പ്രണയിക്കുന്നവര്‍ക്ക് ഒടുങ്ങാത്ത ആസക്തിയുണ്ടാവും, കൂടിച്ചേരുമ്പോള്‍ മാത്രം പൂര്‍ണമാകുന്ന എന്തോ അതിലുണ്ട്

1336

Leena Manimekalai

പ്രണയിക്കുന്നത് ഒരു ലഹരി പോലെ കരുതുന്ന ആളാണ് ഞാന്. പ്രണയം വിശുദ്ധവും പവിത്രവും മാംസനിബദ്ധം അല്ലാത്തതും ആണെന്ന് ഞാന് കരുതുന്നില്ല. പ്രണയിക്കുന്നവര്ക്ക് ഒടുങ്ങാത്ത ആസക്തിയുണ്ടാവും. കൂടിച്ചേരുമ്പോള് മാത്രം പൂര്ണമാകുന്ന എന്തോ അതിലുണ്ട്.!

പ്രണയത്തിനു അനിതരസാധാരണമായ ഒരു സഞ്ചാരപാതയുണ്ട്. ചുറ്റുമുള്ളത് കാണാതെ, ഇരുട്ടോ വെളിച്ചമോ കണ്ണോ കാതോ അവശ്യമില്ലാത്ത ഒരു ഒറ്റപ്പോക്ക്, ഒരു ഇറങ്ങി നടത്തം.

വിവാഹം കഴിക്കുമ്പോള് സഫലമാകുന്നതാണ് പ്രണയങ്ങള് എന്നൊരു മുന്വിധി നമുക്കുണ്ട്.

നമ്മുടെ സമൂഹവും സിനിമകളും കഥകളും ശുഭപര്യവസാനിയായി കാണുന്ന പ്രണയങ്ങള് വിവാഹത്തില് എത്തിച്ചേരുന്നവ തന്നെയാണ്.നമുക്ക് പ്രണയങ്ങള് വിവാഹത്തോളം എത്തിക്കാനേ അറിയൂ. അതിനപ്പുറം പ്രണയിച്ചു പരവശരാകാന് നമ്മില് പലര്ക്കും അറിയില്ല. പ്രണയം നമുക്ക് ഒരാളോട് മാത്രം തോന്നാനുള്ള വികാരമാണ്.
അത് കൊണ്ടാവണം ആദ്യപ്രണയത്തെ മഹത്വവത്ക രിക്കാന് നമുക്കിത്ര വ്യഗ്രത.!

മറ്റെല്ലാ വികാരങ്ങളും പോലെ പ്രണയവും ഹോര്മോണുകളുടെ ലീലാ വിലാസമാണെന്നു മനസിലാക്കിയാല് തീരാവുന്നതെ ഉള്ളു. ഫിറമോണുകള്ഡോപമിന്, സെറാടോണിന് ഹോര്മോണുകളുടെ ഏറ്റക്കുറച്ചിലുകള് കൊണ്ട് ചിലപ്പോള് ഒരാളോട്, മറ്റു ചിലപ്പോള് പലരോട് പ്രണയം തോന്നിയെന്നു വരാം.
ഒരേസമയം ഒന്നിലധികം പ്രണയങ്ങള് സുന്ദരമായി മുന്നോട്ട് കൊണ്ട് പോകുന്നത് നമുക്ക് സദാചാര വിരുദ്ധമാണ്. അതിനു കാരണം നമ്മള് അതിനു ചാര്ത്തികൊടുത്തിരിക്കുന്ന പാവനത തന്നെയാകണം.

പുണ്യ പുരാതന പ്രണയങ്ങള് വിരല്ത്തുമ്പില് പോലും തൊടാത്തത്ര വിശുദ്ധമാണ് എന്ന് നമ്മള് പ്രസ്താവിക്കുന്നത് നമുക്ക് സ്പര്ശം പോലും അശ്ലീലമായത് കൊണ്ടാണ്.
എന്നാണ് നമ്മള് ഈ തോടുകള് പൊട്ടിച്ചൊന്നു വെളിയിലേക്കിറങ്ങുക?

എനിക്ക് പരിധികളില്ലാത്ത പ്രണയത്തിലാണ് വിശ്വാസം.
ഞാന് നിന്റേതും, നീ എന്റേതും എന്നത് ഒന്ന് പൊളിച്ചെഴുതി ആരും അരുടേതുമല്ലാതെ ആകുന്ന പ്രണയങ്ങളിലാണ് എനിക്ക് വിശ്വാസം.!

അപൂര്ണ്ണമായതിനെ പൂര്ണ്ണമാക്കാന് ഉതകുന്ന, ഉള്ളിലുള്ള കലയെ, ചോദനകളെ, ഏറ്റവും പ്രിയതരമായതിനെ ഒക്കെ ഒന്ന് വലിച്ചു പുറത്തിടാന്ഉതകുന്ന പ്രണയങ്ങളോടാണ് എനിക്ക് പ്രണയം.

പ്രണയം രണ്ടു പേര് തമ്മിലുളള ഉടമ്പടിയല്ല. എഴുതി വെച്ച ദിശകളോ, അയത്‌നലളിതമായ പാതകളോ അതിലില്ല.ആഞ്ഞു പതഞ്ഞൊഴുകുന്ന കാട്ടരുവി പോലെ അത് അതിനിഷ്ടമുള്ള വഴികളിലൂടെ കുതിക്കട്ടെ. ചുറ്റുമുള്ളതിനെ സമൃദ്ധമാക്കുന്ന നിറഞ്ഞൊഴുകുന്ന വറ്റാത്ത ഒരു പുഴ.

പ്രണയത്തെ പറഞ്ഞും എഴുതിയും വാഴ്ത്തിയും നമ്മള് ഭംഗിയുള്ള ഒരു ഉടുപ്പിടുവിച്ചു നിര്ത്തിയിരിക്കുകയാണ്. തൊങ്ങലുകള് വെച്ച തിളങ്ങുന്ന ഉടുപ്പിടുവിച്ചു പൊതിഞ്ഞു വെച്ചിരിക്കുന്ന പ്രണയം ഒരു ലഹരി തന്നെ എന്നുള്ളതില് എനിക്ക് സംശയമില്ല.

പ്രണയത്തില് ആയിരിക്കുമ്പോള് വല്ലാത്ത ധൈര്യവും, മറ്റു ചിലപ്പോള് കാരണം കൂടാതെ അധൈര്യവും സമ്മാനിക്കുന്ന ലഹരി..
നഷ്ടപെടുമ്പോള്,അകന്നു പോകുമ്പോള് അവശേഷിക്കുന്നവര്ക്ക് ശിഷ്ടകാലം ഓര്ത്തിരിക്കാനും ഓമനിക്കാനും എന്തൊക്കെയോ ബാക്കി വെക്കുന്നുണ്ട് പ്രണയം.

ഒളിഞ്ഞും തെളിഞ്ഞും എപ്പോഴൊക്കെയോ ഓര്മ്മകളില് വന്നു ചില്ലകുലുക്കി ഒന്ന് നനയിക്കുന്നുണ്ട് പ്രണയം. പ്രണയവും കാമവും ഇഴപിരിയാതെ ഒട്ടിച്ചേര്ന്നു കിടക്കുന്ന പട്ടു തൂവാലയാണ്. കരച്ചില് വരുമ്പോള് ഒന്നെടുത്തു കണ്ണീര് തുടയ്ക്കാന് ഒരു കൈലേസ്