ശരവണഭവൻ മുതലാളിയുടെ ജീവിതം

അറിവ് തേടുന്ന പാവം പ്രവാസി

ഒരു സാധാരണകുടുംബത്തിൽ ജനിച്ചുവളർന്ന് സ്വന്തം കഠിനാധ്വാനവും, പരിശ്രമവും കൊണ്ട് ലോകമെ മ്പാടും ദക്ഷിണേന്ത്യൻ ഭോജനശാലകൾ കെട്ടിപ്പടുത്ത ” ദോശ കിംഗ് ” “ഇഡ്ഡലി കിംഗ് ” എന്നൊക്കെയറിയപ്പെട്ടിരുന്ന 71 കാരനായ പി.രാജഗോപാലിന് 2019 ജൂലൈ 18 ന് ജീവിതാന്ത്യം സംഭവിക്കുന്നത് വരെ ജയിലറയ്ക്കുള്ളിൽ കഴിയാനായിരുന്നു യോഗം..

ഹോട്ടൽ ‘ശരവണഭവൻ’ എന്ന് പേരു കേട്ടിട്ടില്ലാത്തവരും, കണ്ടിട്ടില്ലാത്തവരും അവിടെക്കയറി ഭക്ഷണം കഴിച്ചിട്ടില്ലാത്തവരും ചുരുക്കം. ഇന്ത്യയിൽ മാത്രമല്ല അമേരിക്ക, യൂറോപ്പ്,ബ്രിട്ടൻ,ആസ്‌ത്രേലിയ,സിംഗപ്പൂർ തുടങ്ങിയ വിദേശരാജ്യങ്ങളിൽവരെ 80 ൽപ്പരം ഔട്ട്ലെറ്റുകൾ ശരവണഭവന് സ്വന്തമായുണ്ട്. ബൃഹത്തായ ഒരു ഹോട്ടൽ വ്യവസായത്തിന്റെ അമരക്കാരനായിരുന്നു അതിന്റെ സാരഥിയായ പി.രാജഗോപാൽ.തൂത്തുക്കുടി ജില്ലയിലുള്ള പുന്നയാടി എന്ന ഗ്രാമത്തിലെ ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ചുവളർന്ന രാജഗോപാൽ 1981 ൽ ചെന്നൈയിലെത്തി ഒരു പലചരക്കുകടയിലൂടെയാണ് ബിസിനസ്സിൽ കാലുകുത്തു ന്നത്. ആ കച്ചവടം വിജയിച്ചില്ല. രാജഗോപാലിന്റെ അച്ഛന് ഉള്ളിയുടെ വ്യാപാരമായിരുന്നു.ആദ്യമൊക്കെ അയാൾ അച്ഛന്റെ സഹായിയായിരുന്നു. പിന്നീടാണ് ചെന്നൈ യിൽ ശരവണഭവൻ എന്നപേരിൽ ഒരു ചെറിയ ഹോട്ടൽ തുടങ്ങുന്നത് .ഇഡ്ഡലി,ദോശ, മസാലദോശ,വട എന്നിവയായിരുന്നു വിഭവങ്ങൾ.അവിടുത്തെ മസാലദോശയും, സാമ്പാറും ചട്ടിണിയും മെല്ലെമെല്ലെ പ്രസിദ്ധമായി.അക്കാലത്ത് ആളുകൾ ഹോട്ടലുകളിൽ പോകുന്ന പതിവ് കുറവായിരുന്നു. എന്നാൽ കുടുംബത്തിനൊപ്പം ശരവണഭവനിൽപ്പോയി ഇഡ്ഡലിയും, ദോശയും കഴിക്കുന്നത് ആളുകൾക്ക് ഒരു നല്ല അനുഭവമായി മാറുകയായിരുന്നു.

ബിസിനസ്സ് വളർന്നതിനൊപ്പം രാജഗോപാലിന്റെ സാമ്രാജ്യവും വളർന്നു.ചെന്നൈ നഗരം കൂടാതെ ലോകമെമ്പാടും ശരവണഭവനും അവിടുത്തെ ദക്ഷിണേന്ത്യൻ വിഭവങ്ങളും പ്രസിദ്ധമായി.സമ്പത്തു കുന്നുകൂടിയപ്പോൾ അദ്ദേഹം എന്തിനും ഏതിനും ജ്യോത്സ്യന്റെ ഉപദേശം തേടുക പതിവായി. ജ്യോത്സ്യന്റെ ഉപദേശപ്രകാരം വെള്ള ഷർട്ടും ,നെറ്റിയിൽ വലിയ വിശാലമായ ചന്ദനക്കുറിയും അതിന്റെ നടുവിൽ ചിലപ്പോഴൊക്കെ സിന്ദൂരപ്പൊട്ടും ധരിച്ച ശാന്ത പ്രകൃതക്കാരനായ മുതലാളിയെ ” അണ്ണേ” എന്നാണ് ജോലിക്കാരെല്ലാം വിളിച്ചിരുന്നത്. ചിലരാകട്ടെ “അണ്ണാച്ചി” എന്നും. ഹോട്ടലിൽ പാത്രം കഴുകുന്ന ജോലിക്കാർ ക്കുവരെ ഇൻഷുറൻസും, പി.എഫ് ആനുകൂല്യങ്ങളും ചികിത്സാ സഹായങ്ങളും ലഭ്യമായിരുന്നു. മാത്രമല്ല ജോലിക്കാരുടെ മക്കളുടെ വിവാഹം, വിദ്യാഭ്യാസം എന്നിവയ്ക്കും രാജഗോപാൽ നേരിട്ട് സഹായം ചെയ്തുപോന്നു..ഒക്കെ തിരിഞ്ഞുമറിയുന്നത് വളരെ പെട്ടെന്നായിരുന്നു. രണ്ടു വിവാഹം കഴിച്ച രാജഗോപാലിനോട് ഒരു വിവാഹം കൂടി കഴിക്കണമെന്നും ദൈവഹിതമതാണെന്നും കുടുംബ ജ്യോൽസ്യൻ പറഞ്ഞതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമാകുന്നത്. അങ്ങനെ മൂന്നാമതൊരു വിവാഹം സ്വപ്‍നം കണ്ടുനടന്ന 52 കാരനായ രാജഗോപാലിന്റെ മനസ്സിലേക്ക് 2000 മാണ്ടിലാണ് ജീവൻജ്യോതി എന്ന പെൺകുട്ടി കടന്നുവരുന്നത്.

ജീവൻജ്യോതി ശരവണഭവനിലെ മാനേജരായിരുന്ന രാമസ്വാമിയുടെ മകളായിരുന്നു. ജീവൻജ്യോതിയുടെ ട്യൂഷൻ അദ്ധ്യാപകനായിരുന്ന ക്രിസ്ത്യൻ മതവിശ്വാസിയായ ശാന്തകുമാറുമായി അവൾ പ്രണയത്തിലായത്‌ വീട്ടുകാർക്കിഷ്ടപ്പെട്ടില്ല.രാമസ്വാമി മലേഷ്യയിൽ ജോലിക്കു പോയസമയത്ത് 1999 ൽ ജീവൻജ്യോതിയും, ശാന്തകുമാറും ഒളിച്ചോടി വിവാഹിതരായി. പിന്നീട് ജീവിക്കാൻ മറ്റു വഴികളൊന്നുമില്ലാതിരുന്നതിനാൽ ജീവൻജ്യോതിയും, ശാന്തകുമാറും ഒരു ട്രാവൽ ഏജൻസി തുടങ്ങാൻ സഹായമഭ്യർത്ഥിച്ചു രാജഗോപാലിനെ 2000 മാണ്ടിൽ സമീപിച്ചതോടെയാണ് യാതാർത്ഥ പ്രശ്നങ്ങൾ ആരംഭിക്കുന്നത്. ജീവൻ ജ്യോതിയെ കണ്ടമാത്രയിൽത്തന്നെ രാജഗോപാൽ അവളെ വല്ലാതെ മോഹിച്ചു. ജീവൻജ്യോതിയെ വിവാഹം കഴിക്കാനുള്ള ആഗ്രഹം അയാൾ അപ്പോൾത്തന്നെ അവളോട് പറഞ്ഞെങ്കിലും അവൾ വഴങ്ങിയില്ല. തനിക്കായി ജീവൻജ്യോതിയെ വിട്ടുതരണമെന്നും അവളെ തന്റെ മൂന്നാം ഭാര്യയാക്കണമെന്നും രാജഗോപാൽ ശാന്തകുമാറിനോടും തുറന്നു പറഞ്ഞു.രാജഗോപാലിന്റെ പ്രസ്താവ്യം ഇരുവരും തള്ളിക്കളഞ്ഞതോടെ ജീവിതത്തിൽ എതിരഭിപ്രായം കേട്ടുപരിചയ മില്ലാത്ത രാജഗോപാൽ കോപത്താൽ ജ്വലിച്ചു.

പ്രതികാരദാഹിയായിമാറിയ അയാൾ എന്തുവിലകൊടുത്തും ജീവൻജ്യോതിയെ സ്വന്തമാക്കാൻ ഉറച്ച തീരുമാനമെടുത്തു.പിന്നീട് ഭീഷണിയുടെ നാളുകളായിരുന്നു. രാജഗോപാൽ നിരന്തരം ജീവൻജ്യോതിക്കു ഫോൺ ചെയ്തു പല പ്രലോഭനങ്ങളും നൽകി.വിലപ്പെട്ട സമ്മാനങ്ങളും, സാരികളും അയാൾ കൊടുത്തയച്ചു. അതൊന്നും അവർ സ്വീകരിച്ചില്ല. പിന്നീട് ഇരുവരെയും കൊല്ലുമെന്നായി. അവൾക്കും അവളുടെ കുടുംബത്തിനുമെതിരെ അവൻ ഒന്നിലധികം ഭീഷണികളും മർദനങ്ങളും ഭൂതോച്ചാടനവും നടത്തി.  ഭയവിഹ്വലരായി ഗത്യന്തരമില്ലാതെ നാടുവിടാൻ ശ്രമിച്ച അവരെ രാജഗോപാലിന്റെ ഗുണ്ടകൾ തടഞ്ഞു. ശാന്തകുമാർ ക്രൂരമായി മർദ്ദിക്കപ്പെട്ടു. പോലീസിൽ പരാതിനൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. അവസാനം 2001 ഒക്ടോബർ 26 ന് ശാന്തകുമാറിനെ തട്ടിക്കൊണ്ടുപോയി തിരുച്ചെന്തൂരിൽ വച്ച് രാജഗോപാലിന്റെ ഗുണ്ടകൾ കൊലപ്പെടുത്തു കയാണുണ്ടായത്. ഇതോടെ ജീവൻജ്യോതി അയാളെ കൂടുതൽ വെറുത്തു.

അപമാനിതയായ അവളിലെ സ്ത്രീത്വം പ്രതികാരദാഹിയായി മാറി. തൻ്റെ പ്രിയതമനെ കൊന്ന കൊലയാളിക്കെതിരേ അവളൊറ്റയ്ക്കു കേസുമായി മുന്നോട്ടുനീങ്ങി. കേസിനിടയിൽ ഭീഷണിയും, സ്വാധീനവും പലതവണയുണ്ടായി. മുന്തിയ വക്കീലന്മാർ രാജഗോപാലിനു വേണ്ടി ഒന്നൊന്നായി കോടതിയിൽ അണി നിരന്നപ്പോഴും ഒന്നുരണ്ടു സ്ത്രീസംഘടനകളുടെ പിൻബലവും, പബ്ലിക് പ്രോസിക്യൂട്ടറിലുള്ള ആത്മവിശ്വാസവുമായിരുന്നു ജീവൻജ്യോതിയുടെ ആകെ കരുത്ത്.2004 ൽ സെഷൻസ്‌കോടതി രാജഗോപാൽ കുറ്റക്കാരനെന്ന് കണ്ടെത്തുകയും 10 വർഷത്തെ ശിക്ഷ വിധിക്കുകയുമായിരുന്നു.

അയാളുടെ ഗുണ്ടകളായ 5 പേർക്കും 10 വർഷം വീതം ശിക്ഷ വിധിച്ചു.എന്നാൽ 2009 ൽ മദ്രാസ് ഹൈക്കോടതി രാജഗോപാലിന് ജീവപര്യന്തം ശിക്ഷവിധിച്ചതോടെ കാര്യങ്ങൾ ജീവൻജ്യോതിക്കനു കൂലമായി. പോലീസിന്റെയും,സർക്കാരിന്റെയും ,നാട്ടുകാരുടെയും സമീപനങ്ങൾ മാറുകയും അതോടൊപ്പം അവരുടെയെല്ലാം പിന്തുണ ലഭിക്കുകയും ചെയ്തു.അതിനുശേഷം സുപ്രീം കോടതിയിൽ അപ്പീലിനു പോയ രാജഗോപാൽ അവിടെനിന്നും ജാമ്യത്തിൽ പുറത്തിറങ്ങി കുറച്ചു നാൾ വിലസുകയായിരുന്നു. ..
2019 മാർച് 29 ന് സുപ്രീംകോടതി രാജഗോപാലിന്റെ അപ്പീൽ തള്ളുകയും ഹൈക്കോടതിവിധിപ്രകാരം അയാളുടെ ജീവപര്യന്തം ശിക്ഷ അംഗീകരിക്കുകയും ചെയ്തു. സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച്, 2019 ജൂലൈ 7-നകം അയാൾ അധികാരികൾക്ക് കീഴടങ്ങുകയും ബാക്കി ദിവസങ്ങൾ ജയിലിൽ കഴിയേണ്ടിവരികയും ചെയ്യും. രാജഗോപാൽ 2019 ജൂലൈ 9-ന് അധികാരികൾക്ക് കീഴടങ്ങി. മെഡിക്കൽ കാരണങ്ങളാൽ ജാമ്യം നീട്ടണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ അപേക്ഷിച്ചെങ്കിലും, സുപ്രീം കോടതി ഈ ഹർജി നിരസിച്ചു, അത് വ്യവസായിയോട് “ഉടൻ കീഴടങ്ങാൻ” ഉത്തരവിട്ടു. രാജഗോപാൽ കീഴടങ്ങുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും തന്റെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സമയം ബാറുകൾക്ക് പിന്നിൽ ചെലവഴിക്കുന്ന സമയമായി കണക്കാക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. ഇത് കോടതി തള്ളി.

ഒരു വലിയ സാമ്രാജ്യം തന്നെ വെട്ടിപ്പിടിച്ചു വിജയശ്രീലാളിതനായി വിരാജിച്ച, രാജഗോപാലിന് ഭർതൃമതിയായ ഒരു സ്ത്രീയുടെ മനസ്സ് മനസ്സിലാക്കാൻ കഴിഞ്ഞില്ല. ആ ആസക്തിയും, ദൗർബല്യവും, അന്ധവിശ്വാസവും അയാളുടെ പതനത്തിനു കാരണമായി.അന്ധവിശ്വാസത്തിനും, അമിതവിശ്വാസത്തിനും അടിപ്പെടുന്നവർക്ക് ശരവണഭവൻ രാജഗോപാലിന്റെ ജീവിതം ഒരു മുന്നറിയിപ്പാണ്. 2019 ജൂലൈ 9 ന് ജീവപര്യന്തം ശിക്ഷ അനുഭവിക്കാൻ കീഴടങ്ങിയതിന് ശേഷം 2019 ജൂലൈ 13 ന് ഹൃദയാഘാതം രാജഗോപാലിനെ പിന്നെയും കീഴടക്കി . സ്റ്റാൻലി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ചെന്നൈയിലെ വിജയാ ഹോസ്പിറ്റലിലേക്ക് മാറ്റിയ ശേഷം , 2019 ജൂലൈ 18 ന് ഹൃദയാഘാതം മൂലം അദ്ദേഹം മരിച്ചു  .

Leave a Reply
You May Also Like

എന്ത്‌ കൊണ്ടാണ്‌ നമ്മുടെ സ്വകാര്യഭാഗങ്ങൾ കറുത്തിരിക്കുന്നത്‌

എന്ത്‌ കൊണ്ടാണ്‌ നമ്മുടെ സ്വകാര്യഭാഗങ്ങൾ കറുത്തിരിക്കുന്നത്‌ പലരും ചോദിക്കുന്ന ഒരു ചോദ്യം ആണ് ഞാൻ നല്ല…

ഒരു പൂച്ചയ്ക്ക് അതിന്റെ മീശ കൊണ്ട് എന്തെല്ലാം ഉപകാരങ്ങൾ ഉണ്ട് ?

ഒരു പൂച്ചയ്ക്ക് അതിന്റെ മീശ കൊണ്ട് എന്തെല്ലാം ഉപകാരങ്ങൾ ഉണ്ട് ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം…

വാട്ടർ ടാങ്ക് ഗംഭീരൻ വീടാക്കി, അകം കണ്ടിട്ടുണ്ടോ ഗംഭീരം

വാട്ടർ ടാങ്ക് വീട് അറിവ് തേടുന്ന പാവം പ്രവാസി പൊതുജലവിതരണത്തിന്റെ മുഖ്യ കേന്ദ്രമാണ് വമ്പൻ വാട്ടർ…

എന്താണ് നീലക്കണ്ണീര്‍ അഥവാ ബ്ലൂ ടീയർ ?

എന്താണ് നീലക്കണ്ണീര്‍ അഥവാ ബ്ലൂ ടീയർ ? അറിവ് തേടുന്ന പാവം പ്രവാസി സ്വയം തിളങ്ങുന്ന…