സ്ത്രീയുടെ ശരീരം മാർക്കറ്റിംഗ് വാല്യു ഉള്ളതാണെന്ന് തിരിച്ചറിഞ്ഞ മുതലാളിത്തം കൃത്യമായി അതിനെ ഉപയോഗിക്കുന്നുണ്ട്

108

Lijisha AT

സ്ത്രീയുടെ ശരീരം മാർക്കറ്റിംഗ് വാല്യു ഉള്ളതാണെന്ന് തിരിച്ചറിഞ്ഞ മുതലാളിത്തം കൃത്യമായി അതിനെ ഉപയോഗിക്കുന്നുണ്ട്. സ്ത്രീയുടെ ശരീരത്തെ ആകർഷകമാക്കാനും ലൈംഗികവൽക്കരിക്കാനുമുള്ള ഉൽപ്പന്നങ്ങളുടെ കുത്തൊഴുക്കുണ്ടാവുന്നത് അങ്ങനെയാണ്.

മനുഷ്യന്റെ ലൈംഗിക ചോദനകളും ഉൽപ്പന്നമായി മാറിക്കൊണ്ടിരുന്നു. വളരെ സ്വാഭാവികമായി സംഭവിച്ചുകൊണ്ടിരുന്ന ലൈംഗികത ഒരേ സമയം വിനോദവും കച്ചവടച്ചരക്കും തന്നേക്കാൾ കായികമായോ മാനസികമായോ ശേഷി കുറഞ്ഞ ആളുകളെ പ്രഹരിക്കാനുള്ള ആയുധമായും മാറിക്കൊണ്ടിരുന്നു. പുതിയ ആവശ്യങ്ങളെ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന മുതലാളിത്ത വ്യവസ്ഥിതി ആഹ്ലാദ ചിത്തരാവുകയും ചെയ്തു. പരസ്യങ്ങളും സിനിമകളും സാഹിത്യവുമെന്നിങ്ങനെ മനുഷ്യനുമായി സംവദിക്കുന്ന എല്ലാ വ്യവഹാരങ്ങളിലും ഈ പ്രവണത വ്യാപകമായിക്കൊണ്ടിരുന്നു. വിറ്റഴിക്കാനുള്ള തന്ത്രമായി, മൂലധന സ്വരൂപണത്തിനുള്ള മാർഗമായി ലൈംഗികതയും സ്ത്രീയും മാറി. ബലാൽസംഗവും സെക്സും ഐറ്റം ഡാൻസും കച്ചവട സിനിമയുടെ അവിഭാജ്യ ഘടകമായിക്കൊണ്ടിരുന്ന ദുരവസ്ഥ വന്നു ചേർന്നതങ്ങനെയാണ്. പോൺ ഇന്റസ്ട്രി തഴച്ചുവളരുന്നത് അങ്ങനെയാണ്. ക്രൂരമായി ബലാൽസംഗം ചെയ്യപ്പെട്ട ആസിഫയുടെ വീഡിയോയ്ക്ക് ഡിമാന്റുണ്ടാകുന്നത് അങ്ങനെയാണ്. അതോടൊപ്പം അത്തരത്തിലുള്ള ഡിമാന്റ്, വർധിയ്ക്കുകയും ചെയ്യുന്നു.

Russian Body Art | Body Art Picturesഞാൻ തുണിയുരിഞ്ഞ് നടന്നതു കൊണ്ട്, എന്റെ നഗ്നത കണ്ടു മടുത്തതു കൊണ്ട് പെർവേട്ടടായ ഒരു സമൂഹം നാളെ മുതൽ നഗ്‌നതയെ സ്വാഭാവികമായി കാണും എന്ന മൂഢവിശ്വാസം എനിക്കില്ല. എന്റെ നഗ്നത കണ്ടുമടുത്താൽ അവർ പുതുമയുള്ളത് തേടിപ്പോവും. അത്ര മാത്രം. (യഥാർഥ പ്രശ്നം ചർച്ചയാവുന്നില്ല) ആയിരക്കണക്കിന് പോൺ സൈറ്റുകൾ നിലവിലിരിക്കെ, ചാനലുകൾ മുളയ്ക്കെ, ആധുനിക സാങ്കേതിക വിദ്യകൾ നൽകുന്ന സ്വകാര്യതകൾ സ്വന്തമെന്നിരിക്കെ നഗ്നതയോ ലൈംഗികതയോ കാണാൻ അത്ര ദാരിദ്ര്യം പിടിച്ചു നടക്കുന്നവരല്ല നിലവിലെ സമൂഹം. ഷക്കീലയുടേയും സണ്ണിയുടേയും മിയാ ഖലീഫയുടേയുമൊക്കെ നഗ്നത ആവോളമാസ്വദിക്കുന്നവരാണല്ലോ മലയാളികൾ. എന്നിട്ടവരോടുള്ള മനോഭാവത്തിൽ എന്തു മാറ്റമാണുണ്ടായത്?

The Harder Group | Body Painting | Body Art | Temporary Tattoosപുരുഷാധിപത്യപരമായ ചിന്താഗതി തന്നെയാണ് പ്രശ്നം. സ്ത്രീയെ ലൈംഗികോപകരണമായി കാണുന്ന ചിന്താഗതിയിലാണ് മാറ്റമുണ്ടാവേണ്ടത്. (ഒരു മുല മാത്രമല്ല പ്രശ്നം എന്നർഥം). സ്ത്രീ തന്നെ ലൈംഗികഉപകരണമായി, കച്ചവടച്ചരക്കായി മാറിക്കൊണ്ടിരിക്കുകയാണ്‌. ആ കച്ചവട സാധ്യതയെ മുതലെടുത്തു കൊണ്ട് ഒരു യൂട്യൂബ് ചാനൽ തുടങ്ങുകയും, അത്രയും പെർവേട്ടടായ ആ സമൂഹത്തിന്റെ അപകടകരമായ ലൈംഗിക കാമനകളെ തൃപ്തിപ്പെടുത്തുകയും അതിൽ നിന്ന് വരുമാനമുണ്ടാക്കുകയും അത് പബ്ലിക്കായി പോസ്റ്റിടുകയും ചെയ്ത ഒരു സ്ത്രീയുടെ ചിത്രരചനാ വീഡിയോയുടെ ഉദ്ദേശ ശുദ്ധിയെക്കുറിച്ച് എനിക്ക് സംശയമുണ്ട്. അതിനെ ആളുകൾ സ്വീകരിക്കുന്ന രീതിയെക്കുറിച്ചും വേവലാതിയുണ്ട്. അതെല്ലാം അവരുടെ വ്യക്തിസ്വാതന്ത്ര്യമെന്ന നിലയിൽ അംഗീകരിക്കാൻ യാതൊരു മടിയുമില്ല. പക്ഷേ അതൊരു വിപ്ലവ പ്രവർത്തനമാണെന്ന് പറയുന്നിടത്താണ് എന്റെ പ്രശ്നം. പെണ്ണിനെ സെക്ഷ്വലൈസ് ചെയ്യുന്നതോ നഗ്നത കാണിച്ച്, വരുമാനമുണ്ടാക്കുന്നതോ അല്ല വിപ്ലവമെന്ന് ഞാൻ കരുതുന്നു.

16 Bizarre Pieces Of Pregnant Belly Art | TomorroWomanശരീരം വിറ്റു ജീവിക്കുന്നവരില്ലേ എന്ന ചോദ്യമുയർന്നേക്കാം. അത് വിപ്ലവമല്ല. വിപ്ലവ പരാജയമാണ്. അഥവാ അതവരുടെ ഗതികേടാണെന്നാണ് ഞാൻ മനസിലാക്കിയിരിക്കുന്നത്. ഭർത്താവ് നഷ്ടപ്പെട്ട ശേഷമാണ് നളിനി ജമീലക്ക് ആ തൊഴിൽ സ്വീകരിക്കേണ്ടി വന്നത്. അവരുടെ മകളെ ആ തൊഴിലിലേക്ക് വിടാതിരിക്കാനാണ് അവർ ശ്രമിച്ചിട്ടുള്ളത്. സമൂഹത്തിന്റെ കപട സദാചാരത്തിനെതിരെ തലയുയർത്തി നിന്നപ്പോഴും അവരാ തൊഴിലിനെ ഗ്ലോറിഫൈ ചെയ്തിട്ടില്ലെന്നാണ് കരുതുന്നത്. വേശ്യാവൃത്തി ഇഷ്ടപ്പെട്ടിറങ്ങി വരുന്ന ക്ലാരമാരൊക്കെ സിനിമയിൽ മാത്രമേ കാണൂ. തൊഴിലില്ലായ്മയാണ്, വരുമാനമാർഗമില്ലായ്മയാണ് ഇവിടെ പ്രശ്നം.

ന്യൂഡ് ഫോട്ടോഗ്രഫിയൊക്കെ പാഷനായി ചെയ്യുന്നവരുണ്ടാവാം. എന്നാൽ അത്തരം ആകർഷണീയമോഹങ്ങളിലകപ്പെട്ട് ബ്ലാക് മെയിൽ ചെയ്യപ്പെട്ട് സെക്സ് ഇൻഡസ്ട്രിയുടെ ഇരകളാവുകയോ ആത്മഹത്യ തിരഞ്ഞെടുക്കേണ്ടി വരുന്നവരാവുകയോ ചെയ്യുന്ന പ്രവണതയുമുണ്ട്. ( അസംഘടിതമായ എല്ലാ തൊഴിൽ മേഖലകളിലും ലൈംഗിക ചൂഷണം നടക്കുന്നുണ്ടെന്ന വസ്തുത മറക്കുന്നില്ല)
Woman Tears Herself Apart In Mind-Blowing Body Art | DeMilkedപ്രസ്തുത വിഷയത്തിൽ ഒരു പക്ഷേ അവർക്ക് ലഭിച്ച പ്രിവിലേജുകളുടെ സാധ്യതയെ അവർ വരുമാനമാക്കുന്നു എന്നു മാത്രം. അങ്ങനെയുള്ള, പ്രിവിലേജ്ഡായ ന്യൂനപക്ഷത്തിന്റെ മാറ്റമോ വരുമാന സമ്പാദനമോ അല്ല എന്നെ സംബന്ധിച്ചുള്ള പ്രശ്നം.
തുണിയഴിക്കലാണ് ഫെമിനിസം, നഗ്നഫോട്ടോകളിടലാണ് ഫെമിനിസം എന്നൊക്കെ കരുതി കൂടുതൽ കൂടുതൽ അകത്തളങ്ങളിലേക്കൊതുങ്ങേണ്ടി വരുന്ന സ്ത്രീകൾ, കൂട്ടുകാരികൾ, അവരുടെ അവകാശങ്ങൾ.. എന്നിവയെക്കുറിച്ചാണ് എന്റെ വേവലാതി. Fbയിലെഴുതാൻ വിലക്കുകളുള്ള സ്വന്തം ഫോട്ടോയിടാൻ പോലും വിലക്കുകളുള്ള, ഇഷ്ടാനിഷ്ടങ്ങൾക്ക് വിലക്കുള്ള, ഇന്നും രണ്ടാം കിട പൗരരായി കഴിയുന്ന, തെരുവിൽ അക്രമിക്കപ്പെടേണ്ടി വരുന്ന, കൊല്ലപ്പെടേണ്ടി വരുന്ന ഭൂരിപക്ഷം സ്ത്രീകളുടേയും വിമോചനവും സ്വാതന്ത്ര്യവും എന്റെ കൺസേൺ ആയതിനാലാണ് ഒരു പക്ഷേ ഇത്തരം പോസ്റ്റുകളിടേണ്ടി വരുന്നതും സദാചാര -കുല സ്ത്രീ പട്ടം അണിയേണ്ടിയും വരുന്നത്. അതിലെനിക്ക് നിരാശയില്ല.

നിങ്ങളുടെ അനുഭവങ്ങൾ അനുഭവങ്ങൾ തന്നെയാണ്. അതിലപ്പുറം ആ എക്സ്പീരിയൻസ് തിയറി എങ്ങനെയാണ് സമൂഹത്തിൽ വർക്ക് ചെയ്യുന്നത് എന്നുകൂടി അപഗ്രഥിക്കേണ്ട ഉത്തരവാദിത്വം നിങ്ങൾക്കുണ്ടോ ഇല്ലയോ?