പ്രിയ വനിതാ കമ്മീഷൻ അധ്യക്ഷ, നിങ്ങൾക്ക് നാണമാവുന്നില്ലേ ?

0
4923

 Lijeesh Kumar

പ്രിയ വനിതാ കമ്മീഷൻ അധ്യക്ഷ, നിങ്ങൾക്ക് നാണമാവുന്നില്ലേ ?

എന്റെ മോന് ആറു വയസ്സാണ്. മൂന്നു കൊല്ലം കൂടി കഴിയുമ്പോഴേക്കും 9 വയസ്സാവും. കുറച്ചുകൂടെ വലിയ വായിൽ സംസാരിക്കാൻ തുടങ്ങും. പോക്കിരിത്തരം കൂടും. ചെക്കൻ വല്ല്യ ആളായി എന്നൊക്കെ ഞാൻ ചുമ്മാ കളിയാക്കിയേക്കും. പക്ഷേ എനിക്കുറപ്പാണ് അവനന്നും കുട്ടിയായിരിക്കും. അവൻ മാത്രമല്ല അന്ന് മൂന്നാം ക്ലാസിൽ അവനൊപ്പം പാറി നടക്കുന്ന കുഞ്ഞുങ്ങളെല്ലാം അങ്ങനെ തന്നായിരിക്കും.

അങ്ങനൊരു കുഞ്ഞാണ് വാളയാറിലെ കുട്ടി. അവൾക്ക് 9 വയസ്സായിരുന്നു, മൂന്നാം ക്ലാസിലായിരിക്കും. അവൾ മരിച്ചു പോയി. പോസ്റ്റ്മോർട്ടം കഴിഞ്ഞു – കുഴിച്ച് മൂടി. ഓട്ടോപ്‌സി റിപ്പോർട്ടിൽ പലവട്ടം പീഡിപ്പിക്കപ്പെട്ടു എന്ന് റെക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ട്. അങ്ങനേ മരിച്ചു പോയ ഒരു ചേച്ചിയുണ്ട് അവൾക്ക്, അവളെക്കാൾ 4 വയസ്സ് കൂടുതലുണ്ടായിരുന്ന പതിമൂന്നുകാരി ചേച്ചി. ചേച്ചിയുടെ ശവം തൂങ്ങിക്കിടക്കുന്നത് ആദ്യം കണ്ടത് അവളായിരുന്നു. 2017 ജനുവരി 13 ന് വൈകുന്നേരം ഏതാണ്ടഞ്ചു മണിക്കാണത്. ഓട്ടോപ്‌സി റിപ്പോർട്ടിൽ സ്വകാര്യഭാഗങ്ങളിൽ അണുബാധയുള്ളതിനാൽ, കുട്ടി ലൈംഗികപീഡനത്തിന് വിധേയമായിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും – ഫോറൻസിക് ഫലം നെഗറ്റീവ് ആണെങ്കിൽ പോലും ലൈംഗികപീഡനം നടന്നിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല എന്നും അസിസ്റ്റന്റ് സർജൻ അടിവരയിട്ടു പറഞ്ഞിട്ടുണ്ട്. എന്നിട്ടും അസ്വാഭാവികമരണത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കേസ് ആത്മഹത്യയാക്കി അവസാനിപ്പിച്ചു വാളയാർ പോലീസ്. 50 ദിവസം കഴിഞ്ഞ് മാർച്ച് 4 ന്, അതേ മുറിയിൽ, അതേ മച്ചിൽ അനിയത്തിയുടെ ശവശരീരം തൂങ്ങിക്കിടന്നു.

ആരാണ് കൊന്നത് ? പോലീസാണ് കൊന്നത്
എന്ന് സഖാവ് വി.എസ് അച്യുതാനന്ദൻ നിയമസഭയിൽ പറഞ്ഞു. തുടർന്ന് വകുപ്പുതല അന്വേഷണം നടന്നു. കേസ് ആദ്യമന്വേഷിച്ച വാളയാർ എസ്‌.ഐ പി.സി ചാക്കോ സസ്‌പെൻഡ് ചെയ്യപ്പെട്ടു. എ.എസ്.പി പൂങ്കുഴലിയുടെ നേതൃത്വത്തിൽ തുടരന്വേഷണങ്ങൾ നടന്നു. വീട്ടിൽ സ്ഥിരമായി വന്നുപോയ്ക്കൊണ്ടിരുന്ന കുട്ടികളുടെ അച്ഛനമ്മമാരുടെ സഹപ്രവർത്തകൻ ഷിബു (രണ്ടാം പ്രതി), അമ്മയുടെ അടുത്ത ബന്ധുക്കളായിരുന്ന വി.മധു (ഒന്നാം പ്രതി), കുട്ടിമധു എന്ന എം.മധു (നാലാം പ്രതി), ചേർത്തല സ്വദേശിയായ പ്രദീപ് (മൂന്നാം പ്രതി) തുടങ്ങി പ്രതികൾ ഒന്നൊന്നായി അറസ്റ്റ് ചെയ്യപ്പെട്ടു. ഇവരിലേക്കുള്ള വഴി പോലീസിന് എളുപ്പമായിരുന്നു. തങ്ങളുടെ മക്കളെ മേപ്പറഞ്ഞ പ്രതികൾ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുന്നതിന് ഒരിക്കൽ തങ്ങൾ സാക്ഷിയായിട്ടുണ്ട് എന്ന് ആദ്യത്തെ മരണം നടന്നപ്പോൾ തന്നെ അച്ഛനമ്മമാർ പൊലീസിന് മൊഴികൊടുത്തിരുന്നു. അന്ന് കസ്റ്റഡിയിലെടുത്ത പ്രതികളെ രാഷ്ട്രീയക്കാരിടപെട്ട് മണിക്കൂറുകൾക്കകം ജാമ്യത്തിലിറക്കി. രണ്ടാമത്തെ മരണത്തിന് ശേഷം അവർക്ക് നേരിട്ടിടപെടാവുന്ന അന്തരീക്ഷം മാറി. പ്രതികൾക്കുമേൽ ഐപിസി 305 (ആത്മഹത്യാ പ്രേരണ), ഐപിസി 376 (ബലാത്സംഗം), SC /ST പ്രിവൻഷൻ ഓഫ് അട്രോസിറ്റീസ് ആക്റ്റ്, പോസ്കോ – ജുവനൈൽ ജസ്റ്റിസ് ആക്റ്റ് എന്നിവ ചാർജ്ജ് ചെയ്യപ്പെട്ടു. പിന്നെയാണ് പിന്നാമ്പുറക്കളികൾ ആരംഭിക്കുന്നത്.

ഒടുവിൽ കേസ് വിചാരണയ്ക്കായി കോടതിയിലെത്തി. പോലീസും പ്രോസിക്യൂഷനും നേർപ്പിക്കാവുന്നത്രയും നേർപ്പിച്ച് കോടതിയിലെത്തിച്ചു എന്ന് പറയുന്നതാണ് ഭംഗി. കോടതി പറഞ്ഞതും അതുതന്നെയാണ്. ഈ കുട്ടികൾ ലൈംഗികമായ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. അത് ചെയ്തത് ഈ പ്രതികൾ തന്നെയാണെന്നു സംശയാതീതമായി തെളിയിക്കാൻ പൊലീസിനും പ്രോസിക്യൂഷനും സാധിച്ചിട്ടില്ല എന്ന്. അത് ചെയ്തതാരാണ് എന്നറിയേണ്ടത് ആരുടെ ആവശ്യമാണ്. തെളിവുകളുടെ അഭാവത്തിൽ ഇതിനു മുമ്പ് ഒരു മൂന്നാം പ്രതിയെ കോടതി വെറുതെ വിട്ടിരുന്നു. പ്രതിക്ക് വേണ്ടി കേസ് വാദിച്ച രാജേഷ് വക്കീൽ ഇന്ന് ശിശുക്ഷേമ സമിതിയുടെ ചെയർമാനാണ്. നോക്കൂ, പ്രായപൂർത്തിയാവാത്ത കുട്ടികളെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതിയുടെ വക്കീൽ ചെൽഡ് വെൽഫയർ കമ്മിറ്റി ചെയർമാൻ !! എന്ത് പ്രഹസനമാണല്ലേ.

കുട്ടികളാണ് – പെൺകുട്ടികളാണ് – ദളിതരാണ്. സ്ത്രീകൾക്കെതിരായ നീതിരഹിതമായ ഏതൊരു നടപടിയേയും കുറിച്ചന്വേഷിക്കാൻ കേരളത്തിലൊരു കമ്മീഷനുണ്ട്, വനിതാ കമ്മീഷൻ എന്നാണ് പേര്. സ്ത്രീകളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്തുള്ള അറിവും പരിചയവുമുള്ള ആളായിരിക്കണം ചെയർ പേഴ്സൺ എന്നാണ് കമ്മീഷൻ ബൈലോവിലുള്ളത്, ഭാഗ്യവശാൽ എം.സി.ജോസഫൈന് ഇപ്പറഞ്ഞ ക്വാളിറ്റി മതിയാവോളമുണ്ട്. കമ്മീഷനിൽ ഒരംഗം പട്ടിക ജാതി – പട്ടിക വർഗ്ഗത്തിൽ നിന്നുള്ള ആളായിരിക്കണമെന്നും നിയമമുണ്ട്. അങ്ങനൊരാളും ഇല്ലാതിരിക്കില്ല. വാളയാറിലെ പെൺകുട്ടികൾക്ക് വേണ്ടി വനിതാ കമ്മീഷൻ എന്തിടപെടലാണ് നടത്തിയത് ?

2017 മെയ് 31ന് രാവിലെ 11 മണിക്കാണ് വനിതാ കമ്മീഷൻ അധ്യക്ഷയായി എം.സി ജോസഫൈൻ ചുമതലയേൽക്കുന്നത്. കേസ് അന്വേഷണം ആരംഭിച്ച് നാളിങ്ങോളം ആ കസേരയിൽ ജോസഫൈൻ തന്നെയാണിരുന്നത്. കേസ് തേഞ്ഞ് മാഞ്ഞത് കണ്ട് കേരളമാകെ നടുങ്ങിയിട്ടും വനിതാകമ്മീഷൻ അധ്യക്ഷയ്ക്ക് ഒന്നും തോന്നുന്നില്ല. ഉത്തരേന്ത്യ ഒക്കെ ചീഞ്ഞുനാറുന്നുണ്ട് ടീച്ചർ, നാമത് സ്ഥിരമായി പറയാറുമുണ്ടല്ലോ. തൽക്കാലം അതൊക്കെ അവിടെ നിൽക്കട്ടെ, നിങ്ങളുടെ മൂക്കിൻ തുമ്പത്ത് ഇരുന്ന് വിസർജ്ജിക്കുന്നത് നിങ്ങൾ അറിയുന്നുണ്ടോ – നിങ്ങൾക്ക് നാറുന്നില്ലേ, നാണമാവുന്നില്ലേ ?