ബിന്ദു അമ്മിണിക്കെതിരെ പോസ്റ്റിടുന്ന സഖാക്കൾക്ക്

181

Libi c.s എഴുതുന്നു

ബിന്ദു അമ്മിണിക്കെതിരെ പോസ്റ്റിടുന്ന സഖാക്കൾക്ക്
ചകാക്കളെ,

കൊടുങ്ങല്ലൂരിൽ സനാതനവും മനോഹരവുമായ ആചാരം ഭരണിപ്പാട്ടിനെതിരെ പ്രതികരിച്ചതിന് ആചാരസംരക്ഷകർ സഹോദരൻ അയ്യപ്പൻറെ തലയിൽ ഉറുമ്പിൻ കൂട് കുടഞ്ഞിട്ടുണ്ട്, മീൻകഴുകിയ വെള്ളം തലവഴി ഒഴിച്ചിട്ടുണ്ട്, വഴക്കുലയുടെ വാണിക്ക് അടിച്ചിട്ടുണ്ട്. കത്തിമുനയിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടിട്ടുണ്ട്. ഇതൊക്കെകടന്നാണ്‌ ചകാക്കളെ കീഴാളജനത ഇവിടെവരെ എത്തിയത്.അതിനാൽ ഇതൊന്നും കണ്ടാരും പേടിച്ചിട്ടില്ല ആചാരങ്ങളുടെ പേരിൽ അവർണ്ണരെ സവർണ്ണർ നൂറ്റാണ്ടുകളായി ആക്രമിക്കുന്നത് ഇന്നും തുടരുന്നു.

എല്ലാകാലത്തും സവർണ്ണ ഹിന്ദുക്കളുമായി സാമൂഹ്യനീതിക്ക് വേണ്ടി കലഹിക്കേണ്ട അവസ്ഥയാണ് കീഴാള ജനതയ്ക്ക്.അത് വഴിനടക്കാനും തുണി ഉടുക്കാനും വിദ്യനേടാനും മനുഷ്യനായി ജീവിക്കാനും പിന്നോക്കക്കാരുടെ ക്ഷേത്ര പ്രവേശനത്തിനും മുതൽ ഇന്ന് സ്ത്രീകളുടെ ക്ഷേത്രപ്രവേശനം വരേ. ഹിന്ദുത്വവും നവോത്ഥാനവും ഒരിക്കലും ഒന്നിച്ചു പോകില്ല എന്ന് സഹോദരന് അന്നേ മനസ്സിലായിരുന്നു.ഹിന്ദുമതം സവർണന്മാർക്ക് വേണ്ടി മാത്രം ഉണ്ടാക്കിയ മതമാണെന്ന്.അതുകൊണ്ട് കണ്ണൂരിലെ ഒരു ഉദ്ഭവദോഷിയായ നമ്പ്യാരിൽ നിന്ന് ഒരു ദളിത് സ്ത്രീയോട് ഇതിൽകൂടുതലൊന്നും ഞങ്ങൾ ആരും പ്രതീക്ഷിക്കുന്നില്ല.

മുളക് സ്പ്രേയല്ല ആസിഡ് ആക്രമണം വരെ പ്രതീക്ഷിച്ചാണ് സ്ത്രീകൾ ഇതിനിറങ്ങിതിരിച്ചത്. ആദ്യയാത്രയിൽ ബിന്ദു അമ്മിണി എന്നോട് ഫോണിൽ വിളിച്ച് ചോദിച്ച ഒരു കാര്യമാണ് ഇപ്പോൾ ഓർക്കുന്നത് ” ആസിഡ് ആക്രമണം ഉണ്ടായാൽ ഫസ്റ്റ് എയ്ഡ് എന്താണ് ചെയ്യേണ്ടത് ലിബീ ” എന്ന്. ആ ബിന്ദു അമ്മിണി മുളകു സ്പ്രെയെ എങ്ങനെ നേരിട്ടു എന്നാണ് ചകാക്കൾക്ക് അതിശയം?

കുനിഞ്ഞതിനാൽ മുഖത്ത് വീഴാതിരുന്ന മുളക് സ്പ്രേ വീണ് ബിന്ദു അമ്മിണിയുടെ ഷോൾഡർ പൊള്ളൽ ഏറ്റിട്ടുണ്ട് കണ്ണുകൾ വീർത്തു എന്നിട്ടും സന്ഘികൾ പുണ്യാഹം ആണ് തളിച്ചത് എന്നാണ് ചകാക്കളുടെ കണ്ടെത്തൽ

മുളക് സ്പ്രേയുടെ ക്വാളിറ്റിയെയും ആ സംഭവത്തിന് പിന്നിലുള്ള ഗൂഡാലോചനകളെയും അയ്യപ്പ പണിയെയും പറ്റി ആരും പഠിപ്പിക്കണ്ട. പ്രാഥമികമായി അത് ഒരു സ്ത്രീയുടെ മേൽ ഒരു പുരുഷൻ പരസ്യമായി നടത്തിയ ആക്രമണമാണ്. സാക്ഷികളുണ്ട്. വീഡിയോയുണ്ട്. നമ്പർ വൺ കേരളത്തിലെ പോലീസ് ഈ കേസിൽ എങ്ങനെയാണ് പ്രവർത്തിക്കുക എന്നറിയാൻ കാത്തിരിക്കുന്നു.

ബിന്ദു അമ്മിണിയെ ആക്രമിച്ചവനെതിരെ SC/ST അട്രോസിറ്റി ആക്റ്റ് അനുസരിച്ച് കേസെടുക്കാൻ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല!