ഓരോ ജീവനും ഇവിടെ ഉണ്ടാകുന്നതു വെറുതെയല്ല എന്നുമാത്രം കരുതുക.

0
884

വീടിനുചുറ്റും ആഫ്രിക്കൻ ഒച്ചിന്റെ തോടുകൾ. വലംപിരി, ഇടംപിരി തോടുകൾ ഉണ്ട്… വലിയ ശല്യക്കാരാണെന്നു ലോകംവിധിയെഴുതിയ ഈ ജീവിയെ ഇപ്പോൾ വ്യാപകമായി കൊന്നൊടുക്കുകയാണ്. അമ്മയ്ക്കാണെങ്കിൽ ഇതിനെ കാണുന്നതുതന്നെ വെറുപ്പാണ്. കറിയുപ്പ് വിതറിയാണ് പാവങ്ങളെ നിഗ്രഹിക്കുന്നത്. ചെടികളും എന്തിനു, കോൺക്രീറ്റ് വരെ ഭക്ഷിക്കുന്ന മാരകവില്ലന്മാർ എന്നാണു പറയുന്നത്. മസ്തിഷ്കജ്വരവും പടർത്തുമെന്നു സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. കൊല്ലുമ്പോൾ ഇവ ബാക്കിവച്ചിട്ടു പോകുന്ന കവചങ്ങൾ അഥവാ തോടുകൾ നല്ല ഭംഗിയുള്ളതാണ്. അതുകാണുമ്പോൾ സങ്കടം തോന്നും. ‘തിലകം ചാർത്തി ചീകിയുമഴകായി പലനാൾ പോറ്റിയ പുണ്യശിരസ്സേ’ എന്ന പാട്ടോർക്കും. ആ കവചങ്ങൾക്കുള്ളിൽ ഇന്നലെവരെ ഒരു ജീവനുണ്ടായിരുന്നു. അതിനെയുമേന്തി അവ സഞ്ചരിച്ചിരുന്നു.

ലോകത്തിനു ശല്യമെങ്കിൽ നമ്മൾ ആദ്യം കൊന്നൊടുക്കേണ്ടത് മനുഷ്യരെയല്ലേ എന്ന് തോന്നിപ്പോകും. ആഫ്രിക്കൻ ഒച്ചുകളേക്കാൾ പതിന്മടങ്ങു വേഗത്തിലല്ല നമ്മൾ ഭൂമിയെ കരണ്ടു തിന്നുന്നത്… പതിന്മടങ്ങു വേഗത്തിലല്ലേ നമ്മൾ പരിസ്ഥിതിയെ കരണ്ടു തിന്നുന്നത്. മാനസികവും ശാരീരികവുമായ എന്തെല്ലാം രോഗങ്ങൾ നമ്മൾ പരസ്പരം പടർത്തുന്നു. ദുര്‍ഗന്ധമുള്ള കാഷ്ഠവും സ്രവവുംമൂലം കുടിവെള്ള സ്രോതസ്സുകള്‍ ഇവ മലിനപ്പെടുത്തുന്നു എന്നാണു മറ്റൊരാരോപണം. അമേധ്യവും മൂത്രവും തുപ്പലും വസ്ത്രങ്ങളും മാലിന്യങ്ങളും കൊണ്ട് മനുഷ്യൻ മലിനമാക്കുന്ന ജലസ്രോതസുകൾ എത്രയുണ്ട് ലോകത്ത് . ഒരേ തെറ്റ് ചെയുന്ന രണ്ടുജീവികളിൽ ഒന്നിനെമാത്രം കൊന്നൊടുക്കുന്നത് ഈ ലോകം മനുഷ്യന്റെമാത്രം എന്ന ചിന്തകൊണ്ടാണ്.

നമ്മെ ഉപദ്രവിക്കുന്നതിനെ നമ്മൾ കൊല്ലണം എന്ന ആധുനിക സിദ്ധാന്തങ്ങൾ പ്രകൃതിയോട് പറഞ്ഞാൽ വിലപ്പോകില്ല. ഓരോ ജീവനും ഇവിടെ ഉണ്ടാകുന്നതു വെറുതെയല്ല എന്നുമാത്രം കരുതുക. ഇപ്പോൾ ചിലർ ഇവയുടെ കവചങ്ങൾ കരകൗശലവസ്തുക്കൾ ഉണ്ടാക്കാൻ എടുക്കുന്നുണ്ട്. മിനുസപ്പെടുത്തിയാൽ ഷോക്കേസിൽ വയ്ക്കാം. നാളെ നമ്മുടെ തലയോട്ടിയെ മിനുസപ്പെടുത്തി പ്രതികൂടാകുന്ന ഷോക്കേസിൽ വയ്ക്കാൻ കാലം തുനിഞ്ഞേക്കാം. ജാഗ്രതൈ.