ഒറ്റയ്ക്ക് ഉണ്ടാക്കേണ്ട സദ്യപോലെ സ്ത്രീവിരുദ്ധത മറ്റൊന്നുമില്ല

811

Lekshmy Rajeev

ഓണം, മറ്റു വിശേഷ അവസരങ്ങൾ ഒക്കെ കുറച്ചു ഭയത്തോടെയാണ് ഈയിടെ കാണുന്നത്. ഒറ്റയ്ക്ക് ഉണ്ടാക്കേണ്ട സദ്യപോലെ സ്ത്രീവിരുദ്ധത മറ്റൊന്നുമില്ല.

എന്റെ അമ്മയുണ്ടാക്കുന്ന കറികൾ , അമ്മയുടെ ഇടിച്ചക്ക തോരൻ കഴിക്കാൻ എനിക്കൊരു കൊതിയുമില്ല.ആ പാവം വന്നാൽ ഞാൻ അടുക്കളയിൽ കയറാൻ ആഗ്രഹിക്കില്ല. അമ്മയോട് വർത്തമാനം പറഞ്ഞിരിക്കും. അമ്മക്ക് എണ്ണയോ കുഴമ്പോ തേച്ചു കൊടുക്കും. മിക്കവാറും പുറത്തു നിന്ന് ഭക്ഷണം വാങ്ങും.

മായം ചേർത്ത മസാലപ്പൊടികളുടെ പരസ്യമാണ്. അമ്മയുണ്ടാക്കുന്ന കറി . അതെന്താ അച്ഛനുണ്ടാക്കുന്ന കറി ആകാത്തത്?

എല്ലായിടത്തും നമ്മൾ സ്ത്രീ വിരുദ്ധത ഒളിച്ചു കടത്തും.ഓണം അടുക്കളയിൽ സഹായിക്കാൻ ആരുമില്ലാത്ത നാല് ദിവസത്തെ യാതനയുടെ ഓർമ്മയാണ്. എല്ലാവരും എല്ലാ കറികളും ഉണ്ടാക്കുന്നതിനു പകരം കുറച്ചു കറികൾ അങ്ങോട്ടും ഇങ്ങോട്ടും ഷെയർ ചെയ്തുകൂടെ?ഈ ഓണത്തിന് സമ്മാനം ഒന്നും വേണ്ട. രാവിലെ കുറച്ചു കറികൾ എത്തിക്കാമോ? സദ്യ പുറത്തു നിന്ന് വാങ്ങണമെന്നുണ്ട്.ഓണപ്പരിപാടികൾ കാണണമെന്നുണ്ട്. ഇതുവരെ സാധിച്ചിട്ടില്ല. രാജീവ് സമ്മതിക്കില്ല. ഞാൻ കൂടി സഹായിക്കാമെന്ന് പറഞ്ഞു കളയും . അതുകഴിഞ്ഞു അടുക്കള ഒറ്റക്ക് വൃത്തിയാക്കുന്ന പാടോർത്തു ഞാൻ തന്നെ ചെയ്തോളാമെന്നു പറയും.

ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ തോന്നുന്നത് ഇരുപത്തി അഞ്ചു വർഷമാകുന്നു, ഓണത്തിന് അടുക്കളയിൽ നിൽക്കുന്നത്. എനിക്ക് വയ്യ, എനിക്കിനി സദ്യ ഉണ്ടാക്കാൻ വയ്യ, എല്ലാരുമൊപ്പം ടി വി കാണണം, കറങ്ങാൻ പോകണം എന്ന് പറയാനുള്ള ധൈര്യം എനിക്കില്ല. ഒരു ഇരുപത്തി അഞ്ചു വര്ഷം മുൻപ് ഇത് പറഞ്ഞാൽ എനിക്ക് ഭ്രാന്താണെന്ന് പറയുകയോ, അല്ലെങ്കിൽ എന്റെ വിവാഹം അവസാനിക്കുകയോ ചെയ്യുമായിരുന്നില്ലേ എന്ന് നടുക്കത്തോടെ ഓർക്കുന്നു.