റാഷിദ് നല്‍കിയ പാഠം – നമ്മള്‍ നമ്മുടെ ഓരോ മാതാപിതാക്കളും മനസ്സിലാക്കേണ്ട പാഠം

343

പതിനാറു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു അത്ഭുത ശിശുവായിട്ടാണ് റാഷിദ്‌ എന്ന കുട്ടി ഞങ്ങളുടെ ഗ്രാമത്തില്‍ പിറന്നത്. ഗര്‍ഭം ധരിച്ചു ആറാമത്തെ മാസത്തിലുള്ള റാഷിദിന്റെ ജനനം തന്നെയാണ് അവന്‍റെ പിറവിയിലെ അത്ഭുതത്തിനു കാരണം. കുട്ടി ജീവിച്ചിരിക്കാന്‍ അമ്പതു ശതമാനം മാത്രമേ സാധ്യത ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നുള്ളൂ. മാസങ്ങളോളം ഡോക്ടര്‍മാരുടെ പരിചരണയില്‍ ആശുപത്രിയിലാണ് റാഷിദ്‌ വളര്‍ന്നത്‌. അതുകൊണ്ട്തന്നെ ഞങ്ങളുടെ കൊച്ചു ഗ്രാമത്തിലെ ഭൂരിഭാഗം പേരുടെയും പോന്നോമനയായിരുന്നു റാഷിദ്. ആ ഗ്രാമത്തില്‍ സ്നേഹവും വാത്സല്യവും ഏറ്റവും കൂടുതല്‍ ലഭിച്ചിട്ടുള്ള കുട്ടി ഏതെന്ന ചോദ്യത്തിന് രണ്ടാമതൊരു ഉത്തരം ഉണ്ടാകാന്‍ സാധ്യതയില്ല, റാഷിദ് എന്നതിന് പകരമായി. ഒരുപക്ഷെ റാഷിദിന്റെ മാതാപ്പിതാക്കളോളമോ അല്ലെങ്കില്‍ അതില്‍ കൂടുതലോ സ്നേഹവും ലാളനയും അവന്‍റെ മറ്റു കുടുംബാതികളും നാട്ടുകാരും അവനു നല്‍കിയിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

എന്നാല്‍ ഇക്കഴിഞ്ഞ ദിവസം എന്റെ ഗ്രാമം വരവേറ്റത് വലിയൊരു ഞെട്ടലോടെ യായിരുന്നു. നമ്മുടെ റാഷിദ്‌(16) വീടിനടുത്തുള്ള പേരമരത്തില്‍ തൂങ്ങി മരിച്ചു എന്ന വാര്‍ത്ത, കേള്‍ക്കുന്നവര്‍ക്കൊന്നും വിശ്വസിക്കാന്‍ കഴിയാത്തതായിരുന്നു. മരണ വാര്‍ത്ത കേള്‍ക്കുന്നവരെല്ലാം അന്തംവിട്ടു പരസ്പരം നോക്കിനിന്നു. റാഷിദിനെ അടുത്തറിയുന്ന പലരും പൊട്ടികരച്ചലോടെയാണ് ആ വാര്‍ത്തയെ സ്വീകരിച്ചത്. ഗ്രാമത്തിന്‍റെ മുഴുവന്‍ തേങ്ങലായി മാറാന്‍ ആ വാര്‍ത്തക്ക് നിമിഷങ്ങളുടെ ദൈര്‍ഘ്യമേ വന്നുള്ളൂ. ഒരു മുവായിരം രൂപയുടെ ആവശ്യമാണ്‌ റാഷിദിനെ ഈ കൊടും ചെയ്തിലേക്ക് പ്രേരിപ്പിച്ചത് എന്നറിഞ്ഞപ്പോള്‍, വീണ്ടും ദുഃഖം അതിര് കവിഞ്ഞു.

ഒരുപാട് സ്നേഹവും ലാളനയും ഏറ്റുവാങ്ങി, അതിലുമപ്പുറം സൌകര്യത്തോടെ ജീവിച്ചു വളര്‍ന്ന ഒരുകുട്ടിയുടെ – പക്വത എത്താത്ത മനസ്സിന്റെ വിവേകപൂര്‍വമല്ലാത്ത ഒരു കണ്ടെത്തലില്‍ നിന്നും ഉടലെടുത്ത ഒരു തീരുമാനമായിരുന്നുവോ ഈ കൊടും ചെയ്തിക്ക്‌ അവനെ പ്രേരിപ്പിച്ചത്? വെറുമൊരു പതിനാറു വയസ്സ് കാരന്റെ, മുവായിരം രൂപയുടെ ആവശ്യവും, അത് നേടാന്‍ കഴിയാത്ത പ്രതിസന്ധിയെ അവന്‍ നേരിട്ടതും എങ്ങിനെയെന്ന് നമ്മള്‍ ഓരോരുത്തരും ചിന്തിക്കേണ്ട വിഷയമാണ്. ഈ വിഷയം തന്നെയാണ് റാഷിദ് നമുക്ക് നല്‍കുന്ന പാഠവും.

ഇന്ന് നമ്മള്‍ ഓരോരുത്തരും മാതാപ്പിതാക്കളോ, അല്ലെങ്കില്‍ നാളെ മാതാപിതാക്കള്‍ ആകേണ്ടവരോ ആണ്. നമ്മുക്ക് ഒരു കുട്ടി ജന്മമെടുക്കാന്‍ പോകുന്നു എന്ന് കേള്‍ക്കുമ്പോഴേ എന്തെല്ലാം സങ്കല്‍പ്പങ്ങളും പ്രതീക്ഷകളുമാണ് നാം നെയ്തെടുക്കുന്നത്. അവരുടെ ഓരോ വളര്‍ച്ചയിലും എത്രമാത്രമാണ് നമ്മള്‍ സന്തോഷിക്കുന്നത്. ഇത്രമാത്രം പ്രതീക്ഷ അര്‍പ്പിച്ചു നമ്മള്‍ വളര്‍ത്തുന്ന നമ്മുടെ മക്കള്‍, നിസ്സാരമായിട്ടുള്ള ചില പ്രതിസന്ധിയെ അഭിമുഖീകരിക്കാന്‍ കഴിയാതെ ആത്മഹത്യയെ സ്വീകരിക്കുന്നത് എങ്ങിനെയാണ് നമുക്ക് ഉള്‍കൊള്ളാന്‍ കഴിയുക? നമ്മുടെ മക്കളോട് നമ്മള്‍ കാണിക്കുന്ന സ്നേഹത്തിനു ഒരു പരിതിയുമില്ല എന്ന് നമുക്കറിയാം. പ്രത്യേകിച്ച് പ്രവാസികളുടെ മക്കള്‍. ഒരു വര്‍ഷത്തിലോ രണ്ടു വര്‍ഷത്തിലോ നാട്ടില്‍ ചെല്ലുമ്പോള്‍ ഒന്നോ രണ്ടോ മാസം മാത്രം ലഭിക്കുന്ന ലീവ് സമയത്ത് എത്രമാത്രം നമ്മുടെ മക്കളോട് സ്നേഹം പ്രഘടിപ്പിക്കാന്‍ കഴിയുമെന്ന് മാത്രമാണ് ഓരോരുത്തരും ചിന്തിക്കാറുള്ളൂ. ഒരു കാര്യത്തിലും അവര്‍ക്ക് കുറവ് ഉണ്ടാകരുത് എന്ന് മാത്രമാണ് നാം ആലോചിക്കാറു. എന്നാല്‍ മക്കളെ നമ്മള്‍ സ്നേഹിക്കുമ്പോഴും അവരുടെ കാര്യങ്ങളില്‍ ഒരുപാട് താല്പര്യം കാണിക്കുമ്പോഴും അത് ചില നിബന്ധനകളിലൂടെയും, നിര്‍ദേശങ്ങളിലൂടെയും ആയിക്കൂടെ എന്നെനിക്കു തോന്നുന്നു.

എന്‍റെ മനസ്സില്‍ വന്ന ചിലചോദ്യങ്ങളാണ് ഇത്.

നമ്മുടെ ഇല്ലായ്മയെയും, കഷ്ടപ്പാടുകളെയും നമ്മുടെ മക്കളെ അറിയിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരല്ലേ?

ആയിരം രൂപയുടെ ആവശ്യം നമ്മുടെ മക്കള്‍ക്ക്‌ വരുമ്പോള്‍ അത് നമ്മള്‍ അവര്‍ക്ക് കൊടുക്കുന്നതോടുകൂടെ, അത് നേടാന്‍ നമ്മള്‍ സഹിച്ചിട്ടുള്ള ത്യാഗവും അവരെ ബോധ്യപ്പെടുത്തുന്നതല്ലേ നല്ലത്?

നാട്ടിലെ, നമ്മുടെ വരുമാനവും ചിലവും അവരെ നേരിട്ട് ബോധ്യപ്പെടുത്താന്‍ – ഓരോ ദിവസത്തെയും വരവ് ചിലവുകള്‍ അവരെ അറിയിക്കുകയും, അവരെക്കൊണ്ടു തന്നെ ഒരു പുസ്തകത്തില്‍ അത് ദിവസവും എഴുതിപ്പിക്കുകയും ചെയ്യുകയാണെങ്കില്‍ കാശിന്റെ മൂല്യം അവര്‍ മനസ്സിലാക്കുകയും അതനുസരിച്ച് ജീവിതത്തെ ക്രമപ്പെടുത്താന്‍ അവര്‍ സ്വയം പര്യാപ്തമാവുകയും ചെയ്യില്ലേ?

ഒരു രൂപ അവര്‍ നമ്മോടു ആവശ്യപ്പെടുമ്പോള്‍, അത് എന്തിനെന്നും എങ്ങിനെ ചിലവാക്കിയെന്നും വ്യക്തമായി നമ്മള്‍ അറിഞ്ഞിരിക്കേണ്ടതില്ലേ?

നമ്മുടെ മക്കള്‍ അവരുടെ ജീവിതത്തില്‍ ശ്രദ്ദിക്കേണ്ട സത്യസന്തത, വിശ്വാസ്യത, ധൈര്യം, സ്നേഹം, മാന്യത, സഹാനുഭൂതി, വൃത്തി, ക്ഷമ എന്നിവയെ കുറിച്ച് വിശദമായ ഒരു ചാര്‍ട് ഉണ്ടാക്കി അവര്‍ കിടക്കുന്ന മുറിയില്‍ തൂക്കി ഇടുകയും, ദിവസവും ഒരു തവണ അവരെക്കൊണ്ടു അത് വായിപ്പിക്കുകയും ചെയ്യുന്നത് നല്ലതല്ലേ?

പതിനെട്ടു വയസു വരെയെങ്കിലും മൊബൈല്‍, ഇന്റെനെറ്റ് എന്നിവ സ്വകാര്യമായി ഉപയോഗിക്കാന്‍ അവര്‍ക്ക് നല്കാതിരുന്നുകൂടെ?

പെണ്‍കുട്ടികളാണെങ്കില്‍ അവരെ വിവാഹം ചെയ്തു വിടുന്നത് വരെ മാതാവ് അറിയാത്ത ഒരു രഹസ്യവും അവര്‍ക്കുണ്ടാകരുത് എന്ന നിബന്ധന പാലിച്ചുകൂടെ?

മക്കള്‍ ഉപയോഗിക്കുന്ന പുസ്തകങ്ങള്‍ എപ്പോഴും മാതാപ്പിതാക്കള്‍ എടുത്തു നോക്കുകയും കിടപ്പ്മുറി ശ്രദ്ദിക്കുകയും ചെയ്യുന്നത് നല്ലതല്ലേ?

മാസത്തില്‍ ഒരു തവണയെങ്കിലും അവര്‍ പഠിക്കുന്ന സ്കൂളില്‍ പോയി ഓരോ വിഷയവും എടുക്കുന്ന ടീച്ചര്‍മാരെ നേരിട്ട് കാണുകയും അവരെ കുറിച്ചുള്ള കാര്യങ്ങള്‍ തിരക്കുകയും ചെയ്തുകൂടെ?

ഒരുപാട് കര്‍ശന നിബന്ധനകളും നിര്‍ദ്ദേശങ്ങളും അവരുടെമേല്‍ കെട്ടിവെക്കാതെ, മക്കള്‍ സ്കൂള്‍ വിട്ടു വീട്ടില്‍ വന്നാല്‍ അവര്‍ക്ക് കളിക്കാനുള്ള സമയം നമ്മള്‍ തന്നെ കണ്ടെത്തി കൊടുക്കുന്നത് നല്ലതല്ലേ?

പഠനത്തിലൂടെയും മറ്റും മക്കള്‍ വലിയ ഉദ്യോഗാര്‍ഥികളാകണം എന്ന് ആഗ്രഹിക്കുന്നതോടുകൂടെ, അവര്‍ വലുതാകുമ്പോള്‍ ദയയും ക്ഷമയുമുള്ള നല്ലൊരു മനുഷ്യസ്നേഹിയും ആകണം എന്നും നമുക്ക് കരുതിക്കൂടെ?
കുട്ടികള്‍ കൂടുതല്‍ ചിന്തിചിരിക്കുകയോ, ദുഖഭാവം മുഖത്ത് നിഴലിക്കുകയോ കണ്ടാല്‍ ഉടനെ അതിന്റെ കാരണം അന്വേഷിക്കുകയും അത് പരിഹരിക്കാനുള്ള ഏര്‍പ്പാടുകള്‍ മാതാപ്പിതാക്കള്‍ ചെയ്യേണ്ടതുമല്ലേ?
മക്കളുടെ കൂട്ടുകാരെ കുറിച്ച് വ്യക്തമായ ഒരു ധാരണ നമുക്കുണ്ടാകേണ്ടതില്ലേ?

നമ്മളോട് എന്തും തുറന്നു പറയാനും ചോദിക്കാനുമുള്ള സ്വാതന്ത്ര്യം മക്കള്‍ക്ക്‌ നല്‍കേണ്ടതില്ലേ?

ആത്മ വിശ്വാസം വര്‍ദ്ധിപ്പിക്കുന്ന നിലയിലുള്ള ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും എപ്പോഴും മക്കള്‍ക്ക്‌ നല്‍കേണ്ടതു അനിവാര്യമല്ലേ?

Advertisements