Pravasi
വേനല്‍ പൂവുകള്‍ – ഒരു മുംബൈ പ്രവാസിയുടെ ആത്മകഥ
നടത്തത്തിനിടെ വഴിയരികില്‍ സിമന്റ് ഷീറ്റ് മേഞ്ഞ ഒരു ഷെഡ് കണ്ടു . അതിനു മുന്നില്‍ മഞ്ഞ നിറത്തിലുള്ള പല്മോലിന് ഡബ്ബ പോലുള്ള ഡബ്ബകള്‍ പിടിച്ചു വരിയായി നില്ക്കുന്ന കുറെ ആളുകള്‍ . സംശയ രൂപേണ ഞാന്‍ ചന്ദ്രേട്ടനോട് ചോദിച്ചു …
“ഇവിടെ റേഷന്‍ കട ഇത്ര നേരത്തെ തുറക്കുമോ ? “
122 total views

വണ്ടി ബോംബെ വി ടി (ഇന്ന് മുംബൈ സി എസ് ടി ) യിലെ എട്ടാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ എത്തിചേര്‍ന്നത് വൈകുന്നേരം അഞ്ചു മണിക്ക് .
ശ്രീ കൃഷ്ണ ടൈലര്‍ കടയില്‍ നിന്നും അമ്മ കടം പറഞ്ഞുവാങ്ങി തന്ന ഒരു ജോഡി പാന്റും ഷര്‍ട്ടും എങ്ങും കളയാതെ സുക്ഷിക്കണം എന്ന് പറഞ്ഞേല്‍പ്പിച്ച കുറച്ചുപൈസയും അടങ്ങുന്ന ബാഗും തൂക്കി വണ്ടിയില്‍ നിന്നിറങ്ങി ..മുന്നിലോട്ടു നടക്കുമ്പോള്‍ കണ്ട മുഖങ്ങളിലെല്ലാം ഞാന്‍ ചന്ദ്രേട്ടനെ തിരയുകയായിരുന്നു. ഒടുവില്‍ തനിക്കഭിമുഖമായി നടന്നു വരുന്ന ചന്ദ്രേട്ടനെ കണ്ടപ്പോള്‍ ശ്വാസം നേരെ വീണു.നാട്ടിലെ എന്റെ ഒരകന്ന ബന്ധുവാണ് ചന്ദ്രേട്ടന് . ഇവിടെ ഏതോ ഒരു കമ്പനിയില്‍ സ്റ്റെനോ ആണ്.
ലോക്കല്‍ ട്രെയിന്‍ പിടിച്ചു ചന്ദ്രേട്ടന് താമസിക്കുന്ന അന്റൊപ് ഹില്‍ എന്ന സ്ഥലത്തേക്കുള്ള യാത്ര. യാത്ര മദ്ധ്യേ ഒരു എക്സ്പോര്‍ട്ട് കമ്പനിയില്‍ ടൈപിസ്റ്റ് കം ക്ലാര്‍ക്ക് ആയി ഒരു ജോലിശരിയാക്കിയിട്ടുണ്ടെന്നും മാസം അഞ്ഞൂറ് രൂപയോളം ശമ്പളം കിട്ടുമെന്നും ആറു മാസം കഴിഞ്ഞാല്‍ ജോലി സ്ഥിരമാകും എന്നൊക്കെ അദ്ദേഹം പറഞ്ഞു. താമസം മൂന്നു മുറികള്‍ ഉള്ള ഒരു ഫ്ലാറ്റിന്റെ ഒരുമുറിയില്‍ മാസ വാടക ഇരുനൂറു രൂപ നല്‍കിയാണെന്ന് പറഞ്ഞു . മറ്റൊരു മുറിയില്‍ ഒരു യാദവും ഭാര്യയും ആണത്രേ താമസം. നടുവിലെ മുറിയും അടുക്കളയും വീട്ടുടമ വേദ പ്രകാശ് വര്‍മ , ഭാര്യ കുസും വര്‍മ , അഞ്ചു വയസ്സുകാരന് മകന് ഇവരടങ്ങുന്ന പഞ്ചാബി കുടുംബം ഉപയോഗിക്കുന്നു. ബാത്ത് റൂം, കക്കൂസ് എന്നിവ മൂന്ന് റൂമുകാരും ഒരുമിച്ചുപയോഗിക്കുന്നു .
ഫ്ലാറ്റിനു മുന്നിലെത്തി ബെല്ലടിച്ചതും വാതില്‍ തുറന്നത് മിസിസ് വര്‍മ ….
“ആന്റി .. എ മേരാ ഭായി ഹൈ ” വിനയത്തോടു കൂടി ചന്ദ്രേട്ടന് മൊഴിഞ്ഞു …
വെളുത്ത് സുമുഖന്‍ ആയ ചന്ദ്രേട്ടന്റെ ഗ്ലാമറിന്റെ പരിസരത്തെങ്ങും എന്നെ കാണാഞ്ഞത് കൊണ്ടാവാം അവരുടെ മുഖത്ത് നേരിയ സംശയം നിഴലിച്ചിരുന്നു. മുഖത്ത് വരുത്തിയ കൃത്രിമ ചിരിയോടെ എന്നെ ഒന്ന് തൊഴുതു അവര്‍ തിരിഞ്ഞു നടന്നു.
പത്തടി നീളവും പത്തടി വീതിയും ഉള്ള മുറിയില്‍ രണ്ടു മേശകള്‍ ഒരു അലമാര ഒരു കട്ടില് എന്നിവയായിരുന്നു ഫര്‍ണിച്ചര്‍. ഒരു മേശമേല്‍ പാചക സ്റ്റോവ് വെച്ചിരിക്കുന്നു. പാചകവും കിടപ്പും എല്ലാം ആ മുറിക്കകത്ത് തന്നെ . നാട്ടില്‍ വീടിനകത്ത് ഷര്‍ട്ട് ഒരു അത്യാവശ്യവസ്തുവല്ലാത്തതിനാല് ആ രീതി തന്നെ ഞാന്‍ ഇവിടെയും തുടരാന്‍ തീരുമാനിച്ചു. പക്ഷെ ആ രീതി അധിക സമയം നീണ്ടു നിന്നില്ല. അസ്ഥികൂടത്തില്‍ കരിഓയില്‍ അടിച്ച പോലുള്ള എന്റെ മേനി അഴക് കണ്ടു ഇക്കിളി കൊണ്ടാണെന്ന് തോന്നുന്നു മിസിസ് വര്‍മ ചന്ദ്രേട്ടനെ വിളിച്ചു പറഞ്ഞു ..
“വേണു കോ ബോലോ … ഷര്‍ട്ട് പഹന്‍ കെ ഗൂമ്നെ കെ ലിയെ ”
സ്നേഹ സ്വരത്തില്‍ ചന്ദ്രേട്ടന് പറഞ്ഞു …
“നമ്മുടെ നാടല്ല … ഇവിടുത്തെ കാറ്റും ചൂടും അസുഖം തരും .. ആയതിനാല്‍ എപ്പോഴും ദേഹത്തു ഒരുഷര്‍ട്ട് അല്ലെങ്കില്‍ ബനിയന് ധരിക്കുക ”
വല്ലതും കഴിച്ചു നേരത്തെ കിടന്നോളൂ ..കാലത്ത് നേരത്തെ ഇറങ്ങണം . ഓഫീസില്‍ ആദ്യ ദിവസം
അല്ലെ ..” അദ്ദേഹം ഓര്‍മിപ്പിച്ചു ..
പിറ്റേന്ന് കാലത്ത് ചന്ദ്രേട്ടന് ചായയുമായി വന്നു വിളിച്ചപ്പോള്‍ ആണ് ഉറക്കം ഉണര്‍ന്നത് . മുഖം കഴുകാന്‍ ബാത്ത് റൂമിനടുത്തുള്ള ബെസിനിലേക്ക് കുനിയവേ അടുത്തുള്ള കക്കൂസില്‍ നിന്നൊരു ശബ്ദം
ടട്ടി ധുലാവോ ….
റൂം ഉടമയുടെ മകന് ആണ് . വഴി വാണിഭക്കാരെ പോലെ അവന് ഈ വിളിരണ്ടു മൂന്ന് തവണ ആവര്‍ത്തിച്ചപ്പോള്‍ ഞാന്‍ ചന്ദ്രേട്ടനോട് ഇതെന്താണ് സംഭവം എന്ന് തിരക്കി. അവന് കാര്യം സാധിച്ചു കഴിഞ്ഞുവെന്നും അവന്റെ ചന്തി കഴുകിക്കാനും വേണ്ടിയാണത്രേ ആ കൂവല്‍ .ഒന്ന് കഴുകിച്ചെക്ക് എന്ന് കൂടി ചന്ദ്രേട്ടന് പറഞ്ഞപ്പോള്‍ ഞാന്‍ ശരിക്കൊന്നു ഞെട്ടി .
ബി കോം ഡിഗ്രി എടുത്തു ഇവിടെ വന്നത് ഈ പഞ്ചാബി ചെക്കന്റെ ചന്തി കഴുകാനോ ?
ഏയ് ..അത് ശരിയാവില്ല എന്ന്മനസ്സില്‍ പറഞ്ഞു . എന്റെ പകച്ചു നില്ക്കല് കണ്ട ചന്ദ്രേട്ടന് ചിരിച്ചു കൊണ്ട് പറഞ്ഞു .
” നീ കുറച്ചു വെള്ളം ഒഴിച്ച് കൊടുത്താല്‍ മതി … അവന് കഴുകി കൊള്ളും”
ഹാവൂ ആശ്വാസമായി … വെറുതെ ടെന്‍ഷനടിച്ചു .
ഒരു കൈ കൊണ്ട് മൂക്ക് പൊത്തി മറു കൈ കൊണ്ട് ചെക്കന്റെ മൂട്ടില് വെള്ളം ഒഴിക്കുമ്പോള്‍ അവന് എന്നെ തന്നെ തറപ്പിച്ചു നോക്കി കൊണ്ടിരുന്നു . കാര്യം കഴിഞ്ഞു പുറത്തു കടന്ന അവന് ഊരിയിട്ട ട്രൌസര്‍ എടുത്തു തോളിലിട്ടു നടക്കാന്‍ തുടങ്ങുമ്പോള്‍ എന്നെ അടിമുടി ഒന്ന് വീക്ഷിച്ചു . അവന്റെ
ആസനം കഴുകാന്‍ ജലം പകര്‍ന്നു നല്കിയ എന്നെ അവനു ഇഷ്ടമായി എന്ന് തോന്നുന്നു … ഞാന്‍ ഒന്ന് ഞെളിഞ്ഞു നിന്നു. പെട്ടെന്ന് അവന്റെ വിധം മാറി . ശബ്ദം ഉയര്‍ത്തി അവന് പറഞ്ഞു
“പാഗല്‍ ആദ്മി ഹേ …
കിത്ത്നാ ചില്ലാന പഡ് താ ഹെ ”
ആ വാചകത്തിന്റെ അര്‍ത്ഥം എനിക്ക് മനസ്സിലാകാന്‍ മാസങ്ങള്‍ വേണ്ടി വന്നത് കൊണ്ട് അന്നവന്രക്ഷപെട്ടു .
ഒരുക്കങ്ങള്‍ കഴിഞ്ഞ് ചന്ദ്രേട്ടനൊപ്പം ഓഫീസിലേക്ക് ഇറങ്ങി . വീട്ടില്‍ നിന്നും പത്തു മിനുട്ടോളം നടക്കണം അടുത്തുള്ള കിംഗ് സര്‍ക്കിള്‍ റെയില്‍വേ സ്റ്റെഷനിലെക്ക് . നടത്തത്തിനിടെ വഴിയരികില്‍ സിമന്റ് ഷീറ്റ് മേഞ്ഞ ഒരു ഷെഡ് കണ്ടു . അതിനു മുന്നില്‍ മഞ്ഞ നിറത്തിലുള്ള പല്മോലിന് ഡബ്ബ പോലുള്ള ഡബ്ബകള്‍ പിടിച്ചു വരിയായി നില്ക്കുന്ന കുറെ ആളുകള്‍ . സംശയ രൂപേണ ഞാന്‍ ചന്ദ്രേട്ടനോട് ചോദിച്ചു …
“ഇവിടെ റേഷന്‍ കട ഇത്ര നേരത്തെ തുറക്കുമോ ? ”
പൊട്ടി ചിരിച്ചു കൊണ്ട് ചന്ദ്രേട്ടന് പറഞ്ഞു ..
“അത് റേഷന്‍ കടയല്ല കക്കൂസ് ആണെന്ന് …. രണ്ടിന് പോകാനുള്ളവരുടെ നീണ്ട ക്യൂ …
ചന്ദ്രേട്ടന് ചിരിയടങ്ങുന്നില്ല …
ഒരു വേള ക്യൂവിന്റെ ഏറ്റവും പുറകില്‍ നില്കുന്നത് ഒരു വയറിളക്ക രോഗിയാണെങ്കില്‍ മറു തലക്കല്‍ എത്തുമ്പോഴേക്കും അയാളുടെ സ്ഥിതി എന്താവുമെന്നോര്ത്തു ഞാനും ചിരിച്ചു പോയി .
ലോക്കല്‍ ട്രയിനിലെ ഉന്തും തളളും കഴിഞ്ഞ് ഓഫീസില്‍ എത്തിയപ്പോള്‍ ദേഹം മുഴുവന്‍ നുറുങ്ങുന്ന വേദന .. എന്റെ അസ്വാസ്ഥത കണ്ട ചന്ദ്രേട്ടന് പറഞ്ഞു
“ആദ്യാവോണ്ടാ … കുറചൂസയാല് പരിചയാവും…”
എന്നെ ഓഫീസില്‍ ഏല്പിച്ചു ചന്ദ്രേട്ടന് പോകാനൊരുങ്ങി … പോകുമ്പോള്‍ പറഞ്ഞു
” ഇന്ന് ഒറ്റയ്ക്ക് പോണ്ട … വൈകീട്ട് ഞാന്‍ ഇതിലെ വരാം ”
ഓഫീസില്‍ എന്റെ വിഭാഗത്തില്‍ രണ്ടു മലയാളികള്‍ കൂടെ ഉണ്ടായിരുന്നതിനാല്‍ ഭാഷ ഒരു കീറാ മുട്ടിയായില്ല ..
പത്തനംതിട്ടക്കാരി ലൂസി മാഡവും, കോട്ടയം കാരന് ഒരു രാജനും. ഇവര്‍ രണ്ടു പേരും കുറഞ്ഞവാടകയുള്ള വീടുകള്‍ തേടി കുറച്ചകലെയാണ് താമസം . ലൂസി സെന്‍ട്രല്‍ ലൈനില്‍ ഡോമ്പിവല്ലിയിലും രാജന് വെസ്റ്റേണ്‍ ലൈനില്‍ അന്ധേരിയിലും..രാജന്റെ ഡിസ്കിന് സ്ഥാന ചലനം വന്നതിനാല്‍ നടുവില്‍ ഒരടി വീഥിയില്‍ ഒരു ബെല്‍റ്റ് സ്ഥിരം ഉണ്ട് .. അന്ധേരിയില്‍ നിന്നും ചര്‍ച് ഗേറ്റ് സ്റെഷനില് വന്നു അവിടെ നിന്ന് വി ടി യില്‍ ഉള്ള
ഓഫീസിലേക്ക് നടക്കും . ഓഫീസില്‍ സ്ഥിരം വൈകിയെത്തുന്ന അദ്ദേഹം വണ്ടിയിലെ തിരക്കിനെയുംവണ്ടി വൈകി ഓടുന്നതിനെയും പ്രാകി കൊണ്ടേ കയറി വരൂ .
ലൂസി മാഡത്തിന്റെ കീഴില്‍ ജോലികളെല്ലാം ഒരു വിധം ഭംഗിയായി പഠിച്ചു മുന്നോട്ടു പോകുമ്പോള്‍ ആണ് ആ വാര്‍ത്ത വന്നെത്തിയത് .
കമ്പനി ബോംബയിലെ ഓഫീസ് പുനെയിലേക്ക് മാറ്റുന്നു . ഒരു മാസത്തെ നോട്ടീസ് . പൂനെയില്‍ ജോയിന്‍ ചെയ്യാന്‍ താല്പര്യമുള്ളവര്ക്ക് ജോയിന്‍ ചെയ്യാം .. അല്ലാത്തവര്‍ക്ക് ജോലി വിടാം
.
അങ്ങിനെ ഞാന്‍ തൊഴില്‍ രഹിതനായി. എന്റെ കാല് വെയ്പിന്റെ ഐശ്വര്യമോര്ത്തു വിഷമിചിരിക്കുമ്പോള്‍ ആശ്വാസ വാക്കെന്ന പോല്‍ ചന്ദ്രേട്ടന് പറയുമായിരുന്നു.
“നീ വിഷമിക്കാതിരിക്ക് …. നമുക്ക് വേറെ നോക്കാം .. ഏറിയാല്‍ പത്തു പതിനഞ്ചു ദിവസം . ആ ദിവസങ്ങളില്‍ ഇവിടെയിരുന്നു ഷോര്‍ട്ട് ഹാന്‍ഡ് എഴുതി സ്പീഡ് ഒന്ന് കൂട്ട് ”
ഒന്ന് രണ്ടു ദിവസം റൂമില്‍ ചടഞ്ഞു കൂടിയെങ്കിലും ബോറടി കൂടിയതിനാല്‍ മൂന്നാമത്തെ ദിവസം ചന്ദ്രേട്ടന് പിറകെ ഞാനും പുറത്തിറങ്ങി. അന്ന് മുതല്‍ എന്റെ നഗരം തെണ്ടല് ആരംഭിക്കുകയായിരുന്നു. ട്രെയിന്‍ പിടിച്ചു വി ടി യില്‍ എത്തും . അവിടെ നിന്ന് ഫൌണ്ടയിന്‍, കാല ഗോട എന്നിവിടം ചുറ്റി ജഹാംഗീര്‍ ആര്‍ട്ട് ഗ്യാലറിയില്‍ എത്തും . അമ്പതു പൈസ ടിക്കറ്റ് എടുത്തു ഒന്ന് രണ്ടു മണിക്കൂര്‍ ചിത്ര പ്രദര്‍ശനം കാണും . വിശ്വ വിഖ്യാതരായ പലരുടെയും വരകളും , പൈന്റിങ്ങുകളും നമുക്ക് അവിടെ വീക്ഷിക്കാന്‍ കഴിയും . അവിടെ നിന്നിറങ്ങി റിസേര്‍വ് ബാങ്കിനു മുന്നില്‍ കുറച്ചു നേരം . തൊട്ടടുത്തുള്ള ബ്രിട്ടീഷ് ലൈബ്രറിയുടെ പടവുകളില്‍ അല്പം വിശ്രമം. പല നാടുകളില്‍ നിന്നുള്ള പല ഭാഷകള്‍ സംസാരിക്കുന്ന ആയിരകണക്കിന് ആളുകള്‍ . നിര നിരയായി നീങ്ങുന്ന വാഹനങ്ങള്‍. വിവിധ വര്‍ണങ്ങളില്‍ തെളിയുന്ന സിഗ്നല്‍ ലൈറ്റുകള്‍ …
വീണ്ടും മുന്നോട്ടു നടന്നു മ്യുസിയത്തിനു മുന്നിലൂടെ ഗേറ്റ് വെ ഓഫ് ഇന്ത്യയില്‍ … കടലിന്റെ ഓരം ചേര്‍ന്ന് നില്ക്കുന്ന ഇലകള്‍ തിങ്ങിയ ഉയരം കുറഞ്ഞ മരച്ചുവട്ടിലെ തുക്കാരാമിന്റെ വട പാവ് സെന്റര്‍. അവിടെ നിന്ന് രണ്ടു വട പാവും രണ്ടു ഗ്ലാസ് വെള്ളവും. അതാണ് ഉച്ച ഭക്ഷണം. അശരണന്റെ അന്നം .. അതാണ് മഹാരാഷ്ട്രയില്‍ വാടാ പാവ്. ഏതാണ്ട് ഗള്‍ഫ് നാടുകളിലെ ഖുബൂസ് പോലെ തന്നെ. ഈ നഗരത്തില്‍ അഞ്ചു രൂപ കിട്ടുന്നവനും അഞ്ചു ലഷം ദിവസം കിട്ടുന്നവനും ജീവിക്കുന്നു. ഒരാള്‍ മൃഷ്ട്ടാന്നം ഭുജച്ചു രമ്യ ഹര്‍മ്മ്യ ശയ്യ തേടുമ്പോള്‍ മറ്റയാള്‍ ഒരു വട പാവില്‍ അത്താഴമോതുക്കി റോഡരികില്‍ ഉറങ്ങുന്നു.
താജ് മഹല്‍ ഹോട്ടലിന്റെ മുന്പില് കടലോരം ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഗേറ്റ് വേ ഓഫ് ഇന്ത്യ എന്ന ഭീമന് കവാടത്തിന്റെ ശില്പ ചാതുരി നുകര്‍ന്ന് കടല്‍ കാറ്റിന്റെ കുളുര് തലോടല്‍ ഏറ്റു വാങ്ങി നറും വെയില് കാഞ്ഞിരിക്കുന്ന സ്വദേശികളും വിദേശികളും. അവരിലൊരാളായി കടലിലേക്ക് കണ്ണും നട്ട് ഉയരം കുറഞ്ഞ കരിങ്കല്‍ ഭിത്തിയില്‍ ഞാനുമിരുന്നു.
ചെറു തിരകളായി ഓടിയണഞ്ഞു കരിങ്കല്‍ ഭിത്തിയില്‍ തട്ടി ചിതറുന്ന കടല്‍ ജലത്തില്‍ സൂര്യ രശ്മികള്‍ ഏല്ക്കുമ്പോള് തെളിയുന്ന വിവിധ വര്‍ണങ്ങള്‍. കാതങ്ങള്‍ക്കപ്പുറം കടലോരത്ത് സ്ഥിതി ചെയ്യുന്ന എലിഫന്റ ഗുഹയിലേക്ക് സന്ദര്‍ശകരെ കയറ്റി പോവുന്ന ബോട്ടുകളുടെ നീണ്ട നിരക്ക് സമാന്തരമായി തിരികെ വരുന്ന ബോട്ടുകളുടെ മറ്റൊരു നിര കൂടി കാണാം . കടല്‍ നീലിമക്ക് മുകളില്‍ അലക്ഷ്യമായി പറക്കുന്ന കൊറ്റി കൂട്ടങ്ങള്‍. ഒറ്റ തിരിഞ്ഞു ചെറു നൌകകളില്‍ മത്സ്യബന്ധനം നടത്തുന്ന കോലികള്‍. അകലെ മസഗോണ്‍ ഡോക്കില്‍ നങ്കൂരമിട്ടിരിക്കുന്ന കപ്പലുകളുടെ മുകളില്‍ പാറുന്ന വിവിധ വര്‍ണ്ണ പതാകകള്‍. ഇടയ്ക്കിടെ മിന്നല്പിണര് പോലെ പാഞ്ഞു പോകുന്ന നവിയുടെ ബീറ്റ് ബോട്ടുകള്‍. അങ്ങിനെ കടല്‍ കാഴ്ചകള്‍ ഒന്നൊന്നായി കണ്ടിരുന്നു നേരം പോയതറിഞ്ഞില്ല ..
അസ്തമയത്തിനു മുന്നോടിയെന്നോണം താജ് ഹോട്ടലിനു മുകളിലെ ഗോപുരങ്ങളിലും സ്റ്റോക്ക് എക്സ്ചേഞ്ച് ടവറിന്റെ നിറുകയിലും മറ്റു ചെറു കെട്ടിടങ്ങള്‍ക്ക് മുകളിലും സൂര്യന് ചകോര വര്‍ണം പകര്‍ന്നു നല്കാന് തുടങ്ങിയിരുന്നു. ഒരു ദിവസത്തിന്റെ കൂടി അന്ത്യം വിളിച്ചോതി ഓഫീസില്‍ നിന്നിറങ്ങിയ ജനകൂട്ടം സാന്ദ്രതയേറിയ നദികളെ പോല്‍ വീഥികള്‍ നിറഞ്ഞൊഴുകുന്നു. ഇരുട്ടിനു ഘനമേറും മുന്‍പേ വീടണയാന്‍ എനിക്കും തിടുക്കമായി.
അടുത്ത ദിവസം ചന്ദ്രേട്ടന് ഇറങ്ങിയതിന്റെ തൊട്ടു പിറകെ കുളിച്ചു കുട്ടപ്പന് ആയി ഞാനും ഇറങ്ങി. ഫ്ലാറ്റിന്റെ വാതില്‍ അടച്ചു പുറത്തു കടന്നതും കയ്യില്‍ ബക്കറ്റും ചൂലുമായി കയറി വരുന്ന കച്ചറവാലയെ കണ്ടു. ഒരു സ്ഥലത്തിക്കിറങ്ങാന് തുടങ്ങുമ്പോള്‍ വരും ശകുനം മുടക്കാന്‍….
ഇവനൊക്കെ കുറച്ചു കഴിഞ്ഞു വന്നാലെന്താ ?
തിരിച്ചു ഒരു തവണ കൂടി വീട്ടില്‍ കയറി ഇറങ്ങിയാലോ എന്ന് ആലോചിച്ചു നില്ക്കുമ്പോള് മനസ്സ് ചോദിച്ചു
” എന്ത് മല മറിക്കണ മഹാ കാര്യത്തിനാവോ താന്‍ പോവുന്നത് ?”
ആ ചോദ്യത്തിന്റെ അര്‍ഥം ഉള്‍ക്കൊണ്ട് പടികള്‍ ഇറങ്ങുമ്പോള്‍ കുറുകെ ഓടിപ്പോയ ഒരു കറുത്ത പട്ടിയും എന്നെ തെല്ലു വിഷമിപ്പിച്ചു .
വി ടി യില്‍ ട്രെയിന്‍ ഇറങ്ങി റോഡ് മുറിച്ചു കടന്നു ക്രോസ് മൈതാനത്തിനു അടുത്തെത്തി. മൈതാനം മുറിച്ചു കടന്നാല്‍ ചര്‍ച് ഗേറ്റ് സ്റേഷന് എത്താം . ടെലി കമ്മ്യൂണിക്കേഷന്‍ ടവറിനു മുകളിലെ വിവിധ വലുപ്പത്തില്‍ മാനത്തോട്ടു വിരിയുന്ന കുടകളില്‍ ഇരുന്നു തൂവല്‍ ഉണക്കുന്ന പ്രാവുകള്‍. ചിലവ കൊക്കുരുമ്മൂന്നു. മറ്റു ചിലവ കാമുകന്റെ പ്രേമകേളികളാല്‍ നാണം പൂണ്ടു തല കുനിച്ചിരിക്കുന്നു. വെയിലിനു ചൂട് ഏറി തുടങ്ങിയെങ്കിലും ക്രോസ് മൈതാനത്തെ പുല്ലില്‍ മയങ്ങിയ മഞ്ഞു തുള്ളികള്‍ ചെരുപ്പ് മുഴുവന്‍ മറയ്കാത്ത എന്റെ കാല്‍വിരലുകളെ നനച്ചു കൊണ്ടിരുന്നു .
ചര്‍ച് ഗേറ്റ് സ്റെഷന് മുന്നിലൂടെ ബോര്‍ബോന്‍ സ്റ്റെടിയത്തിന്റെ അരികു പറ്റി നീങ്ങവേ തുറന്നു കിടന്ന കവാടത്തിലൂടെ അകത്തേക്ക് നോക്കി . ഗ്യാലറിയില്‍ നാലഞ്ചു പേര് കാഴ്ചക്കാരായി ഉണ്ടായിരുന്നതിനാല്‍ ഏതോ രണ്‍ജി മത്സരം നടക്കുന്നെന്ടെന്നു മനസ്സിലായി. നേരെ നടന്നു ക്വീന്‍സ് നെക്ക്ലയ്സ് എന്നറിയപെടുന്ന മറൈന്‍ ല്യ്ന്സിലൂടെ നരിമാന് പൊയന്റില്‍ എത്തി. അംബര ചുംബികളായ നിരവധി സൌധങ്ങള്‍. എക്സ്പ്രസ്സ് ടവേര്‍സ് , എയര്‍ ഇന്ത്യ ബില്‍ഡിംഗ് , ഒബെരോയ് ഹോട്ടല്‍ ടവര്‍ എന്നിങ്ങനെ നിര നിരയായി കെട്ടിടങ്ങള്‍. സിഗ്നലിനടുത്തുള്ള ഷാലിമാര്‍ ബില്ടിങ്ങിന്റെ ഉയരം കുറഞ്ഞ മതിലില്‍ കടലിനെ നോക്കി ഇരുപ്പുറപ്പിച്ചു.
റോഡിനപ്പുറം കടലിന്റെ കരക്ക് നിരയായി നില്ക്കുന്ന തണല്‍മരങ്ങള്‍ക്കടിയിലെ സിമന്റ് ബെഞ്ചുകളില്‍ കാമിതാക്കള്‍ നേരത്തെ കൂട്ടി സ്ഥലം പിടിച്ചിരിക്കുന്നു. ചിലപ്പോള്‍ അവരും എന്നെ പോലെ തൊഴില്‍ രഹിതരായിരിക്കും. തൊട്ടപ്പുറത്തെ ഹോട്ടല്‍ കെട്ടിടത്തിന്റെ വൃത്താകൃതിയിലുള്ള മട്ടുപ്പാവില്‍ വെയില് കാഞ്ഞു കൊണ്ടൊരു സായിപ്പ് നില്ക്കുന്നു. മുടികളില്‍ തടവി കൊണ്ട് അയാള്‍ കയ്യിലുള്ള ഏതോ പത്രം പാരായണം ചെയ്യുകയാണ്. പരന്നു കിടക്കുന്ന കടലിന്റെ അനന്തതയില്‍ നോക്കിയിരിക്കവെ മുഹമ്മദ് റാഫിയുടെ ഒരു ഗാനം ചിരട്ടയും വടിയും കൊണ്ട് തീര്‍ത്ത വീണയില്‍ മീട്ടി ഒരുത്തന് നടന്നു വരുന്നത് കണ്ടു .
“ബഹാരോം ഫൂല് ബരസാ ദോ ..
മേരി മെഹബൂബ് ആയാ ഹേ…
മേരി മെഹബൂബ് ആയാ ഹേ …”
തലയിലേറ്റിയ കുട്ടയില്‍ കളി വീണകള്‍ ചുമന്നു പോകുന്ന അയാള്‍ കയ്യിലെ വീണയില്‍ തീര്‍ക്കുന്ന നാദത്താല്‍ തെരുവുകളെ വിസ്മയിപ്പിക്കുന്നു. മട്ടുപ്പാവില്‍ വെയില് കൊണ്ട് നില്ക്കുന്ന സായിപ്പ് വീണ നാദത്തില്‍ മയങ്ങി തല റോഡിലേക്ക് നീട്ടി ചോദിക്കുന്നു .
“ഹായ് മാന്‍ .. വാട്ട് ഈസ് ദി കോസ്റ്റ് ? ”
ത്രീ ഹന്‍ട്രെഡ്… വീണ വിപ്പനക്കാരന്റെ ഉത്തരം കേട്ട് ഞാന്‍ ഞെട്ടി .
കാട്ടു കള്ളാ … സായിപ്പാണെന്ന് കരുതി ഇങ്ങനെ പറ്റിക്കാമോ? എന്ന് ഞാന്‍ മനസ്സില്‍ കരുതി. ഒരു രൂപയുടെ സാധനത്തിനു മുന്നൂറു ഇരട്ടി വിലയോ ?
നോ .. നോ… ഐ വില്‍ ഗിവ് വന്‍ ഹന്‍ട്രെഡ്..
സായിപ്പും അവനു മുറിക്കാന്‍ പറ്റിയ പാര്‍ടി തന്നെ. താഴെ വന്നു നൂറിന്റെ നോട്ടും കൊടുത്തു വീണ വാങ്ങി സായിപ്പു ഉള്ളിലേക്ക് പോയതും വീണ
കച്ചവടക്കാരന് അപ്രത്യക്ഷന്‍ ആയി . അഞ്ചു മിനുട്ട് കഴിഞ്ഞില്ല … ഒരു അട്ടഹാസത്തോടെ മട്ടുപ്പാവില്‍ വന്നു സായിപ്പ് ചോദിച്ചു
” ഹായ്… വേര് ഈസ് ദാറ്റ് ബാസ്ടാട് ”
സായിപ്പിന്റെ വീണാ നാദം നിലച്ചിരിക്കുന്നു എന്ന് ആ ചോദ്യത്തില്‍ നിന്നും എനിക്ക് മനസ്സിലായി .
ഹി ഹാസ് ഗോണ്…. ഞാന്‍ സായിപ്പിനോടായി പറഞ്ഞു .
പെട്ടെന്ന് കയ്യിലിരുന്ന വീണ തലയ്ക്കു ചുറ്റും കറക്കി റോഡിലേക്ക് ഒരു ഏറു കൊടുത്തിട്ടും അയാള്‍ക്ക് കലിയടങ്ങുന്നില്ല … ഇന്ത്യന്‍സ് .. ബ്ലടി ബെഗ്ഗെര്സ് ….എന്നുറക്കെ പറഞ്ഞു അയാള്‍ മുറിയുടെ മട്ടുപ്പാവിലേക്ക് തുറക്കുന്ന വാതില്‍ വലിയൊരു ശബ്ദത്തോടെ വലിച്ചടച്ചു. ഒരു ഇന്ത്യക്കാരന് ആയി ജനിച്ചതില്‍ ഞാന്‍ ഏറെ അഭിമാനം കൊണ്ട നിമിഷങ്ങള്‍… ഒരു തെണ്ടി ഇന്ത്യക്കാരന് നിമിത്തം സായിപ്പിന്റെ തെറി മൊത്തം ഇന്ത്യക്കാര്‍ക്കും … ഞാന്‍ ഹര്‍ഷ പുളകിതനായി.
വീണ്ടും ഞാന്‍ ചിന്തയിലേക്ക് മടങ്ങി … അമ്മ ഇപ്പോള്‍ എന്ത് ചെയ്യുകയാവും ? നാട്ടുകാര്‍ ഹോട്ടല്‍ പോഹാളിയ എന്നോമന പേരിട്ടു വിളിക്കുന്ന ഞങ്ങളുടെ ചായ കടയിലെ അടുപ്പില്‍ പുകയുന്ന വിറകു കൊള്ളികളില്‍ സങ്കടം ഊതി തീര്‍ക്കയായിരിക്കും . അല്ലെങ്കില്‍ മറുനാട്ടില്‍ കഷ്ടപെടുന്ന
മകനെയോര്‍ത്ത് കണ്ണീര് വാര്‍ക്കുകയാവും. അമ്മയെ കുറിച്ച് ഓരോന്ന് ചിന്തിച്ചിരിക്കുമ്പോള്‍ മുന്നില്‍ മറ്റൊരമ്മ … ഒരു മദാമ്മ … എനിക്ക് നേരെ ഒരു ക്യാമറ നീട്ടി അവര്‍ ചോദിക്കുന്നു
…. ക്യാന്‍ യു ടേക്ക് എ സ്നാപ് ?
ആദ്യം ഒന്ന് പകച്ചെങ്കിലും ക്യാമറ കയ്യില്‍ വാങ്ങി കടലിനു മുന്നില്‍ ചിരിച്ചു കൊണ്ട് നിന്ന അവരുടെ ഒരു ചിത്രം ക്ലിക്ക് ചെയ്തു … ക്യാമറയില്‍ എല്ലാം അവര്‍ തന്നെ സെറ്റ് ചെയ്തിരുന്നതിനാല്‍ വെറുതെ ക്ലിക്കുക മാത്രം ചെയ്താല്‍ മതിയായിരുന്നു. അങ്ങിനെ രണ്ടു മൂന്നു തരത്തില്‍ അവരെ ക്ലിക്കി കഴിഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു ..
” കം വിത്ത് മി ”
ഈ മദാമ്മ എന്നെ എവിടെ കൊണ്ട് പോവുന്നു എന്ന് സന്കിച്ചു നില്‍ക്കെ അടുത്ത് കണ്ട ഒരു ടാക്സിയില്‍ കയറിയിരുന്നു അവര്‍ ഡ്രൈവറോട് പറഞ്ഞു .. “ഹാങ്ങിംഗ് ഗാര്ഡന് ….”
അത് കേട്ടപ്പോള്‍ ഞാന്‍ സന്തോഷിച്ചു . മദാമ്മ സ്ഥലങ്ങള്‍ ചുറ്റി കാണാന്‍ ഇറങ്ങിയതാണെന്ന് മനസ്സിലായി . കൂടെ ക്ലിക്കി നടന്നു ചിലവില്ലാതെ സ്ഥലങ്ങളൊക്കെ കാണാമല്ലോ എന്ന് ഞാനും കരുതി. കയ്യിലെ തുകല്‍ ബാഗില്‍ നിന്നും സ്വര്‍ണ നിറമുള്ള സിഗരെറ്റ് പാക്കറ്റ് പുറത്തെടുത്തു തുറന്നു
ഒരെണ്ണം ചുണ്ടില്‍ വെച്ച് എന്നോട് ചോദിച്ചു … യു വാന്റ് …
സിഗറെറ്റും കള്ളും ഒന്നും ഒരിക്കലും തൊടരുതെന്ന് പറഞ്ഞു യാത്രയാക്കിയ അമ്മയുടെ മുഖം മുന്നില്‍ .
“നോ ‘ … എന്റെ മറുപടി കേട്ട് ചുവപ്പ് ചായം തേച്ച ചുണ്ട് പിളര്‍ത്തി അവര്‍ ചിരിച്ചു .
ഐ ആം കാതറിന് വാര്‍ണര്‍ …. വാട്ട് ഈസ് യുവര്‍ നെയിം ?
മൈ നെയിം ഈസ് വേണുഗോപാല്‍ …… നഴ്സറി കുട്ടികള്‍ നല്കുന്ന പോലുള്ള എന്റെ ഉത്തരം കേട്ട് അവര്‍ വീണ്ടും ചിരിച്ചു .. എന്നിട്ട് പറഞ്ഞു… “ഐ വില്‍ കാള്‍ യു ഗോപാല്‍ ….”
വണ്ടി ഹാങ്ങിംഗ് ഗാര്ഡന് എത്തി … അവിടെയെല്ലാം ചുറ്റി നടന്നു കുറെ ഫോട്ടോകള്‍ എടുത്തു . പിന്നെ മറ്റൊരു ടാക്സിയില്‍ നെഹ്റു പ്ലാനെട്ടോറിയാം, ഹാജി അലി, മഹാലക്ഷ്മി മന്ദിര്‍ ഇവിടങ്ങളില്‍ ഒക്കെ ചുറ്റി തിരിഞ്ഞു മൂന്നു മണിയോടെ ചര്ച്ഗേറ്റില് തിരിച്ചെത്തി.
വയറിനകത്ത് സര്‍ക്കസ്സിലെ മരണ കിണര്‍ പരിപാടി തുടങ്ങിയിരിക്കുന്നു . വിശന്നു കണ്ണ് കാണാന്‍ വയ്യ .
അംബാസടര്‍ എന്ന നക്ഷത്ര ഹോട്ടലിന്റെ എയര്‍ കണ്ടിഷണ്ട് രേസ്റൊരന്റില്‍ ഒരു മേശക്കു ഇരു വശത്തായി ഞങ്ങള്‍ ഇരുന്നു.വിശപ്പ് പാരമ്യത്തില്‍ എത്തിയിരിക്കുന്നു. മേശയിലെ കിത്താബില്‍ നോക്കി അവര്‍ എന്നോട് ചോദിച്ചു …. ” വെജ് ഓര് നോണ്‍ വെജ് ” ..
എന്തെങ്കിലും വേഗം പറ വല്യമ്മേ .. എന്റെ കാറ്റു പോവുന്നു എന്ന് പറയാനാണ് തോന്നിയത് . കടിച്ചു പിടിച്ചു ഞാന്‍
പറഞ്ഞു .. എനി തിംഗ് വില്‍ ഡു. അവര്‍ വീണ്ടും ചിരിച്ചു … എന്നെ കളിയാക്കയതാണോ മദാമ്മ എന്ന് സംശയം തോന്നി . അവര്‍ വെയ്ടരെ വിളിച്ചു എന്തോ പറഞ്ഞു .
ഒരു നാടകക്കാരന്റെ വേഷത്തില്‍ തലകെട്ടും കുപ്പായവും ഒക്കെയായെത്തിയ വെയ്ടര് ആദ്യം ഒരു തുണിയും രണ്ടു സ്പൂണും കൊണ്ടുവന്നു . പിന്നെ ഒരു ട്രെയില്‍ രണ്ടു ഗ്ലാസ് വെള്ളം. എന്റെ ക്ഷമ നശിച്ചു തുടങ്ങിയിരുന്നു. അല്പസമയത്തിനകം രണ്ടു ചെറിയ പ്ലേറ്റ് വന്നു. ഞാന്‍ അയാളെ വളരെ ദയനീയമായി നോക്കിയത് കൊണ്ടാകാം ഇത്തവണ അയാള്‍ അകത്തേക്ക് അല്‍പ്പം കൂടി വേഗതയില്‍ ആണ് പോയത്. കുറച്ചു കഴിഞ്ഞപ്പോള്‍ വലിയ രണ്ടു പ്ലേറ്റ് എടുത്തു അയാള്‍ മടങ്ങി വന്നു. ഇതൊക്കെ ഒരുമിച്ചു കൊണ്ട് വന്നു കൂടെടാ പന്നി…. എന്ന് എന്റെ മനസ്സ് ചോദിച്ചു. പക്ഷെ ഞാന്‍ സംയമനം പാലിച്ചു. കാത്തിരിപ്പിനൊടുവില്‍ ഭക്ഷണം എത്തി. അപ്പോഴേക്കും ട്രെയില്‍ വെച്ച രണ്ടു ഗ്ലാസ് വെള്ളവും ഞാന്‍ കുടിച്ചു തീര്‍ത്തിരുന്നു .
ചൂടോടെ വിളമ്പിയ ബട്ടര്‍ ചിക്കനില്‍ നാന് മുക്കി അകത്താക്കുമ്പോള്‍ ഭക്ഷണത്തിനു മുന്നില്‍ കണ്ണടച്ച് കുരിശു വരയ്ക്കുകയായിരുന്നു മദാമ്മ. അവരുടെ പ്രാര്‍ത്ഥന കഴിഞ്ഞപ്പോഴേക്കും എന്റെ രണ്ടു നാന് തിന്നു തീര്‍ന്നു. ചായം തേച്ച ചുണ്ടുകള്‍ക്കിടയിലൂടെ ശ്രദ്ധയോടെ നാന് തിരുകുമ്പോള്‍ അവര്‍ എന്നോട് ഇന്ത്യന്‍ മസാലകളുടെ മണത്തെ കുറിച്ചും എര്വിഇനെ കുറിച്ചും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. നല്ല ഒരു ശ്രോതാവിനെ പോലെ തല കുലുക്കി മൂന്നാമത്തെ നാനും അകത്താക്കുമ്പോള്‍ രാജസ്ഥാനില്‍ വെച്ച് അവര്‍ കഴിച്ച ചിക്കന്‍ തിക്കയെ കുറിച്ചാണ് അവര്‍ സംസാരിച്ചു കൊണ്ടിരുന്നത് . അത് കഴിച്ചതിനു ശേഷം അവര്‍ നേരിട്ട പ്രശ്നങ്ങള്‍ പറഞ്ഞു തുടങ്ങിയപ്പോള്‍ ഞാന്‍ നാലാമത്തെ നാനും അകത്താക്കിയിരുന്നു.
” മൈ മോഷന്‍ വാസ് എക്സ്ട്രീമ്ലി ലൂസ്, ആന്‍ഡ് ദി വാട്ടര്‍ ലൈക് സ്ടൂള് വാസ് ഹാവിംഗ് എ ഫൌള് സ്മെല് ”
എന്ന് പറഞ്ഞു അവര്‍ കഥ ഉപസംഹരിച്ചപ്പോഴേക്കും ഞാന്‍ ഗ്ലാസ് ബൌളില്‍ കൊണ്ട് വെച്ച ഐസ് ക്രീം കൂടി അകത്താക്കി കഴിഞ്ഞിരുന്നു. ഇടയ്ക്കു കയറി ഞാന്‍ താങ്ക് യു പറഞ്ഞത് എന്തിനു വേണ്ടിയാണെന്ന് മനസ്സിലാവാതെ അവര്‍ പകച്ചിരുന്നപ്പോള്‍ ഭൂമിയില്‍ ഇത്തരം ഭക്ഷണവും ഉണ്ടല്ലോ എന്നോര്‍ത്തു ഞാന്‍ അത്ഭുതപെടുകയായിരുന്നു .
ഹോട്ടലില്‍ നിന്നും ഇറങ്ങി മുന്നില്‍ കിടന്ന ടാക്സിക്കു കൈ കാണിക്കുമ്പോള്‍ അവര്‍ എന്റെ കയ്യില്‍ അല്പം രൂപയും അവരുടെ കാര്‍ഡും തന്നു നന്ദി പറഞ്ഞു. കാറിന്റെ വാതില്‍ അടച്ചു അവര്‍ നല്കിയ കൈ വീശലിനോട് വലതു കൈ ഉയര്‍ത്തി പ്രതികരിച്ച ശേഷം എനിക്ക് തന്ന രൂപ എണ്ണി നോക്കി. എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അഞ്ചു നൂറിന്റെ നോട്ടുകള്‍. ജോലി ഉണ്ടായിരുന്നെങ്കില്‍ എന്റെ ഒരു മാസത്തെ ശമ്പളം . എന്നെ അങ്ങോട്ട് ദത്തെടുത്തു കൂടെ എന്റെ മദാമ്മച്ചി എന്ന് മനസ്സില്‍ ചോദിച്ചു ഞാന്‍ വളരെ വേഗം വി ടി യിലേക്ക് നടന്നു. സത്യത്തില്‍ ഞാന്‍ നടക്കുക ആയിരുന്നില്ല. ഓടുകയായിരുന്നു. എത്രയും വേഗം ജി പി ഓ യില്‍ എത്തി ഈ പൈസ അമ്മക്ക് മണി ഓര്‍ഡര്‍ അയക്കുക. അതായിരുന്നു ലക്ഷ്യം . എല്ലാ ദൈവങ്ങളെയും കാലത്ത് ശകുനം വന്ന കച്ചറക്കാരനെയും മനസ്സില്‍ ഓര്‍ത്തു. നാളെ അവനെ കണ്ടാല്‍ ഒരു രൂപ അവനു കൊടുക്കണം. തന്റെ വഴി മുടക്കി ചാടിയ ആ കറുത്ത പട്ടിയെ കണ്ടാല്‍ രണ്ടു ബിസ്കറ്റ് വാങ്ങി കൊടുക്കണം.
ജി പി ഓ യിലെ ഗ്രൌണ്ട് ഫ്ലോര്‍ കൌണ്ടറില്‍ നിന്നും എം ഓ ഫോം വാങ്ങി എഴുതാന്‍ തുടങ്ങി ..
ശ്രീമതി ദേവകി … , ………
ഫോം എഴുതി കഴിഞ്ഞു അതിലേക്കു വീണ രണ്ടിറ്റു ചുടു കണ്ണീര് തുടച്ചു മാറ്റുമ്പോള്‍ അകലെ ഗ്രാമത്തില്‍ തന്നെയോര്‍ത്തു കണ്ണ് നിറച്ചിരിക്കുന്ന അമ്മയുടെ രൂപമായിരുന്നു ആ ഫോമില്‍ നിറഞ്ഞു നിന്നത് . ഈ കാശ് കിട്ടുമ്പോള്‍ അമ്മ തന്റെ മകനെ ഓര്‍ത്തു അഭിമാനിക്കും എന്ന് ഞാന്‍ സമാധാനിച്ചു .
അടുത്ത നാള് അല്പം വൈകിയാണ് ഇറങ്ങിയത് . ശകുനം കാണാനായി കച്ചറക്കാരനെ കാത്തെങ്കിലും അവനെയോ ആ കറുത്ത പട്ടിയേയോ കണ്ടില്ല. വി ടി യില്‍ നിന്ന് വാങ്ങിയ ടൈംസ് ഓഫ് ഇന്ത്യ പത്രവുമായി ഷാലിമാര്‍ ബില്‍ഡിംഗ് മതിലില്‍ ഇരുന്നു. എന്നത്തെയും പോലെ സിറ്റുവേഷന് വാക്കന്റ്റ് കോളം തന്നെ ആദ്യം നോക്കി. ഒരു ചെറിയ പരസ്യത്തില്‍ കണ്ണുടക്കി ..അതിങ്ങിനെയായിരുന്നു .
” എ റേപൂട്ടട് കമ്പനി ഹാവിംഗ് കണ്ട്രി വൈഡ് നെറ്റ് വര്‍ക്ക് , റിക്വയര് അക്കൌണ്ട്സ്
അസ്സിസ്ടന്റ്സ് ഫോര്‍ ദെയര്‍ ബോംബെ ഓഫീസ് …”
ആ പരസ്യം തുറന്നു തന്ന വാതിലിലൂടെ അക്കൌണ്ട്സ് അസിസ്റ്റന്റ് ആയി , കാഷിയര് , ജൂനിയര്‍ അക്കൌണ്ടന്റ് , സീനിയര്‍ അക്കൌണ്ടന്റ് , അക്കൌണ്ട്സ് ഓഫീസര്‍ എന്നിങ്ങനെ ഉയര്‍ന്നു ഇന്ന് ആ കമ്പനിയുടെ ഫിനാന്‍സ് വിഭാഗത്തിന്റെ തലവന്‍ ആയിരിക്കുമ്പോള്‍ ഈ മഹാ നഗരം മനസ്സില്‍ വരച്ചിട്ട വര്‍ണ്ണ ചിത്രങ്ങള്‍ മായുന്നില്ല . എങ്കിലും എന്റെ വളര്‍ച്ച കാണാന്‍ കാത്തു നില്‍ക്കാതെ എന്നെ വിട്ടു പോയ എന്റെ അമ്മ ഇന്നും മനസ്സിനൊരു നൊമ്പരമായി തുടരുന്നു …
123 total views, 1 views today