മലയാള സിനിമാഗാനങ്ങളിലെ ഇംഗ്ലീഷ് സ്പർശം

0
75

🌳🌳ലങ്കേഷ് അഗസ്ത്യക്കോട് 🌳🌳

മലയാള സിനിമാഗാനങ്ങളിലെ
ഇംഗ്ലീഷ് സ്പർശം.. 🎻🎻

🥀മലയാള സിനിമാഗാനാസ്വാദകർ ഹൃദയത്തിലേറ്റിയ ചില അപൂർവസുന്ദര ഗാനങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ അവയിൽ ചില “ഇംഗ്ലീഷ് വരികൾ” കടന്ന് കൂടിയിരിക്കുന്നത് നമുക്ക് കണ്ടെത്താൻ സാധിക്കും….പ്രസ്തുത സിനിമയും – അതിലെ കഥാസന്ദർഭവും അത് ആവശ്യപ്പെട്ടത് കൊണ്ടാണോ, ഗാനരചയിതാവിന്റെ ആഗ്രഹമാണോ, സംഗീത സംവിധായകന്റെ നിർബന്ധമാണോ എന്താണ് അതിന്റെ പിന്നിൽ പ്രവർത്തിച്ച ചേതോവികാരമെന്ന് അറിയില്ല… എങ്കിലും “ആംഗലേയ സ്പർശമുള്ള “ചില പാട്ടുകൾക്ക് കേൾവിക്കാരനിൽ ഒരു വൈകാരികസുഖം പകർന്നു നൽകാൻ കഴിഞ്ഞിട്ടുണ്ട് എന്ന് പറയുന്നതിൽ തെറ്റില്ല…

🥀1994-ൽ പുറത്ത് വന്ന “സുകൃതം “എന്ന മമ്മൂട്ടി ചിത്രം നല്ല പാട്ടുകളുടെ വസന്തജാലകമാണ് നമുക്ക് മുന്നിൽ മലക്കെ തുറന്നിട്ടത്… ഈ പടത്തിൽ യേശുദാസും ഗായകവൃന്ദവും പാടിയ “സഹസ്രദലസം ശോഭിത നളിനം
പോലെ മഹാഗഗനം… “-എന്ന പാട്ട് കാതുള്ളവരാരും കേട്ടിരുന്ന് പോകും.. ഈ പാട്ടിന്റെ ഇടയിൽ വരുന്ന :

“As is the human body
So is the cosmic body
As is the human mind
So is the cosmic mind
As is the microcosm
So is the macrocosm… “-

എന്ന ഭാഗം വരുമ്പോൾ ശ്രോതാക്കൾ അറിയാതെ കാത് കൂർപ്പിച്ച് പോകാറുണ്ട്..ആ ആംഗലേയ ശാസ്ത്ര പദങ്ങൾ ഒരു ശരാശരി മലയാളിക്ക് ദഹിക്കുന്നതല്ലെങ്കിലും, അവിടെ എന്തോ ഒരു പ്രത്യേകത നമുക്ക് അനുഭവിച്ചറിയാൻ കഴിയുമെന്നതിൽ തർക്കമില്ല… ഒരുപക്ഷേ, അതാകാം ആ പാട്ടിന്റെ ആത്മാവ്… 🥀അതുപോലെ, 1986-ൽ ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത “യുവജനോത്സവം”എന്ന സിനിമയിലെ : “പാടാം നമുക്ക് പാടാം വീണ്ടുമൊരു പ്രേമഗാനം… “എന്ന പാട്ട് അന്നെന്നെ പോലെ ഇന്നും നമുക്ക് പ്രിയതരമാണ്. ശ്രീകുമാരൻ തമ്പി എഴുതി രവീന്ദ്രൻ ഈണമിട്ട് യേശുദാസും, എസ്.പി.ശൈലജയും പാടിയ ഈ പാട്ടിന്റെ ഇടയിലെ :

“Let us sing the song of love
Let us play the tune of love
Let’s share the pangs of love
Let us wear the thorns of love “-
എന്ന ഭാഗം കോളേജ് കാമ്പസ്സുകൾ മാത്രമല്ല മലയാളി മനസ്സുകൾ മുഴുവൻ ഏറ്റുപാടിയ ഒരു കാലമുണ്ടായിരുന്നു… !!

🥀1974-ൽ പുറത്ത് വന്ന “ചട്ടക്കാരി”എന്ന സിനിമ ആംഗലേയ വരികൾ ആവശ്യപ്പെടുന്ന ഒരു കലാസൃഷ്‌ടി ആയിരുന്നു. ആ ചിത്രത്തിൽ ഒരു മുഴുനീള ഇംഗ്ലീഷ് ഗാനവും ഉണ്ടായിരുന്നു. എങ്കിലും, വയലാർ -ദേവരാജൻ ടീം ഒരുക്കി യേശുദാസും മാധുരിയും പാടിയ “മൈ ജൂലി ജൂലി നിന്റെ സ്വപ്‌നത്തിൻ കൂടിനെത്ര വാതിൽ… “-എന്ന ‘അടക്കി പിടിച്ച വൈകാരിക ഗാനത്തിന്റെ'(husky song) തുടക്കം തന്നെ ആരെയും വികാര പരവശരാക്കാൻ ത്രാണിയുള്ളതായിരുന്നു : “Julie,.. yes darling !! I LOVE YOU… Oh you are my sweetness.. !”

🥀 2004-ൽ ജാസി ഗിഫ്റ്റ് എന്ന സംഗീത മാന്ത്രികൻ “ന്യൂജൻ”എന്ന ആശയവുമായി മുന്നോട്ട് വന്നപ്പോൾ “ഫോർ ദി പ്യൂപ്പിൾ “ലൂടെ നമ്മൾ കേട്ടത് “ലജ്‌ജാവതിയേ നിന്റെ കള്ളക്കടക്കണ്ണിൽ… “എന്ന പാട്ടായിരുന്നു..!!ആ പാട്ടിന്റെ ഇടയിൽ ഒരുപാട് ഇംഗ്ലീഷ് വരികൾ ഉണ്ടായിരുന്നു. ഒരു ശരാശരി മലയാളിക്കോ, അതിലപ്പുറം ഇംഗ്ലീഷ് ഭാഷ വശമുള്ളവർക്കോ പിടികിട്ടാത്ത വരികൾ !!

“Watch on watch on watch on
Watch this dup dup dup dup style… “എന്ന് തുടങ്ങി, Every time I want to see you my girl !!” അങ്ങനെ അവസാനിക്കുമ്പോൾ ആ പാട്ടും, പ്രസ്തുത വരികളും കേരളക്കരയിൽ സൃഷ്ടിച്ച ഓളം ചെറുതൊന്നുമല്ല !!പാടി പറഞ്ഞു നോക്കാനും – കേട്ടെഴുതാനും പ്രയാസമുള്ള ഇംഗ്ലീഷ് വരികളായിരുന്നു അവയെങ്കിലും പുതുതലമുറ എന്ത്കൊണ്ടോ ആ ഗാനം വല്ലാതെ ഇഷ്ട്ടപ്പെട്ടു..!!

🥀1990-ൽ പുറത്ത് വന്ന “ഏയ്‌ ഓട്ടോ “എന്ന പടത്തിൽ ഓട്ടോക്കാരനായ നായകനെ പരിഷ്ക്കാരിയായ നായിക ഇംഗ്ലീഷ് പഠിപ്പിക്കുന്നതും അവരുടെ പ്രേമം പൂവണിയുന്നതും ഇംഗ്ലീഷും മലയാളവും കൂട്ടിക്കുഴച്ച ഒരു അവിയൽ ഗാനത്തിലൂടെയാണ്‌…

“സുധീ.. മീനുക്കുട്ടീ… “എന്ന് എട്ടുദിക്കും പൊട്ടുമാറ് അലറിവിളിച്ചു തുടങ്ങുന്ന ആ പാട്ട് പിന്നീട് AEIOU -തൊട്ട് കത്തി കയറുകയാണ്… “My name is sudhi, your name is Meenukkutti “-എന്ന് സിംപിൾ ആയി തുടങ്ങി ഷേക്ക്സ്പിയറിൽ വന്ന് നിൽക്കുന്ന വിസ്മയമാണ് ആ ഗാനം നമുക്ക് സമ്മാനിച്ചത്… “Matter of tragedies come out of the stage as in Greek Tragedies…. “എന്ന മോഹൻലാലിന്റെ കട്ടയ്ക്കുള്ള ഉരുവിടലും “ഷേക്ക്സ്പിയർ സാറേ, മാക്ബത്ത് നാണിച്ച് പോകും… “എന്ന സുജാതയുടെ പരിഹാസവും കൂടിയാകുമ്പോൾ ആ ഗാനം ആസ്വാദകരെ ഹഠാദാകർഷിക്കുകയായിരുന്നു….!!!!!! ഒരുപക്ഷേ, ആ പാട്ടിൽ “അ ആ ഇ ഈ ഉ ഊ… “ആണ് പഠിപ്പിച്ചിരുന്നതെങ്കിൽ ഈ സ്വീകാര്യത ലഭിക്കുമായിരുന്നില്ല എന്ന് ഉറപ്പിക്കാം…

🥀1981-ൽ “ആക്രമണം”-എന്ന പടത്തിൽ എസ്.പി.ബാലസുബ്രഹ്മണ്യവും സഹോദരി എസ്.പി. ശൈലജയും ചേർന്ന് പാടിയ ഒരു പാട്ടിൽ “സ സ ഗ ഗ പ രി സ
മ മ ഗ ഗ മ പ മ “എന്നത് മാത്രമേ നമുക്ക് പരിചയമായി ഉള്ളൂ… പിന്നെ ആദ്യന്തം “lilly lilly my darling, illy lilly.. “എന്നും “listen to my lamentation, on the happy happy occasion “-എന്നൊക്കെയാണ് !! എങ്കിലും, സഹോദരനും സഹോദരിയും ചേർന്ന് പാടിയ ഒരേയൊരു love song എന്ന പ്രത്യേകത ഈ പാട്ട് നേടിയെടുത്തു…. !

🌹ഇംഗ്ലീഷ് വരികൾ വരുന്ന മറ്റ് ചില മലയാളം പാട്ടുകൾ ചുവടെ കുറിക്കാം 🌹
======= ======== ====== ========

🌳”Love is stars.. love can flower
Love love love in kerala…. “(സിനിമ : ലവ് ഇൻ കേരള : /പാട്ട് : കരയുടെ മാറിൽ കടലിൻ കൈകൾ കാമലീലകൾ കാട്ടുന്നു )
🌳”One two three four number sixty four
House of the bamboo door “(സിനിമ : കല്യാണരാത്രിയിൽ /പാട്ട് : ഓർമ്മ വേണം ഓർമ്മ വേണം പീരുമേട്ടിൽ വരുമ്പോൾ ഈ മേൽവിലാസം )
🌳”My dear dream girl
I love you my sweet pearl.. “(സിനിമ : മാനവധർമം / പാട്ട് : നിന്റെ സ്വർണ്ണത്തനുവിൽ മദനൻ പൊഴിച്ചു മധുകണം )
🌳”This love is sponsored by we Royal five “(സിനിമ : സുഖവാസം /പാട്ട് : ദാഹം പുഴയായാൽ അനുരാഗം കളിയോടം )
🌳”that november you remember… “(സിനിമ : ഇൻസ്‌പെക്ടർ / പാട്ട് : നമ്മൾ ആദ്യം കണ്ട മാസമോ നവംബർ നവംബർ )
🌳”Daddy how are you daddy… “(സിനിമ : ഒന്നും മിണ്ടാത്ത ഭാര്യ / പാട്ട് : ചോര വാർന്നൊഴുകും മനസ്സുമായി രാവിൽ ഞാൻ.. )
🌳”Oh my jinchu darling
You look so charming… “(സിനിമ : താളം തെറ്റിയ താരാട്ട് /പാട്ട് : സഗമപനിസ….)
🌳”I love you…. “(സിനിമ : ലവ് സ്റ്റോറി / പാട്ട് : സ്നേഹം പൂത്തുലഞ്ഞു… )
🌳”വന്നാട്ടെ Oh my dear butterfly
മലനാട്ടിലെ ഓമന my dear butterfly” (സിനിമ : പഞ്ചമി )
🌳”Jingle jingle bells uncle Santa Claus
Come come come in our hearts and homes.. “(സിനിമ :നോക്കെത്താ ദൂരത്തു കണ്ണും നട്ട് / പാട്ട് : ലാത്തിരി പൂത്തിരി പുഞ്ചിരി ചെപ്പോ… )
🌳”Many births ago brindavan
We laughed and danced the golden sun.. “(ഗാനം : പീതാംബരാ ഓ കൃഷ്ണ… /സിനിമ :ശിവതാണ്ഡവം – ഈ പാട്ടിൽ “പീതാംബരാ…” എന്ന വാക്കിൽ മാത്രം മലയാളം ധ്വനി)
🥀അങ്ങനെ നിരവധി മലയാളം പാട്ടുകൾക്കിടയിൽ ഇംഗ്ലീഷ് വരികൾ “പുട്ടിന് തേങ്ങാപ്പീര”എന്നത് പോലെ കടന്ന് വന്നിട്ടുണ്ട്….. പക്ഷേ, ചില ഇംഗ്ലീഷ് വരികൾക്ക് പറഞ്ഞാൽ തീരാത്ത ചന്തമുണ്ടെന്ന് സമ്മതിച്ചേ മതിയാകൂ…

🌷ഉദാ: (1)”സത്യം ശിവം സുന്ദരം “(2000)എന്ന സിനിമയിലെ “Walking in the moon light I am thinking of you… “എന്ന പാട്ട് മലയാളം പോലെ ഏവർക്കും വഴങ്ങുന്നതാണ്.. അതുകൊണ്ട് തന്നെ “ഇളമാൻ കണ്ണിലൂടെ I am thinking of you “എന്ന് പറയാൻ ആരും ഒരു മടിയും കാണിച്ചുമില്ല…. !!

🌷ഉദാ :(2)”മഴയെത്തും മുൻപേ “-എന്ന മമ്മൂട്ടി ചിത്രത്തിൽ മമ്മൂട്ടി തന്നെ ഒരു ഗായകമേലങ്കി അണിഞ്ഞപ്പോൾ :”ലേഡീസ് കോളേജിൽ കാമ്പസ് ലവ് പാർക്കിൽ പ്രേമ പൂങ്കാറ്റും വീശി വാ സാറേ… “എന്ന പാട്ട് പിറവി കൊണ്ടു.. ആ പാട്ടിലെ വരികൾ കണ്ടെത്താൻ കവടി നിരത്തിയവർ ഏറെ ഉണ്ടെങ്കിലും അതിൽ നിന്ന് “N Tv So TV See Tv Fruit Tv Free Tv Night Tv… we want a love Tv… കാമ്പസ് പ്രേമം ഹാംലെസ് പ്രേമം.. “എന്നൊക്കെ ചികഞ്ഞെടുത്തവരും ഉണ്ട് !!

🌷ഉദാ :(3) 1975-ൽ “പ്രവാഹം “എന്ന സിനിമയിൽ ജയചന്ദ്രൻ പാടിയ മനോഹരമായ ഒരു പാട്ട് തുടങ്ങുന്നത് ഇങ്ങനെയാണ്‌ : “Life is wonderful,
World is colourful, Love is a waterfall, Every girl is a thunderball.. !!

🌹ഉദാ :(4)1975-ൽ “ഭാര്യ ഇല്ലാത്ത രാത്രി “എന്ന സിനിമയിൽ യേശുദാസ് പാടിയ “താരുണ്യത്തിൻ പുഷ്പകിരീടം താഴികക്കുടം “-എന്ന പ്രണയഗാനത്തിൽ ഇടയ്ക്കിടെ “Come september I love to remember.. “-എന്ന ഹൃദ്യമായ ഇംഗ്ലീഷ് വരികൾ കടന്ന് വരുന്നുണ്ട്… കേൾക്കാൻ പ്രത്യേക സുഖമുള്ള വരികൾ…. ആരും ഏറ്റുപാടുന്ന വരികൾ….

🥀🥀അങ്ങനെ, നമ്മുടെ ഒരുപാട് പാട്ടുകളിൽ ഇംഗ്ലീഷ് വാക്കുകളും വരികളും കടന്ന് വരുന്നുണ്ട്.. അവ തേടിയുള്ള അന്വേഷണം തുടരുന്നു….ഈ എഴുത്ത് ഇവിടെ നിർത്തുന്നു…..