അതിരിട്ട കമ്പിയില്‍ പിടിച്ച് കണ്ണുംനട്ട് നില്‍ക്കുന്ന മല്‍ബിയും കുഞ്ഞുങ്ങളുമാണ് മനസ്സില്‍. മല്‍ബുവിന് ധിറുതിയായി.
ഒരാള്‍ മാത്രമല്ല, എല്ലാവരും പാച്ചിലില്‍തന്നെ. ലഗേജിനായി കണ്‍വെയര്‍ ബെല്‍റ്റിനു ചുറ്റുമുള്ള കാത്തിരിപ്പ് ക്ഷമയോടെയാണെന്ന് പറയാനേ പറ്റില്ല. ഒഴുകി വരുന്ന പെട്ടി പിടിക്കണം, ട്രോളിയില്‍ വെക്കണം, ഉരുട്ടി പുറത്തിറങ്ങി കുഞ്ഞുങ്ങളെ കാണണം. വിമാനത്തില്‍നിന്നു തന്നെ തുടങ്ങിയതാണ് ഈയൊരു വെപ്രാളം. ഉരുണ്ടുരുണ്ട് വിമാനം നില്‍ക്കുന്നതിനുമുമ്പ് തന്നെ തല ഉയര്‍ത്തി, എയര്‍ ഹോസ്റ്റസിന്റെ ആക്രോശം ഏറ്റുവാങ്ങി, ഭാരം തൂക്കിപ്പിടിച്ച് അങ്ങനെ പ്രിയപ്പെട്ടവരെ തേടിയുള്ള വരവ്. ഒരു സംഭവം തന്നെ.
ലഗേജ് കൂടുതലാണല്ലോ മാഷേ, പിഴ ഒടുക്കേണ്ടി വരും.
പായാനൊരുങ്ങിയ മല്‍ബുവിനെ തടഞ്ഞുനിറുത്തി. പെട്ടികളില്‍ നോട്ടമിട്ട് മുന്നില്‍ ഒന്നില്‍ കൂടുതല്‍ ഓഫീസര്‍മാര്‍.
മല്‍ബു തിരിച്ചു ചോദിച്ചു. എന്തു പിഴ, ഏതു പിഴ?
അപ്പോള്‍ പത്രം വായിക്കാറില്ല അല്ലേ? ദേ നോക്കിയേ, നിങ്ങളെ പോലുള്ളവരാ അധിക ലഗേജിന് കിലോക്ക് 500 രൂപ വീതം പിഴയടച്ച് പോകുന്നത്. വേഗം അടച്ചാ വേഗം പോകാം. പുറത്ത് കുടുംബക്കാര് കാത്തിരുന്ന് മുഷിയുന്നുണ്ടാകും.
ഓഫീസര്‍ പറഞ്ഞുനിര്‍ത്തിയപ്പോള്‍, അടുത്തുണ്ടായിരുന്ന മറ്റൊരു മല്‍ബു സഹായത്തിനെത്തി.
അതേയ്, നമ്മള്‍ കൊണ്ടുവന്ന ലഗേജ് 40 കിലോയില്‍ കൂടുതലുണ്ടെങ്കില്‍ ഫൈന്‍ ഈടാക്കി തുടങ്ങീട്ടുണ്ട്.
മല്‍ബു ചോദിച്ചു: നിങ്ങള്‍ കൊടുക്കുന്നുണ്ടോ?
ഏതായാലും കൊണ്ടുവന്നു പോയില്ലേ. ഇനിയിപ്പോ അടച്ച് വേഗം പുറത്തിറങ്ങണം. കെട്ട്യോളും പിള്ളാരും കാത്തിരിപ്പുണ്ട്.
മല്‍ബു എന്തു തീരുമാനിച്ചു? വീണ്ടും ഓഫീസറുടെ ചോദ്യം.
അതൊന്നും പറ്റില്ലാട്ടോ. ഇത് അവിടെവെച്ച് തൂക്കിനോക്കി നിങ്ങളുടെ ആളുകള്‍ തന്നെയാണ് വിമാനത്തില്‍ കയറ്റിയത്. പിഴ വേണേല്‍ അവരോട് വാങ്ങണം.
രണ്ട് പെട്ടിയുണ്ട് അല്ലേ. ഇതെന്താ ഒന്നില്‍ മല്‍ബു, മറ്റൊന്നില്‍ മല്‍ബി. കുടുംബം കൂടെയുണ്ടോ? പെട്ടികളില്‍ വെവ്വേറെ മൊബൈല്‍ നമ്പരാണല്ലോ? ഓഫീസര്‍ക്ക് സംശയം.
സാറേ, അത് ഒരു പെട്ടി പുരക്കേക്കും ഒരു പെട്ടി വീട്ടിലേക്കുമാണ്.
ആഹാ, കണ്ണൂരാണല്ലേ. ഒരു പെട്ടി സ്വന്തം വീട്ടിലേക്കും മറ്റേത് വൈഫ് ഹൗസിലേക്കും. എവിടേക്കായാലും രണ്ട് പെട്ടിയും കൂടി 60 കിലോയുണ്ട്. 20 കിലോക്ക് ഫൈന്‍ ഒടുക്കിയില്‍ കൊണ്ടുപോകാം. വേഗം തീരുമാനമെടുത്തോളൂ.
പറ്റില്ല സാറേ. എന്റെ രണ്ടു പെട്ടികളും അവിടെവെച്ച് തൂക്കി സ്റ്റിക്കറും ഒട്ടിച്ചാ വിട്ടത്. മല്‍ബു ലോജിക്ക് പുറത്തെടുത്തു.
നിങ്ങള്‍ അവിടെ അധിക ബാഗേജിന് ചാര്‍ജ് കൊടുത്തിട്ടുണ്ടോ? റസീറ്റുണ്ടോ?
അതൊന്നും ഓര്‍മയില്ല സാറേ. എമ്മാതിരി തിരിക്കായിരുന്നു. അതൊക്കെ അവര് നോക്കിക്കാണും. എന്റെ രണ്ട് ബാഗേജും കറക്ട് ആയിരുന്നു.
എന്നുവെച്ചാല്‍ ഓരോന്നും 20 കിലോ വീതം, മൊത്തം 40 കിലോ. പിന്നെ ഇതെങ്ങനെ 60 കിലോ ആയി. പറയണം മിസ്റ്റര്‍- ഓഫീസറുടെ ക്ഷമ നശിച്ചു തുടങ്ങി.
അതിപ്പോ എങ്ങനാ പറയാ സാറേ. വീര്‍ത്തതായിക്കാരം.
എന്തു വീര്‍ത്തതായിക്കാരം?
അതേയ് പെട്ടി രണ്ടും വീര്‍ത്തതായിരിക്കും എന്നാ പറഞ്ഞത്.
കണ്ണൂരാന്നു പറഞ്ഞിട്ട് മലപ്പുറം ഭാഷയാണല്ലോ?
പത്ത് പതിനഞ്ച് വര്‍ഷായിട്ട് അവരുടെ കൂടെയല്ലേ സാറേ?
താനെന്താ കളിയാക്കാണോ. പെട്ടി എങ്ങനാടാ വീര്‍ക്കുന്നത്?
അത് അവിടെ ഇരിക്കുന്നവരോട് ചോദിക്കണം സാര്‍.
മല്‍ബു ബാഗ് തുറന്ന് ഒരു പത്രം പുറത്തെടുത്ത് വലിയ തലക്കെട്ട് കാണിച്ചു. ഇതാണ് സാറേ വീര്‍ക്കാനുള്ള കാരണം.
എയര്‍ ഇന്ത്യയുടെ പീഡനം.