അവര്‍ പ്രാതല്‍ കഴിച്ച് കുറച്ച് നേരം വിശേഷങ്ങള്‍ പങ്കിട്ടു. മെഡിക്കല്‍ ക്യാമ്പിനുള്ള ഒരുക്കങ്ങള്‍ അന്വേഷിക്കാന്‍ ജയന്തും ഋഷിയും പോകുന്നെന്ന് പറഞ്ഞു. സൂരജ് വല്ലാതെ തളര്‍ന്നിരുന്നു. മാത്രമല്ല, മരുന്നുകളുടേയും രോഗങ്ങളുടേയും ഇടയിലേയ്ക്ക് പോകാന്‍ താല്പര്യം തോന്നിയില്ല. അയാള്‍ ഉറങ്ങാന്‍ തീരുമാനിച്ചു. പീറ്ററും മേരിയും സ്കൂളിലേയ്ക്ക് പോയിക്കഴിഞ്ഞാല്‍ വീട്ടില്‍ അയാള്‍ ഒറ്റയ്ക്കാകും . അതോര്‍ ത്തപ്പോള്‍ അയാള്‍ക്ക് ഒരേ സമയം സങ്കോചവും ആനന്ദവും തോന്നി.

” ബോറഡിക്കുമ്പോള്‍ തിരിച്ചടിക്കാന്‍ ബാഗില്‍ സാധമുണ്ട്. ” ജയന്ത് പറഞ്ഞു.

” തണുത്ത വെള്ളവും ഐസും ടച്ചിങ്ങ്സും ഫ്രിജ്ജിലുണ്ട്” തുടര്‍ച്ച പോലെ പീറ്റര്‍ പറഞ്ഞു.

സൂരജ് എന്ത് മറുപടി പറയണമെന്നറിയാതെ കുഴങ്ങി. എല്ലാവരുടേയും മുന്നില്‍ താനൊരു മുഴുക്കുടിയനായത് പോലെ.

ഏകാന്തതയിലേയ്ക്ക് ഉപേക്ഷിക്കപ്പെട്ടപ്പോള്‍ അയാള്‍ ആദ്യമൊന്ന് പകച്ചു. ജനലിലൂടെ നോക്കിയാല്‍ പുഴ കാണാമായിരുന്നു. വെയില്‍ വീണ്‌ പട്ടുനാട പോലെ തിളങ്ങിക്കൊണ്ട് അതൊഴുകുന്നു. വീടിനുള്ളില്‍ അപ്പോഴും തണുപ്പുണ്ട്. അയാള്‍ കുറച്ച് നേരം പുറത്തിറങ്ങി വെയില്‍ കാഞ്ഞു. ജയന്തിന്റെ ബാഗില്‍ നിന്നും സിഗരറ്റ് എടുത്ത് വലിച്ചു. പിന്നീട് ഉറങ്ങാന്‍ കിടന്നു.

ഋഷി വിളിച്ചപ്പോഴാണ്‌ ഉണര്‍ന്നത്. നേരം ഉച്ചയായിരിക്കുന്നു. ജയന്തും പീറ്ററും സ്വീകരണമുറിയില്‍ സംസാരിച്ചിരിക്കുന്നു. മേരി അടുക്കളയില്‍ തിരക്കിലാണ്‌.

‘ എന്തൊരുറക്കമാ ചങ്ങാതീ ? ” ജയന്ത് ചോദിച്ചു

” നല്ല ക്ഷീണമുണ്ടായിരുന്നു ”

പീറ്ററിനെ കൂടുതല്‍ പരിചപ്പെട്ടത് അപ്പോഴാണ്‌. കോട്ടയത്തുകാരാണ്‌ പീറ്ററും മേരിയും . സെമിനാരിയിലെ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് സാമൂഹ്യപ്രവര്‍ത്തനവുമായി നടക്കുമ്പോഴാണ്‌ അവര്‍ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും . വീട്ടുകാരുടെ എതിര്‍പ്പ്, പള്ളിക്കാരുടെ എതിര്‍പ്പ് എന്നിങ്ങനെ തുടര്‍ന്നപ്പോള്‍ അവര്‍ ഹൈദരാബാദിലേയ്ക്ക് വണ്ടി കയറി.

അദ്ധ്യാപനം ഉപജീവനമാര്‍ഗ്ഗമായി സ്വീകരിച്ചു.

” ഇവിടെ മലയാളി ടീച്ചര്‍മ്മാര്‍ക്ക് നല്ല മാര്‍ ക്കറ്റ് ഉണ്ട്. ഇപ്പോഴും . ഇരുപത് വര്‍ഷമായി ഞങ്ങള്‍ ഇവിടേ വന്നിട്ട്. അന്ന് ഹൈദരാബാദ് ഇത്ര വളര്‍ന്നിട്ടില്ല. മെഹബൂബ് നഗര്‍ വെറും ഓണം കേറാമൂല. ഞങ്ങള്‍ ഗ്രാമത്തില്‍ താമസമാക്കി. സ്വസ്ഥമായി ജീവിക്കാമല്ലോ. അടുത്തുള്ള ആ പള്ളി അന്ന് ആരും ശ്രദ്ധിക്കാതെ കിടക്കുകയായിരുന്നു. ഞങ്ങള്‍ മുന്‍കൈ എടുത്ത് നന്നാക്കിയെടുത്തതാണ്‌. ഇപ്പോള്‍ ഫാ.ദാനിയേലാണ്‌ ചുമതല. ..” പീറ്റര്‍ തന്റെ ഭൂതകാലത്തെ കെട്ടഴിച്ച് വിട്ടു. ഇരുപത് വര്‍ഷങ്ങള്‍ ക്കിപ്പുറവും അയാള്‍ എല്ലാം കൃത്യമായി ഓര്‍ത്തിരിക്കുന്നത് അതിശയപ്പെടുത്തുന്നതായിരുന്നു.

” ക്രിസ്മസ് അടുക്കുകയല്ലേ. കാര്യമായ പരിപാടികള്‍ ആലോചിക്കുന്നുണ്ട്’ പീറ്റര്‍ ഉപസംഹരിക്കുമ്പോഴേയ്ക്കും മേരിയുടേ അറിയിപ്പ് വന്നു. ഉച്ചയൂണ്‌ തയ്യാറായിരിക്കുന്നു.

പഴയ കഥകള്‍ പറഞ്ഞിരുന്ന് അവര്‍ ഊണ്‌ കഴിച്ചു. വെളിച്ചെണ്ണയൊഴിച്ച അവിയലും നാടന്‍ മട്ടില്‍ പൊരിച്ച മീനും കണ്ണിമാങ്ങാ അച്ചാറുമെല്ലാം കൂട്ടി കഴിച്ചപ്പോള്‍ സൂരജിന്‌ വല്ലാത്ത ആശ്വാസം തോന്നി. ഹൈദരാബാദിലെ ഉപ്പും മുളകും വാരിയിട്ട ആന്ധ്രാമീല്‍സ് കഴിച്ച് മടുത്തിരിക്കുകയായിരുന്നു. വല്ലപ്പോഴും കേരളാ ഹോട്ടലില്‍ പോകുമ്പോഴാകട്ടെ ആന്ധ്രയും കേരളവും കലര്‍ന്ന വിചിത്രമായ സ്വാദുള്ള കറികളാണ്‌ കിട്ടുക. അന്യായ വിലയും .

” സൂരജിന്‌ അവിയല്‍ ഇഷ്ടമായെന്ന് തോന്നുന്നു ” പീറ്റര്‍ പറഞ്ഞു.

” സ്വര്‍ഗ്ഗം കിട്ടിയത് പോലെയുണ്ട് ..മേരിച്ചേച്ചിയുടേ പാചകം ഉഗ്രന്‍ ”

” അയ്യോ..ഞാന്‍ ചോറ്‌ മാത്രമേ വച്ചുള്ളൂ..കറികളൊക്കെ ലില്ലിയാ വച്ചത് ”

” ആരാ ലില്ലി? ” ഋഷി ചോദിച്ചു.

” അടുത്തുള്ളൊരു കുട്ടിയാ..മേരിയുടെ നാട്ടുകാരിയാ. വന്നിട്ട് കുറച്ച് നാളേയായിട്ടുള്ളൂ”

” എന്നിട്ട് ആളെയിതുവരെ കണ്ടില്ലല്ലോ ”

” അവള്‍ സ്കൂളിലേയ്ക്ക് പോയി. പിന്നെ ഒരു അനാഥാലയത്തിന്റെ ചുമതല കൂടി അവള്‍ക്കാണ്‌ ”

ലില്ലിയെ കാണാന്‍ കഴിയാത്തതില്‍ ഋഷിയ്ക്ക് സങ്കടമുണ്ടെന്ന് തോന്നി.

ലില്ലിയുടെ രൂപം മനസ്സില്‍ വരച്ചെടുക്കാന്‍ ശ്രമിക്കുകയായിരുന്നു സൂരജ്. മേരിയോളം പ്രായമുള്ള ഒരു അച്ചായത്തിയെയാണ്‌ കിട്ടിയത്.

ഊണ്‌ കഴിഞ്ഞ് അവര്‍ പുറത്തേയ്ക്കിറങ്ങി. വീടിന്‌ പിന്നില്‍ വിശാലമായ പറമ്പുകളാണ്‌. കരിമ്പ് കൃഷിയുണ്ട് അവിടെ. വെയിലിന്‌ നേര്‍ത്ത തണുപ്പുണ്ടായിരുന്നു. പീറ്ററിനെ കണ്ട് ചില ഗ്രാമീണര്‍ ബഹുമാനത്തോടെ വന്ദനം പറഞ്ഞു.

പീറ്റര്‍ ഗാരു, അവര്‍ വിളിച്ചു. ജയന്ത് ഗാരു, ഋഷി ഗാരു, സൂരജ് ഗാരു എന്ന് തങ്ങളേയും അവര്‍ വിളിക്കുമായിരിക്കും . അയാള്‍ തമാശയോടെ ഓര്‍ത്തു.

( തുടരും )

You May Also Like

വഴിയെ പോകുന്നവര്‍ കൈയയച്ച് സഹായിക്കുന്നത് അങ്ങ് അമേരിക്കയില്‍ നടക്കും , ഇന്ത്യയില്‍ ?

നമ്മള്‍ പരിചയമില്ലാത്ത ഒരിടത്ത് ചെന്ന് പെട്ടു..കൈയ്യില്‍ പൈസയുമില്ല മൊബൈല്‍ ഫോണില്‍ ചാര്‍ജ്ജുമില്ല..!!! എന്ത് ചെയ്യം ?

ഇങ്ങനെയും പാന്‍ കേക്കുകള്‍ പാക്ക് ചെയ്യാം : വീഡിയോ

എ ബി ബി റോബോട്ടിക്ക് സാങ്കേതികത ഉപയോഗിച്ച് പാന്‍ കേക്കുകള്‍ പാക്ക് ചെയ്യുന്നത് എങ്ങനെ എന്നറിയാമോ ?

ഊരും പേരും ഇല്ലാത്തവളുടെ ദയാഹര്‍ജി

തന്റെതല്ലാത്തകുറ്റത്തിന് വധശിക്ഷക്ക് വിധിക്കപെട്ട ഒരു കുഞ്ഞുമോളുടെ ദയാഹര്‍ജിയാണിത്.

ഒരു യക്ഷിക്കഥ

എനിക്ക് ഏകദേശം ഏഴു വയസ്സ് പ്രായം ഉള്ളപ്പോഴാണ് എന്റെ സുഹൃത്തും സഹപാടിയുമായ വിഷ്ണുവിന്റെ ഏട്ടന്‍ ഹരിയെ യക്ഷി പിടിക്കുന്നത്‌ . സംഭവം നടന്നു കുറച്ചു ദിവസങ്ങള്ക്ക്ശേഷം ആരൊക്കെയോ ചേര്‍ന്നുള്ള പതിഞ്ഞ സംസാരത്തിന്റെ അവസാനം : – “ ആ യക്ഷി കൊണ്ടുപോയി ..” എന്ന് പറഞ്ഞു കേള്‍ക്കുന്നതിനു മുന്‍പ് ഞാന്‍ അത് അറിഞ്ഞിരുന്നില്ല . തേവരെ പൂജിക്കുന്ന ഹരിയെട്ടനെ യക്ഷിക്ക് പിടിക്കാമെങ്കില്‍ , ശ്രീകോവിലില്‍ നിന്നും കുറച്ചു ദൂരെ മാറി നിന്ന് തേവരോട്:- “ കാത്തോളണേ..” എന്ന് പറയുന്ന മറ്റുള്ളവരുടെ അവസ്ഥ എന്തായിരിക്കും ..