ഇടിമിന്നലിനെക്കുറിച്ചുള്ള പോസ്റ്റുകൾ കാണുമ്പോൾ മിന്നൽ രക്ഷാ ചാലകങ്ങളെ ഓർക്കാതിരിക്കുന്നതെങ്ങിനെ ?

Sujith Kumar (സോഷ്യൽ മീഡിയയിലെ എഴുതിയത് )

ഇടിമിന്നൽ ലളിതമായി വിവരിക്കാൻ കഴിയുന്ന ഒരു സങ്കീർണ്ണമായ പ്രതിഭാസമാണ്‌. വ്യത്യസ്ത ചാർജ്ജുകൾ ഉള്ള മേഘങ്ങൾ അടുത്തു വരുമ്പോൾ അനുകൂലമായ സാഹചര്യങ്ങളിൽ അവയ്ക്കിടയിലെ വായുവിന്റെ പ്രതിരോധത്തെ ഭേദിച്ച് ചാർജ് ഡിസ്ചാർജ്ജ് ചെയ്യപ്പെടുകയോ ചാർജ്ജ് ഉള്ള മേഘം അതിലെ ചാർജ്ജ് ഭൂമിയുമായിലേക്ക് ഡിസ്ചാർജ് ചെയ്യുകയോ ചെയ്യുന്ന അവസരത്തിൽ ഉണ്ടാകുന്ന പ്രതിഭാസമാണ്‌ മിന്നൽ. അതായത് വായുവിലൂടെയുള്ള ഉയർന്ന വൈദ്യുത പ്രവാഹം തന്നെ. ഇതിനിടയിൽ വരുന്ന വസ്തുക്കൾ അതിനി മരങ്ങളോ മനുഷ്യരോ കെട്ടിടങ്ങളോ മറ്റു ജീവജാലങ്ങളോ ഒക്കെ അപകടത്തിൽ പെടുന്നത് സ്വാഭാവികം. മേഘങ്ങളിൽ നിന്നും ഭൂമിയിലേക്കുള്ള വൈദ്യുത പ്രവാഹമാണ്‌ നമുക്ക് പ്രധാനമായും അപകടം ഉണ്ടാക്കുന്നത്. ഭൂ നിരപ്പിൽ നിന്നും ഉയരമുള്ള നിർമ്മിതികളിലേക്ക് സ്വാഭാവികമായും അന്തരീക്ഷത്തിൽ നിന്നും ചാർജ് എളുപ്പത്തിൽ ഡിസ്ചാർജ് ചെയ്യപ്പെടുമല്ലോ. ഈ നിർമ്മിതികളുടെ ഉയർന്ന പ്രതിരോധം അവയെ ശക്തമായി ചൂടാക്കുകയും തീ പിടിപ്പിക്കുകയും ചെയ്യുന്നു. Heat(H)=I2Rt joules. (ഇവിടെ കറന്റ് i, R പ്രതിരോധം , t സമയം) എന്ന സൂത്രവാക്യം ഓർമ്മിക്കുക. ഇവിടെ ഇടിമിന്നലിന്റെ ഉപഫലമായ ചൂട് കുറച്ചുകൊണ്ടുവരാൻ നമുക്ക് നിയന്ത്രിക്കാനാകുന്ന ഒരേ ഒരു സാധനം അത് കടന്നു പോകുന്ന വസ്തുവിന്റെ പ്രതിരോധം (R) മാത്രമാണ്‌. അതിനാൽ പ്രതിരോധം തീരെ കുറവായ ലോഹ ചാലകങ്ങളിലൂടെ ഇടിമിന്നലിനെ ഒഴുകാൻ അനുവദിച്ചാൽ അത് അധികം ചൂടാകാതെ മറ്റ് വസ്തുക്കളെ സ്പർശിക്കാതെ ഭൂമിയിലേക്ക് സുരക്ഷിതമായി ഡിസ്ചാർജ് ചെയ്യപ്പെടുന്നു.

ഇത്തരത്തിൽ മനുഷ്യനും ജീവജാലങ്ങൾക്കും മനുഷ്യ നിർമ്മിതികൾക്കും വലിയ ഭീഷണിയായ മിന്നലിനെ തടയിടാൻ പണ്ടു തൊട്ടേ മനുഷ്യർ ശ്രമങ്ങൾ നടത്തിയിരുന്നു എങ്കിലും 1759 ൽ ബഞ്ചമിൻ ഫ്രാങ്ക്ളിൻ ആണ്‌ മിന്നലിനെ വരുതിയിലാക്കാനുള്ള ലളിതമായ വിദ്യ ആദ്യമായി കണ്ടുപിടിച്ചത്. കെട്ടിടങ്ങൾക്കും മറ്റു ഉയർന്ന നിർമ്മിതികൾക്കും മുകളിലായി സ്ഥാപിച്ചിട്ടുള്ള കൂർത്ത അഗ്രമുള്ള ലോഹ ദണ്ഡും അതിനെ ഭൂമിയുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു ചാലകവും അടങ്ങിയതാണ്‌ ഫ്രാങ്ക്ളിൻ റോഡ് എന്ന പേരിൽ അറിയപ്പെടുന്ന ഈ മിന്നൽ രക്ഷാ ചാലകം. അക്കാലത്തെ ഏറ്റവും ഉയർന്ന നിർമ്മിതികളായിരുന്ന പള്ളികളും അതിനു മുകളിലെ കുരിശുകളുമെല്ലാം ഇടിമിന്നലേറ്റ് നാശമാകുന്നത് ഒരു പതിവായിരുന്നു. ഇടിമിന്നലേൽക്കാതിരിക്കാൻ വേണ്ടി പ്രത്യേക പ്രാർത്ഥനകൾ നടക്കാറുണ്ടായിരുന്നു. പാപികളെ പരീക്ഷിക്കാൻ പള്ളികൾക്കു മുകളിൽ മാത്രം എന്തുകൊണ്ട് ഇടിത്തീ വീഴുന്നു എന്ന് ആരും ചിന്തിച്ചില്ല എങ്കിലും ഇടിമിന്നലുണ്ടാകുമ്പോൾ പള്ളിയിൽ പോകരുതെന്ന് പൊതുവേ എല്ലാവർക്കും അറിയാമായിരുന്നത്രേ. പ്രകൃതി പ്രതിഭാസങ്ങളെ ഭയപ്പാടോടു കൂടി കണ്ടിരുന്ന അക്കാലത്ത് തുടക്കത്തിൽ ബെഞ്ചമിൻ ഫ്രാങ്ക്ളിന് ഇക്കാര്യത്തിൽ കാര്യമായ പിൻതുണയൊന്നും കിട്ടിയില്ല എങ്കിലും ക്രമേണ ഫ്രാങ്ക്ളിൻ റോഡുകൾ പരക്കെ ഉപയോഗപ്പെടുത്തിത്തുടങ്ങി. മൂന്നു നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും . ഇന്നും അടിസ്ഥാനപരമായ വ്യത്യാസങ്ങളൊന്നുമില്ലാതെ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന മിന്നൽ രക്ഷാ ചാലകങ്ങൾ ആണ്‌ ഫ്രാങ്ക്ളിൻ റോഡുകൾ. ലോകത്തെമ്പാടും ആകാശം മുട്ടെ ഉയർന്ന് നിൽക്കുന്ന മനുഷ്യ നിർമ്മിതികൾ ഫ്രാങ്ക്ളിൻ റോഡുകളാൽ സംരക്ഷിക്കപ്പെടുന്നു.

ഇനി താരതമ്യേന പുതിയ ഏളി സ്ട്രീമർ എമിഷൻ എന്ന സാങ്കേതിക വിദ്യയിലേക്ക് വരാം. മിന്നലിനെ ഏണി വച്ച് കയറിപ്പിടിക്കുക എന്ന് പറയില്ലേ അതുപോലെ ഒരു സാങ്കേതിക വിദ്യയാണ്‌ ഇതുകൊണ്ട് വിഭാവനം ചെയ്യുന്നത്. അതായത് ഇത്തരം ലൈറ്റ്നിംഗ് അറസ്റ്ററുകൾ ഒരു വിപരീത ചാർജിന്റെ മണ്ഡലം അവയ്ക്ക് ചുറ്റും ഉണ്ടാക്കും. ലൈറ്റ്നിംഗ് റോഡിൽ നിന്നും ഏതാനും മീറ്ററുകൾ അകലെയുള്ള മേഘങ്ങളിൽ നിന്നുള്ള വൈദ്യുത ചാർജ്ജുകളെ ഇതുവഴി ആകർഷിച്ച് ഭൂമിയിലേക്ക് ഡിസ്ചാർജ് ചെയ്യിക്കുന്ന വിദ്യ. റേഡിയോ ആക്റ്റീവ് പദാർത്ഥങ്ങളായിരുന്നു ആദ്യ കാലങ്ങളിൽ ഇത്തരത്തിൽ ചാർജ് ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്നതെങ്കിൽ ഇപ്പോൾ കപ്പാസിറ്ററുകളും ബാറ്ററികളും മറ്റ് ഇലക്ക്ട്രോണിക് സർക്കീട്ടുകളും ഉപയോഗപ്പെടുത്തുന്നു. ശേഷം ഭാഗങ്ങളായ ഡൗൺ കണ്ടക്റ്റർ എന്നറിയപ്പെടുന്ന വൈദ്യുത ചാലകവും ഭൂമിയിലുള്ള എർത്ത് പിറ്റും എല്ലാം ഫ്രാങ്ക്ളിൻ റോഡിൽ നിന്നും വ്യത്യസ്തമല്ല. എത്ര പ്രാവശ്യം മിന്നൽ എർത്തു ചെയ്തു എന്ന് കാണിക്കാനുള്ള ലൈറ്റ്‌‌നിംഗ് കൗണ്ടർ ഒക്കെ ചില മോഡലുകളിൽ കാണാറുണ്ട്.

ഇനിയാണൊരു ബിഗ് ബില്ല്യൺ ഡോളർ ചോദ്യം വരുന്നത്? സത്യത്തിൽ ഏളീ സ്ട്രീമർ എമിഷൻ ഫലപ്രദമാണോ? ഫലപ്രദമാണോ എന്ന് ചോദിച്ചാൽ ഫലപ്രദം തന്നെ. പക്ഷേ അവ പരമ്പരാഗത ഫ്രാങ്ക്ളിൻ റോഡുകളേ അപേക്ഷിച്ച് എത്രകണ്ട് മെച്ചമാണെന്ന് ചോദിച്ചാൽ അതിനുള്ള തെളിവുകളൊന്നും ലഭ്യമല്ല. ഫ്രാങ്ക്ളിൻ റോഡുകൾ വളരെ ലളിതമാണ്‌ എന്നതുകൊണ്ട് അത് ഫലപ്രദമല്ല എന്ന് അർത്ഥമാകുന്നില്ല. ഇതുവരെ നടന്ന ഒരു സ്വതന്ത്ര പരീക്ഷണങ്ങളിലും ഫീൽഡ്‌ ടെസ്റ്റുകളിലും ഏളീ സ്ട്രീമർ എമിഷൻ സാങ്കേതിക വിദ്യ ഫ്രാങ്ക്ളിൻ റോഡുകളേ അപേക്ഷിച്ച് കൂടുതൽ മെച്ചപ്പെട്ട സംരക്ഷണം നൽകുന്നു എന്നതിനുള്ള തെളിവുകൾ ലഭിച്ചിട്ടില്ല. ഫ്രാൻസ് ആസ്തേലിയ തുടങ്ങിയ രാജ്യങ്ങലിലെ സ്റ്റാൻഡഡൈസിംഗ് ഏജൻസികൾ ഏളി സ്ട്രീമർ എമിഷനെ അംഗീകരിച്ചിട്ടുണ്ടെങ്കിലും ലൈറ്റ്നിംഗ് അറസ്റ്ററുകളുടെ മാനദണ്ഡങ്ങൾ നിർണ്ണയിക്കുന്ന അമേരിക്കയിലെ National Fire Protection Association ഇതുവരെ ഏളി സ്ട്രീമർ എമിഷൻ ഒരു മെച്ചെപ്പെട്ടതും കൂടുതൽ ഫലപ്രദവുമായ സാങ്കേതിക വിദ്യയായി അംഗീകരിച്ചിട്ടില്ല. സാങ്കേതിക വിദ്യ തിയറിറ്റിക്കലി ഉഗ്രനാണ്‌ പക്ഷേ മിന്നൽ എന്ന അതി സങ്കീർണ്ണവും നിരവധി ഘടകങ്ങൾ സ്വാധീനിക്കുന്നതുമായ ഇടിമിന്നൽ എന്ന പ്രതിഭാസം ഉണ്ടാകുന്ന സാഹചര്യങ്ങൾ ലബോറട്ടറികളിൽ സൃഷ്ടിക്കാൻ കഴിയാത്തതുകൊണ്ട് ഇതിന്റെ പ്രായോഗിക തലത്തിൽ ഉള്ള ഗുണങ്ങൾ ഇപ്പോഴും സംശയത്തിന്റെ നിഴലിലാണ്‌. വളരെ ഉയർന്ന കെട്ടിടങ്ങളും ടവറുകളും ചിമ്മിനികളുമെല്ലാം ഫ്രാങ്ക്ളിൻ റോഡ് എന്ന ലളിതമായ സാങ്കേതികവിദ്യകൊണ്ടുമാത്രം സുരക്ഷിതമാക്കപ്പെടുന്നു എന്നത് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ ഏളി സ്ട്രീമർ എമിഷൻ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ലൈറ്റ്നിംഗ് അറസ്റ്ററുകൾ ഇന്സ്റ്റാൾ ചെയ്യപ്പെട്ടതോടെ ഈ സാങ്കേതിക വിദ്യയുടെ ഡിമാന്റ് ആഗോളതലത്തിൽ തന്നെ വലിയ തോതിൽ കൂടിയിട്ടുണ്ട്. മിന്നലിനെ ഏണി വച്ച് പിടീക്കുന്നതുകൊണ്ട് പ്രത്യേകിച്ച് വലിയ ഗുണങ്ങളൊന്നും പ്രായോഗിക തലത്തിൽ പറയാനില്ലെങ്കിലും വലിയ ഒരു സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു എന്നതുകൊണ്ടുള്ള ഒരു മനസ്സമാധാനം കൂടി നൽകുന്നു എന്നതിനാൽ ഏളി സ്ട്രീമർ എമിഷൻ ടൈപ്പ് ലൈറ്റ്നിംഗ് അറസ്റ്ററുകൾ നിർമ്മിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്ന കമ്പനികൾ കൂണുപോലെ മുളച്ചു പൊങ്ങിക്കൊണ്ടിരിക്കുന്നു

You May Also Like

എക്സ്ട്രീംലി ലാർജ് ടെലസ്കോപ്,  ഭൗമേതര ജീവന്‍ തിരയാൻ എല്‍റ്റ്

എക്സ്ട്രീംലി ലാർജ് ടെലസ്കോപ്,  ഭൗമേതര ജീവന്‍ തിരയാൻ എല്‍റ്റ് Sabu Jose ലോകത്തിന്നുവരെ നിര്‍മിച്ചിട്ടുള്ളതില്‍ വച്ച്…

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പണി തുടങ്ങി; നഗ്ന ചിത്രങ്ങൾക്കായി ആപ്പ്, പിൻവലിച്ച് നിർമാതാക്കൾ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പണി തുടങ്ങി; നഗ്ന ചിത്രങ്ങൾക്കായി ആപ്പ്, പിൻവലിച്ച് നിർമാതാക്കൾ ⭐ കടപ്പാട് :…

ഡിഷ് വാഷർ ഇപ്പോഴും ഉപരി വർഗ്ഗ സമൂഹത്തിൽ പോലും കാര്യമായ സ്ഥാനം നേടിയിട്ടില്ല, എന്തുകൊണ്ടാകും ?

സുജിത്കുമാർ (ഫേസ്ബുക്കിൽ എഴുതിയത് ) വാഷിംഗ് മെഷീനോടൊപ്പം തന്നെ ഇന്ത്യൻ കൺസ്യൂമർ മാർക്കറ്റിലേക്ക് ചുവട് വച്ച…

പ്രപഞ്ചത്തിന്റെ ഭാവിപ്രവചനം എളുപ്പമാക്കുന്നതിന് നാസ തയ്യാറെടുക്കുന്നു

Nancy Grace Roman Space Telescope / WFIRST സാബുജോസ് (ഫേസ്ബുക്കിൽ എഴുതിയത് ) പ്രപഞ്ചത്തിന്റെ…