തയ്യൽ മെഷീനിൽ ഇരിക്കുന്ന അമ്മയെ ആണ് ഓരോ രാത്രിയിലും ഉറങ്ങാൻ പോവുന്ന നേരം കാണാറ്

Courtesy: Mareena Michael Kurisingal

“തയ്യൽ മെഷീനിൽ ഇരിക്കുന്ന അമ്മയെ ആണ് ഓരോ രാത്രിയിലും ഉറങ്ങാൻ പോവുന്ന നേരം കാണാറ്. ഇടവകക്കാർ പിരിച്ചുണ്ടാക്കിയ ഒരു വീട്ടിൽ,വ്യത്യസ്‍ത മതങ്ങളിൽ നിന്ന് പ്രണയബദ്ധരായി വിവാഹം കഴിച്ച അച്ഛനും അമ്മയും.മേക്കപ്പ്മാനായിരുന്ന അച്ഛൻ സുഹൃത്തിന്റെ മരണത്തെ തുടർന്നുള്ള മാനസികാഘാതത്തിൽ വിഷാദത്തിനടിമപ്പെട്ടു. അച്ഛന്റെയും അമ്മയുടെയും ആകെ സമ്പാദ്യം കടുത്ത ദാരിദ്ര്യം മാത്രമായിരുന്നു.അച്ഛന്റെ സഹോദരി വിദേശത്തു ജോലിക്ക് നിന്നിരുന്ന വീട്ടിൽ നിന്ന് കൊണ്ട് വന്നിരുന്ന ഉപയോഗിച്ച വസ്ത്രങ്ങളായിരുന്നു കൂടുതലും ധരിച്ചിരുന്നത്.

വസ്ത്രങ്ങൾ തയ്ച്ചു ബാക്കി വരുന്ന തുണിക്കഷ്ണങ്ങൾ കൊണ്ട് ‘അമ്മ തുന്നി തന്നിരുന്ന ‘വ്യത്യസ്തമായ നിറങ്ങൾ നിറഞ്ഞ വസ്ത്രങ്ങൾ‘കൂട്ടത്തിനിടയിൽ ശ്രദ്ധിക്കപ്പെടാൻ സഹായിച്ചു. ക്രിസ്തുമസ്സുകളും പെരുന്നാളുകളും അങ്ങിനെ കടന്നു പോയി.പട്ടിണിയാവുന്ന സന്ദർഭങ്ങളിൽ അടുപ്പിൽ വെറുതെ വെള്ളം തിളപ്പിച്ച് വീട്ടിൽ അടുപ്പ് പുകയുന്നുണ്ടെന്നു അയൽക്കാരെ ബോധ്യപ്പെടുത്തിയ ദിവസങ്ങളായിരുന്നു അമ്മയുടെ കുട്ടിക്കാലം,അതിനെന്റെ ജീവിതത്തിലും തുടർച്ചയുണ്ടായി.പതിനഞ്ചു വയസ്സ് മുതൽ ഓർകെസ്ട്രയിൽ പാടാൻ തുടങ്ങി.

കല്യാണ വീടുകളിലൊക്കെ പാടി കിട്ടുന്ന അഞ്ഞൂറ് രൂപയൊക്കെ അമ്മയുടെ കൈകളിൽ കൊടുക്കുമ്പോൾ കടുത്ത ദാരിദ്ര്യാവസ്ഥയിൽ തിളങ്ങുന്ന ആ കണ്ണുകൾ എനിക്ക് പ്രചോദനമായി.പാടി കഴിഞ്ഞു,തിരിച്ചെത്തുന്ന സമയങ്ങൾ വൈകിയതോടെ എല്ലായിടത്തെയും പോലെ മുറു മുറുപ്പുകളും അപവാദ ശരങ്ങളും.വീട്ടിലെ സാഹചര്യങ്ങളെ മറികടക്കാൻ അവയെനിക്ക് അവഗണിച്ചേ കഴിയുമായിരുന്നുള്ളൂ. ഓർക്കുട്ടിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിൽ നിന്നാണ് മോഡലിംഗ് രംഗത്തേക്കുള്ള വരവ്, പിന്നീടിപ്പോൾ പതിനെട്ടു സിനിമകൾ പൂർത്തിയാക്കുന്നു. ഒരുപാട് നേട്ടങ്ങൾ ഒന്നും ഇല്ല, പക്ഷെ,ആരോടും ചോദിക്കാതെ ഭക്ഷണം കഴിക്കാൻ,ഇഷ്ട്ടമുള്ള വസ്ത്രം ധരിക്കാൻ,അമ്മക്കിഷ്ടമുള്ള ആഭരണം വാങ്ങി കൊടുക്കാൻ എല്ലാത്തിലുമുപരി സ്വന്തം കാലിൽ നില്ക്കാൻ ഞാൻ ആത്മവിശ്വാസം നേടിയിരിക്കുന്നു.

മുകളിലുവരെ കണ്ട് ഞാൻ ആഗ്രഹങ്ങൾ സൂക്ഷിക്കാറില്ല,താഴെയുള്ളവരിലേക്കേ നോക്കാറുള്ളൂ.ഞാൻ എവിടെ നിന്ന് തുടങ്ങി,എന്തായിരുന്നു എന്നതിന്റെ സ്മരണയുണ്ടാവുക എന്നത് മാത്രമാണ് ഞാൻ മഹത്തായി കരുതുന്ന കാര്യം.പ്രവർത്തിക്കുന്നതും സംസാരിക്കുന്നതുമൊക്കെ ആത്മാർത്ഥമായിരിക്കുക എന്നതാണ് ഞാൻ ജീവിതത്തിൽ പുലർത്തുന്ന ശൈലി.ഒരു കലാകാരിയായി അംഗീകരിക്കപ്പെട്ടത് എന്റെ ദിനങ്ങളെ നിറമുള്ളതാക്കി..!”

പ്രിയപ്പെട്ട മറീന,ഏറെ സംഘർഷഭരിതമായ ഒരു സമയത്ത് ഈ ജീവിതാനുഭവം കേട്ടതിലൂടെ കൈവന്ന മാനസികോർജ്ജം ഒട്ടും ചെറുതല്ല.സമ്പന്ന കുടുംബത്തിൽ പിറന്ന,മോഡലിംഗ് ഹോബിയായിട്ടുള്ള,അങ്ങിനെ സിനിമയിൽ എത്തിയ ഒരു പെൺകുട്ടി എന്ന എന്റെ പൊതുബോധം സമ്മാനിച്ച അതി വായനയെ പരിഹസിച്ചു കളഞ്ഞല്ലോ മെറീന..
ആദരവ് ! സ്നേഹം !
More Power To You Bold & Beautiful