വാഹനങ്ങൾക്കുള്ളിൽ ജീവിച്ചുമരിക്കുന്നവർ

0
576

ഒന്നു സങ്കല്പിച്ചുനോക്കൂ, ചാങ് വി എന്ന ചൈനക്കാരൻ ബെയ്ജിങിൽ നിന്നും 630 കിലോമീറ്റർ അകലെയുള്ള ഒരിടത്തേക്ക് ഔദ്യോഗികമായ ആവശ്യത്തിന് പോകുകയാണ്. അനുദിനമുള്ള യാത്രയാണ്. തന്റെ രാജ്യം അഭിമാനപൂർവ്വം അവതരിപ്പിച്ച ബുള്ളറ്റ് ട്രെയിനിൽ കയറി ചാങ് വി യാത്ര തുടങ്ങുന്നു. മണിക്കൂറിൽ 350 കിലോമീറ്ററാണ് വേഗത. ഏകദേശം ഒന്നേമുക്കാൽ മണിക്കൂർ കൊണ്ട് ലക്ഷ്യത്തിലെത്തി അയാൾ തന്റെ ജോലി ആരംഭിക്കുന്നു. മറ്റൊരു ബുള്ളറ്റ് ട്രെയിനിൽ യാത്രചെയ്തു യാത്രാക്ലേശമില്ലാതെ വൈകുന്നേരത്തോടെ വീട്ടിൽ തിരിച്ചെത്തുകയും ഭാര്യയോടും കുട്ടിക്കുമൊപ്പം അയാൾ ജീവിതം പങ്കിടുകയും ചെയുന്നു.

ഇതേ സമയം നമ്മുടെ കണ്മുന്നിലുള്ള ഒരു യാഥാർഥ്യത്തിലേക്ക് പോകാം. ഔദ്യോഗികമായ ആവശ്യത്തിനു തിരുവനന്തപുരത്തുനിന്നും മംഗലാപുരം വരെയുള്ള 630 കിലോമീറ്റർ യാത്രചെയ്യാൻ തിരുവനന്തപുരം സെൻട്രൽ റെയിൽവെസ്റ്റേഷനിൽ സുഭാഷ് എന്നൊരു യുവാവ് നിൽക്കുന്നു. സംസ്കാരത്തിൽ മാത്രം അഭിമാനം കൊള്ളുന്ന തന്റെ രാജ്യം റെയിൽവേ സിസ്റ്റം കാലോചിതമായി പരിഷ്കരിക്കാത്തതിൽ അയാൾക്ക്‌ അരിശം ഉണ്ടാകാം. എല്ലാമൊരു സ്വാഭാവികത ആയിത്തീർന്നതിനാൽ അരിശം ഉണ്ടാകാതിരിക്കുകയും ചെയ്യാം. അയ്യാൾ മുടന്തിക്കിതച്ചു പുകതുപ്പിവരുന്ന ഒരു ട്രെയിനിൽ കയറുകയും പതിമൂന്നോ പതിനാലോ മണിക്കൂറുകൾ നീണ്ട വിരസയാത്രയ്‌ക്കൊടുവിൽ ക്ഷീണിതനായി മംഗലാപുരത്തെത്തി വിശ്രമിച്ചു പിറ്റേന്നുമുതൽ ജോലി തുടങ്ങുകയും ചെയ്യുന്നു. മാസത്തിലൊരിക്കൽ മാത്രമാകും വീട്ടിൽ പോകുന്നുണ്ടാകുക.

നമ്മുടെ അകലങ്ങൾ ഒരു ചൈനക്കാരാണ് ഏറെ അടുത്തുള്ളതാണ്. .ചാങ്‌വിയും സുഭാഷും തമ്മിലിലുള്ള സമയവ്യത്യാസമായ പന്ത്രണ്ടേകാൽ മണിക്കൂറാണ്, ചൈന എന്ന രാജ്യത്തെ അപേക്ഷിച്ചു ഇന്ത്യ എന്ന രാജ്യത്തിൽ യാത്രാസൗകര്യങ്ങളുടെ അപര്യാപ്തത മൂലം ഒരാൾക്ക് നഷ്ടമാകുന്നത്. അങ്ങനെ നോക്കുമ്പോൾ കോടാനുകോടി ജനങ്ങൾക്കു (ജനങ്ങളിൽ നിന്നും) നഷ്ടമാകുന്ന സമയം എത്രമാത്രമാണ്. അതും ഇതിലും ദീർഘദൂരയാത്രകൾ ആകുമ്പോൾ, ഇരട്ടിസമയം വാഹനത്തിൽ ഹോമിക്കേണ്ടിവരുമ്പോൾ. നമ്മുടെ ഉപരിതഗതാഗതസൗകര്യങ്ങളുടെ കാര്യക്ഷമതയില്ലായ്മ എത്ര ഭീകരമായാണ് നമ്മെ തുറിച്ചുനോക്കുന്നതെന്നു മനസിലാക്കാം.

ഇന്ത്യയിൽ ജോലിചെയ്യുന്ന സ്ഥലങ്ങൾ അകലെയെങ്കിൽ ഒരാൾക്ക് അവിടെ താമസിക്കേണ്ടിവരുന്നു. ഇതിലൂടെ സമയനഷ്ടം ഉണ്ടാകില്ല എന്ന് വാദിക്കാമെങ്കിലും ഉണ്ടാകുന്ന ‘ജീവിതനഷ്ടം’ ഒരാളുടെ മാനസികമായ സന്തുലനത്തെ ഏറെ ബാധിക്കുന്നു. ജീവിക്കാൻ വേണ്ടി ബന്ധുക്കളെ പിരിയുന്ന അവസ്ഥ വിദേശങ്ങളിൽ ജോലിചെയ്യുന്ന പ്രവാസസമൂഹം നമുക്ക് വലിയ ദൈന്യതയോടെ അനുദിനം കാണിച്ചുതരുന്നു. എന്നാൽ മാതൃരാജ്യത്തിൽ മെച്ചപ്പെട്ട ഗതാഗത സൗകര്യമുണ്ടെങ്കിൽ അനുദിനം പോയിവരാവുന്ന അകലം പോലും നമുക്ക് അപ്രാപ്യമാകുന്നു.ദൂരങ്ങളിൽ നിന്നും വന്നു ജോലിചെയ്യുന്നവർ ആകുമ്പോൾ അവർക്കു വീട്ടിൽപോകാൻ മാസാമാസം ലീവനുവദിക്കേണ്ട അവസ്ഥയും വരും. അതിനായി അയ്യാൾ ആ ദിവസങ്ങളിലെ ജോലിയെ ബാധിക്കാത്ത തരത്തിൽ പലദിവസങ്ങളിലും അമിതജോലിയും ചെയ്യേണ്ടിവരുന്നു. അമിതമായ സ്‌ട്രെസും ക്ഷീണവും അയാളെ കീഴടക്കിയേക്കാം. നമ്മളിവിടെ നഷ്ടപ്പെടുത്തുന്നത് ജോലിസമയത്തെയും ബന്ധുക്കളോടൊപ്പം ചിലവഴിക്കേണ്ട അമൂല്യമായ സമയത്തെയുമാണ്. ഇവയൊന്നും ജീവിതത്തിൽ തിരിച്ചുകിട്ടില്ല.

നമ്മുടെ ട്രെയിൻ യാത്രകൾ ഇങ്ങനെയാകുമ്പോൾ ഒരാൾ എവിടെ താമസിക്കേണ്ടിവന്നാലും റോഡ് മാർഗ്ഗമുള്ള യാത്രകളിലും അയാൾ ഏറെനേരം തളച്ചിടപ്പെടുന്നു. നമ്മുടെ സമ്പത്തുകൊണ്ടു റോഡുകൾ ഉണ്ടാക്കി എന്ന് പറയുന്നതിനേക്കാൾ, റോഡുകൾ നമുക്ക് സമ്പത്തുണ്ടാക്കി തരികയായിരുന്നു എന്ന് പറയുന്നതാകും ശരി’ എന്ന ഒരു മഹദ്‌വചനം ഓർത്തുപോകുന്നു. ട്രാഫിക്ക് ബ്ലോക്കുകളും ഗട്ടറുകളും വീതിയില്ലായ്മയും കണ്ടംചെയ്യാറായ വാഹനങ്ങളും നമ്മുടെ ശാപമാകുമ്പോൾ കാറിലും ബസിലും ജീവിക്കുക തന്നെയാണ് ജനങ്ങൾ. നമ്മുടെ റോഡുകൾ സമ്പത്തുണ്ടാക്കുകയല്ല, സമ്പത്തിനെ കവർന്നെടുക്കുകയാണ് ചെയുന്നത്. അമിതമായ ഇന്ധനനഷ്ടവും വരുത്തിവയ്ക്കുന്നു. ഇംഗ്ലണ്ടിൽ ജോലിചെയ്യുന്ന എന്റെ സുഹൃത്തായൊരു ഡോകട്ർ അനുദിനം ഇരുന്നൂറോളം കിലോമീറ്റർ സ്വയം വാഹനമോടിച്ചാണ് ജോലിക്കു പോയി വീട്ടിൽ തിരിച്ചെത്തുന്നത്. ഇന്ത്യയിൽ ഇത് സങ്കൽപ്പിക്കാൻ പോലുമാകില്ലെന്നു പറയേണ്ട കാര്യമില്ലല്ലോ. വെറും പതിമൂന്നു കിലോമീറ്റർ കൊല്ലം ബൈപാസ് പണിതീരാൻ നമ്മുടെ നാട്ടിൽ നാല്പതിലേറെ കൊല്ലമെടുത്തു. അതിന്റെ ഉദ്‌ഘാടനത്തിന്റെ പേരിൽ സംസ്ഥാനത്തുണ്ടായ രാഷ്ട്രീയവാഗ്‌വാദങ്ങൾക്കും കണക്കില്ല.

ഇതൊരു ബന്ധനമാണ്. ‘വാഗൺട്രാജഡി’ പോലെ നമ്മുടെ ജീവിതത്തിന്റെ അമൂല്യമായ സമയത്തെ ശ്വാസംമുട്ടിച്ചു കൊല്ലുന്ന ബന്ധനം. ട്രെയിനുകൾ അല്പം മോടികൂട്ടി പ്രദർശിപ്പിക്കുമ്പോൾ നമുക്ക് സന്തോഷമാകും. എന്നാൽ യാത്രാവേഗം നമ്മൾ വിസ്മരിക്കുന്നു. മോശമായ ട്രാക്കുകളും മന്ദഗതിയിൽ പോകുന്ന എഞ്ചിനുകളും നിലവിലുള്ളപ്പോൾ ബോഗികൾ മോടികൂട്ടിയിട്ടു എന്തുനേടാൻ. വാഹനയാത്ര എന്നതുതന്നെ തന്നെ സമയത്തെ ലഭിക്കാനുള്ള മനുഷ്യന്റെ ത്വരയിലാണ് പ്രവർത്തികമാക്കപ്പെട്ടത്. ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങിൽ നിന്നും അവരുടെ കൊമേഴ്‌സ്യൽ ക്യാപ്പിറ്റലായ ഷാങ്‌ഹായ്‌ വരെയുള്ള 1318 കിലോമീറ്റർ മുൻപ് തണ്ടാനെടുത്തിരുന്ന സമയം പത്തുമണിക്കൂർ ആയിരുന്നെങ്കിൽ അവരുടെ ഹൈസ്പീഡ് എഞ്ചിനുകൾ ട്രാക്കിലിറങ്ങിയതിനു ശേഷം ആ വലിയ ദൂരം നാലര മണിക്കൂർ കൊണ്ടാണ് പിന്നിടുന്നത്. ജനങ്ങളോട് സ്നേഹമുള്ള ഭരണാധികാരികൾക്ക് മാത്രമേ ഇത്തരം സൗകര്യങ്ങൾ രാജ്യത്തിൽ ഏർപ്പെടുത്താൻ സാധിക്കൂ. അസ്വാതന്ത്ര്യത്തിന്റെ ചൈന അല്ല ഇന്ന്. ഏറെ ലിബറലായി മാറിയ ഒരു രാജ്യമാണത്.

സ്വാഭാവികതകൾ എന്ന പൊരുത്തപ്പെടലിൽ നമ്മൾ എല്ലാത്തിലും കോമ്പ്രമൈസ് ചെയ്യാൻ പഠിച്ചുപോയി. 630 കിലോമീറ്ററുകൾ താണ്ടാൻ പതിനാലു മണിക്കൂറുകൾ എടുക്കുമെന്ന് നമ്മൾ സ്വയം പറഞ്ഞുപഠിക്കുന്നു.മുടന്തിക്കിതയ്ക്കുന്ന വാഹനങ്ങളെ നൊസ്റ്റാൾജിയയിലൂടെ നോക്കിക്കണ്ടു കവിതകളും കഥകളും എഴുതാമെന്നല്ലാതെ അഭിമാനിക്കാൻ ഒന്നുമില്ല. വാഹനങ്ങളിലിരുന്നു വിരസപർവ്വങ്ങളെ സ്വാഭാവികതകളിൽ ആശ്വസിക്കാതെ രാജ്യത്തിൻറെ വികസനത്തിനോ ജീവിതത്തിനുവണ്ടിയോ ഉപയോഗപ്പെടുത്തേണ്ട ആ വിലപ്പെട്ട സമയങ്ങളുടെ നഷ്ടം ഇനിയെങ്കിലും നമ്മളോർക്കണം. യാത്ര വേഗത്തിലാകുമ്പോൾ കാര്യങ്ങൾ വേഗത്തിലാകുന്നു. കാര്യങ്ങൾ വേഗത്തിലാകുമ്പോൾ എല്ലാം വേഗത്തിലാകുന്നു. നാട് ആ വേഗത്തിൽ മുന്നോട്ടുപോകുന്നു. പുറംലോകത്തിന്റെ വികസനകാഴ്ചപ്പാടുകളുമായി താദാത്മ്യം പ്രാപിക്കാൻ കഴിയാത്ത ജനങ്ങളിൽ നിന്നെങ്ങനെ ദീർഘവീക്ഷണമുള്ള ഭരണാധികാരികൾ ഉണ്ടാകും ? പ്രകാശവേഗങ്ങൾ താണ്ടാൻ ലോകത്തിന്റെ ഒരുവശത്തു പരീക്ഷണങ്ങൾ നടക്കുമ്പോൾ, മറ്റൊരുവശത്തു പുരാണത്തിലെ പുഷ്പകവിമാനങ്ങളെ സ്വപ്നംകണ്ടിരിക്കുന്ന ഗതികെട്ടവരുടെ രാജ്യം. തൃപ്തിയില്ലായ്മകൾ ആണ് വികസനത്തിന്റെ അടിസ്ഥാനപരമായ പ്രചോദനമെങ്കിൽ നമുക്കിതൊക്കെ മതിയെന്ന് കരുതുന്നവരാണ് ഇന്ത്യയുടെ ശാപം.

നമുക്ക് സ്വപ്‌നങ്ങൾ വാഹനങ്ങളിൽ തളച്ചിടാം. മുടന്തിക്കിതയ്ക്കുന്നതിനെ പഴമയുടെ നൊസ്റ്റാൾജിയകളിൽ പെടുത്തി ഗതികേടോടെ ആഘോഷിക്കാം. ഒരു ദിശയിൽ നിന്നും യാത്രതിരിക്കുന്ന പ്രിയപ്പെട്ടവരേ കാത്തു ക്ളോക്കിലെ വിരസമായ മണിക്കൂറുകൾ എണ്ണിയെണ്ണി ഇരിക്കാം. ട്രാക്കുകളിലും റോഡുകളിലും നിന്ന് രക്ഷപെടാനാകാതെ ബന്ധനത്തിൽ പെടുമ്പോൾ പ്രിയപ്പെട്ടവരെ ഒരുനോക്കുകാണാൻ സാധിക്കാതെ മരിച്ചവരുടെ ആത്മനൊമ്പരങ്ങൾ വിസ്മരിക്കാം. ആംബുലൻസുകൾ ജീവന്റെ സയറനുമായി ട്രാഫിക്ക് ബ്ലോക്കിന്റെ ചിലന്തിവലകളിൽ കുരുങ്ങിക്കിടക്കട്ടെ.

അതിവേഗ ഗതാഗതസൗകര്യങ്ങൾ ഏതെങ്കിലും ഒരുകാലത്തു നമ്മുടെ നാട്ടിൽ വന്നേക്കാം. പക്ഷെ അപ്പോൾ മറ്റുനാടുകൾ എവിടെയെത്തി നിൽക്കുണ്ടാകുമെന്നു ചിന്തിക്കാൻ പോലുമാകില്ല. അന്നേരമവർ പറക്കുംകാറുകളിൽ സഞ്ചരിക്കുന്നുണ്ടാകാം.അവരിൽ നിന്നും അരനൂറ്റാണ്ടുകൾ പിന്നിൽ യാത്ര ചെയ്യാനാണ് നമ്മുടെ വിധി.ഇന്നിന്റെ ആവശ്യങ്ങളെ നാളെ സാധിച്ചെടുത്തിട്ടു എന്തുനേടാൻ. ബെയ്‌ജിംഗും ഷാങ്‌ഹായിയും ടോക്കിയോയും ന്യൂയോർക്കും ടെലിവിഷനിൽ കണ്ടു നെടുവീർപ്പിടാം. അവയൊന്നും ഭൂമിയിലല്ലെന്നു വാദിക്കാൻ പഠിക്കാം. എന്നിട്ടു ജീർണ്ണിച്ച സംസ്കാരത്തിന്റെ മഹത്വമോർത്തു പ്രകൃതമായൊരു കുളിരിൽ അനുനിമിഷം മുങ്ങിപ്പൊങ്ങാം. മനസിന്റെ കാളവണ്ടിയിൽ പ്രാചീനതയിലേക്കു പ്രയാണം തുടരാം.