ഒരുപക്ഷെ ലാൽജോസിന്റെ ഏറ്റവും നല്ല ചിത്രമെന്ന് നിരൂപകർ പ്രശംസിച്ച ചിത്രമാണ് 2001 ൽ റിലീസ് ചെയ്ത ‘രണ്ടാം ഭാവം’. പക്ഷെ തിയേറ്ററിൽ പരാജയപ്പെടാനായിരുന്നു ചിത്രത്തിന്റെ വിധി. സുരേഷ് ഗോപി, ബിജു മേനോൻ, തിലകൻ, നരേന്ദ്രപ്രസാദ്, ശ്രീവിദ്യ, പൂർണ്ണിമ, ലെന, സുകുമാരി, ലാൽ എന്നിവർ അത്യുജ്ജ്വലമായി വേഷങ്ങൾ കൈകാര്യം ചെയ്ത ചിത്രത്തിൽ സുരേഷ് ഗോപി ഇരട്ട വേഷത്തിൽ അഭിനയിച്ചിരിക്കുന്നു, കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് രഞ്ജൻ പ്രമോദ് ആണ്.
ചിത്രത്തിലെ ‘മറന്നിട്ടുമെന്തിനോ?’ എന്ന ഗാനം എക്കാലത്തെയും മനോഹര ഗാനങ്ങളിൽ ഒന്നായിരുന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ രചനയില്‍ വിദ്യാസാഗര്‍ സംഗീതം നല്കി പി ജയചന്ദ്രൻ, സുജാത മോഹൻ എന്നിവരായിരുന്നു ആലപിച്ചത്. ‘മറന്നിട്ടുമെന്തിനോ’ ഗാനത്തിലെ ഒരു രംഗത്തിൽ ലെന ഞാവൽപ്പഴം കഴിക്കുന്നതും നാവിൽ പറ്റിയ അതിന്റെ പർപ്പിൾ നിറം നാവ് നീട്ടി കാണിക്കുന്നതുമെല്ലാം ഉണ്ടായിരുന്നു. എന്നാലിപ്പോൾ ലെന പറയുന്നത് ആ നിറത്തിന്റെ രഹസ്യമാണ്. ലെനയുടെ വാക്കുകൾ ഇങ്ങനെ ..
“ഈ ഗാന രംഗത്ത് എന്റെ നാവില്‍ കളര്‍ വന്നതിന്റെ രഹസ്യം വെളിപ്പെടുത്താൻ പോകുകയാണ്. 2000ത്തിലെ മനോഹരമായ ഒരു ദിവസത്തില്‍ രാവിലെയാണ് ഞങ്ങള്‍ ഈ ഗാനം ചിത്രീകരിച്ചത്. കുറച്ച് ഞാവല്‍ പഴം ഞാൻ കഴിച്ചിട്ടും എന്റ നാവില്‍ പര്‍പ്പിള്‍ കളര്‍ വന്നില്ല. ഒടുവില്‍ സംവിധായകൻ ലാല്‍ ജോസ് എന്റെ നാവില്‍ കളര്‍ വരുത്താൻ കലാസംവിധായകനോട് പറഞ്ഞു. അതാണ് നിങ്ങള്‍ ചിത്രത്തില്‍ കാണുന്നത്. ‘മറന്നിട്ടുമെന്തിനോ’ 4കെയിലേക്ക് റീമാസ്റ്റര്‍ ചെയ്തിരിക്കുകയാണ്. മറക്കാനാകാത്ത ആ ഗാനം മികച്ച ക്ലാരിറ്റിയില്‍ കണ്ടപ്പോള്‍ വലിയ സന്തോഷം തോന്നി” – ലെന പറഞ്ഞു.
ലെന കുമാർ എന്ന ലെന അഭിലാഷ് ജയരാജിന്റെ സിനിമയായ സ്നേഹത്തിലൂടെയാണ് ആദ്യം വെള്ളിത്തിരിയിൽ എത്തുന്നത്. പിന്നീട് കരുണം, ഒരു ചെറു പുഞ്ചിരി, വർണ്ണക്കാഴ്ചകൾ, സ്പിരിറ്റ് …തുടങ്ങി അനവധി സിനിമകളിൽ അഭിനയിച്ചു. ഒടുവിൽ റിലീസ് ആയ ചിത്രം മോൺസ്റ്റർ ആണ്. മലയാളം ടെലിവിഷൻ പരമ്പരകളിലും താരം അഭിനയിക്കാറുണ്ട്. മനഃശാസ്ത്രത്തിൽ ഉപരി പഠനം നടത്തിയ ലെന, മുംബൈയിൽ സൈക്കോളജിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്. ട്രാഫിക് എന്ന 2011 പുറത്തിറങ്ങിയ സിനിമയിലൂടെയാണ് സിനിമയിൽ വഴിത്തിരിവുണ്ടായത്.