life story
പിതാവിന് കട്ടില് വാങ്ങാനായി പപ്പടം വില്‍പ്പനയ്ക്കിറങ്ങിയ അമീഷ്
പിതാവിന് കട്ടില് വാങ്ങാനായി പപ്പടം വില്‍പ്പനയ്ക്കിറങ്ങിയ അമീഷിനെ കഴിഞ്ഞ ദിവസം നോര്‍ത്ത് പറവൂരിലെ പെട്രോള്‍ പമ്പില്‍ വച്ച് കണ്ടു. സൈക്കിളില്‍ പപ്പട സഞ്ചി തൂക്കി ഇന്ധനം നിറക്കാനെത്തുന്നവര്‍ക്ക്
142 total views

പിതാവിന് കട്ടില് വാങ്ങാനായി പപ്പടം വില്‍പ്പനയ്ക്കിറങ്ങിയ അമീഷിനെ കഴിഞ്ഞ ദിവസം നോര്‍ത്ത് പറവൂരിലെ പെട്രോള്‍ പമ്പില്‍ വച്ച് കണ്ടു. സൈക്കിളില്‍ പപ്പട സഞ്ചി തൂക്കി ഇന്ധനം നിറക്കാനെത്തുന്നവര്‍ക്ക് മുന്പില് പപ്പടം വാങ്ങുമോ എന്ന് ചോദിച്ച് അവന് ഓടി നടക്കുന്നു.ഞാന്‍ മെല്ലെ അവനടുത്തേക്ക് നടന്നു. എന്നെ കണ്ടതും ഓടി അടുത്തേക്ക് വന്നു. വാര്‍ത്ത നല്‍കിയതിനെ തുടര്‍ന്ന് തരക്കേടില്ലാത്ത ഒരു തുക നല്ലവരായ പ്രേക്ഷകര്‍ അയച്ചു നല്കി എന്ന് സന്തോഷത്തോടെ അവന് പറഞ്ഞു. ആ തുക കൊണ്ട് ഒരു വീട് ഒറ്റിയെടുത്തെന്നും നവംബര്‍ ഒന്നാം തീയതി അവിടേക്ക് താമസം മാറുമെന്നും അറിയിച്ചു.
കുറച്ചു നേരം കുശലാന്വേഷണം നടത്തിയ ശേഷം അവനെയും കൊണ്ട് അടുത്തുള്ള ഒരു ബേക്കറിയില്‍ കയറി ജ്യൂസും സാന്‍വിച്ചും വാങ്ങി നല്കി. കഴിക്കുന്നതിനിടയില്‍ ഷര്‍ട്ടുകൊണ്ട് മുഖം തുടക്കുന്നതു കണ്ടപ്പോള്‍ പണ്ട് ഞാനും ഇതുപോലെ ആദ്യമായി ബേക്കറിയില്‍ നിന്നും കഴിച്ചപ്പോള്‍ മുഖത്തൊക്കെ പറ്റിപിടിച്ചത് ഷര്‍ട്ടിന്റെ കൈ ഉപയോഗിച്ച് തുടച്ചു കളഞ്ഞത് ഓര്‍മ്മ വന്നു. അങ്ങനെ ഇനി ചെയ്യരുതെന്നും ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ച് തുടക്കണമെന്നും അവനു പറഞ്ഞു കൊടുത്തു.
വീട്ടിലേക്ക് കുറച്ചു ബേക്കറി ഐറ്റംസും പാഴ്സലായി വാങ്ങി. പിന്നെ എന്റെ സുഹൃത്തിന്റെ ഭര്‍ത്താവ് അമീഷിന് നല്‍കാനായി കുറച്ചു രൂപ നല്‍കിയിരുന്നു, അതും അവന് നല്കി. ഒന്നും വേണ്ട എന്നാണവന് പറഞ്ഞതെങ്കിലും നിര്‍ബന്ധിപ്പിച്ച് വാങ്ങിക്കൊടുക്കുകയായിരുന്നു. അവനിതൊന്നും കഴിച്ചിട്ടില്ല എന്ന് എന്നോട് നിഷ്ക്കളങ്കമായി പറഞ്ഞപ്പോള്‍ നെഞ്ചിലൊരു നീറ്റലുണ്ടായി. ഇതു പോലെയുള്ള അവസ്ഥയിലൂടെയൊക്കെയായിരുന്നല്ലോ ഞാനും കടന്നു വന്നത് എന്ന് ആ നിമിഷം ഓര്‍ത്തു. അവന്റെ പ്രായമുള്ളവര്‍ എന്തെല്ലാം സുഖ സൗകര്യങ്ങളോടെയാണ് ജീവിക്കുന്നത്. ഒരു കഷ്ടപ്പാടും അലച്ചിലുമില്ലാതെ. പക്ഷേ അവന് സ്വന്തമായി അധ്വാനിച്ച് മുന്നോട്ട് പോകുന്നു.
അമീഷ് ഒരു ഓര്‍മപ്പെടുത്തലാണ്. നമ്മുടെ സമൂഹത്തിലും ഒരുപാട് അമീഷുമാര് നാം കാണാതെ ജീവിക്കുന്നുണ്ട്. ചിലരെ കണ്ടിട്ടും കാണാതെ പോകുന്നവരുമുണ്ട്. അവരെ ചേര്‍ത്തു പിടിക്കാന്‍ ഓരോരുത്തരും ശ്രമിക്കുക, തന്നാല്‍ ആവും വിധം. അവനെ സഹായിച്ചവര്‍ക്ക് ഹൃദയത്തില്‍ തൊട്ട് നന്ദി രേഖപ്പെടുത്തുന്നു.
143 total views, 1 views today