കത്തുകളുടെ പൂക്കാലം

466

ഒരിക്കല്‍ കത്തുകളുടെ പൂക്കാലം ഉണ്ടായിരുന്നു. നിലാവില്‍ കൊഴിയുന്ന ഇലഞ്ഞിപ്പൂക്കള്‍പോലെ അവ മനസ്സില്‍ പരിമളം പരത്തും. കത്തുകള്‍ക്കായി ഒരു കാത്തിരുപ്പുണ്ടായിരുന്നു. ഹാ.. പറഞ്ഞറിയിക്കാന്‍ വയ്യ അതിന്‍റെ ലഹരി. എഴുതിയതിന്നും വായിച്ചതിന്നും എണ്ണമില്ല. അങ്ങിനെ ഉള്ളവയില്‍ ഏതാണ്ട് പതിനഞ്ച് വർഷം മുൻപ് ഒരഛൻ കുട്ടികളുടെ അമ്മക്ക് കുറച്ച് മരുന്ന് പാർസൽ അയക്കവേ മരുന്നിനൊപ്പം അയച്ച ഒരു കത്ത്‌ ഈയ്യിടെ വായിക്കാന്‍ ഇടയായി. മരുന്ന് മാത്രം പാർസലായി കിട്ടുമ്പോൾ അസുഖത്തെക്കുറിച്ചാവും കുട്ടികളുടെ അമ്മ ചിന്തിക്കുക. എന്നാൽ ഒപ്പം കൈവള്ളയില്‍ ഇത്തിരി അക്ഷരം കൂടി ചേര്‍ത്ത് മരുന്ന് കിട്ടുമ്പോൾ അസുഖത്തില്‍ വേദനിക്കുന്ന മനസ്സിന്റെ മൂർധാവിൽ ഒരു മുഖസ്പർശം അനുഭവപ്പെടും. ആ സന്തോഷത്തോടെ കത്തിലെ വരികളിൽ ചിലത് അവർ ഇങ്ങിനെ വായിച്ചു….

“മരുന്ന് അയക്കുന്നു.
സന്തോഷത്തോടെയും പ്രാർത്ഥനയോടെയും കഴിക്കുക..
നിനക്ക് എല്ലാവിധ ആയുസ്സും ആരോഗ്യവും സന്തോഷവും
ജീവിതാവസാനം വരെ ഉണ്ടാകട്ടെ.
നിന്റെ സ്നേഹത്തിന്റെ മധുരം നുണഞ്ഞ് നമ്മുടെ കുട്ടികൾ
നിശ്ചയദാർഡ്യത്തോടെയും, പ്രസരിപ്പോടെയും, പരസ്പര സ്നേഹത്തോടെയും വളരട്ടെ.
നീ എവിടെ നിൽക്കുന്നുവോ അവിടെയുള്ളവർ നിന്റെ സ്നേഹത്തിന്റെ പ്രകാശം അനുഭവിക്കട്ടെ.. മനസ്സിൽ എന്നും ക്യഷ്ണ സങ്കൽപ്പം നിറക്കുവാൻ നിനക്കു കഴിയട്ടെ..
ക്യഷ്ണസങ്കൽപ്പം എന്നാൽ സമസ്ത ജീവജാലങ്ങളോടും അവയ്ക്ക് ചുറ്റുമുള്ള
പ്രക്യതിയോടും ഉളവാകുന്ന അദമ്യമായ പ്രണയമാണ്. നിന്നിൽ കത്തിച്ചു തന്ന ആ പ്രണയം എന്നെന്നും നിലനിന്നു കാണാൻ എനിക്ക് ഭാഗ്യം ഉണ്ടാകട്ടെ….”

അതങ്ങിനെ തുടരും..………….

എന്നാൽ കാലം കഴിയവേ ഇടക്കെവിടെയോ.. എഴുത്തിനെ തല്ലി വീഴ്ത്തി സെൽഫോൺ വന്നു. പോസ്റ്റ്മാനും തപാൽ സ്റ്റാമ്പും പടിയിറങ്ങി. അക്ഷരത്തിനു പകരം ശബ്ദമായി. കയ്യില്‍ കത്തുകളുടെ കൂമ്പാരം പിടിച്ചിരുന്ന പോസ്റ്റ്‌മാന്റെ കീശയില്‍ പോലും ശബ്ദിക്കുന്ന സെല്‍ഫോണ്‍ ആയി. മറുവഴിയില്ലാതെ, കാലം തെളിക്കുന്ന വഴിയേ നടന്ന്‍ ആ അഛനും കുട്ടികളുടെ അമ്മക്ക് എവിടെ വെച്ചും അക്ഷരങ്ങള്‍ക്ക് പകരം ശബ്ദം മാത്രം നൽകി. കുട്ടികളുടെ അമ്മയും ശബ്ദം മാത്രം കേൾക്കുകയായി..
“…ഹല്ലോ..”
“..ഹല്ലോ…അവിടെ എത്തിയോ ..?…”
“ദാ.. എത്തി.. നീ എന്താ ചെയ്യുന്നത്..?….”
“.ഇത്തിരി ഉറങ്ങി…”
“മരുന്ന് വാങ്ങിയോ..?…….”
“ഇല്ല..”.
“ നല്ല ആള്.. എന്താ വാങ്ങാഞ്ഞേ….”
”സാരംല്ല്യ. ഭക്ഷണം കഴിച്ചോ.”
” ചപ്പാത്തി കഴിച്ചു.. താർപാളിൻ മാതിരി ഒരു ഷീറ്റ്.. മക്കള് വന്നോ..”
“ഇല്ല. വരാന്‍ സമയം ആവുന്നേ ഉള്ളു.. ബില്ലടച്ചോ.. ” “
“ഇല്ല ..അടക്കണം…”
“ആരോഗ്യം ശ്രദ്ധിക്കണം. രാവിലെ നടക്കാന്‍ മറക്കരുത്…”
“നേരം വെളുത്തിട്ട് നടന്നാ പോരെ…?”
“മതി.. “.
“നീയും ആരോഗ്യം ശ്രദ്ധിക്ക്.. എന്റെ ആരോഗ്യം ശ്രദ്ധിച്ച് ശ്രദ്ധിച്ച് ആരോഗ്യത്തിന് തന്നെ ഇപ്പോ ദേഷ്യം പിടിച്ചിരിക്കയാണ്..”
“ടെലഫോണ്‍ ബില്ല് വന്നു…”
“എത്ര..?!!”
“………..”
“സാരല്ല്യ. പൈസ ഇല്ലാത്തതുകൊണ്ട് പേടിയില്ല. അടക്കെണ്ടല്ലോ. എന്നാ വെച്ചേക്കട്ടെ…? ”
ക്ണിം……

ഇപ്പോള്‍ പ്രണയവും സല്ലാപവും പരിഭവവും ചിരിയും കരച്ചിലും എല്ലാ ഒരു ‘ക്ണിം……’ ശബ്ദത്തില്‍ അവസാനിക്കുന്നു. ഇല്ലാതാവുന്നത് വസന്തകാലത്തിലെ പൂമരങ്ങള്‍ അല്ല. അവയിലെ പൂച്ചില്ലകള്‍ക്കിടയില്‍ തഴുകി വീശിയിരുന്ന കാറ്റാണ് … ആ കാറ്റിനെ തിരിച്ചു പിടിച്ചേ പറ്റൂ…. വീണ്ടും കത്തുകളിലേക്ക് കടക്കണം. ഇന്‍ലന്‍റനിപ്പോള്‍ എന്താവും വില..?..