ലൈഫ് പ്ലസ്‌ – മനാഫ് മന്‍

836

മഞ്ഞു മഴയിൽ തണുത്തു വിറച്ചിരിക്കുകയാണ് ന്യൂയോർക്ക് നഗരം.. കാറുകളൊക്കെ മഞ്ഞിൽ പുതഞ്ഞിരിക്കുന്നു.. ന്യൂയോർക്കിലെ പബ്ബിൽ നിന്നും ലൂയിസ് പുറത്തേയ്ക്കു നോക്കി.. നന്നായി മഞ്ഞു പെയ്യുന്നുണ്ട്.. പണ്ട് കേരളത്തിലെ സ്‌കൂളിൽ പഠിക്കുമ്പോൾ ഒരു കഥയിൽ ഇത് പോലൊരു മഞ്ഞു പെയ്യുന്ന ചിത്രമുണ്ട്.. അന്നത് നോക്കി ഏറെ കൗതുകത്തോടെ ഇരുന്നിട്ടുണ്ട് .

ഇന്ന് അതേ  മഞ്ഞു ഒരു കൗതുകവുമില്ലാതെ പെയ്യുന്നു..

പത്തു വർഷം മുൻപ് ബാംഗ്ലൂരിൽ വെച്ച്  ഉണ്ണിയേട്ടൻ പറഞ്ഞത് പോലെ :

” അതാണ് ലൈഫ്….! എല്ലാം മാറി മാറി വരും ..”

വാട്സ് ആപ് മെസേജ് വന്നു.. ഫിലിപ്പാണ്.. അവൻ സംവിധാനം ചെയ്ത അഡൾട് സിനിമ ‘ ചാൾസ് ഡയറി’ ക്ക് മികച്ച പോൺ സിനിമയ്ക്കുള്ള AVN അവാർഡ് ലഭിച്ച കാര്യമാണ് മെസേജ്..കൂടെ ഒരു താങ്ക്‌സും.

ലൂയിസിൽ ഒരു പുഞ്ചിരി പടർന്നു.. അശ്‌ളീല സിനിമയ്ക്കും അവാർഡ്..!! ഒരു മലയാളിക്ക് തികച്ചും അവിശ്വസനീയമായ കാര്യം..! കേരളത്തിൽ  രഹസ്യമായി കാണുന്ന അശ്‌ളീല  സിനിമകൾ അമേരിക്കയിൽ  ബില്യൺ കണക്കിന് ഡോളറുകളുടെ ബിസിനസ്സാണ് !!

മൂന്നു മാസം മുൻപുണ്ടായ  ഒരു സംഭവം ലൂയിസ്  ഓർത്തു.. ജർമ്മൻ കാരനായ സുഹൃത്ത് ഫിലിപ്പിനൊപ്പം നീല ചിത്ര നിർമ്മാതാക്കളുടെ മീറ്റിങ്ങിനു പോയത്..ഫിലിപ്പ് എല്ലാവർക്കും പരിചയപ്പെടുത്തി.

” ഇത് എന്റെ സുഹൃത്ത് ലൂയിസ്, ജർമ്മൻ കാരനായ ഞാനും ,   ഇന്ത്യക്കാരനായ ലൂയിസും ന്യൂയോർക്ക് ഫിലിം ഇൻസ്റ്റിറ്റിയൂട്ടിൽ ക്യാമറ പഠിച്ചവരാണ്.. സാമ്പത്തിക പ്രയാസം കാരണം ഞാൻ  അഡൾട് സിനിമ ഇൻഡസ്ട്രി തിരഞ്ഞെടുത്തു.. ലൂയിസ് 24 ന്യൂസ് ചാനലും..”

”  ഓ..അപ്പോൾ ന്യൂസ് ഉണ്ടാക്കാൻ വേണ്ടിയാണോ പോൺ സിനിമകൾ  നിരോധിക്കണമെന്നും പറഞ്ഞു നിങ്ങൾ കോടതിയിൽ പരാതി നൽകിയത്..?

വി പോൺ സിനിമ ഉടമ തോംസൺ ചോദിച്ചു .

ലൂയിസ് പുഞ്ചിരിച്ചു.. പിന്നെ  സംസാരിച്ചു.

” പല വാർത്തകളും എനിക്ക് അസ്വസ്ഥത ഉണ്ടാക്കുന്നു.. പ്രത്യേകിച്ചും പീഡന വാർത്തകൾ.. ലോകത്തെല്ലായിടത്തും സെക്സിന്റെ പേരിൽ അക്രമം നടക്കുന്നു.. അതിൽ വലിയൊരു പങ്കു നീല ചിത്രങ്ങൾക്കുണ്ട്.. പല പ്രതികളും സംഭവത്തിന് മുൻപ് അശ്‌ളീല ചിത്രങ്ങൾ കണ്ടിരുന്നു.. ”

” അങ്ങനെയെങ്കിൽ പോൺ കാണുന്നവരെല്ലാം പീഡനം നടത്തേണ്ട മിസ്റ്റർ ലൂയിസ്..?”

അല്പം ദേഷ്യത്തോടെ ബ്ലൂ മൂൺ കമ്പനി ഉടമ ഗ്രിഗറി ചോദിച്ചു..

” ശരിയാണ്.. അത് കൊണ്ട് തന്നെ ഞാൻ പരാതി നൽകിയിരിക്കുന്നത് പോൺ സിനിമകൾക്കെതിരെ അല്ല..റേപ്, ചൈൽഡ് പോണോഗ്രഫി , റഫ് സെക്സ് ഇനത്തിൽ പെടുന്ന പീഡന രീതികൾ ആധാരമാക്കിയുള്ള പോൺ സിനിമകൾ നിരോധിക്കണമെന്നാണ്.. പരസ്പരം അറിവോടെ, പൂർണ്ണ സമ്മതത്തോടെ , ഇഷ്ടത്തോടെ , സ്നേഹത്തോടെ  ആസ്വദിച്ചു ചെയ്യേണ്ട ഒന്നാണ് സെക്സ്..അത്തരം സന്ദേശമാണ് പോൺ സിനിമകൾ നൽകേണ്ടത്.. ”

” എങ്കിൽ നിങ്ങൾ ഒരു സിനിമ ഉണ്ടാക്കി കാണിക്കൂ.. സ്നേഹം നിറഞ്ഞ സെക്സ് ഉള്ള സിനിമ..”

ആ വെല്ലുവിളി  കേട്ട് സകലരും ചിരിച്ചിട്ട്  ഇന്നേക്ക് മൂന്നു മാസമായിരിക്കുന്നു..ആ വെല്ലുവിളിക്കു ലൂയിസ് നൽകിയ മറുപടി..അതാണ് ചാൾസ് ഡയറി എന്ന പോൺ സിനിമ..

ലൂയിസ് എഴുതി ഫിലിപ് സംവിധാനവും, നിർമ്മാണവും, ക്യാമറയും കൈകാര്യം ചെയ്ത ചാൾസ് ഡയറിയിൽ  സ്ത്രീകളെ വളച്ചോ , പ്രലോഭിപ്പിച്ചോ, പീഡിപ്പിച്ചോ അല്ല, മറിച്ച് സ്ത്രീകൾ സ്വ ഇഷ്ട പ്രകാരം മുൻ കൈ എടുത്തുള്ള സെക്‌സിനാണു പൂർണ്ണ സംതൃപ്തി ഉണ്ടാവുക എന്ന സന്ദേശമായിരുന്നു ഉണ്ടായിരുന്നത്..

ചാൾസ് ഡയറി ഡിവിഡി കമ്പോളത്തിലും , ഇന്റർനെറ്റിലും വൻ ഹിറ്റായി.. പരസ്പര സമ്മതത്തോടെ പങ്കു വെക്കേണ്ടതാണ് ശരീരം എന്ന ഒരു സന്ദേശം ആ സിനിമയിലൂടെ പ്രചരിക്കപ്പെട്ടു.. ചാൾസ് ഡയറി കണ്ടവർ സെക്സിലെ മനോഹാരിത  തിരിച്ചറിയാൻ തുടങ്ങി..

റേപ്, ചൈൽഡ് പോണോഗ്രഫി, പീഡന രംഗങ്ങൾ ഉള്ള നീല ചിത്രങ്ങൾ നിർമ്മിക്കുന്നത് നിരോധിച്ചു കൊണ്ടുള്ള , കോടതി വിധിയും പിന്നാലെ വന്നു..

ലൂയിസിന് സന്തോഷമായി.. താൻ ഏറെ മാറിയിരിക്കുന്നു.. പണ്ടായിരുന്നെങ്കിൽ നാണം  കുണുങ്ങിയായി ഒരിടത്ത് ഇരുന്നേനെ.. ഇന്ന് എന്തും കൂളായി തുറന്നു പറയാൻ കഴിയുന്ന ഒരാളായി..ഉണ്ണിയേട്ടൻ പറഞ്ഞത്  പോലെ..

” ലൂയിസ്, ഈ ലൈഫ്.. അതിങ്ങനെ മാറി മാറി വരും..നിന്റെ ലൈഫിൽ ഇനിയും ഒരു പാട് പേർ വരും..നഷ്ടപ്പെട്ട പ്രണയം ഓർത്ത് കരഞ്ഞു നീ കോലം കെടാതെ.. നിന്നെക്കാൾ പത്ത് വയസ്സിന്റെ ജീവിതാനുഭവം കൂടുതലുള്ളവനാണ് ഞാൻ..’’

ഉണ്ണിയേട്ടൻ ചിലപ്പോഴൊക്കെ ശരിയായിരുന്നു.. പക്ഷെ സെക്‌സിനോടുള്ള വീക്ഷണം തെറ്റായിരുന്നു.. പണം കൊടുത്തോ, പക പോലെയോ , പൊങ്ങച്ചം പറയാനോ ഉള്ളതായിരുന്നു ഉണ്ണിയേട്ടന്റെ ബന്ധങ്ങൾ..

ബാംഗ്ലൂരിലെ ഫ്‌ളാറ്റിൽ ഉണ്ണിയേട്ടന് നീല ചിത്രങ്ങളുടെ ഒരു കളക്ഷൻ തന്നെ ഉണ്ടായിരുന്നു..

” ഡാ.. മനസ്സിൽ അമിത ചിന്ത വരുമ്പോ ഇമ്മാതിരി സാധനങ്ങൾ കാണും.. അതോടെ മനസ്സ് ഉൾട്ട  ആകും..എന്നെ തേച്ചു പോയവളെ ഞാനിപ്പോ ഓർക്കുന്നു പോലുമില്ല.. നീയിങ്ങനെ ബ്രഹ്മചാരിയായി നടക്കാതെ വല്ലോം ചെയ്യ്.. ”

ജീവിതത്തിൽ ഒരു പെൺ കുട്ടിക്ക് നേരെ മോശം കമന്റു പോലും അടിച്ചിട്ടില്ലാത്ത ലൂയിസിന് പക്ഷെ ആരോടും പറഞ്ഞിട്ടില്ലാത്ത മനോഹരങ്ങളായ ചില അനുഭവങ്ങൾ ഉണ്ടായിരുന്നു.. അതോർക്കവേ ചാൾസ് ഡയറിയിലെ ഓരോ എപ്പിസോഡും ലൂയിസിന്റെ മനസിലേയ്ക്ക് വന്നു..

മഞ്ഞു പെയ്യുന്ന റോഡിലൂടെ വരുന്ന നായകൻ , തന്റെ അയൽവാസിയായി വന്ന അല്പം മുതിർന്ന നായികയുമായി ബന്ധം സ്ഥാപിക്കുന്നു. അവൾ യാത്ര പറഞ്ഞു പോകുന്നു.. മഞ്ഞിൽ കുളിച്ച് നിന്ന് അവൻ അത് നോക്കി നിൽക്കുന്നു..

മഞ്ഞു മാറി അതൊരു മഴയായി.. ജൂൺ മാസത്തിലെ മഴ..വീടിന്റെ കോലായിൽ നിന്ന് മഴ വെള്ളം തൊട്ടു കളിക്കുന്ന ഡിഗ്രിക്കാരി ജയ ചേച്ചി..പുതിയ അയൽവാസി..ഒരു മഞ്ഞ പാവാടയും ബ്ലൗസുമായിരുന്നു അവൾ  ധരിച്ചിരുന്നത്..പതിനാറുകാരനായ ലൂയിസിനോട് വളരെ പെട്ടെന്ന് തന്നെ ജയേച്ചി അടുത്തു..

” ഡാ, നിനക്ക് ഞാൻ കണ്ണെഴുതിത്തരട്ടെ..നല്ല ഭംഗി ഉണ്ടാകും..”

അങ്ങനെ ഒരിക്കൽ അവർ കണ്ണെഴുതി തന്നു..

‘’ നീ ശരിക്കും പെണ്ണാവേണ്ടതായിരുന്നു.. കണ്ണ് കണ്ടില്ലേ.. അവസാന നിമിഷം മാറിപ്പോയതാവും..”

അതും പറഞ്ഞു ജയേച്ചി ചിരിച്ചു..രണ്ടു വർഷം കഴിഞ്ഞു ഒരു ഞായറാഴ്ച കോരിച്ചൊരിയുന്ന ജൂൺ മാസ മഴയിൽ, ജയേച്ചി വേറെ ആളായി മാറി..അതുവരെ കണ്ട ജയേച്ചി ആയിരുന്നില്ല അതിനു ശേഷം..

ലൂയിസിന്  ആദ്യം അമ്പരപ്പായിരുന്നു.. പിന്നെ അതൊരു ഇഷ്ടമായി മാറി.. ജയേച്ചി കൂടുതൽ സുന്ദരിയായതു പോലെ.. പരസ്പരം കാണുമ്പോൾ തന്നെ എന്തോ ഒരു സുഖം.. മഴ തനിക്കേറെ പ്രിയപ്പെട്ടതായി മാറിയതിൽ ജയേച്ചിക്കുള്ള പങ്കു മറക്കാവതല്ല..

നായകന്റെ കാമ്പസ് ജീവിതം..കോളേജിൽ മരത്തിന്റെ  ഇരുവശത്തും നിശ്ചിത അകലം പാലിച്ചു നിന്ന ദിവ്യ പ്രണയം.. കോളേജ് പിരിയാറായ സമയത്ത് മാത്രം തമ്മിൽ നഷ്ടമാകുമെന്ന് അറിഞ്ഞു നിർത്താതെ കരഞ്ഞ രണ്ടു പേർ.. ചാൾസ് ഡയറിയിലെ ഏറ്റവും ഹൃദ്യമായ രംഗം..

ഹൃദയം നുറുക്കിയാണ് അപർണ്ണയുമായുള്ള ലൂയിസിന്റെ കോളേജ് പ്രണയം കടന്നു പോയത്..നാലു വർഷം ആ നീറ്റലുമായി ലൂയിസ് ജീവിച്ചു.. ഒരിക്കലും അത് മാറില്ലെന്ന് കരുതി..പക്ഷെ..

” അതാണ് ലൈഫ്..! എല്ലാം മാറി മാറി വരും..”

വിദേശത്തു പോയ ചാൾസ് ഡയറിയിലെ നായകൻ തന്റെ പ്രണയം നഷ്ടപ്പെട്ട വേദന ഓഫീസിലെ  സ്ത്രീയുമായി പങ്കു വെക്കുന്നു.. ഒരു രാത്രി അവരെ വീട്ടിൽ കൊണ്ടു വിടാൻ കാറിൽ പോകവേ ഭർത്താവിന്റെ കുത്തു വാക്കുകളിലും അവിഹിത ബന്ധങ്ങളിലും  മനം മടുത്ത സ്ത്രീയാണ് അവരെന്ന് അവൻ മനസ്സിലാക്കുന്നു.. ഒന്നാശ്വസിപ്പിച്ചതെ ഉള്ളൂ.. അവൾ പൊട്ടിക്കരഞ്ഞു.. കാറിൽ അവർ ഒന്നായി മാറുന്നു..

സെക്സിൽ സ്ത്രീകൾ അധികവും കൊതിക്കുന്നത് സ്നേഹമാണെന്ന തിരിച്ചറിവ് ലൂയിസിനു  കിട്ടിയത് അന്നായിരുന്നു..തന്നോട് ലജ്ജയില്ലാതെ പെരുമാറുന്ന സ്ത്രീകളെ ഒരിക്കൽ വെറുത്തിരുന്ന അവൻ ഇപ്പോൾ അവരെ ശരിക്കും ഇഷ്ടപ്പെടാൻ തുടങ്ങി..  അതിൽ അവനോടുള്ള ഒരു വിശ്വാസമുണ്ടെന്ന് അവൻ തിരിച്ചറിഞ്ഞു..

” … എല്ലാം മാറി മാറി വരും..”

റോഡിൽ വെച്ചാണ് അവളെ നായകൻ വീണ്ടും കണ്ടത്.. കൂടെ ഭർത്താവും ഒരു കൈക്കുഞ്ഞും ..അൽപ നേരത്തെ സംസാരത്തിനു ശേഷം നായിക പോയി.. പോകവേ നായിക ഒന്ന് തിരിഞ്ഞു നോക്കി അതി മനോഹരമായി പുഞ്ചിരിച്ചു..നായകൻ അവളെ ഓർക്കുന്നു..

ഒരു കോഴ്സ് ചെയ്യാൻ വന്ന അല്പം കറുത്ത് , മെലിഞ്ഞ, കണ്ണട ധരിച്ച നായിക.. വിവാഹ പ്രായം കഴിഞ്ഞിട്ടും നായികയെ തേടി ആരും വന്നില്ല.. അപകർഷതയുടെ വാക്കുകൾ പറഞ്ഞു അവൾ അവൾ സ്വയം പരിഹസിച്ചു. നായകൻ അവളുടെ കോംപ്ലക്സ് മാറ്റാൻ തീരുമാനിച്ചു.. ഇരുവരും ഒന്നായി..

” നീ സുന്ദരിയാണ്..”

ആ വാക്കുകൾ അവളെ അടിമുടി മാറ്റി..

ബിന്ദു ഏറെ ഉത്സാഹവതിയായി.. കണ്ണെഴുതി കണ്ണടയും വെച്ച് വരുന്ന അവൾ ഏറെ സുന്ദരിയായി  ലൂയിസിന് തോന്നി.. മൂന്നു മാസത്തിനകം കല്യാണം നിശ്ചയിക്കപ്പെട്ടു.. അവൾ പോകുമ്പോൾ അവനു തിരിച്ചറിയാൻ വയ്യാത്ത എന്തോ ഒന്ന്..

” ഒരു പെണ്ണ് നിങ്ങളെ മോഹിക്കുമ്പോൾ മാത്രമാണ് നിങ്ങൾ ഒരു പൂർണ്ണ പുരുഷനാകുന്നത്.. അവളെ തൊടാൻ അവളുടെ സമ്മതം വേണ്ടാത്ത പുരുഷന് മനുഷ്യരും മൃഗങ്ങളും സമം.. ”

ചാൾസ് ഡയറിയിലെ നായകൻ അവസാന രംഗത്തു പറയുന്ന സംഭാഷണത്തിന് പല മനസ്സുകളെയും ആഴത്തിൽ സ്വാധീനിക്കാൻ കഴിഞ്ഞു..

‘’ എടാ ലൂയിസേ… നല്ലൊരു പുരുഷൻ സ്നേഹത്തോടെ തൊട്ടാൽ പെണ്ണിന് ചന്തം കൂടുമെന്നാ മഹദ് വചനം..പക്ഷേ ഞാൻ തൊട്ടവളുമാരൊക്കെ കരിഞ്ഞു പോയി..എനിക്കൊരുത്തിയോടും  സ്നേഹമില്ലാർന്നല്ലോ.. ”

ഉണ്ണിയേട്ടൻ അതും പറഞ്ഞു അന്നൊരുപാട് ചിരിച്ചു..

ഉണ്ണിയേട്ടൻ മരിച്ചിട്ട് ഇന്നേക്ക് രണ്ടു വർഷം ആകുന്നു..ലിവർ സിറോസിസ് ആയിരുന്നു.. സ്ത്രീകളെ തള്ളി പറഞ്ഞിരുന്ന ഉണ്ണിയേട്ടൻ അവസാന കാലത്ത് ഒരു സ്ത്രീയെ വിവാഹം ചെയ്തിരുന്നു.. ഒരു തുണ വേണമെന്ന് ഉണ്ണിയേട്ടന് തോന്നിക്കാണും..

” ലൂയിസേ, പ്രേമവും, സെക്‌സും അല്ലാത്ത വേറെ എന്തോ ഒന്ന് ഇവളുമാരുടെ കയ്യിൽ ഉണ്ടെടാ.. മനസ്സിന് ഒരു തരം ആശ്വാസം നൽകുന്ന എന്തോ ഒന്ന്.. നീ വേഗം പെണ്ണ് കെട്ട്..എന്നാലേ അത് മനസ്സിലാകൂ..”

ആ സ്ത്രീ ഉണ്ണിയേട്ടന്റെ ശവം പിടിച്ചു  ഏറെ നേരം പൊട്ടിക്കരഞ്ഞുവത്രേ.. സ്വന്തമെന്നു  പറയാൻ ആരുമില്ലാത്ത  ഉണ്ണിയേട്ടന് ഒരു ബന്ധു  ഇന്ന് ഭൂമിയിലുണ്ടായിരിക്കുന്നു ..

” അതാണ് ലൈഫ്..! എല്ലാം മാറി മാറി..”

അമേരിക്കൻ ലൈഫ്  ഒരിക്കലും വിടില്ലെന്ന് കരുതിയ ലൂയിസിന് ദുബായിലേക്ക് മാറേണ്ടി വന്നു.. അവിടെ ഒരു ചാനലിൽ ജോലി കിട്ടി.. സ്ഥിരമല്ലാത്ത ബന്ധങ്ങളും സൗഹൃദങ്ങളും..ജീവിതത്തിലെ മാറ്റങ്ങൾ അയാളെ ക്ഷീണിപ്പിക്കാൻ തുടങ്ങിയിരുന്നു..

ഇനിയുമുണ്ട് ജീവിതം.. ഇനിയും കുറേ പേരെ കാണാൻ ഇരിക്കുന്നു.. ആരൊക്കെ എവിടെയൊക്കെ..അറിയില്ല..

ഒന്ന് മാത്രം അറിയാം..

” ഹലോ…ലൂയിസ് ഉടൻ സ്റ്റുഡിയോയിൽ എത്തുക.. നിന്നെ നോക്കി ഒരാൾ വന്നിട്ടുണ്ട്.. ”

എന്റെ ലൈഫിൽ  പലതും കൂട്ടിച്ചേർക്കാൻ അവർ എത്തുക തന്നെ ചെയ്യുമെന്ന്..അതിലെനിക്ക് തുണയായി  ഒരു  പങ്കാളി വന്നെങ്കിൽ..

‘’ അതാണ് ലൈഫ്..!  എല്ലാം മാറി മാറി..’’

മാറാതിരുന്നെങ്കിൽ..!