കേരളത്തിലെ ഇടതുപക്ഷ സർക്കാർ കേരള രൂപീകരണത്തിന് ശേഷം ഇന്നു വരെ കണ്ട ഭരണകൂടങ്ങളിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ ഗവൺമെൻറ് ആണ്

0
91

ലക്ഷ്മി രാജീവ് എഴുതുന്നു …

ഇന്നലെ മുഖ്യമന്ത്രിയെ കാണാൻ പോകുമ്പോൾ എനിക്ക് ഓർമ്മയുണ്ടായിരുന്നു ഇന്നലെ വല്ലാത്തൊരു ദിവസമായിരുന്നുവെന്നു. പക്ഷെ സി എം നു ഒരു മാറ്റവും ഉണ്ടായിരുന്നില്ല- എന്തൊക്കെയോ പറയണമെന്ന് ഉണ്ടായിരുന്നു. വാക്കുകൾ പുറത്തു വന്നില്ല. അല്ലെങ്കിൽ തന്നെ നമ്മളെപ്പോലുള്ള സാധാരണക്കാർ എന്ത് പറയാനാണ്. എന്റെ സുഹൃത്തുക്കൾ മിക്കവാറും ഇടതുപക്ഷക്കാരാണ്. അവർ കടുത്ത വിമർശനങ്ങൾ ഉന്നയിക്കുമ്പോഴും അവരുടെ വോട്ടു ഇടതുപക്ഷത്തിനാണ് എന്നെനിക്കറിയാം. പക്ഷെ ഈ അവസരത്തിൽ വോട്ടു മാത്രമാണോ നമുക്ക് വേണ്ടതെന്നു തോന്നിപ്പോകുന്നു. നിശബ്ദമായി കിടക്കുന്ന പല രും വളരെപ്പെട്ടെന്നു കടുത്ത ഇടതു വിമർശകരാകുന്നു . ഇലക്ഷന് ഇനി ആറുമാസങ്ങൾ കൂടി മാത്രം.

റിലേ ഓട്ടം മത്സരങ്ങളുടെ ഒരു തന്ത്രം ഉണ്ട് . അവസാന ലാപ്പിൽ ആയിരിക്കും ഏറ്റവും നല്ല സ്പ്രിന്ററെ നിർത്തുക.അതുവരെയുള്ള മുഴുവൻ ലാപ്പിലും പിന്നിലായ ദൂരം അവസാനത്തെ ഒരു ലാപ്പിൽ അയാൾ ഓടി പിടിക്കും. കേരളത്തിലെ വലതുപക്ഷത്തെ ആകെ അഭിനന്ദിക്കാൻ ആകുന്ന ഏക കാര്യം അതാണ് . അവസാനലാപ്പിൽ ഏത് അന്യായ വഴിയിലും അവർ ഓടി ജയിക്കും.

കേരളത്തിലെ ഇന്നു ഭരിക്കുന്ന ഇടതുപക്ഷ സർക്കാർ കേരള രൂപീകരണത്തിന് ശേഷം ഇന്നു വരെ കണ്ട ഭരണകൂടങ്ങളിൽ സർക്കാർ തന്നെ ഏറ്റവും മികച്ച പ്രകടനം നടത്തിയ ഗവൺമെൻറ് ആണ് . ഇതിനു മുൻപുള്ള ഏതെങ്കിലുമൊരു സർക്കാറുമായി താരതമ്യം ചെയ്യാം എങ്കിൽ അത് ആദ്യത്തെ ഇ എം എസ് മന്ത്രിസഭയോട് മാത്രമാണ്. ഒന്നുമില്ലായ്മയിൽ നിന്ന് ഒരു പുതിയ ജനാധിപത്യ കാഴ്ചപ്പാട് വികസിപ്പിച്ചു കൊണ്ടുവരികയും പുതിയ ആശയങ്ങൾ ഉല്പാദിപ്പിക്കുകയും ചെയ്ത ഗവൺമെൻറ് എന്ന നിലയ്ക്ക് ഇഎംഎസ് സർക്കാറിന് തുല്യമായി മറ്റൊന്നുമില്ല. എന്നാൽ പല കാര്യങ്ങളിലും ആ സർക്കാറിനെയും കടത്തിവെട്ടുന്ന പ്രകടനം ഇന്ന് കേരളം നേരിട്ടു കണ്ടു ണ്ടുകഴിഞ്ഞു. ഇടതുപക്ഷ സർക്കാർ ഇക്കഴിഞ്ഞ നാലര വർഷംകൊണ്ട് പൂർത്തിയാക്കിയ മുഴുവൻ എണ്ണിപ്പറയാൻ ഞാനിപ്പോൾ നിൽക്കുന്നില്ല. രണ്ടു പ്രളയങ്ങൾ , ഒരു നിപ്പ, ഇന്നത്തെ കൊറോണ പ്രതിരോധം എന്നിങ്ങനെ അപ്രതീക്ഷിതമായ പ്രതിസന്ധികൾ ഒരുവശത്ത് .ശബരിമലയിലെ കലാപം മുതൽ പൗരത്വനിയമഭേദഗതി വരെ അനേകം രാഷ്ട്രീയ പ്രതിസന്ധികൾ മറുവശത്ത് . ഒരിടത്തും ഈ സർക്കാർ തലകുനിച്ചില്ല.ഈ പ്രതിസന്ധികളുടെ കാരണം പറഞ്ഞ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നിറവേറ്റാതെ ഇരിക്കുകയോ മറ്റു പുതിയ പ്രോജക്ടുകൾ വിഭാവനം ചെയ്ത് നടപ്പിലാക്കാതിരിക്കുകയോ ചെയ്തില്ല. ആരോഗ്യവകുപ്പ് മുതൽ വൈദ്യുതി വകുപ്പ് വരെ സകലത്തിലും ഇന്നുവരെ ഇല്ലാത്ത വിപ്ലവം സാധ്യമാക്കി കഴിഞ്ഞു. 25 രൂപക്ക് ഊൺ കിട്ടുന്ന 700 പരം ഹോട്ടലുകൾ വരെ കേരളത്തിൽ ആരംഭിച്ചുകഴിഞ്ഞു. ഈ കോവിഡ മഹാമാരിയുടെ കാലത്തും സാധാരണ മനുഷ്യരുടെ വീട്ടിലേക്ക് സൗജന്യമായി കിറ്റുകൾ എത്തി കഴിഞ്ഞു. അനേകമനേകം വീടില്ലാത്ത പാവങ്ങൾക്ക് വീടു കിട്ടിക്കഴിഞ്ഞു. ഒരാളും പട്ടിണി കിട്ടുന്നില്ല. പാവങ്ങളുടെ വീട്ടിൽ മുമ്പത്തേക്കാൾ അധികം ഭക്ഷണം ഉണ്ടായിരുന്നു. ഈ മഹാവ്യാധി കാലത്തു പോലുംഇങ്ങനെ കണക്കെടുത്താൽ പെട്ടെന്നൊന്നും പറഞ്ഞുതീരാത്ത അവർ തങ്ങളുടെ ഒരു വലിയ ശൃംഖല കേരളത്തിൽ സാധ്യമാക്കി കഴിഞ്ഞു.

പക്ഷേ അവസാന ലാപ്പ് ആരംഭിച്ചിരിക്കുന്നു. ഇനി ഏതാണ്ട് ആറു മാസം മാത്രം ബാക്കി നിൽക്കുമ്പോൾ കഴിയുന്ന മുഴുവൻ ശക്തിയും എടുത്ത് എല്ലാ വലതുപക്ഷ മാധ്യമങ്ങളും ആഞ്ഞടിക്കുകയാണ്. സവർണ്ണ സംവരണം മുതൽ കൊടിയേരി ബിനീഷിനെ അറസ്റ്റ് വരെ, ഖുർആൻ മുതൽ ഈത്തപ്പഴം വരെ – കഴിയുന്ന മുഴുവൻ കാര്യങ്ങളിലും ഇനി ഈ അവസാനത്തെ ലാപ്പ് ഓട്ടം ആരംഭിക്കും. സോഷ്യൽ മെമ്മറി വളരെ കുറവായ ഒരു സമൂഹമാണ് കേരളം.മുൻപു നടന്ന ആയിരം പ്രവർത്തനങ്ങൾ ഓർമിക്കപ്പെടുക ഇല്ല . അവസാന ദിവസങ്ങളിൽ എന്തു നടക്കുന്നു എന്ന് മാത്രം ഉള്ള ഓർമ്മയും ആയിട്ടായിരിക്കും പോളിങ് ബൂത്തിലേക്ക് ജനങ്ങൾ കയറുക. ഇക്കാര്യം ഇടതുപക്ഷത്തെ കാൾ വളരെ നന്നായി വലതുപക്ഷത്തിന് അറിയാം.

അതുകൊണ്ടുതന്നെയാണ് ഈ കഴിഞ്ഞ നാല് വർഷവും പ്രത്യേകിച്ചൊന്നും സംസാരിക്കേണ്ട എന്ന് തീരുമാനിച്ചത്. സംസാരിക്കാൻ പ്രത്യേകിച്ച് കാരണങ്ങൾ കിട്ടിയിട്ടില്ല എന്നതുകൊണ്ട് മാത്രമല്ല. ഈ അവസാന ലാപ്പിൽ ഓട്ടത്തിൽ തങ്ങൾ പിന്നിലായ ദൂരം മുഴുവൻ തിരിച്ചെടുക്കാം എന്ന് പ്രതീക്ഷയാണ് അവരെ എന്നും നില നിർത്തിയിട്ടുള്ളത്.എന്നാൽ വലതുപക്ഷത്തിന് ഇത്തരം ബാധ്യതകൾ ഒന്നും ഇല്ല .അവർ മിക്കവാറും ഭരിച്ച/ മരിച്ച അഞ്ചു വർഷം കഴിഞ്ഞ് ഇറങ്ങുന്ന ഏതുസമയത്തും കേരളം കൊടിയ പ്രതിസന്ധിയിൽ ആയിരിക്കും. ട്രഷറികൾ പൂട്ടി കിടക്കും.ശമ്പളവും പെൻഷനും കുടിശ്ശിക ആയിരിക്കും. വൈദ്യുതി രംഗം മുതൽ ആരോഗ്യരംഗം വരെ സകലതും പ്രതിസന്ധിയിൽ ആയിരിക്കും.അവർക്കുതന്നെ അറിയാം മിക്കവാറും ഈ ഇലക്ഷനിൽ തോൽക്കും എന്ന് .തോറ്റാലും പ്രത്യേകിച്ചൊന്നുമില്ല അടുത്ത അഞ്ച് വർഷത്തിന് അവസാന ആറുമാസത്തെ ലാസ്റ്റ് ലാപ് ഓട്ടത്തിന് അവർ കാത്തിരിക്കും.

എനിക്ക് തോന്നുന്നത് ഈ കഴിഞ്ഞ അഞ്ചുവർഷത്തെ ഓർത്തു വേണം ഇനിയുള്ള ആറുമാസത്തെ ഓരോ കാര്യത്തെയും വിലയിരുത്താൻ എന്നാണ്. ഒരു വലതുപക്ഷ ഭരണകൂടം ഉള്ള കാലത്താണ് ശബരിമലയിലെ പ്രശ്നങ്ങൾ നടക്കുന്നത് എങ്കിൽ എന്തായിരിക്കും എന്ന് ഞാൻ ഇടയ്ക്ക് ഓർത്തു നോക്കാറുണ്ട്. ഈ കൊറോണ കാലത്തെ വലിയ പ്രതിരോധത്തിന് ഒരു രാഷ്ട്രീയമായ ഉൾക്കാഴ്ച യും ഇല്ലാത്ത ഒരു വലതുപക്ഷ ഭരണകൂടമായിരുന്നു എങ്കിൽ എന്തായിരിക്കും സ്ഥിതി എന്ന് ആലോചിക്കുക പോലും വയ്യ. കേരളത്തിൽ BJP ക്കു എന്തെങ്കിലും സ്വാധീനം ചെലുത്താൻ സീ പി എം ഇല്ലാതാകണം. കോൺഗ്രസ്സ് തനിയെ ഇല്ലാതായിക്കൊള്ളും. ഇനിയും നമ്മുടെ നാട് വലിയ അപകടങ്ങളിൽ കൂടെ കടന്നു പോകുമെന്ന് ഉറപ്പാണ്. എന്ത് വിമർശിച്ചാലും എന്ത് അനുകൂലിച്ചാൽ ഉം ആ കാലത്തെ നേരിടാൻ ഇടതുപക്ഷം തന്നെ ഇവിടെ വേണം. അല്ലെങ്കിൽ ഉണ്ടാകാൻ പോകുന്ന പ്രത്യാഘാതം വലുതായിരിക്കും. എന്നും എപ്പോഴും സ്നേഹം , മുഖ്യമന്ത്രി !