ഏഷ്യാനെറ്റിന്റെ ഡയറിയും ,കലണ്ടറും സമ്മാനിച്ചു,കൈപിടിച്ചു യാത്ര പറയുമ്പോൾ “ലീനോട്‌ യാത്ര പറയേണ്ട കാര്യമില്ലല്ലോ..” എന്ന സ്നേഹ വാക്ക്.

രണ്ട് ദിവസം കഴിഞ്ഞു വന്ന ഫോൺ കോളിൽ ഒരല്പം നിരാശ..അവാർഡ് ചടങ്ങിന് വരാൻ ഔദ്യോഗികമായി അനുമതി വാങ്ങേണ്ടി വരും.ഞാൻ എം. ജി.രാധാകൃഷ്ണനുമായി സംസാരിച്ചു..”ടി. എൻ.ജി.വിഷമത്തിലാണ്..കമ്പനി അനുവാദം നൽകിയിട്ടില്ല” .രാധാകൃഷ്ണനും നിസ്സഹായനായിരുന്നു.നിർദേശമനുസരിച്ച് കമ്പനിക്ക് ശ്രീകണ്ഠൻ നായർ നേരിട്ട് കത്തയച്ചു..മറുപടി ഉണ്ടായില്ല..അവാർഡ് ദിനം അടുത്തപ്പോഴേയ്ക്കും ടി. എൻ.ജി യുടെ ഫോൺ..ശബ്ദം ഇടറിയിരുന്നു.”.ലീൻ,അത് നടക്കുമെന്ന് തോന്നുന്നില്ല..”പിന്നീട് അദ്ദേഹം ഫോണുകൾ അറ്റൻഡ് ചെയ്തിട്ടില്ല..സുഖമില്ലാതായി എന്ന് രാധാകൃഷ്ണൻ അറിയിച്ചു..

എല്ലാ ചാനലുകളും ഒത്തു ചേരുന്ന ,മത്സരങ്ങൾ മറക്കുന്ന വേദി ആകേണ്ടിയിരുന്ന ആ അവാർഡ് ദാന ചടങ്ങിൽ നിന്ന് ഏഷ്യാനെറ്റും മനോരമയുംപൂർണ്ണമായും വിട്ടു നിന്നു.അവാർഡ് ലഭിച്ച പ്രതിഭകളെ അത് ഏറ്റുവാങ്ങുന്നതിൽ നിന്ന് വിലക്കി..ആ വേദിയിൽ ബഹിഷ്കരിക്കപ്പെട്ടവർ നൽകുന്ന വേദനയെ കുറിച്ചു സംസാരിക്കുമ്പോൾ ശ്രീകണ്ഠൻ നായർ വികാരാധീനനായിരുന്നു.
അഞ്ചാം നാളിൽ ആ മരണ വാർത്തയെത്തി… ടി.എൻ.ജി യെ അവസാനമായൊന്ന് കാണാൻ കൊച്ചിയിൽ നിന്ന് തിരുവന്തപുരത്തെ പ്രസ് ക്ലബ്ബിലേക്ക് പോകുമ്പോൾ ഒരു ഭ്രഷ്ടിന്റെ ആധി കൂടി എന്നെ അലട്ടുന്നുണ്ടായിരുന്നു.

ഏതാണ്ട് പതിനാറു കൊല്ലം മുമ്പ് കല്പിച്ച ഭ്രഷ്ട് നിലനിൽക്കുന്നിടത്തേക്കാണു കടന്ന് ചെല്ലേണ്ടത്.. പ്രസ്ക്ലബ്ബിലെ മദ്യപാനത്തെക്കുറിച്ച് അണിയറയിൽ പരാമർശിച്ചതിന്റെ പേരിൽ പുറത്താക്കപ്പെട്ടവനാണ്.. മാപ്പ് എഴുതിക്കൊടുക്കാൻ തയ്യാറാകാത്തതിനാൽ ആ ഭ്രഷ്ട് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അന്ന് ടീമിനോട് “കടക്ക് പുറത്ത്” എന്ന് ആജ്ഞാപിച്ച പത്ര പ്രവർത്തക സംഘടനാ തലവൻ എം.ജി.രാധാകൃഷ്ണൻ തന്നെയായിരുന്നു എന്നത് മറ്റൊരു യാദൃശ്ചികത. പ്രസ്ക്ലബ്ബിൽ ആരുമറിയാത്ത ഒരു മുറിവേറ്റ ടി. എൻ.ജി വെള്ള പുതച്ചു കിടന്നു..കണ്ണാടി ക്ക് വേണ്ടി ആദ്യം വെച്ച ഫ്രെയിമിൽ നിന്ന് ഒട്ടും അകലം തോന്നിക്കാത്ത, അവസാനത്തെ ഫ്രെയിമിനു പിന്നിൽ ആ മുറിവിന്റെ വേദന ഏറ്റു വാങ്ങി ഞാൻ നിന്നു.