രക്ഷകനില്ലാത്ത ജീവിതം

128

Raju Vatanappally

രക്ഷകനില്ലാത്ത ജീവിതം

മനുഷ്യമസ്‌തിഷ്‌കം പ്രസവിച്ച, അതെ തീർത്തും മനുഷ്യസൃഷ്‌ടിയായ ഒരു ദൈവപുത്രന്റെ ജന്‍മദിനം ആഘോഷിക്കുവാന്‍ പോകുകയാണല്ലോ.അങ്ങനെ ഇന്നുള്ള 700 കോടിയിലധികം വരുന്ന മനുഷ്യർക്ക്‌; ഭാവനാസന്തതിയായിട്ടാണെങ്കിലും ഒരു ദൈവപുത്രനെ കിട്ടി. അടിച്ചുപൊളിച്ചോളു, ജന്‍മദിനം. എങ്കിലും അല്‍പ്പം അരോചകമായി തോന്നാമെങ്കിലും ഇതും കൂടി അറിഞ്ഞോളു.

എങ്കിലും ഇതൊന്നുമില്ലാത്ത ഒരു ലോകം നമ്മുടെ പൂർവചരിത്രത്തിലുണ്ടായിരുന്നു.മനുഷ്യപരിണാമ ശാഖകളിലെ ഇരുപത്‌ ലക്ഷം വർഷം മുമ്പത്തെ ഒരു ശാഖയായ ഹോമോ ഹാബിലിസിന്റെ ജീവിതമാണ്‌ ചിത്രത്തിലെ പ്രതിപാദ്യം. ഒരു രക്ഷകരും അവർക്ക്‌ ആഹാരം ലഭ്യമാക്കികൊടുക്കാനില്ലാത്തത്‌ കൊണ്ട്‌ അവർ തന്നെ ആഹാരാനേ്വഷണത്തിനിറങ്ങിയിരിക്കുകയാണ്‌. എന്നാല്‍ ഇതത്ര എളുപ്പമുള്ള കാര്യമല്ല.

സ്ഥലം ആഫ്രിക്കയാണ്‌, അവിടത്തെ സാവന്നയാണ്‌. ഈ വെളിമ്പ്രദേശങ്ങളില്‍ മനുഷ്യന്‍ മാത്രമല്ല മറ്റ്‌ പല ജീവികളും ഇതേ ആവശ്യത്തിന്നായി ഇറങ്ങും. ഒന്ന്‌ മറ്റൊന്നിനെ ഭക്ഷിക്കുക അതാണ്‌ വന്യജീവിതം. മനുഷ്യനും ഈ പരിധിയില്‍ വരും. അതെ മനുഷ്യനെ ഭക്ഷിക്കാനും ആളുണ്ട്‌; അവർ ( ഉദാ, സ്‌മിലോഡോണുകള്‍) ചുറ്റിലും തക്കംപാർത്തിരിപ്പുണ്ട്‌. മറ്റൊന്നിന്റെ ഭക്ഷണമാവുകയുമരുത്‌ എന്നാല്‍ നമുക്ക്‌ ആഹാരം കിട്ടുകയും വേണം. ഇതാണ്‌ നമ്മുടെ പൂർവികരുടെ ജീവിതരംഗം. അവരെ രക്ഷിക്കാന്‍ ഒരു രക്ഷകനുമില്ല.

പൂർവികർ ഈ പ്രതിസന്ധികളെ തരണം ചെയ്‌തതെങ്ങിനെ?.

അത്‌ സാദ്ധ്യമാക്കിയത്‌ നമ്മുടെ വികസിച്ചുകൊണ്ടിരുന്ന തലച്ചോറാണ്‌ എന്ന കാര്യത്തില്‍ താങ്കള്‍ക്ക്‌ എന്തെങ്കിലും സംശയമുണ്ടോ?.
അതെ ശാരീരികമായി ദുർബലനായ മനുഷ്യനെ, അവന്റെ മസ്‌തിഷ്‌കം, അതിലെ ചിന്തകള്‍ ഭാവനകള്‍ അവയാണ്‌ മാനവന്റെ അതിജീവനം സാദ്ധ്യമാക്കിയത്‌. നമ്മുടെ ഇന്നത്തെ മസ്‌തിഷ്‌കത്തിന്റെ പകുതിയില്‍ താഴെയുണ്ടായിരുന്ന അക്കാലത്ത്‌, അതുപയോഗിച്ച്‌ ജന്‍മവാസനകള്‍ക്ക്‌ മേല്‍, ചിന്തിച്ച്‌ ആർജിത അറിവുകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ തുടങ്ങിയപ്പോഴാണ്‌ ആ പരിസ്ഥിതിയിലെ അതിജീവനം സാദ്ധ്യമാവുന്നത്‌. അല്ലാതെ ഒരു രക്ഷകനും മാനവന്റെ രക്ഷക്കുണ്ടായിരുന്നില്ല.

ഇതേ മസ്‌തിഷ്‌കമുപയോഗിച്ച്‌ കൊണ്ടാണ്‌ മനുഷ്യന്‍, ചിന്തിച്ചും ഭാവനചെയ്‌തും വിശകലനം ചെയ്‌തും ലക്ഷകണക്കിന്‌ വർഷങ്ങളിലൂടെ; വളരെ സാവധാനത്തില്‍ ജീവലോകത്തെ പ്രമാണിയായിത്തീരുന്നത്‌. ഒരു രക്ഷകന്റേയും സഹായമില്ലാതെ തീർത്തും സ്വതന്ത്രമായി. അങ്ങനെ പ്രാചീനശിലായുഗമെന്ന അന്ധകാരനാഴി കടന്നെത്തിയപ്പോള്‍, വിജയം നേടിയ ജീവിതത്തെ തകർക്കാന്‍ അവന്‍ തന്നെ സൃഷ്‌ടിച്ച സാങ്കല്‍പ്പിക സ്വത്വങ്ങളാണ്‌ ഈ രക്ഷകന്‍മാർ.ഇപ്പറഞ്ഞതെല്ലാം ശരിതന്നെയെന്ന്‌ ബോദ്ധ്യപ്പെടുത്തുന്നില്ലേ ഇക്കാലത്തെ സംഭവങ്ങള്‍.