ആണഹന്തയുടെ ഊക്ക് കാണിക്കാൻ ശ്രമിച്ച അയാളെ തല്ലിയിട്ടാണ് ഇറങ്ങിപ്പോന്നത്

0
308

പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു; മറ്റുള്ളവർക്ക് കാഴ്ചവച്ചു; ഇടത് ആക്ടിവിസ്റ്റ് നദീറിനെതിരെ പൊലീസിലും ചൈൽഡ് ലൈനിലും പരാതി. ഇടതു സംസ്കാരിക പ്രവർത്തകൻ നദി എന്ന് വിളിക്കപ്പെടുന്ന നദീറിനെതിരെ പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പീഡിപ്പിച്ചെന്ന് പരാതി. സാമൂഹികപ്രവർത്തകയും നിയമാധ്യാപികയും ലൈം​ഗികാതിക്രമങ്ങൾക്കെതിരായ കൂട്ടായ്മയുടെ കൺവീനറുമായ ബിന്ദു അമ്മിണിയുമാണ് പരാതിയുമായി രം​ഗത്തെത്തിയത്. കോഴിക്കോട് ജില്ലാ (റൂറൽ) പൊലീസ് മേധാവിക്കാണ് ബിന്ദു അമ്മിണി പരാതി നൽകിയിരിക്കുന്നത്.

ബാലുശേരി സ്വദേശിയും സാമൂഹിക പ്രവര്‍ത്തകനുമായ നദി എന്ന് വിളിക്കുന്ന നദീര്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ വര്‍ഷങ്ങളായി ലൈംഗിക ചൂഷണം നടത്തിവരുന്നു എന്ന് അറിയാനിടവന്നിട്ടുണ്ടെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി കേസെടുക്കണം എന്നുമാണ് പരാതിയില്‍ പറയുന്നത്.വിഷയത്തില്‍ രണ്ട് ദിവസം മുമ്പാണ് പരാതി നല്‍കിയതെന്ന് ബിന്ദു അമ്മിണി പറഞ്ഞു. മാതാപിതാക്കളുമായുള്ള സൗഹൃദവും ബന്ധങ്ങളും ചൂഷണം ചെയ്ത്, ഓരോ വീടുകളിലും നിത്യസന്ദര്‍ശകനായാണ് ഇയാള്‍ പെണ്‍കുട്ടികളെ ചൂഷണം ചെയ്തിരുന്നത്. വര്‍ഷങ്ങളായി ഇത് തുടര്‍ന്നുവരുന്നതായാണ് അറിയാന്‍ കഴിഞ്ഞതെന്നും ഇരയായ പെണ്‍കുട്ടികളില്‍ പലരും കടുത്ത മാനസിക സമ്മര്‍ദത്തിലും ട്രോമാ അവസ്ഥയിലുമാണെന്നും ബിന്ദു അമ്മിണി പറഞ്ഞു.

നദിയെ കൂടാതെ മറ്റൊരാൾ കൂടിയുണ്ട്. കൂടുതൽ വിവരങ്ങൾ ലഭിക്കാത്തിനാലാണ് പരാതിയിൽ പേരു പറയാതിരുന്നതെന്നും ബിന്ദു അമ്മിണി പറഞ്ഞു. വിഷയത്തില്‍ നിരവധി പേരാണ് സോഷ്യല്‍മീഡിയയിലും നദീറിനെതിരെ രംഗത്തുവന്നിരിക്കുന്നത്. പ്രായപൂർത്തിയാവാത്ത മൂന്ന് പെൺകുട്ടികളെ ഇയാൾ ലൈം​ഗിക ചൂഷണം ചെയ്തിട്ടുണ്ടെന്നാണ് ആരോപണം.
പീഡിപ്പിച്ച ഒരു പെൺകുട്ടിയെ തന്റെ കൂട്ടുകാർക്കും ഭീഷണിപ്പെടുത്തി കാഴ്ച്ച വച്ചു എന്നും ആരോപണമുണ്ട്. തുടർന്ന് ആ കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. അതിന്റെ കടുത്ത ട്രോമയിൽ നിന്ന് ഇപ്പോഴും പുറത്തു വരാതെ നീറി കഴിയുകയാണ് ആ കുടുംബമെന്ന് മാസ്ഹർ ഷാ എന്നയാളുടെ പോസ്റ്റിൽ പറയുന്നു. മറ്റൊരു കുടുംബത്തിൽ നടന്ന പീഡനം വീട്ടുകാർ അറിഞ്ഞിട്ടില്ല. പക്ഷെ ആ പെൺകുട്ടി ഇയാൾ വന്നു പോയ ശേഷം കടുത്ത ഡിപ്രഷനിലായെന്നും മൂന്നാലു വർഷം അതേ അവസ്ഥയിലായിരുന്നു ആ പെൺകുട്ടിയെന്നും പോസ്റ്റിൽ പറയുന്നു.

സംഭവത്തിൽ നദീറിനെതിരെ കോഴിക്കോട് ചൈൽഡ് ലൈനിലും പരാതി നൽകിയതായി എഴുത്തുകാരനും സിനിമാ പ്രവർത്തകനുമായ എബി ജോസഫ് പറഞ്ഞു. ലഭ്യമായ തെളിവുകൾ വച്ച് കോഴിക്കോട്ടെ ഒരു അഭിഭാഷകയാണ് പരാതി നൽകിയിരിക്കുന്നത്. പീഡനത്തിനിരയായ ഒരു പെൺകുട്ടിയുടെ മാതാപിതാക്കൾ രാഷ്ട്രീയ-സാസ്കാരിക രം​ഗത്ത് പ്രവർത്തിക്കുന്നവരാണെന്നും എബി ജോസഫ് പറഞ്ഞു. പീഡനത്തിനിരയായ പെൺകുട്ടികളിൽ ഒരാൾക്ക് ഇപ്പോൾ പ്രായപൂർത്തിയായിട്ടുണ്ട്. പീഡനശേഷം സംഭവം പുറത്തറിഞ്ഞതോടെ ഇയാൾ ഒളിവിൽ പോയതായാണ് വിവരമെന്നും എബി ജോസഫ് അറിയിച്ചു.

മുമ്പ് മാവോവാദി ബന്ധമാരോപിച്ച് യുഎപിഎ ചുമത്തപ്പെട്ടിരുന്നയാളാണ് ഇയാള്‍. തുടര്‍ന്ന് പ്രതിപ്പട്ടികയില്‍ നിന്നും പൊലീസ് ഒഴിവാക്കിയിരുന്നു. സിപിഐഎം പിബി അംഗമായ എം എ ബേബിയടക്കമുള്ളവരുമായി അടുത്തബന്ധമുള്ളയാളാണ് നദീറെന്ന് എം എ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ് തന്നെ തെളിയിക്കുന്നു. അന്നത്തെ കേസില്‍ ഇയാളെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കിയപ്പോള്‍ സുഹൃത്തെന്നും സഖാവെന്നും അഭിസംബോധന ചെയ്താണ് ഇരുവരും ഒന്നിച്ചുനിന്ന് സംസാരിക്കുന്ന ചിത്രമടക്കം എം എം ബേബി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഇയാള്‍ക്കെതിരെ എത്രയും വേഗം നിയമനടപടി സ്വീകരിക്കണമെന്നും ഇരയായ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്നുമാവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. 2015 ഡിസംബറില്‍ കൊച്ചിയില്‍ നടന്ന മനുഷ്യസംഗമം പരിപാടിയുടെ സംഘാടകരില്‍ ഒരാളായിരുന്നു നദി എന്ന നദീര്‍.

**

നദിക്കെതിരെ എഴുത്തുകാരി Likhitha Das ന്റെ കുറിപ്പ്

നദിയെന്ന കള്ളനാണയത്തെ തിരിച്ചറിയുന്നതിനും മുൻപ് അയാളെനിയ്ക്കെന്റെ പ്രിയപ്പെട്ട നദീർക്കയായിരുന്നു. കല്പറ്റ ഗവ.കോളേജിലെ മാസ് കമ്മ്യൂണിക്കേഷൻ കാലഘട്ടത്തിൽ നെല്ലിക്ക മാഗസീന്റെ എഡിറ്ററും ഞങ്ങളുടെ / ക്യാമ്പസിന്റെ നീതിബോധമുള്ള സഖാവായിരുന്നു.
2 വർഷത്തെ പോണ്ടിച്ചേരി യൂണിവേഴ്സിറ്റി തുടർപഠനവും കഴിഞ്ഞ് പാലക്കാട് ഒരു സ്വാശ്രയകോളേജിൽ അധ്യാപികയായി ജോലി ചെയ്യുന്നതിനിടയ്ക്കാണ് പേപ്പർബോട്ട് എന്ന സ്ഥാപനത്തിൽ നിന്ന് നദീർക്ക വിളിയ്ക്കുന്നത്. അപ്പോഴേയ്ക്കും പാരലൽ പൊളിറ്റിക്സിലേയ്ക്ക് നദീർ തിരിഞ്ഞിരുന്നു.

May be an image of 1 person, hair, sky and treeതീർച്ചയായും വരണം എന്ന നിർബന്ധബുദ്ധിയിൽ അയാൾ പലതവണ വിളിക്കുകയുണ്ടായി. ജോലിയ്ക്ക് ജോയിൻ ചെയ്യുകയും ഏതാണ്ട് ഒരുമാസക്കാലം അവിടെ ജോലി ചെയ്യുകയും ചെയ്തു. ഒരു വർക്കിന്റെ അവസാനദിവസത്തിന്റെ ആഘോഷത്തിനിടയ്ക്ക് കൺസെന്റ് ചോദിക്കുകയും താത്പര്യമില്ലെന്ന് മുഖത്തുനോക്കി തുറന്നു പറയുകയും ചെയ്തിട്ടും ആണഹന്തയുടെ ഊക്ക് കാണിക്കാൻ ശ്രമിച്ച അയാളെ തല്ലിയിട്ടാണ് ഇറങ്ങിപ്പോന്നത്.

പിന്നീട് നേരം വെളുത്തപ്പോൾ ആദ്യം ചെയ്തത് ഇമ്മാതിരി മനുഷ്യരോടുള്ള സമ്പർക്കം തുടരാൻ താത്പര്യമില്ലാത്തതുകൊണ്ട് രാജി വച്ചതായി അറിയിക്കുകയാണ്.ഒറ്റരാത്രി കൊണ്ട് അനുഭവിച്ച ഭയം, അരക്ഷിതാവസ്ഥ ഇതൊക്കെ മറികടക്കാൻ മറ്റൊരു ആൺ സുഹൃത്ത് രാത്രി മുഴുവൻ ഫോണിന്റെ അങ്ങേത്തലപ്പത്ത് എന്നെ കേട്ടിരുന്നു എന്നതാണ് വലിയ കാര്യം. വിശപ്പിനേക്കാൾ, മരണത്തേക്കാൾ ആഴമുള്ള ചില സമയങ്ങളുണ്ട്.അതിജീവിക്കാൻ ഒരാൾ കൈ പിടിച്ചില്ലെങ്കിൽ അവനവനെത്തന്നെ നഷ്ടപ്പെടുന്നത് നിസഹായരായി കണ്ടുനിൽക്കേണ്ടി വരും നമുക്ക്. ചങ്കൂറ്റത്തോടെ അവനൊരെണ്ണം കൊടുത്തിട്ട് പോന്ന ധീരയുവതിയെക്കുറിച്ചല്ല ഞാൻ സംസാരിക്കുന്നത്.

തല്ലിയിട്ടും ഇറങ്ങിപ്പോന്നിട്ടും രാജി വച്ചിട്ടും എനിയ്ക്കെന്നെ വീണ്ടെടുക്കാൻ സമയമെടുത്തു എന്നതിനെക്കുറിച്ചാണ്. ശേഷം അയാൾക്കെതിരെ UAPA വന്ന സമയത്ത് കൂടെ നിന്നിരുന്നു. അത് തീർത്തും പൊളിറ്റിക്കൽ ആയ എന്റെ നിലപാടിന്റെ ഭാഗമായിട്ടാണ്. അടുത്ത സുഹൃത്തുക്കൾക്കും നദീറിന്റെയും എന്റെയും ക്യാമ്പസ് സുഹൃത്തുക്കൾക്കും ഈ വിഷയം നന്നായി അറിയാം.

ഇസ്ലാമോഫോബിക് ആയല്ല ഞാൻ നിങ്ങൾ പറയുന്ന ഈ “നദി”യെ നദീർ എന്നു വിളിച്ചത്.ഞാൻ പരിചയപ്പെടുന്ന – അയാൾ എന്റെയറിവിൽ ‘സഖാവായിരുന്ന’ കാലത്തൊക്കെ ഞങ്ങൾ നദീർ എന്നുതന്നെയാണ് അയാളെ വിളിക്കാറുള്ളത്.സ്വയം അയാൾ അയാളെ നദിയെന്നോ ഗുൽമോഹർ എന്നൊ ഒക്കെ വിശേഷിപ്പിക്കാറുണ്ട്.അങ്ങനെയേ അവനെ വിശേഷിപ്പിക്കാവൂ എന്നും ഇസ്ലാമോഫോബിക് ആണെന്നും പറഞ്ഞു വരുന്നവർ ആരായാലും അങ്ങോട്ട് മാറി നിൽക്കേണ്ടിവരും.

അതെന്റെ കാര്യമല്ല.എനിക്കറിയുന്ന നദീർ കൺസെന്റ് എന്ന മിനിമം മര്യാദ പോലും പാലിക്കാത്ത ‘ പുരോഗമനിസ്റ്റാണ്’ അവനിങ്ങനെയൊരു child abuse /rape നടത്തിയെന്ന് കേൾക്കുമ്പൊ എനിക്ക് വലിയൊരു ഞെട്ടലൊന്നുമില്ല.. എന്റെയും അവന്റെയും പൊതുസുഹൃത്തുക്കൾക്കുമില്ല.മറിച്ച് ഒരു ട്രോമയിലേയ്ക്ക് മറ്റൊരാൾ കൂടി ഇറങ്ങി വന്നല്ലൊ എന്നൊരു സംഘർഷമുണ്ട്..