ലെന മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ്. ജയരാജിന്റെ ‘സ്നേഹ’ത്തിലൂടെയാണ് ആദ്യം വെള്ളിത്തിരിയിൽ എത്തുന്നത്. പിന്നീട് കരുണം, ഒരു ചെറു പുഞ്ചിരി, വർണ്ണക്കാഴ്ചകൾ, സ്പിരിറ്റ് അങ്ങനെ അനവധി സിനിമകളിൽ അഭിനയിച്ചു. സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും താരം സജീവമായിരുന്നു. . മനഃശാസ്ത്രത്തിൽ ഉപരി പഠനം നടത്തിയ ലെന, മുംബൈയിൽ സൈക്കോളജിസ്റ്റായും ജോലി ചെയ്തിട്ടുണ്ട്.
വിദ്യാഭ്യാസകാലത്ത് നാടക ട്രൂപ്പ് തുടങ്ങാൻ പദ്ധതിയിട്ടിരുന്ന ലെനയെ പ്രിൻസിപ്പലാണ് സംവിധായകൻ ജയരാജിനെ പരിചയപ്പെടുത്തുന്നത്. അങ്ങനെയാണ് ജയരാജിന്റെ സ്നേഹം, കരുണം ശാന്തം എന്നീ സിനിമകളിൽ അഭിനയിക്കാൻ സാധിച്ചത്. ശേഷം സത്യൻ അന്തിക്കാടിന്റെ കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന സിനിമയിലും അഭിനയിച്ചു. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, കന്യക ടാക്കീസ് എന്നിവയിലെ അഭിനയത്തിന് 2013 ലെ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന സർക്കാർ അവാർഡ് ലഭിച്ചിരുന്നു.
താരം ഇപ്പോൾ ചില പരിപാടികളുമായി ബന്ധപ്പെട്ടു യുഎഇയിൽ ആണുള്ളത്. അവിടെ സർക്കാരിന്റെ ഗോൾഡൻ വിസ ഏറ്റുവാങ്ങിയ താരം ഫോട്ടോകളും വിഡിയോകളും ആരാധകർക്കായി ഷെയർ ചെയ്തിട്ടുണ്ട്. ലെന ഒടുവിൽ അഭിനയിച്ച ഭീഷ്മപർവ്വത്തിലെ ‘ചാമ്പിക്കോ’ പറഞ്ഞുള്ള ഫോട്ടോയെടുപ്പിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്തായാലും യുഎഇ യാത്രയിൽ ലെന മരുവിലെ മണൽത്തരികളിൽ അടിച്ചുപൊളിക്കുകയാണ്.