ഞങ്ങള്‍ അടിച്ചൊതുക്കപ്പെട്ടേക്കാം, പക്ഷെ, അടിയറവുപറയാതെ അടിച്ചമര്‍ത്തപ്പെടാതെ ഞങ്ങള്‍ നിലകൊള്ളും

200

ഞങ്ങള്‍ അടിച്ചൊതുക്കപ്പെട്ടേക്കാം, പക്ഷെ, അടിയറവുപറയാതെ അടിച്ചമര്‍ത്തപ്പെടാതെ ഞങ്ങള്‍ നിലകൊള്ളും.
പ്രിയപ്പെട്ട അച്ഛാ, മെച്ചപ്പെട്ട ഒരു ഇന്ത്യയ്ക്കായുള്ള പോരാട്ടമാണ് നമ്മള്‍ നടത്തുന്നതെന്ന് ആ തെമ്മാടികള്‍ക്ക് മനസ്സിലാകുകയില്ല; സഞ്ജീവ് ഭട്ടിന്റെ മകന്‍ എഴുതിയ കത്ത്

വിവര്‍ത്തനം : ഷെമിന്‍ അബ്ദുല്‍സലാം

പ്രിയപ്പെട്ട അച്ഛാ,

ദീപാവലി ആശംസകള്‍. വീട്ടില്‍നിന്നും കുടുംബത്തില്‍നിന്നും അകലെയുള്ള താങ്കളുടെ രണ്ടാമത്തെ ദീപാവലിയാണിത്. പക്ഷെ, അതൊരു പ്രശ്‌നമേയല്ല. കാരണം, താങ്കള്‍ വരാനായി കാത്തിരിക്കുകയും പോരാടുകയും ചെയ്യുന്ന ലക്ഷക്കണക്കിനാളുകളുടെ കുടുംബങ്ങള്‍ ഇപ്പോള്‍ താങ്കളുടേത് കൂടിയാണ്.

ഒരാളെ തടവിലാക്കുന്നതിനോടൊപ്പം തെറ്റിനെതിരെ പോരാടാനുള്ള അയാളുടെ ആര്‍ജ്ജവത്തെയും ഊര്‍ജ്ജത്തെയും തടവിലാക്കാനാവില്ലെന്നത് തീരാപ്പകയുമായി നടക്കുന്ന നിരക്ഷരരായ ഈ തെമ്മാടികള്‍ക്ക് മനസ്സിലാക്കാനാവില്ല. അവര്‍ക്ക് നിങ്ങളെ കുടുംബത്തില്‍നിന്നും അകറ്റിനിര്‍ത്താനായേക്കാം, പക്ഷെ ഞങ്ങളുടെ പ്രാര്‍ത്ഥനയെയും ആശീര്‍വാദത്തെയും നിങ്ങളില്‍നിന്ന് അകറ്റിനിര്‍ത്താനാവില്ല. ഏറ്റവും പ്രധാനപ്പെട്ട വസ്തുതയെന്തെന്നാല്‍, സത്യത്തെ മറച്ചുവെക്കാന്‍ അവര്‍ക്ക് പരിശ്രമിക്കാം, പക്ഷെ സത്യത്തില്‍ നിന്ന് ഒളിഞ്ഞുനില്‍ക്കാന്‍ അവര്‍ക്കാവില്ല.

നമ്മുടെ കുടുംബത്തെ സംബന്ധിച്ചിടത്തോളം കഠിനമായ കാലമായിരുന്നു കഴിഞ്ഞ ഒരു വര്‍ഷവും മൂന്നുമാസവും. അവര്‍ നമ്മുടെ വീട്ടില്‍ കയറി അത് നശിപ്പിച്ചു; അതിരാവിലെ വീട്ടില്‍ കയറിവന്ന് താങ്കളെ പിടിച്ചുകൊണ്ടുപോയി. നിങ്ങളെ നിശ്ശബ്ദനാക്കാനും വേദനിപ്പിക്കാനുമുള്ള ശ്രമത്തിനിടയില്‍ ദിവസങ്ങള്‍ കഴിയുന്തോറും അവര്‍ അധഃപതിച്ചുകൊണ്ടേയിരുന്നു. എന്നാല്‍, അവര്‍ക്ക് ഉള്‍ക്കൊള്ളാനാവാതെ പോയത് അങ്ങേയറ്റം ശക്തനായ ഒരാളുടെ ശക്തമായ കുടുംബമാണ് നമ്മുടേതെന്നതാണ്. അവര്‍ ഞങ്ങളെ വേദനിപ്പിക്കാനും ഭീതിപ്പെടുത്താനും ശ്രമിച്ചുകൊണ്ടേയിരിക്കുന്നുണ്ടാകാം, ചിലപ്പോള്‍ അതിലവര്‍ വിജയിച്ചേക്കാം. പക്ഷെ, അവര്‍ക്കൊരിക്കലും ഞങ്ങളെ തകര്‍ക്കാനാവില്ല.

ദീദിയും ഞാനും നിങ്ങളെ നോക്കിയാണ് വളര്‍ന്നത്, ഇപ്പോഴും അതുതന്നെയാണ് ചെയ്യുന്നത്. ചെറുപ്പംമുതലേ ഞങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനായ കാര്യം ‘എന്തു സംഭവിച്ചാലും എല്ലായിപ്പോഴും സത്യത്തിനായി നിലകൊള്ളുക’ എന്നതാണ്. ഞങ്ങളുടെ ഉള്ളില്‍ ഉറച്ചുപോയ ഒരു കാര്യമാണത്, അത് എന്നെന്നേക്കും ഞങ്ങള്‍ക്കുള്ളില്‍ നിലനില്‍ക്കുകയും ചെയ്യും. ഈ തെമ്മാടികള്‍ കുടുംബത്തിന്റെയും സത്യത്തിന്റെയും ശക്തിയെന്താണെന്ന് മനസ്സിലാക്കിയെങ്കില്‍ എന്നാഗ്രഹിച്ചു പോവുകയാണ്. പക്ഷെ, ആരെയാണോ ഞങ്ങള്‍ കളിയാക്കുന്നത് അവര്‍ക്ക് ശരി തെറ്റ് തിരിച്ചറിയാനെങ്കിലും ധാര്‍മ്മികതയെക്കുറിച്ച് അറിവുണ്ടായിരിക്കണം.

ഈ 24 വയസ്സിനിടയില്‍ സ്‌നേഹപൂര്‍വ്വമല്ലാത്ത ഒരോര്‍മ പോലും എനിക്ക് നിങ്ങളെക്കുറിച്ചില്ല. നിങ്ങളൊരു സത്യസന്ധനും ധര്‍മ്മിഷ്ടനുമായ പൊലീസ് ഓഫീസര്‍ മാത്രമായിരുന്നില്ല, സ്‌നേഹനിധിയായ ഭര്‍ത്താവും അതിലുപരി ഏതൊരു കുഞ്ഞും ആഗ്രഹിക്കുന്ന വാത്സല്യനിധിയായ അച്ഛനുമായിരുന്നു. രാവിലെ 6 മണിക്ക് എഴുന്നേല്‍ക്കുന്നതുമുതല്‍ തിരക്കുകള്‍ക്കിടയിലും ഞാന്‍ ക്രിക്കറ്റ് പ്രാക്ടീസിന് സമയത്തിന് എത്തിച്ചേരുന്നുണ്ടെന്ന് ഉറപ്പിച്ചും, സ്‌കൂളിലേക്ക് പോകുന്നതിനുമുമ്പ് രുചിയേറിയ പ്രാതല്‍ തയ്യാറാക്കിയും കഴിയുന്നിടത്തോളം സമയം ഞങ്ങളുടെ കൂടെ ചെലവഴിക്കാന്‍ നിങ്ങള്‍ ശ്രദ്ധിച്ചിരുന്നു. എങ്ങനെ ഒരു ബൈക്ക് ഓടിക്കണമെന്ന് നിങ്ങള്‍ എന്നെ പഠിപ്പിച്ചു, കായികാധ്വാനത്തിന്റെയും ശാരീരികക്ഷമതയുടെയും പ്രാധാന്യം നിങ്ങളെന്നെ പഠിപ്പിച്ചു, ഭാഷയുടെയും വിദ്യാഭ്യാസത്തിന്റെയും പ്രാധാന്യം നിങ്ങളെന്നെ പഠിപ്പിച്ചു. മറ്റെന്തിനേക്കാളുമുപരി ആളുകളെയും അവരുടെ നിലപാടുകളെയും എങ്ങനെ ബഹുമാനിക്കണമെന്ന് നിങ്ങളെന്നെ പഠിപ്പിച്ചു. നിങ്ങളെന്നെ ഇന്നു കാണുന്ന ഞാനാക്കി മാറ്റി.

കഴിഞ്ഞ കുറച്ചുമാസങ്ങള്‍ ഞങ്ങള്‍ക്കെല്ലാം ബുദ്ധിമുട്ടേറിയതായിരുന്നു. പക്ഷെ ഞങ്ങള്‍ എന്നത്തേക്കാളുമേറെ ശക്തരായി നീതിക്കായുള്ള പോരാട്ടത്തില്‍ താങ്കളുടെ കൂടെയുണ്ട്. ഇന്ന് ഇത് നിങ്ങളെക്കുറിച്ചു മാത്രമല്ല, അല്ലെങ്കില്‍ നമ്മെക്കുറിച്ചുമാത്രമല്ല, മറിച്ച് സത്യത്തിന്റെയും സത്യസന്ധതയുടെയും ശക്തിയില്‍ വിശ്വസിക്കുന്ന ഓരോ വ്യക്തിക്കുമായുള്ള പോരാട്ടമാണ്.

ഇന്നത്തെ നിലയില്‍ എത്തിച്ചേരാന്‍ കഠിനപ്രയത്‌നം ചെയ്ത, നിരക്ഷരരായ രാഷ്ട്രീയ മേലാളന്മാരുടെ ഇച്ഛകള്‍ക്കനുസരിച്ച് തുള്ളാതെ പൊതുജനത്തിന്റെയും സമൂഹത്തിന്റെയും നന്മയ്ക്കു വേണ്ടി പ്രയത്‌നിച്ച ഓരോ പൊലീസ് ഓഫീസറെയും ഉദ്യോഗസ്ഥരെയും കുറിച്ചാണ് ഇത്. ഇത് ഒരു മെച്ചപ്പെട്ട ഇന്ത്യക്കുവേണ്ടിയുള്ള പോരാട്ടമാണ്; അഭിപ്രായ സ്വാതന്ത്ര്യത്തിന് മൂല്യം കല്പിക്കുന്ന, തിന്മകള്‍ക്കെതിരെ നിലപാടെടുക്കുന്നതിന് കുടുംബങ്ങളെ ശിഥിലമാക്കാത്ത ഒരു ഇന്ത്യക്കുവേണ്ടി.

തെറ്റായ ഒരു കീഴ്‌വഴക്കമുണ്ടാക്കാനാണ് ഈ ഭരണം ശ്രമിക്കുന്നത്. ഈ രാജ്യത്തിലെ ഉത്തരവാദിത്വമുള്ള പൗരന്മാരെന്ന നിലയില്‍ അത് സംഭവിക്കാന്‍ നമ്മള്‍ അനുവദിക്കുകയില്ല.

ഈ സമയം കഠിനമായതാണെന്ന് എനിക്കറിയാം. ഈ സ്വേച്ഛാധിപത്യ ഭരണത്തിനെതിരെയുള്ള പോരാട്ടം തുടരുമ്പോള്‍ ഒരുപക്ഷെ ഇത് ഇനിയും കഠിനമായേക്കാം. പക്ഷെ ഒരു കാര്യം എനിക്ക് തീര്‍ത്തുപറയാനാകും – നിങ്ങളുടെ കുടുംബവും ഓരോ ഇന്ത്യക്കാരനും അല്പമെങ്കിലും ധാര്‍മ്മികതയുള്ള സ്വതന്ത്രചിന്തകരായ ലോകത്തിലെ ഓരോ വ്യക്തിയും ഈ പോരാട്ടത്തില്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. നിങ്ങള്‍ തനിച്ചല്ല, ഒരിക്കലും തനിച്ചാവുകയുമില്ല. ഓരോ ചുവടിലും ഞങ്ങള്‍ കൂടെയുണ്ട്.

വര്‍ഷങ്ങളായി നിങ്ങള്‍ ഞങ്ങളുടെ കരുത്തിന്റെ ഉറവിടമാണ്, ഇനി ഞങ്ങള്‍ നിങ്ങള്‍ക്ക് കരുത്താകട്ടെ. തിന്മയ്ക്കുമുകളില്‍ നന്മയുടെ തിരിച്ചുവരവിനെ അടയാളപ്പെടുത്തുന്ന ഉത്സവമാണ് ദീപാവലി. നിങ്ങള്‍ ഞങ്ങളുടെ അടുത്ത് തിരിച്ചെത്തുന്ന ദിവസമാണ് ഞങ്ങളുടെ ദീപാവലി.
ഞങ്ങള്‍ അടിച്ചൊതുക്കപ്പെട്ടേക്കാം. പക്ഷെ, അടിയറവുപറയാതെ അടിച്ചമര്‍ത്തപ്പെടാതെ ഞങ്ങള്‍ നിലകൊള്ളും.
ഒരുപാട് സ്‌നേഹത്തോടെ, അഭിമാനത്തോടെ, വോളിബോളിലും ഭക്ഷണത്തിലും നിങ്ങളുടെ പങ്കാളിയായിരുന്നവന്‍.

ശന്തനു സഞ്ജീവ് ഭട്ട്