വളരെ സങ്കീർണ്ണവും കുഴഞ്ഞു മറിഞ്ഞതുമായ സാഹചര്യത്തിലേക്ക് നടി ആക്രമിക്കപ്പെട്ട കേസ് എത്തിനിൽക്കുകയാണ്. ഉറപ്പായും നീതി ലഭിക്കും എന്ന അവസ്ഥയിൽ നിന്നും ‘നീതി ലഭിക്കുമോ ?’ എന്ന് നീതി ഒരു ചോദ്യചിഹ്നമായി നിൽക്കുമ്പോൾ നാം ആരെയാണ് പഴിക്കേണ്ടത് ? ചില ഭരണകൂട ഗിമ്മിക്കുകളായി എഴുന്നള്ളിച്ചു ഒരേ സമയം അതിജീവിതയുടെയും ജനങ്ങളുടെയും കണ്ണിൽ പൊടിയിടുന്നവർ തന്നെയാണ് മറുപടി പറയേണ്ടത്. നരസിംഹത്തിലെ മമ്മൂട്ടിയുടെ കഥാപാത്രമായ നന്ദഗോപാൽ മാരാരെപോലെയോ സമ്മർ ഇൻ ബെത്ലഹേമിലെ മോഹൻലാൽ കഥാപാത്രമായ നിരഞ്ജനെ പോലെയോ അപ്രതീക്ഷിത എൻട്രികൾ കൊണ്ട് കയ്യടി മേടിക്കാൻ ഭാവന ഒരു അലങ്കാരവസ്തുവല്ല , അവൾക്കു ഈ നീതിപോരാട്ടത്തിൽ വിജയിക്കേണ്ടതുണ്ട് , കാലത്തിന്റെ സിനിമ പ്രദർശനത്തിൽ അവൾ ഒരു അപ്രതീക്ഷിത അഥിതി എന്നതിനേക്കാൾ സകല അനീതികളുടെയും അന്തകയായി ജലപ്പരപ്പിലെക്കുയർന്നു ഗർജ്ജിക്കുന്ന നായകന്റെ മുഴുനീള കഥാപാത്രം തന്നെ ആകേണ്ടതുണ്ട്. അങ്ങനെ ആകുമ്പോൾ മാത്രമേ വിജയത്തിന്റെ ശ്വാശ്വതമായ സിംഹാസനത്തിൽ അവർ അവരോധിത ആവുകയുള്ളൂ. ഇനി നമുക്ക് ഈ വിഷയത്തിൽ ലിജീഷ് കുമാർ എഴുതിയ കുറിപ്പ് വായിക്കാം . വളരെ ശക്തമായ പ്രതികരണമാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഈ എഴുത്ത്.

Lijeesh Kumar
മേളപ്പന്തലിൽ ആളെക്കൂട്ടാൻ
എഴുന്നള്ളിക്കേണ്ട അലങ്കാര
വസ്തുവിന്റെ പേരല്ല ഭാവന !
കാസിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ 1989 ൽ പെരുവണ്ണാപുരത്തെ വിശേഷങ്ങൾ പുറത്ത് വരുമ്പോൾ എനിക്ക് 3 വയസ്സാണ്. പിന്നെയും വർഷങ്ങൾ കഴിഞ്ഞാണ് ഞാനത് കാണുന്നത്. കൊല്ലം കുറേയായെങ്കിലും മോഹൻലാലിന്റെ കാമിയോ അച്ചുതക്കുറുപ്പിനെ എനിക്കിപ്പോഴും ഓർമ്മയുണ്ട്. അത്ര കൃത്യമായാണ് അല്പ നേരത്തേക്കുള്ള ആ വരവ് രഞ്ജിത്തിന്റെ തിരക്കഥയിൽ പ്ലാൻ ചെയ്യപ്പെട്ടത്. കണ്ടവർ ഒരിക്കലും മറക്കാത്തത്രയും തന്ത്രപരമായി, ബുദ്ധിപരമായി.
അല്പ നേരത്തേക്കൊരാളെ കൊണ്ടുവന്ന് വശീകരിക്കുന്നതിൽ രഞ്ജിത്തിനോളം വൈദഗ്ദ്യമുള്ളവർ കുറവാണ്. വന്ദേ മുകുന്ദ ഹരേ പാടി പെരിങ്ങോട് ശങ്കര മാരാർ എത്ര പെട്ടന്നാണ് മിന്നിമറയുന്നത്. പക്ഷേ ദേവാസുരം കണ്ടിറങ്ങിയവരാരും ഒടുവിലിനെ മറക്കില്ല. ഭാനുമതിയും നീലനും വാര്യരും നെപ്പോളിയനും നിറഞ്ഞാടിയിട്ടും അയാളുടെ ഇടക്കയുടെ ശബ്ദമായിരിക്കും ഒടുവിൽ നമ്മളിൽ അവശേഷിച്ചിട്ടുണ്ടാവുക. റിലീസായി 15 കൊല്ലങ്ങൾക്ക് ശേഷം ദുബായിൽ നടന്ന നരസിംഹത്തിന്റെ സ്പെഷൽ ഷോയെക്കുറിച്ച് ഇന്റർ നാഷണൽ ബിസിനസ് ടൈംസിൽ വന്ന തലക്കെട്ട് ‘ദുബായിൽ തരംഗമായി മോഹൻലാൽ – മമ്മൂട്ടി ചിത്രം നരസിംഹം’ എന്നായിരുന്നു. എത്ര നേരമുണ്ട് നരസിംഹത്തിൽ മമ്മൂട്ടിയുടെ നന്ദഗോപാൽ മാരാർ. എത്ര നേരം എന്നതല്ല എപ്പോൾ, എങ്ങനെ, എന്തു പറയാൻ എന്നതാണ് പ്രധാനമെന്ന് രഞ്ജിത്തിനറിയാം. ഇപ്പണിയിൽ അയാൾ മലയാളത്തിന്റെ മാസ്റ്ററാണ്.
നീലഗിരിയിലെ ഡെന്നീസിന്റെ ബത് ലഹേം എസ്റ്റേറ്റിൽ അഭിരാമിയും ഡെന്നീസും രവിശങ്കറും 160 മിനുട്ട് നിറഞ്ഞാടിയിട്ടും സമ്മർ ഇൻ ബത് ലഹേം അവശേഷിപ്പിച്ചത് നിമിഷ നേരത്തേക്ക് വന്നു പോകുന്ന നിരഞ്ജനെയാണ്. ഒട്ടുമേ പ്രതീക്ഷിക്കാത്ത നേരത്ത് അങ്ങനെ ഒരാളെ ഇറക്കിക്കൊണ്ടുവരാൻ അന്നുമിന്നും നമുക്ക് ഒരു രഞ്ജിത്തേ ഉള്ളൂ.
രഞ്ജിത്തിനാണ്,
കേരള ചലച്ചിത്ര അക്കാദമിയുടെ ചെയർമാന്.
കാമിയോകളെ ഇറക്കി കളം പിടിക്കുന്ന നിങ്ങളുടെ തിരക്കഥകൾ എക്കാലവും ബ്ലോക്ക് ബെസ്റ്ററായിട്ടുണ്ട്. ഏറ്റവും ഒടുവിൽ ഇക്കഴിഞ്ഞ രാജ്യാന്തര ചലച്ചിത്ര മേളയുടെ വേദിയിലേക്ക് ഭാവനയെ കൊണ്ടുവന്നതുൾപ്പെടെ. ‘IFFK യിൽ അപ്രതീക്ഷിത അതിഥി, ഹര്ഷാരവങ്ങളോടെ സിനിമാപ്രേമികള് !’ ഈ തലക്കെട്ടിൽ സകലമാന മാധ്യമങ്ങളും അവളുടെ വരവിനെ ആഘോഷിക്കുമ്പോൾ, നവ മാധ്യമങ്ങളിൽ അത് തരംഗമാവുമ്പോൾ, നിങ്ങളുടെ മനസിലെന്തായിരുന്നു ? മലയാളി എന്താണെന്നും, അയാൾക്കെന്ത് കൊടുക്കണമെന്നും നിങ്ങളോളം അറിയാവുന്ന തിരക്കഥയെഴുത്തുകാർ കുറവാണ്. ആ തിരക്കഥയെഴുത്തുകാരന്റെ നിഗൂഢമായ ചിരിയായിരുന്നോ അപ്പോൾ നിങ്ങളുടെ ഉളളിൽ ? അല്ലെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. മേളപ്പന്തലിൽ ആളെക്കൂട്ടാൻ എഴുന്നള്ളിക്കേണ്ട അലങ്കാര വസ്തുവിന്റെ പേരല്ല ഭാവന. അവളുടെ പ്രതിനിധാനം മുന്നോട്ട് വെക്കുന്ന ഒരു രാഷ്ട്രീയ പ്രഖ്യാപനമുണ്ട്. അതിൽ വിശ്വസിക്കാൻ ഇഷ്ടപ്പെടുന്ന ഒരു കേവല മലയാളിയാണ് ഞാൻ.
ചലച്ചിത്രോത്സവത്തിന്റെ വേദിയിൽ ഒരാളെ നിർത്തുക എന്നാൽ സർക്കാർ അയാളെ ഒപ്പം നിർത്തുക എന്നാണർത്ഥം. സിനിമാക്കാരെ സർക്കാർ ഒപ്പം നിർത്താറുള്ളത് എപ്പോഴും പ്രചരണ സാധ്യതയുള്ള ഒരു പരസ്യ വസ്തുവായിട്ടാണ്. ഭാവന അതുമാണ് എന്നതുകൊണ്ട് ഊന്നിപ്പറയട്ടെ, മേളപ്പന്തലിൽ ആളെക്കൂട്ടാൻ എഴുന്നള്ളിക്കേണ്ട അലങ്കാര വസ്തുവിന് അതിജീവിത എന്നല്ല പേര് – ഇര എന്നാണ്. മൂന്ന് മാസങ്ങൾക്കിപ്പുറത്ത് എന്റെ കേസ് ഭരണകൂടം അട്ടിമറിക്കുന്നു എന്ന പെറ്റീഷനുമായി കോടതി മുറിയിൽ നിൽക്കുന്നത് ഇരയാണ് സർ.
പ്രൊഫസർ എം.കുഞ്ഞാമൻ, മനില.സി.മോഹനുമായുള്ള സംഭാഷണത്തിൽ ഒരിടത്ത് ദേവാസുരത്തെക്കുറിച്ച് പറയുന്ന ഒരു ഡയലോഗുണ്ട്. ദേവാസുരം ജന്മിത്തത്തിന്റെ പടമല്ല. ഫ്യൂഡലിസത്തിന്റെ തകർച്ചയാണതിൽ, ഫ്യൂഡൽ മാടമ്പിയായ നായകനുമേൽ ഒരു പെണ്ണ് തന്റെ നിലപാട് കൊണ്ട് ആധിപത്യം നേടുന്ന പടമാണത് എന്ന്. അതു കേട്ടപ്പോൾ എനിക്ക് നീലകണ്ഠനെ ഓർമ്മ വന്നു. തനിക്ക് വഴങ്ങാത്ത ഒരേയൊരു ഭാനുമതിയെക്കുറിച്ച്, ‘വാര്യരേ ഇതാണ് പെണ്ണ്, ഇതുവരെ കണ്ടതൊന്നുമായിരുന്നില്ല’ എന്ന് അയാൾ പറയുന്നതോർമ്മ വന്നു.
വഴങ്ങാത്ത പെണ്ണാണ് പെണ്ണ്, ഇതുവരെ കണ്ടതൊന്നുമായിരുന്നില്ല എന്ന് വർഷങ്ങൾക്കുമുമ്പ് നിങ്ങളെഴുതിയ ഡയലോഗിലൂടെ ഭാവനയെ വായിക്കാനാണ് എനിക്കിഷ്ടം. ഇതൊരു വലിയ സമരമാണ്. ആ സമരത്തിന്റെ നായികയാണവൾ. അവളൊരാളല്ല, അവളൊരാൾക്കു വേണ്ടിയല്ല, അവളീ സമരം നയിക്കുന്നത്. ഒരു പോരാട്ടം നയിക്കുന്നയാളെ കൊന്ന് കളഞ്ഞ്, ആ പോരാട്ടത്തെ അവസാനിപ്പിക്കുന്ന ഭരണകൂട യുക്തി നമ്മുടെ ചരിത്രത്തിൽ ഏറെയുണ്ട്. ഈ സമരത്തേയും അങ്ങനെ തോൽപ്പിക്കരുത്.
സിനിമാ മേളപ്പന്തലിൽ സ്ഥലം മാറിക്കളിച്ച നാടകത്തിന്റെ പേരല്ല ‘അവൾക്കൊപ്പം’ എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം, അക്കളിക്ക് കൂട്ടുനിൽക്കില്ല രഞ്ജിത്ത് എന്നും. ചലച്ചിത്ര അക്കാദമി ചെയർമാൻ മാത്രമല്ല രഞ്ജിത്ത്, നിങ്ങൾ മലയാള സിനിമയുടെ ബ്രാൻഡ് അംബാസിഡർമാരിൽ ഒരാൾ കൂടിയാണ്. ഒരു നായികയ്ക്കും സർക്കാരിനുമിടയിലെ പാലമാവേണ്ടത് നിങ്ങളാണ്. ആണെന്ന തോന്നലാണ് കഴിഞ്ഞ ചലച്ചിത്ര മേളയുടെ വേദിയിലേക്ക് അവളെ എത്തിച്ചത്.
അവൾക്കൊപ്പമോ ഭരണകൂടത്തിനൊപ്പമോ എന്ന ചോദ്യത്തിന്, രണ്ടിനുമൊപ്പം എന്നുത്തരം പറയണമെങ്കിൽ രണ്ടും ഒരേ ദിശയിൽ സഞ്ചരിക്കണം. രണ്ടും രണ്ട് ദിശയിലെങ്കിൽ നിങ്ങളെന്ത് ചെയ്യും ? കാലം നിങ്ങളെ ഉറ്റു നോക്കുന്നുണ്ട് രഞ്ജിത്ത്. രണ്ടും ഒരേ ദിശയിലാക്കാൻ നിങ്ങൾക്ക് കഴിയട്ടെ. വലിയ പണിയാണ്, കേരളം ഐസ്ക്രീം നുണഞ്ഞ കാലം തൊട്ടിന്നോളം ഉന്നതർ സ്വതന്ത്രരാണ്. സിനിമയിലുമതെ, റോസിയേ ഓടിപ്പോയിട്ടുള്ളൂ. ജെ.സി ഡാനിയലിന് ഇവിടെ ജീവിക്കാൻ പറ്റിയിട്ടുണ്ട്, മലയാള സിനിമയുടെ പിതാവാവാൻ പറ്റിയിട്ടുണ്ട്.