വസന്തം ചെറിമരങ്ങളുമായി ചെയ്യുന്നത് എനിക്ക് ടീച്ചറുമായിച്ചെയ്യണം !!
Lijeesh Kumar (ഫേസ്ബുക്കിൽ എഴുതിയത് )
A — Z of Men എന്നൊരു പുസ്തകമുണ്ട്, ആണുങ്ങൾ അത് വായിച്ചാൽ നല്ലതാണ്. മെർലിൻ മൺറോ, ജെയ്ൻ മാൻസ്ഫീൽഡ്, മാമി വാൻ ഡോറൻ എന്നിവരെപ്പോലെ എ പടങ്ങളിലൂടെയും, വിവാദ പാർട്ടികളിലൂടെയും, ചൂടൻ മോഡലിംഗുകളിലൂടെയും ഇംഗ്ലണ്ടിനെ വശീകരിച്ച ഡയാന ഡോർസ്. ഡയാനയുടെ ആത്മകഥയാണ് A — Z of Men.
വിശ്വവിഖ്യാതനായ ആക്ടർ ഫ്രഡറിക് മാര്‍ച്ചിനെക്കുറിച്ച് ഡയാന പറയുന്ന രസകരമായ ഒരു ഭാഗം ആ പുസ്തകത്തിലുണ്ട്. മാര്‍ച്ചിനെ ആദ്യമായി കാണുന്ന കാലത്ത് ഡയാനയ്ക്ക് ഒരു പതിനാറു വയസ്സൊക്കെയേ ഉണ്ടാവൂ. ഡയാന പറഞ്ഞു, “ക്രിസ്റ്റഫര്‍ കൊളമ്പസ് എന്ന സിനിമയില്‍ അഭിനയിക്കാനാണ് അദ്ദേഹം വന്നത്. അടിമുടി കാമം നിറഞ്ഞ കണ്ണുകളോടെ മാർച്ച് എന്നെ നോക്കുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു. ഒരു ദിവസം അദ്ദേഹത്തിന്റെ ഡ്രസ്സിംഗ് റൂമിന്റെ മുമ്പിലൂടെ നടന്നു പോകുമ്പോൾ മാർച്ച് എന്നെ പിടിച്ചു വലിച്ച് അകത്താക്കി. ഒരു വിധത്തിൽ ഞാൻ പിടഞ്ഞുമാറി രക്ഷപ്പെട്ടു !! അതിനുശേഷം എന്നെക്കാണുമ്പോഴൊക്കെ അദ്ദേഹത്തിന് ദേഷ്യമായിരുന്നു.”
ഹോളിവുഡിന്റെ 1930 കളിലേയും നാൽപ്പതുകളിലേയും മോസ്റ്റ് സെലിബ്രേറ്റഡ് വേഴ്സറ്റയിൽ ആക്ടറിനെക്കുറിച്ചാണ് ഇപ്പറയുന്നത് കേട്ടോ. ഡയാന പറഞ്ഞു, “എന്നോടുള്ളതിനേക്കാൾ ദേഷ്യം മാർച്ചിന്, അദ്ദേഹത്തിന്റെ ഹെയർ ഡ്രസ്സറിനോടുണ്ടായിരുന്നു !” അവരും ഒരു സ്ത്രീയായിരുന്നു. എന്നും കാലത്ത് മാര്‍ച്ചിന്റെ തലയില്‍ വിഗ് വയ്ക്കാന്‍ അവർ വരും. അപ്പോൾ അവരുടെ പാവാടയുടെ അടിയിലൂടി മാർച്ച് കൈയ്യിടും. അസഹനീയമായപ്പോള്‍ ഒരുദിവസം അവരു പറഞ്ഞു, “മിസ്റ്റര്‍ മാര്‍ച്ച്, നിങ്ങളീ പരിപാടി നിർത്തുന്നില്ലെങ്കില്‍ ഞാന്‍ അവിടെയൊരു എലിക്കെണി വെക്കാൻ പോകുകയാണ് !!” എന്ന്.
ബലമായി പിടിച്ചു വലിച്ച് ഉമ്മ വെക്കാൻ നോക്കുന്നവരെ കാണുമ്പോൾ എനിക്ക് ഫ്രഡറിക് മാര്‍ച്ചിനെ ഓർമ്മ വരും, ഡയാന ഡോർസിന്റെ കുതറൽ ഓർമ്മ വരും, എലിക്കെണി വെക്കാൻ തോന്നും. പക്ഷേ മാത്യു തോമസിന്റെ കൗമാരക്കാരൻ റോയ്, ഒരിക്കൽ ചേച്ചീ ചേച്ചീ എന്നു വിളിച്ച് പിന്നാലെ നടന്നിരുന്ന അവന്റെ ട്യൂഷൻ ടീച്ചർ ക്രിസ്റ്റിയെ ഒരുമ്മയിലേക്ക് വലിച്ചടുപ്പിച്ചപ്പോൾ എന്തോ എനിക്ക് എലിക്കെണി ഓർമ്മ വന്നില്ല. മാളവിക മോഹനും മാത്യു തോമസും നായികാനായകന്മാരായി വന്ന ആൽവിൻ ആന്റണിയുടെ പടം ക്രിസ്റ്റി എനിക്കെങ്ങനെ ഫീൽ ചെയ്തു എന്ന ചോദ്യത്തിന് എന്റെ ഉത്തരം ഇതാണ്.
കടപ്പുറത്ത് മലർന്നു കിടന്ന് കൂട്ടുകാരനോട് റോയ് പറയുന്നുണ്ട്, “ചേച്ചിയോട് ഇടയ്ക്കിടെ ഇഷ്ടമുണ്ടോ ഇഷ്ടമുണ്ടോ എന്ന് ചോദിക്കണമെന്നില്ല. ചേച്ചിയുടെ ഇഷ്ടം എനിക്കറിയാം” എന്ന്. എങ്ങനെയറിയാം എന്ന ചോദ്യത്തിന് ബെന്യാമിനും ജി.ആർ.ഇന്ദുഗോപനും ചേർന്നെഴുതുന്ന ഉത്തരം, “ഡേയ്, ഈ കാറ്റ് നിനക്കനുഭവിക്കാൻ പറ്റുന്നുണ്ടോ ?” എന്ന ചോദ്യമാണ്. ഇതുപോലെ അനുഭവിക്കാൻ കഴിയും പ്രേമത്തെ എന്ന്. ആനന്ദ് സി ചന്ദ്രന്റെ ക്യാമറയും ഗോവിന്ദ് വസന്തയുടെ സംഗീതവും ക്രിസ്റ്റിയിൽ ചെയ്യുന്നത് അതാണ്. ഈ കാറ്റ് നിങ്ങൾക്കനുഭവിക്കാൻ പറ്റുന്നുണ്ടോ, എന്ന് പ്രേക്ഷകരോട് ചോദിക്കുകയാണവർ.
വസന്തം ചെറിമരങ്ങളുമായി ചെയ്യുന്നത് എനിക്ക് ചേച്ചിയുമായിച്ചെയ്യണം എന്ന് കൊതിക്കുന്ന ഒരു കൗമാരക്കാരന്റെയും, വസന്തത്തെ വരവേൽക്കാൻ പേടിച്ച് കടലുകളാൽ ചുറ്റപ്പെട്ട ഒരിടത്ത് ഒറ്റയ്ക്ക് നിൽക്കുന്ന ഒരു ചെറിമരത്തിന്റേയും കഥയാണ് ക്രിസ്റ്റി.