കണിച്ചുകുളങ്ങര താലിചാർത്ത് കഴിഞ്ഞു; ഒരുകുട്ടിയെ കൊലയ്ക്കും കൊടുത്തു; യുക്തിവാദികളാരും അറിഞ്ഞില്ലേ?

197
Libi C S
കണിച്ചുകുളങ്ങര താലിചാർത്ത് കഴിഞ്ഞു; ഒരുകുട്ടിയെ കൊലയ്ക്കും കൊടുത്തു; യുക്തിവാദികളാരും അറിഞ്ഞില്ലേ?
കൃപാസനം തട്ടിപ്പ് ആദ്യമായി പുറത്തുകൊണ്ടുവന്നതും ചർച്ചയാക്കിയതും ജന്മം കൊണ്ട് ക്രിസ്‌ത്യാനികൾ ആയവർ തന്നെയായിരുന്നു. അവരിൽ യുക്തിവാദികളും വിശ്വാസികളുമുണ്ട്. എന്നാൽ അതിന് തൊട്ടടുത്തു കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ,കുട്ടികളെ ചിക്കര ഇരുത്ത്‌ എന്ന പേരിൽ നടത്തുന്ന തട്ടിപ്പു പരിപാടിവർഷങ്ങളായി തുടർന്നുവരുന്നുണ്ട്.
21.ദിവസം കട്ടികളെ സ്കൂൾ വിദ്യാഭ്യാസം നിഷേധിച്ചു കൊണ്ടും, മനുഷ്യാവകാശങ്ങൾ നിഷേധിച്ചു കൊണ്ടും, വീട്ടിൽ പോകാൻ അനുവദിക്കാതെ തടവറയിൽ ഇട്ടു പീഢിക്കുന്ന ഈ പരിപാടിക്കെതിരെ 2014 മുതൽ പിപി സുമനൻ ഒറ്റയാൾ സമരം നയിക്കുകയും നിരവധി തവണ പരാതികൾ നൽകുകയും ബാലാവകാശക്കമ്മീഷൻ കേസ് എടുക്കുകയും ചെയ്‌തെങ്കിലും ഉന്നതരുടെ രാഷ്ട്രീയ ഇടപെടലിലൂടെ കേസ് ഒതുക്കി തീർക്കുകയുമായിരുന്നു.
ഈ പരിപാടിയിൽ പങ്കെടുക്കുന്ന കുട്ടികളിൽ നിന്നും, വാടക ഇനത്തിലും മറ്റു പല വിധ ഇനത്തിലുമായി ലക്ഷങ്ങളുടെ ബിസിനസാണ് നടക്കുന്നത്, മുൻ കാലങ്ങളിൽ ഇതിനെതിരെ പ്രതികരിച്ചവരെ ക്വട്ടേഷൻ വധഭീഷണി മുഴക്കി ഭയപ്പെടുത്തി പിൻതിരിപ്പിച്ചു എങ്കിലും സുമനൻസാർ ഈ ഭീഷണികളും സൈബർ ആക്രമണങ്ങളും നേരിട്ടുകൊണ്ട് കഴിഞ്ഞവർഷം വരെ ഇതിനെതിരെ പ്രതികരിച്ചിരുന്നു. എന്നാൽ ഒരു സംഘടനകളും ഇത് ഏറ്റെടുക്കാൻ നാളിതുവരെ തയാറായില്ല . ഇനിയൊട്ട് ഏറ്റെടുക്കാനും പോകുന്നില്ല. സോഷ്യൽമീഡിയയിൽ പോലും പണ്ടുമുതൽ പ്രതികരിക്കുന്നവരെ വളഞ്ഞിട്ടാക്രമിക്കലും അകൗണ്ട് പൂട്ടിക്കലും ഒക്കെയാണ് ചെയ്തുവരുന്നത് .
സർക്കാർ ഈ അന്ധവിശ്വാസ തട്ടിപ്പിനും സർക്കാർ ഖജനാവിൽ നിന്ന് പണവും അനുവദിച്ചിരുന്നു.അഞ്ചുകോടിരൂപ മുടക്കി നിർമ്മിക്കുന്ന അമ്പലത്തിലെ പില്ഗ്രിം ഫെസിലിറ്റെഷന് സെന്ററിൻറെ ഉദ്‌ഘാടനം മുഖ്യമന്ത്രിയാണ് കഴിഞ്ഞവർഷം നിർവഹിച്ചത്. കൊച്ചുകുട്ടികള് നേര്ച്ചയായി ഉത്സവകാലത്ത് 21 ദിവസം ഭജനയിരിക്കും. അവര്ക്ക് പലപ്പോഴും താമസിക്കാന് ഇടം കിട്ടാറില്ല. പണ്ട് താല്ക്കാലിക ഷെഡ്കളില് ആയിരുന്നു താമസം. ഇപ്പോള് അമ്പലത്തിനു ചുറ്റും ലോഡ്‌ജും മറ്റും വന്നിട്ടുണ്ട് . ഈ ചിക്കര കുട്ടികള്ക്കും കുടുംബങ്ങള്ക്കും താമസിക്കാനുള്ള ഒരു ആധുനീക സങ്കേതം ആയിരിക്കും ഈ പില്ഗ്രിം ഫെസിലിറ്റെഷന് സെന്റര്.
ഭജനയിരിക്കാന് വരുന്ന പതിനായിരക്കണക്കിന് കുട്ടികളുടെയും ബന്ധുക്കളുടെയും കക്കൂസ് മാലിന്യം ഈ പ്രദേശത്തെ ഗൌരവമേറിയ ഒരു പ്രശ്‌നമാണ്. ദിവസവും 30000 ലിറ്റര് സെപ്‌റ്റെജ് ട്രീറ്റ് ചെയ്യാന് ശേഷിയുള്ള വണ്ടി ഈ പ്രദേശത്ത് തന്നെയുണ്ടാവും, പ്രളയകാലത്ത് ക്യാമ്പുകളിലെ മാലിന്യം കൈകാര്യം ചെയ്‌ത വണ്ടി തന്നെ. ലോഡ്ജുകളില് നിന്നും ശൌചാലയങ്ങളില് നിന്നും സെപ്‌റ്റെജ് ഇവിടെ കൊണ്ട് വന്നു എത്തിക്കുന്നതിനുള്ള ചെറുവണ്ടികളും ഏര്പ്പാട് ചെയ്‌തിട്ടുണ്ട്.ഇത്തരത്തിലുള്ള സെപ്‌റ്റെജ് ട്രീറ്റ്‌മെന്റ് വണ്ടികളുടെ ചെലവിന്റെ അന്പത് ശതമാനം സര്ക്കാരില് നിന്ന് സബ് സിഡി ആയി നല്കാനും ബജറ്റില് പ്രഖ്യാപനം ഉണ്ടായിരുന്നു.
എന്നാൽ കൃപാസന തട്ടിപ്പിനെതിരെ സത്യസന്ധമായ വാർത്തകളും വ്യാജവാർത്തകളും സ്‌പെഷ്യൽ റിപ്പോർട്ടുകളുമൊക്കെ പടച്ചു വിട്ടവരും സമരം ചെയ്തവരും കാണിച്ച ആവേശമോ ആർജ്ജവമോ അതിനെ ഹൈജാക്ക് ചെയ്യാനുള്ള വ്യഗ്രതയോ ഒന്നും അഭിനവ യുക്തരോ ഓൺലൈൻ മാധ്യമക്കാരോ പിന്നീട് കണിച്ചുകുളങ്ങര വിഷയത്തിലും ഇടപെടുമെന്ന് പറഞ്ഞ കൃപാസനം മാർച്ച് സംഘടിപ്പിച്ച യുക്തരെയോ കണ്ടില്ല. ഇന്നലെ തലവടി സ്വദേശിയായ ഒരുകുട്ടി അമ്പലക്കുളത്തിൽ മുങ്ങിമരിച്ചിരുന്നു. ക്ഷേത്രത്തിൽ അമ്മൂമ്മയോടൊപ്പം ഭജനമിരിക്കാൻ വന്ന വിശാൽ കൃഷ്ണൻ (കണ്ണൻ) എന്ന ഒൻപത് വയസ്സ്കാരനാണ് ക്ഷേത്രക്കുളത്തിൽ കാൽവഴുതി വീണ് മുങ്ങിമരിച്ചത്. തലവടി പടിഞ്ഞാറേത്തറയിൽ വാടകവീട്ടിൽ താമസിക്കുന്ന വിചിത്ര – ബോസ് ദമ്പതികളുടെ മകനാണ് മരിച്ചത്. അമ്മൂമ്മ സുബമ്മയോടൊപ്പമാണ് വിശാൽ ക്ഷേത്രത്തിലെത്തിയത്. കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ എന്തപകടം ഉണ്ടായാലും ഒരു മാധ്യമവും റിപ്പോർട്ട് ചെയ്യുകയുമില്ല . ഇന്ന് ആചാരപരമായ താലിചാർത്തു നടക്കുന്നു. ആരെയും പ്രതിരോധിക്കാൻ കണ്ടില്ലെന്ന് മാത്രമല്ല വിപ്ലവശിരോമണികളൊക്കെ താലിചാർത്ത് ആശംസയുടെ ഫോട്ടോകളും പ്രൊഫൈലിൽ പോസ്റ്റി മത്സരിക്കുന്ന കാഴ്ചയാണ് കണ്ടത്.
കൃപാസനം തട്ടിപ്പ് എതിർക്കപ്പെടേണ്ടത് തന്നെയാണ് എന്നാൽ അതോടൊപ്പം തന്നെ കണിച്ചുകുളങ്ങരയുടെ കാര്യത്തിൽ നടക്കുന്ന അന്ധവിശ്വാസ തട്ടിപ്പും സർക്കാർ ഖജനാവിലെ പണം ധൂർത്തടിക്കലും കാണില്ല എന്നതിലെ യുക്തിയെന്താണ്? തല്ലു കൊള്ളും എന്ന പേടിതന്നെ. അതല്ലെങ്കിൽ ശബരിമല വിഷയം വന്നപ്പോൾ കൊങ്ങിയും സംഘിയും യുക്തനുമായ ഹിന്ദുക്കളെല്ലാം ഒറ്റക്കെട്ടായിനിന്ന് സ്ത്രീകളെ പ്രതിരോധിച്ചശേഷം മുസ്ലിങ്ങൾ എല്ലാവരും തീവ്രവാദികളാണെന്നു പറയുംപോലെയാണ് ഇതും എന്ന് പറയാതെ തരമില്ല.
ആലപ്പുഴയാണെങ്കിൽ സൈന്റിഫിക്ക് ടെമ്പർ ഉണ്ടാക്കാൻ എത്രലക്ഷം വേണമെങ്കിലും ചിലവാക്കുന്ന നവ സെമിനാർ യുക്തന്മാരുടെയും പഴയ ഗോത്രയുക്തിക്കരുടെയും കേന്ദ്രമാണ് താനും.കൃപാസനം മാർച്ച് കഴിഞ്ഞയുടൻ ഇതേക്കുറിച്ച് ഞാൻ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഒരുയുക്തനും കാണിച്ചുകുളങ്ങരയിലേക്കുള്ള വഴി നിശ്ചയം ഉണ്ടാവില്ലെന്ന്.അന്ന് ചില കെവൈഎസ് പ്രവർത്തകരൊക്കെ കാണിച്ചുകുളങ്ങരയിലും വരുമെന്നൊക്കെ പ്രഖ്യാപിച്ചിരുന്നു. പക്ഷെ ആരെയും കണ്ടില്ലെന്ന് മാത്രം.ആലപ്പുഴയിൽ യുക്തി ഉത്സവം കഴിഞ്ഞ ക്ഷീണത്തിൽ ഈ ഭക്തി ഉത്സവം കാണാഞ്ഞതാവും.