ശിവലിംഗം ഒരു ചെറിയ കാര്യല്ല, അതിനെക്കുറിച്ച് പുരാണങ്ങളിൽ കാണുന്ന ചില തമാശകൾ ഇതാ

1005

സനൽ കുമാർ

ലിംഗ പുരാണം!

ശിവലിംഗം ഒരു ചെറിയ കാര്യല്ല, അതിനെക്കുറിച്ച് പുരാണങ്ങളിൽ കാണുന്ന ചില തമാശകൾ ഇതാ:-
വാമനപുരാണത്തിൽ ഒരു കഥയുണ്ട്. സതീദേവി ദക്ഷന്റെ യാഗാഗ്നിയിൽ ആത്മഹത്യ ചെയ്തതിൽ ദുഃഖിതനായ ശിവൻ അലഞ്ഞു നടന്ന് വിന്ധ്യ പർവ്വതത്തിലെത്തി. കാമദേവൻ തന്റെ പൂവമ്പുകളുമായി സദാ സമയവും ശിവനെ പിന്തുടർന്നു കൊണ്ടിരുന്നു. കാമശരങ്ങൾ കൊണ്ടു പൊറുതിമുട്ടിയതിനാൽ അവിടെ നിന്നും പാഞ്ഞൊരു ദാരുവനത്താൽ കടന്നു. അവിടെ ഭാര്യമാരോടൊപ്പം മഹർഷിമാർ പാർത്തിരുന്നു. ശിവനെ മഹർഷിമാരും പത്നിമാരും തലവണങ്ങി നിന്നു. തങ്ങളുടെ ഭാര്യമാർ ശിവനെ വണങ്ങിയത് മുനിമാർക്കത്ര പിടിച്ചില്ല, ‘എനിക്കു ഭിക്ഷ തരുവിൻ’ എന്ന് ശിവൻ പറഞ്ഞെങ്കിലും മഹർഷിമാർ മിണ്ടാതെ നിന്നു. ശിവൻ ആശ്രമങ്ങളിൽ ചുറ്റി നടക്കവേ അനസൂയയും, അരുന്ധതിയും ഒഴികെയുള്ള മുനി പത്നിമാരെല്ലാം ശിവനെക്കണ്ട് മദനപീഡയാൽ ലഹരിപിടിച്ച് ശിവനു പിന്നാലെ നടന്നു തുടങ്ങി. ആശ്രമങ്ങളെ ശൂന്യമാക്കി, മദയാനയെ കണ്ട പിടിയാനകളെപ്പോലെ മുനിമാരുടെ ഭാര്യമാർ ശിവനെ പിന്തുടർന്നു. ഭാർഗവൻ, അംഗിരസ് തുടങ്ങിയ മുനിമാർക്ക് അതു കണ്ട് കലശലായ ദേഷ്യം വന്നു.
” അങ്ങയുടെ ലിംഗം താഴെ വീണുപോകട്ടെ ” എന്നൊരൊറ്റ ശാപമങ്ങു കൊടുത്തു.
ഉടനെ ശിവന്റെ കിടുങ്ങാമണി താഴെ വീണു. ഉടനെ പുള്ളിയങ്ങു മുങ്ങി. ശിവലിംഗമല്ലേ സാധനം, പിന്നത്തെ കഥ പറയാനുണ്ടോ? താഴെ വീണ ശിവലിംഗം മുകളിലേക്കും താഴേക്കും വളർന്ന് ബ്രഹ്മാണ്ഡവും ഭൂമിയും പാതാളവും പിളർന്നു! അതോടെ പ്രപഞ്ചം ഭയങ്കരമായി കുലുങ്ങി. പാതാളത്തിൽ ബ്രഹ്മാവെത്തി വിഷ്ണുവിനോടു കാര്യം തിരക്കി. ശിവലിംഗമാണ് പ്രശ്നമുണ്ടാക്കിയതെന്ന് വിഷ്ണു പറഞ്ഞു. ബ്രഹ്മൻ മുകളിലേക്കും വിഷ്ണു താഴോട്ടും ലിംഗാഗ്രം കാണാൻ പുറപ്പെട്ടെങ്കിലും പരാജയപ്പെട്ട് തിരിച്ചെത്തി. പ്രശ്ന പരിഹാരത്തിനായി ശിവനെത്തന്നെ ശരണം പ്രാപിച്ചു. എല്ലാരും ചേർന്നു തകർത്തു പുകഴ്ത്തിയപ്പോൾ (തളളിയപ്പോൾ) പുളളി അല്പമൊന്നയഞ്ഞു. ” ലിംഗത്തെ പൂജിച്ചാൽ മാത്രമേ തിരിച്ചെടുക്കൂ ” എന്നായി ശിവൻ. ഗത്യന്തരമില്ലാതെ വിഷ്ണുവും കൂട്ടരും അതു സമ്മതിച്ചു. വിഷ്ണു നാലു ജാതിക്കാർക്കുമായി ശിവലിംഗ പൂജക്കു പലതരം പ്രാമാണിക ശാസ്ത്രങ്ങൾ ഉണ്ടാക്കി. ശൈവം, പാശുപതം, കാലദമനം, കാപാലികം എന്നിവയാണവ! പറഞ്ഞ പോലെ ശിവൻ ലിംഗം തിരിച്ചെടുക്കുകേം പ്രശ്നം പരിഹരിക്കേം ചെയ്തു.

വാമനപുരാണത്തിൽ തന്നെ 45 – ആം അധ്യായത്തിൽ ഈ കഥ വേറൊരു തരത്തിൽ ചേർത്തിട്ടുണ്ട്.
ബ്രഹ്മാവിന്റെ മനസിൽ നിന്ന് എൺപത്തെണ്ണായിരം ബാലഖില്യന്മാരുണ്ടായി. ആ മുനിമാർ ഒരായിരം ദിവ്യസംവത്സരം ശിവനെ തപം ചെയ്തു. ദേഹം ശോഷിച്ച് ഞരമ്പുകൾ പൊങ്ങിയിട്ടും അവർ ആരാധന നിർത്തിയില്ല. ആകാശത്തിലൂടെ ശിവനോടൊപ്പമുള്ള ഒരു യാത്രാവേളയിൽ പാർവ്വതി ഇവരെ കണ്ടു മനമലിഞ്ഞ് മുനിമാരുടെ കഷ്ടത മാറ്റാൻ ഭർത്താവിനോടു റെക്കമന്റു ചെയ്തു.
“കാമവും ക്രോധവും മാറാത്ത ധർമ്മമറിയാത്ത മൂഢന്മാരാണിവരെ” ന്ന് ശിവൻ പറഞ്ഞു.
രണ്ടാളും മുനിമാരെ ഒന്നു പരീക്ഷിക്കാൻ തീരുമാനിച്ചു. അതിൻ പ്രകാരം സുന്ദരനായ, നഗ്നനായ, വനമാല തലയിൽ ചൂടിയ, ഒരു ഭിക്ഷാംദേഹിയായി “ഭിക്ഷ തരണേ” എന്ന് പറഞ്ഞു കൊണ്ട് വേഷപ്രച്ഛന്നനായ ശിവൻ അവരുടെ ആശ്രമത്തിൽ ചെന്നു. ബ്രഹ്മവാദികളായ ആ മുനിമാരുടെ സ്ത്രീകൾ ആ യുവാവിന്റെ സൗന്ദര്യത്തിൽ മയങ്ങി, ധാരാളം ഫലമൂലാദികളുമായി ഭിക്ഷുവിനടുത്തെത്തി, “ഭിക്ഷ വാങ്ങിക്കൊൾക ” എന്നു പറഞ്ഞു.
ഭിക്ഷ കൊടുത്തുകൊണ്ട് പെണ്ണുങ്ങൾ അദ്ദേഹത്തോട് ചോദിച്ചു.
” താപസാ, എന്തൊരു വ്രതമാണങ്ങ് അനുഷ്ഠിക്കുന്നത്? വനമാല അണിഞ്ഞിട്ടുണ്ട്, വസ്ത്രം ഉടുത്തിട്ടില്ല, ഇവിടുന്ന് മനോഹരനായ ഒരു താപസനാണ്. വിരോധമില്ലെങ്കിൽ പറയുക “.
ഇതു കേട്ട് താപസൻ പറഞ്ഞു.
“ഇതൊരു രഹസ്യവ്രതമാണ്, സൗഭാഗ്യവതികളേ, വളരെപ്പേർ കേൾക്കെ ഈ വ്രതം ഇന്നതാണെന്ന് പറഞ്ഞു കൂടാ, അതിനാൽ നിങ്ങൾ പൊയ്ക്കൊൾവിൻ “.
ഇതു കേട്ട് അവർ മുനിയോട് പറഞ്ഞു. “എന്നാൽ വരൂ നമുക്കു പോകാം, ഞങ്ങൾക്ക് വളരെ ആഗ്രഹമുണ്ട്. ”
ഇങ്ങനെ പറഞ്ഞ് അവർ മുനിയെ കടന്നുപിടിച്ചു. ഒരുവൾ കഴുത്തിലും, മറ്റൊരുവൾ കൈയിന്മേലും, വേറൊരു സ്ത്രീ കാൽമുട്ടുകളിലും, ഒരു സുന്ദരി അരക്കെട്ടിലും പിടുത്തമിട്ടു ! ഇതെല്ലാം കണ്ട് കലശലായി ദേഷ്യം വന്ന ഭർത്താക്കന്മാരായ മുനിമാർ “അടിയെടാ” എന്നു പറഞ്ഞു കൊണ്ട് കല്ലും വടിയും കൊണ്ട് ശിവന്റെ ലിംഗത്തെ അടിച്ചു വീഴ്ത്തി. അതോടെ ശിവൻ മറഞ്ഞ് പാറൂനോടൊത്ത് കൈലാസത്തിലെ വീട്ടിലേക്ക് പോയി.

ലിംഗം താഴെ പതിച്ചതോടെ മുൻ പറഞ്ഞ പ്രശ്നങ്ങൾ പ്രപഞ്ചത്തിലുണ്ടായി, മുനിമാരും ബ്രഹ്മാദികളും കൈലാസത്തിലെത്തി ശിവനെ നന്നായി തളളാൻ (പുകഴ്ത്താൻ) തുടങ്ങി.
അതിൽ സന്തോഷിച്ച ശിവൻ ലിംഗം നിങ്ങളെടുത്ത് പ്രതിഷ്ഠിച്ച് പൂജിച്ചു കൊള്ളാനും അങ്ങനെ ലിംഗം പൂജിച്ചാൽ മോക്ഷമുൾപ്പെടെ എല്ലാ സൗഭാഗ്യങ്ങളും കിട്ടുമെന്നും പറഞ്ഞു. എല്ലാരും കൂടി ലിംഗമെടുത്ത് പ്രതിഷ്ഠിക്കാൻ ശ്രമം തുടങ്ങി. പക്ഷേ ലിംഗം ഒന്ന നക്കാൻ പോലും ആർക്കും പറ്റിയില്ല. വീണ്ടും പരിഹാരത്തിനായി കൈലാസത്തിലെത്തിയെങ്കിലും ശിവൻ അവിടില്ല, ബ്രഹ്മാവ് ധ്യാനിച്ചു നോക്കിയപ്പോൾ ആനയുടെ രൂപത്തിൽ ശിവൻ ഒരു സരസിനു സമീപം നില്ക്കുന്നു. ഉടനെ എല്ലാരും അവിടെത്തിയപ്പോൾ അവിടേം കണ്ടില്ല. പാറു (പാർവ്വതി) അവർക്ക് അമൃത് നല്കി. അതു കഴിച്ചപ്പോൾ അവർക്ക് ശിവഞ്ചേട്ടനെ നന്നായി കാണാമ്പറ്റി. ആനയുടെ രൂപം പൂണ്ട ശിവൻ തുമ്പിക്കൈ കൊണ്ട് ലിംഗമെടുത്ത് പ്രതിഷ്ഠിച്ചു. ബ്രഹ്മാവ് കല്ലുകൊണ്ടൊരു ലിംഗമുണ്ടാക്കി അതിനടുത്തു പ്രതിഷ്ഠിച്ചത് കുറെക്കാലത്തിനു ശേഷം രണ്ടും ചേർന്നൊന്നായി മാറി! ദേവന്മാരുടെ ഇഷ്ടപ്രകാരം ഏഴെണ്ണം കൂടി ബ്രഹ്മൻ പ്രതിഷ്ഠിച്ചു. ലിംഗം പ്രതിഷ്ഠിച്ച തീർത്ഥം സ്ഥാണുതീർത്ഥമെന്നറിപ്പെട്ടു.

ലിംഗത്തെക്കുറിച്ചുള്ള വേറൊരു കഥ:- ആദിയിൽ പ്രജാ സൃഷ്ടി ബ്രഹ്മാവിനെ ഏല്പിച്ച ശേഷം ശിവൻ ശക്തി കിട്ടാനായി നൂറ്റാണ്ടുകളോളം വെള്ളത്തിനടിയിൽ മുങ്ങിക്കിടന്നു. കാത്തിരുന്നു മടുത്ത ബ്രഹ്മാവ് പ്രജാപതികളെ സൃഷ്ടിച്ച് അവർ വഴി എല്ലാ സൃഷ്ടികളും അങ്ങ് നടത്തിച്ചു. അന്നേരമാണ് ശക്തിയൊക്കെ കൈക്കലാക്കി കൊണ്ടുള്ള ശിവ ഭഗവാന്റെ എഴുന്നള്ളത്ത്. തന്റെ അഭാവത്തിൽ സൃഷ്ടികർമ്മം കഴിഞ്ഞു കണ്ട ശിവൻ ഇനി എനിക്കിതെന്തിനെന്നു പറഞ്ഞ് കോപിച്ച് സ്വന്തം ലിംഗം വലിച്ചു പറിച്ചൊരേറങ്ങു വച്ചു കൊടുത്തു. അതു ഭൂമിയിൽ തറച്ചു നിന്നു. തുടർന്ന് ശിവൻ ദേവന്മാർക്കിടയിൽ സംഹാര താണ്ഡവം തന്നെ നടത്തി. പതിവുപോലെ എല്ലാരും കൂടി നന്നായി പുകഴ്ത്തിയപ്പോൾ പുള്ളിക്കാരൻ കോപാഗ്നി എടുത്ത് കടലിലേക്കിട്ടു .അതുകൊണ്ടാണിന്നും കടലു വറ്റിക്കൊണ്ടിരിക്കുന്നത്. തുടർന്ന് ശിവലിംഗത്തെ എല്ലാരും പൂജിക്കാനും തുടങ്ങി.
ഇത്തരം നിരവധിയായ ലിംഗ ലീലകളാൽ സമൃദ്ധമാണ് പുരാണങ്ങൾ !
ശിവലിംഗം ഈ പ്രപഞ്ചത്തേക്കാൾ വലുതാന്നിപ്പോ മനസിലായില്ലേ?! അതിനാൽ ഭൂമിയിലെ ഏറ്റവും വലിയ ലിംഗം ഉണ്ടാക്കുന്നതിലെന്താ കൊയപ്പം? വിമർശിക്കുന്നവർക്കിതിന്റെ ശക്തി അറിയില്ല ! അതാ. പഠിച്ചിട്ട് ബിമർശിക്കൂ സുഹൃത്തേ

Advertisements