തുടക്കം മുതൽ ഒടുക്കം വരെ മനുഷ്യനെ എങ്ങനെ ഒക്കെ വെറുപ്പിക്കാൻ സാധിക്കുമെന്നുള്ള റിസർച്ച്

64

Liju John

Bhoomi – Tamil (2021)

ഭൂമി പോലെ മറ്റു ഗ്രഹങ്ങളെയും വാസയോഗ്യം ആക്കാൻ കഴിയുമോ എന്ന ചോദ്യത്തിന്, ലോകം മുഴുവനും കഴിയില്ല എന്നുത്തരം പറഞ്ഞപ്പോൾ, സാധിക്കുമെന്ന് പറഞ്ഞ ഒരേയൊരു വ്യക്തിയാണ് ഭൂമിനാഥൻ.അങ്ങനെ ഒരു ദൗത്യവുമായി, ചൊവ്വ ഗ്രഹത്തിലേക്ക് 4 വർഷത്തോളം നീളുന്ന യാത്ര പോകാനിരിക്കെയാണ്, സ്വന്തം നാട്ടിലെ കർഷകർ നേരിടുന്ന ചില പ്രശ്നങ്ങൾ ഭൂമിയുടെ ശ്രദ്ധയിൽ പെടുന്നത്. ആ പ്രശ്നങ്ങളുടെ പ്രാധാന്യം മനസിലാകുന്ന നമ്മുടെ നായകൻ, ‘ചൊവ്വ ഗ്രഹം പോട്ട് പുല്ല്’ എന്നും പറഞ്ഞുകൊണ്ട്, നാസയുടെ പിന്നും ഊരികൊടുത്ത്, നാട്ടിലേക്ക് വരുകയാണ് സുഹൃത്തുക്കളെ, നാട്ടിലേക്ക് വരുകയാണ്.

Director Lakshman reveals Jayam Ravi's role in 'Bhoomi' | Tamil Movie News  - Times of Indiaപിന്നീടങ്ങോട്ട് സ്റ്റഡി ക്ലാസുകളും, കോർപ്പറേറ്റുകളുമായിട്ടുള്ള യുദ്ധവും, കൃഷി മുതൽ വിമാനം വരെ തമിഴന്മാരാണ് കണ്ടുപിടിച്ചതെന്ന്, തിരിച്ചും മറിച്ചുമിട്ട് എഴുതി ഉണ്ടാക്കിയ നാലഞ്ചു പാട്ടുകളും, നായകന് ഡാൻസ് കളിക്കാൻ തോന്നുമ്പോൾ മാത്രം സ്ക്രീനിലെക്കെത്തുന്ന നായികയും, അഞ്ചു മിനുട്ടിൽ രണ്ടെണ്ണം വീതം ഉയർന്നു കേൾക്കുന്ന വന്ദേമാതരം വിളികളും ഒക്കെയായി വല്ലാത്തൊരു പോക്കാണ് സിനിമ.
ഇൻജെക്ഷൻ എടുക്കാൻ ഭയപ്പെടുന്ന നായികയുടെ എക്സ്പ്രഷൻസ് ഒക്കെ ഇപ്പോളും ക്യൂട്ട് ആണെന്ന് വിശ്വസിക്കുന്ന, കത്തിയും, അതിന് ശേഷം അതെ തീമിൽ ഇറങ്ങിയ പത്തൻപത്തഞ്ച് പടങ്ങളും, ഇതുവരെയും റിലീസ് ആയിട്ടില്ലാത്ത, ഓണംകേറാ മൂലകളിൽ എവിടെയോ ഒരിടത്താണ് ഈ കഥ നടക്കുന്നത്.

Bhoomi Movie Review: Bhoomi is hardly compellingതുടക്കം മുതൽ അവസാനം വരെ മനുഷ്യനെ എങ്ങനെ ഒക്കെ വെറുപ്പിക്കാൻ സാധിക്കുമെന്ന് റിസർച്ച് നടത്തുന്ന കഥയോടും, കഥാപാത്രങ്ങളോടും ഒപ്പം, കലിപ്പൻ ആണെന്ന് തോന്നിക്കുന്ന രീതിയിലുള്ള ഏതോ ഒരു ഭാവവും ഇട്ട് ജയം രവി കൂടെ ചേരുമ്പോൾ, ഭൂമി പിളർന്നു പാതാളത്തിലേക്ക് പോയിരുന്നെങ്കിലെന്ന് പ്രേക്ഷകർക്ക് തോന്നിയാൽ, തെറ്റ് പറയാൻ കഴിയില്ല.
ചൊവ്വായിലും മറ്റും മനുഷ്യർക്ക് താമസിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെങ്കിലും, ഇമ്മാതിരി പടങ്ങൾ ഇറക്കിയാൽ ഭൂമിയിൽ നിന്ന് മനുഷ്യൻ ഒഴിഞ്ഞുപോകേണ്ടി വരുമെന്നത് തീർച്ചയാണ്..!!
1/10