കൊറോണകാലത്തെ ജീവിത വിശേഷങ്ങൾ

71
അനസ് അരൂക്കുറ്റി
കൊറോണകാലത്തെ ജീവിത വിശേഷങ്ങൾ
നാളിതുവരെ ലോകം ദർശിക്കാത്ത സ്ഥിതിവിശേഷമാണ് നമ്മൾ ഇപ്പോൾ അഭിമുകീകരിക്കുന്നത് ലോകരാജ്യങ്ങൾ പലതും ലോക്കിലാണ്, നമ്മളുടെ രാജ്യവും. പൊതുവേ മന്ദഗതിയിൽ ആയിരിന്ന നമ്മുടെ സാമ്പത്തിക രംഗം കൂടുതൽ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ആശ്വാസ നടപടികൾ വളരെ ഏറെ സഹായകരമാണ് എന്നാലും സാമ്പത്തിക ഉത്പാദനം കാര്യമായി നിലച്ചത് നമ്മൾ ഓരോരുത്തരെയും സാരമായി ബാധിക്കാനിടയുണ്ട്. ദിവസ വേതനത്തിന് കൂലി ചെയ്യുന്ന തൊഴിലാളികളെയും അതിഥിതൊഴിലാളികളെയും സർക്കാരും പൊതുജനങ്ങളും കാര്യമായി പരിഗണിക്കുവാൻ ആവശ്യപ്പെടുന്നുണ്ട്, തീർച്ചയായും അത് വേണ്ടത് തന്നെയാണ്.
എന്നാൽ അത് പോലെ തന്നെ കാണേണ്ടവരാണ് ഇടത്തരം കച്ചവടക്കാരും അവിടെ ജോലി ചെയ്യുന്ന തൊഴിലാളികളും. തൊഴിലാളികളെ പൊതുവേ തൊഴിലാളികൾ എന്ന നിലയിൽ എല്ലാവരും അനുകമ്പയോടെ നോക്കി കാണുന്നുണ്ട്. പക്ഷേ കച്ചവടക്കാർ മുതലാളിമാർ എന്ന ലേബലിൽ തളച്ചിട്ടിരിക്കുകയാണ്. ഒരുപക്ഷേ ചിലരെങ്കിലും കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നവരാണ്.
സമൂഹം തങ്ങൾക്ക് ചാർത്തിയ മുതലാളി പട്ടം മൂലം പലപ്പോഴും ദരിദ്ര അവസ്ഥ പുറത്തുകാണിക്കാതെ മുതലാളിമാരായി തന്നെ ഈ ലോക്ക് ഡൗണും അതിജീവിക്കാൻ ശ്രമിക്കുകയാണ്.
14 ദിവസം ആയി പ്രസ്സ് പൂട്ടി ഞാനും വീട്ടിലിരിക്കുകയാണ്. വീട്ടിൽ മുറ്റവും മുറികളും ക്ലീൻ ചെയ്തും ഉറങ്ങിയും കുടുംബത്തോടൊപ്പം ചിലവഴിച്ചും സോഷ്യൽ മീഡിയകളിൽ സജീവമായും ലോക്ക് ഡൗൺ കാലയളവിലെ വിരസതയ്ക്ക് ഒരു പരിധിവരെ ലോക്ക് ഇടാൻ ആയിട്ടുണ്ട്. ടിവിയിൽ ന്യൂസ് കാണുമ്പോഴുള്ള ഭീതി തന്നെയാണ് ഭാവി ബിസിനസിനെ കുറിചോർത്തും ഉണ്ടാവുന്നത്. അതിനിടയിൽ കാശ് കൊടുക്കാൻ ഉള്ള ചിലർ വിളിച്ചു. അവസ്ഥകൾ വിവരിക്കുന്നത് മുന്നേ കാര്യങ്ങൾ മനസ്സിലാക്കി അവരൊക്കെയും ഫോൺ വച്ചു.
തറവാട്ടിൽ നിന്ന് ഉമ്മച്ചി കുറച്ച് അവശ്യവസ്തുക്കൾ നൽകി. കുറച്ചു കൂട്ടുകാർ സഹായവാഗ്ദാനം നടത്തി. അവരോടുള്ള സ്നേഹം ഹൃദയത്തിൽ സൂക്ഷിച്ചുകൊണ്ട് ആവശ്യസമയത്ത് സഹായങ്ങൾ ചോദിച്ചുവാങ്ങി കൊള്ളാമെന്നു പറഞ്ഞു. കാലാവസ്ഥയും പ്രതികൂലമാണ്. നല്ല ചൂടാണ്. പ്രഭാതങ്ങളിൽ മാത്രം കേട്ടിരുന്ന കിളികളുടെ കളകളാരവം നട്ടുച്ചയ്ക്കും കേൾക്കാൻ ആവുന്നുണ്ട് പടിഞ്ഞാറു നിന്നു വരുന്ന ഇളംകാറ്റിൽ തേങ്ങാക്കുലകൾ ആടുക മാത്രമല്ല കൊഴിഞ്ഞു വീഴുന്നുമുണ്ട്. മത്സ്യ സമൃദ്ധമായ വേമ്പനാട്ട് കായലിൽ മത്സ്യങ്ങൾ തീരെയില്ല. വടക്കൻ കേരളത്തിൽ കണ്ടു വരുന്ന കല്ലുമക്കായ ആദ്യമായി കായലിൽ വന്നു. കല്ലുമ്മക്കായും കക്കയും മാത്രമാണ് കായലിൽ ഉള്ളത്.
പത്തു ദിവസം കഴിഞ്ഞാണ് പുറത്തേക്കു ഇറങ്ങിയത്. അരിപ്പൊടി വാങ്ങാനായി 3km അകലെയുള്ള മില്ലിലേക്ക് പോയി. നട്ടുച്ച, വിജനമായ നിരത്തുകൾ, ചില സ്ഥലങ്ങളിലെ വിജനത ഭയപ്പെടുത്തി. ചിലയിടങ്ങളിൽ ഇതൊന്നുമറിയാതെ ആളുകൾ കൂട്ടത്തോടെ കൂടി നിൽക്കുന്നതും കാണാമായിരുന്നു.
ഈ സമയവും കടന്ന് പോകും, അത് കഴിഞ്ഞു എങ്ങനെ? എന്നതാണ് ഇപ്പോഴത്തെ ആശങ്ക. എല്ലാം ശരിയാകും, നമ്മൾ അതിജീവിക്കും എന്ന് തന്നെ ഞാനും വിശ്വസിക്കുന്നു.