സ്വയം കൊളുത്തിയ തീയിൽ പ്രണബ് മുഖർജി അവസാനിക്കുന്നു, ഒടുക്കമല്ല ശർമിഷ്ഠ, ഇതൊരു തുടക്കമാണ് !

88

Lijeesh Kumar

സ്വയം കൊളുത്തിയ തീയിൽ പ്രണബ് മുഖർജി അവസാനിക്കുന്നു. ഒടുക്കമല്ല ശർമിഷ്ഠ, ഇതൊരു തുടക്കമാണ് !!

”’2012 ജൂൺ 2, വൈകുന്നേരം ഞാൻ സോണിയ ഗാന്ധിയെ കണ്ടു. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പാർട്ടി സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ചായിരുന്നു ചർച്ച. പാർട്ടി സ്ഥാനാർത്ഥിയെക്കുറിച്ചും, പിന്തുണ നേടാനുള്ള സാധ്യതയെക്കുറിച്ചും. ഇടയ്ക്കൊരു നേരം സോണിയ എന്നോടു പറഞ്ഞു, ”പ്രണബ്ജീ, രാഷ്ട്രപതിയുടെ ഓഫീസിന് ഏറ്റവും അനുയോജ്യൻ നിങ്ങളാണ്, പക്ഷേ സർക്കാരിന്റെ പ്രവർത്തനത്തിൽ നിങ്ങൾ വഹിക്കുന്ന പങ്ക് നിർണായകമാണ്. അതു മറക്കരുത്. നിങ്ങൾക്കൊരു പകരക്കാരനെ എത്രയാലോചിച്ചിട്ടും എനിക്ക് കിട്ടുന്നില്ല. ഒന്നാലോചിച്ച് നോക്കൂ, നിങ്ങൾക്ക് കഴിയുമോ സ്വന്തം പകരക്കാരനെ നിർദ്ദേശിക്കാൻ ?”

അത് വല്ലാത്തൊരു ചോദ്യമായിരുന്നു, ഉത്തരം മുട്ടിപ്പോയ ചോദ്യം. ഞാൻ പറഞ്ഞു, ”മാഡം, ഞാനടിമുടി ഒരു പാർട്ടി മനുഷ്യനാണ്. പാർട്ടി നേതൃത്വം പറയുന്നതേ ഞാനിന്നോളം പ്രവർത്തിച്ചിട്ടുള്ളൂ. എന്തുത്തരവാദിത്തം നിങ്ങളേൽപ്പിച്ചാലും, ഞാനത് ആത്മാർത്ഥതയോടെ നിർവഹിക്കും. എനിക്ക് ആഗ്രഹങ്ങളില്ല.” സോണിയയുടെ മുഖം വിടർന്നു. എന്റെ നിലപാടിനെ അവരഭിനന്ദിച്ചു. മീറ്റിംഗ് കഴിഞ്ഞു, ഞാൻ മടങ്ങി. മൻ‌മോഹൻ സിംഗാവും സോണിയയുടെ മനസ്സിലെ പ്രസിഡന്റ് നോമിനി എന്ന അവ്യക്തമായ ധാരണ മടങ്ങുമ്പോൾ എനിക്കുണ്ടായിരുന്നു. മൻ‌മോഹൻ പ്രസിഡന്റ് സ്ഥാനാർത്ഥിയാവുന്നതോടെ അവരെന്നെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കുമെന്ന് ഞാൻ കരുതി,”

  • പ്രണബ് മുഖർജി
    [The Coalition Years 1996 – 2012]
    കൂട്ടുകക്ഷിക്കാലത്തെക്കുറിച്ചുള്ള പ്രണബിൻ്റെ പുസ്തകം രൂപ പബ്ലിക്കേഷൻ പുറത്തിറക്കുന്നത് 2017 ലാണ്. അസംതൃപ്തനായിരുന്നോ പ്രണബ് എന്ന ചോദ്യം അന്നു മുതൽ എന്റെ ഉള്ളിലുണ്ട്. കൃത്യം ഒരു വർഷത്തിന് ശേഷം 2018 ജൂൺ 7 ന് പ്രണബ് നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനത്തെത്തി. ആർ.എസ്.എസിൻ്റെ ത്രിതീയ വർഷ സംഘ ശിക്ഷ വർഗിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ. അതിലെന്തത്ഭുതം, ക്ഷണിച്ചിട്ടല്ലേ എന്ന ചോദ്യം അയാളുടെ ചരിത്രം അറിയാവുന്നവരാരും ഉന്നയിക്കാനിടയില്ല.

പഴയ പ്രണബ്​ മുഖർജി എപ്പോഴും ആർ.എസ്.എസ്സിനെതിരെ സംസാരിച്ചിരുന്നു. ഇന്ത്യയിലെമ്പാടുമുള്ള തീവ്രവാദ പ്രവർത്തനങ്ങളുടെ ചാലക ശക്തി ആർ.എസ്.എസ്സാണെന്ന് അയാൾക്കഭിപ്രായമുണ്ടായിരുന്നു. 2010 ലെ കോൺഗ്രസിൻെറ 83 ആം സമ്മേളനത്തിൽ ആർ.എസ്​.എസും തീവ്രവാദികളും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്ന് പ്രമേയം വരെ പാസാക്കി പ്രണബ്. ​”ആര്‍.എസ്.എസ്സിന്റെയും ഹിന്ദു മഹാസഭയുടെയും ഒരംഗം ഗാന്ധിയെ വെടിവെച്ചു കൊന്നു, ” എന്ന് 2010 ല്‍ പുറത്തിറങ്ങിയ ‘കോണ്‍ഗ്രസ് ആൻഡ് ദി മേക്കിംഗ് ഓഫ് ദി ഇന്ത്യൻ നേഷൻ’ എന്ന പുസ്തകത്തില്‍ പ്രണബ് മുഖര്‍ജി എഴുതിയിട്ടുണ്ട്. അയാളാണ് 8 വർഷങ്ങൾക്കിപ്പുറം നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനത്തെത്തിയത്. വീണ്ടും സങ്കടവും നഷ്ടബോധവും കൂടിക്കുഴഞ്ഞ് പ്രണബിൻ്റെ ശബ്ദം എന്നെത്തേടി വന്നു. ”മൻ‌മോഹനാവും സോണിയയുടെ മനസ്സിലെ പ്രസിഡന്റ് നോമിനി. മൻ‌മോഹൻ പ്രസിഡന്റ് സ്ഥാനാർത്ഥിയാവുന്നതോടെ അവരെന്നെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കും !!”

അസംതൃപ്തനായിരുന്നോ പ്രണബ് ? അയാളൊരുജ്ജ്വല ഭരണാധികാരിയായിരുന്നു. രാഷ്ട്രപതിക്കസേരയെക്കാൾ അയാൾക്കിണങ്ങുക പ്രധാനമന്ത്രിക്കസേരയായിരുന്നു. നമുക്കറിയാവുന്നതു പോലെ അയാൾക്കും അതറിയാമായിരുന്നിരിക്കണം. പ്രണബ് മുഖർജി എന്ന പ്രധാനമന്ത്രിയും മൻമോഹൻ സിംഗെന്ന രാഷ്ട്രപതിയുമായിരുന്നു മികച്ച ഫോർമുല. എന്തുകൊണ്ടാവും കോൺഗ്രസ് അതു വിട്ടു കളിച്ചത്.

നരസിംഹ റാവു പ്രധാനമന്ത്രിയായ കാലത്ത് മുതലുണ്ട്, പ്രധാനമന്ത്രി കസേരയ്ക്ക് യോഗ്യൻ പ്രണബ് മുഖർജിയാണ് എന്ന ചർച്ച. അക്കാലം വിടൂ, ഒടുവിൽ മൻമോഹന് കൈ പൊക്കിയ കാലത്തെങ്കിലും മാറി ചിന്തിക്കാമായിരുന്നു കോൺഗ്രസിന്. പ്രണബ് മുഖർജി എന്ന പ്രധാനമന്ത്രിയും മൻമോഹൻ സിംഗെന്ന രാഷ്ട്രപതിയുമായിരുന്നു കോൺഗ്രസിൻ്റെ ഫോർമുലയെങ്കിൽ, പിന്നീട് വന്ന തെരഞ്ഞെടുപ്പുകൾ ബി.ജെ.പിയെ ഇങ്ങനെ വളർത്തുമായിരുന്നില്ല. പ്രണബിനും അതറിയാമായിരുന്നു.
2017 ൽ പ്രണബിൻ്റെ Coalition Years പുറത്തിറങ്ങി. വരികൾക്കിടയിലെ മൗനത്തിലേക്ക് ആർ.എസ്.എസ് നടന്നു ചെന്നു. പ്രണബ് നാഗ്പൂരിലെത്തി. എന്തു പറയുമെന്ന് എല്ലാവരും കാതോർത്തിരുന്നു. മറിച്ചൊന്നും പറയില്ല എന്ന് പറഞ്ഞവരും, പുലിമടയിൽ ചെന്ന് പുലിയെ പിണക്കാൻ ധൈര്യമുണ്ടോ കോൺഗ്രസ്സിൻ്റെ വയസ്സൻ കുതിരയ്ക്ക് എന്ന് ചോദിച്ചവരുമെല്ലാം നോക്കിയിരുന്നു. ആർ.എസ്.എസ് സമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ട് പ്രണബ് മുഖർജി പറഞ്ഞു, ”മതത്തെയും അ​സ​ഹി​ഷ്​​ണു​തയെയും ​കൊണ്ട്​ ഇ​ന്ത്യ​യെ നി​ർ​വ​ചി​ക്കാ​ൻ ശ്രമിക്കരുത്.” എന്തിന് പോയി എന്ന് ചോദിച്ചവർക്കുള്ള മറുപടിയായിരുന്നു പ്രണബ് മുഖർജിയുടെ പ്രസംഗം. ”ഈ രാജ്യത്തിൻ്റെ ആ​ത്​​മാ​വ്​ ബഹു​സ്വ​ര​ത​യും സഹി​ഷ്​​ണു​ത​യു​മാ​ണ്​, ബഹുസ്വരത​യി​ലും സഹി​ഷ്​​ണു​ത​യി​ലും അധിഷ്​​ഠി​ത​മാ​യ നാനാത്വം. നാനാത്വത്തിലൂന്നിയ ദേശീയ​ത​യെ​യും ബഹുസ്വ​ര​ത​യെ​യും കു​റി​ച്ചുള്ള എ​ൻ്റെ കാഴ്ചപ്പാ​ടു​ക​ൾ പ​ങ്കു​വെ​ക്കാ​നാ​ണ്​ ഞാനിവിടെ എ​ത്തി​യി​രി​ക്കു​ന്ന​ത്.”

അയാൾക്ക് പറയാനുള്ളത് പറയാനാണ് അയാൾ പോയത്. അയാൾക്ക് പറയാനുള്ളത് പറഞ്ഞാണ് അയാൾ മടങ്ങിയതും. എന്നിട്ടും കൈയ്യടികളിൽ മുക്കിയാണ് പ്രണബ് മുഖർജിയെ ആർ.എസ്.എസ് യാത്രയാക്കിയത്. എന്തുകൊണ്ടാണത് ? എന്തായിരിക്കും അവരെ ആനന്ദിപ്പിച്ചത് ? ആർ.എസ്.എസ്സിന് അനുകൂലമായി പ്രണബ് മുഖർജി സംസാരിച്ചോ ഇല്ലയോ എന്നതല്ല ചരിത്രത്തിലവശേഷിക്കുക എന്ന് അവർക്കറിയാമായിരുന്നു. ചരിത്രം ചില ചിത്രങ്ങളെയാണ് അവശേഷിപ്പിക്കുക. ആർ.എസ്.എസ്സ് ആസ്ഥാനത്ത് പ്രണബ് മുഖർജി നിൽക്കുന്ന ചിത്രങ്ങൾ നിർമ്മിക്കുന്ന പൊതുസ്വീകാര്യതയാണ് ആർ.എസ്.എസ്സിന് വേണ്ടിയിരുന്നത്. അവർ കൈയ്യടിച്ചത് അവരുടെ ക്യാമറയിൽ പതിഞ്ഞ ആ പടങ്ങൾക്കാണ്, പ്രസംഗത്തിനല്ല.

ഇതത്രയും മുൻകൂട്ടി കണ്ട ഒരാൾ അന്നേ ഇന്ത്യയിലുണ്ടായിരുന്നു. അയാളന്ന് പ്രണബ് മുഖർജിക്കെഴുതി, ”ബി.ജെ.പിയുടെ കുതന്ത്ര പ്രചാരണ വിഭാഗത്തിന്റെ വൃത്തികേടുകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് സിറ്റിസൺ പ്രണബ് മുഖർജിക്ക് ഇന്ന് ബോധ്യപ്പെട്ടുകാണും. താങ്കളെ നാഗ്പൂരിലേക്ക് ക്ഷണിക്കുമ്പോൾ ആർ.എസ്.എസ്സിന് നന്നായറിയാം അവരുടെ ആശയങ്ങളല്ല താങ്കളവിടെ പറയുകയെന്ന്. താങ്കളവിടെ പറയുന്നതെന്തായാലും അത് വിസ്മരിയ്ക്കപ്പെടുമെന്നും താങ്കളവിടെ നിൽക്കുന്ന ചിത്രങ്ങൾ മാത്രം തങ്ങൾക്കിഷ്ടമുള്ള നുണകളോടെ പ്രചരിപ്പിക്കാൻ കഴിയുമെന്നും അവർക്കറിയാവുന്നത് കൊണ്ട് നാഗ്പൂരിലവർക്ക് നിങ്ങളെ വേണം. അവിടെ പോകാൻ തീരുമാനിച്ചതിലൂടെ, ബി.ജെ.പിക്കും ആർ.എസ്.എസ്സിനും അവരുടെ വ്യാജപ്രചാരണത്തിനും വ്യാജവാർത്തകൾക്കും കിംവദന്തികൾക്കുമുള്ള വലിയൊരവസരമാണ് സിറ്റിസൺ മുഖർജി, താങ്കൾ നൽകിയിരിക്കുന്നത്. നുണകൾ എങ്ങനെ പരത്തണമെന്നും അതെങ്ങനെ വിശ്വസിപ്പിക്കണമെന്നും അവർക്ക് നന്നായറിയാം. അതെ മുഖർജി, ഇതൊരു തുടക്കമാണ്.”
എന്തു കത്താണല്ലേ. കത്തെഴുതിയവളുടെ പേര് ശർമിഷ്ഠ, കഥക് നർത്തകി ശർമിഷ്ഠ മുഖർജി. പ്രണബ് മുഖർജിയുടെ മകൾ !! അതെ, ഒരു മകൾ ട്വിറ്ററിൽ അച്ഛനയച്ച കത്താണിത്. അച്ഛനെ അവൾ ബാബ എന്നായിരുന്നു വിളിച്ചിരുന്നത്. ഈ കത്തിൽ അതില്ല, സിറ്റിസൺ മുഖർജി എന്ന് ആദ്യാവസാനം അവളഭിസംബോധന ചെയ്തു. അടിമുടി പൊളിറ്റിക്കലാണവൾ. ശർമിഷ്ഠ കോൺഗ്രസ്സുകാരിയാണ്. എന്നിട്ടും കഥക് നർത്തകി എന്ന് പരിചയപ്പെടുത്തിയത് ബോധപൂർവമാണ്. തീപ്പിടിപ്പിക്കുന്ന പെണ്ണുങ്ങൾ എളുപ്പം തീപ്പെട്ട് തീരുന്ന കളരിയാണ് ഇന്നിന്ത്യൻ രാഷ്ട്രീയക്കളരി. ഈ ശീലങ്ങളും കൊണ്ട് എവിടെ വരെ പോകും ശർമിഷ്ഠ !
ശർമിഷ്ഠ, നിങ്ങൾ പ്രവചിച്ചത് സത്യമായി. അതൊരു തുടക്കമായിരുന്നു. പ്രണബ് നടന്ന വഴിയേ ആർക്കും നടക്കാമെന്നായി. പലരും ആ വഴിയേ നടന്നു. പോയ പോലെ മടങ്ങിപ്പോന്നിരുന്നു പ്രണബ് മുഖർജി. പലരും പക്ഷേ തിരിച്ചു വന്നില്ല. ഒടുവിൽ സംഘ്പരിവാരം ഇന്ത്യയെ വിഴുങ്ങുന്ന വല്ലാത്ത ഒരു കാലത്ത് പ്രണബ് മുഖർജി ഓർമ്മയാവുകയാണ്. ”മതത്തെയും അസഹിഷ്​​ണു​തയെയും ​കൊണ്ട്​ ഇ​ന്ത്യ​യെ നി​ർ​വ​ചി​ക്കാ​ൻ ശ്രമിക്കരുത്” എന്ന പ്രണബിൻ്റെ പ്രസംഗം എവിടെയുമില്ലാതായി. ആർ.എസ്.എസ്സ് ആസ്ഥാനത്ത് പ്രണബ് നിൽക്കുന്ന ചിത്രങ്ങൾ മാത്രം ചരിത്രത്തിൽ ബാക്കിയായി. ആ ചിത്രങ്ങളുടെ ബലത്തിൽ, ”എന്നും സംഘ്​പരിവാറിനുള്ള വഴികാട്ടിയായിരുന്നു അദ്ദേഹം​” എന്ന് ആർ.എസ്​.എസ്​ സർസംഘ ചാലക്​ മോഹൻ ഭാഗവത് പ്രണബിനെ അനുസ്മരിച്ചു. സ്വയം കൊളുത്തിയ തീയിലാണ് പ്രണബ് മുഖർജി അവസാനിക്കുന്നത്.

ആ​ർ.​എ​സ്.​എ​സ്​ സ്​​ഥാ​പ​ക സ​ർ​സം​ഘ് ​​ചാലക്​ ഹെ​ഡ്​​ഗേ​വാ​റിൻ്റെ ജ​ന്മ​സ്​​ഥ​ല​​ത്തെ​ സന്ദ​ർ​ശ​ക പു​സ്​​ത​ക​ത്തി​ൽ ”ഹെഗ്ഡേവാർ, ഇ​ന്ത്യ​യു​ടെ മ​ഹ​ദ്​​പു​ത്ര​ൻ” എന്ന് പ്രണബിൻ്റെ കൈപ്പടയിലെഴുതിയത് ഇപ്പോഴുമുണ്ട്. ​പ്ര​ണ​ബ് മു​ഖ​ർ​ജി ഫൗ​ണ്ടേ​ഷ‍െൻ്റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലേക്ക് സം​ഘ്പ​രി​വാ​ർ നേ​താ​ക്ക​ൾ ക്ഷ​ണി​ക്കപ്പെട്ടത്, പ​ദ​വി ഒഴിയാൻ കാലത്ത് രാ​ഷ്​​ട്ര​പ​തി ഭ​വ​നി​ൽ നൽകിയ ഉ​ച്ച​വിരുന്നിലേക്ക് ആ​ർ.​എ​സ്.​എ​സ് മേ​ധാ​വി മോ​ഹ​ൻ ഭാ​ഗ​വ​ത്​ ക്ഷണിക്കപ്പെട്ടത്, അങ്ങനെയങ്ങനെ പലതുണ്ട് ഓർമ്മിച്ചെഴുതാൻ. ഓർമ്മകളുടെ കുഴപ്പം ഇതാണ്. നല്ലത് നൂറായിരമുണ്ടാകും, പക്ഷേ അലട്ടുന്നതേ നാമോർക്കൂ. ബഹുസ്വരതയുടേയും ജനാധിപത്യത്തിൻ്റെയും പ്രതിപക്ഷ ബഹുമാനത്തിൻ്റെയും മഹാമാതൃകയാണ് പടുത്തുയർത്താൻ ശ്രമിച്ചതെന്ന് പ്രണബ് മുഖർജിക്ക് ന്യായീകരണങ്ങളുണ്ടാകും. അതിനാരാണ് ചെവികൊടുക്കുക. സ്വയം കൊളുത്തിയ തീയിലാണ് പ്രണബ് മുഖർജി അവസാനിക്കുന്നത്.

സ്വയം കൊളുത്തിയ തീയിലാണ് ശർമിഷ്ഠ ഓർമ്മിക്കപ്പെടേണ്ടതും. ശർമിഷ്ഠയായിരുന്നു ശരി. അവളുടെ നോട്ടമായിരുന്നു നോട്ടം. അച്ഛന്റെ അരിക് ചേർന്ന് നടക്കുന്ന മക്കൾ ഇന്ത്യൻ രാഷ്ട്രീയത്തിലേറെയുണ്ട്, അച്ഛനൊപ്പവും പിന്നാലെയും നടക്കുന്നവരുണ്ട്. അച്ഛനോട് മുഖാമുഖം നിന്ന്, “അതെ മുഖർജി, ഇതൊരു തുടക്കമാണ്.” എന്ന് പറയുന്ന മകൾ. അവളെ പക്ഷേ അങ്ങനെ കാണാറില്ല രാഷ്ട്രീയത്തിൽ. അവളെയുമില്ല – അവനെയുമില്ല. ശർമിഷ്ഠ ഗംഭീരയാണ്, ഒരച്ഛൻ മകൾക്കയച്ച കത്തിൽ നിന്ന് ഒരു മകൾ അച്ഛനയച്ച കത്തിലേക്കുള്ള ദൂരത്തെ ഞാനിനി നക്ഷത്ര വർഷം എന്നൊക്കെ വിളിക്കുമ്പോലെ ശർമിഷ്ഠ വർഷം എന്ന് വിളിക്കും. ആ ദൂരമാണ് ഇന്ത്യൻ സ്ത്രീ നടന്നെത്തിയ ദൂരം. അച്ഛനെക്കാൾ നിലപാടുള്ളവളെ അച്ഛനെക്കാൾ വളർത്തുമോ ഇന്ത്യ, അച്ഛനൊപ്പം വളർത്തുമോ ? നാളെയൊരുനാൾ അച്ഛനിരുന്ന രാഷ്ട്രപതിക്കസേരയിൽ അവൾക്കിരിക്കാനാകുമോ !! അച്ഛനിരിക്കാതെ പോയ പ്രധാനമന്ത്രിക്കസേരയിൽ !!

ചിരി വരുന്നുണ്ടോ ഇത് വായിക്കുമ്പോൾ, ഉണ്ടെങ്കിൽ സംശയിക്കണ്ട ടെസ്റ്റോസ്റ്റിറോൺ ഒഴുകിയൊഴുകി മേൽച്ചുണ്ട് വരെ എത്തിയിരിക്കുന്നു എന്നതിന്റെ അടയാളമാണ് ആ ചിരി. നാളിന്നോളം ഇക്വാലിറ്റിയ്ക്ക് വേണ്ടിയുയർന്ന മുറവിളികളെ മുഴുവൻ ദുർബലപ്പെടുത്തിക്കളഞ്ഞ ഹിഡൺ പോയിസൺ. വിഷനീരിൽ നനഞ്ഞ ആ ചുണ്ടുകൊണ്ട് പെണ്ണിനെ ഉമ്മ വെക്കുകയെങ്കിലും ചെയ്യരുത്. അങ്ങനെയാണ് നമ്മുടെ പെണ്ണുങ്ങളേറെയും മരിച്ച് പോയത്.
…………………………………………………………….
ശർമിഷ്ഠ മുഖർജി, ബാബ ഇനിയില്ല. ഒടുക്കമല്ല, ഇതൊരു തുടക്കമാണ്. ഞാൻ നിങ്ങളെ കാത്തിരിക്കുന്നു 😘 നിങ്ങളുടെ ബാബയ്ക്ക്, ഗുഡ് ബൈ.
Lijeesh Kumar