ശാസ്ത്ര എഴുത്തുകാരൻ ആയ Sujith Kumar സോഷ്യൽ മീഡിയയിൽ പങ്കുവച്ച ലേഖനം

ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം എന്ന നിലയിലും വളരെ യൂസർ ഫ്രണ്ട്‌ലി ആയതിനാലും വൈറസ്സുകൾക്ക് നുഴഞ്ഞ് കയറാൻ എളുപ്പത്തിൽ ധാരാളം വാതിലുകൾ തുറന്ന് കിടക്കുന്നതിനാലുമെല്ലാം മൈക്രോസോഫ്റ്റ് വിൻഡോസ് എക്കാലത്തും വ്യാപകമായിത്തന്നെ വൈറസ് ആക്രമണങ്ങളാൽ കുപ്രസിദ്ധമാണല്ലോ. അതേ സമയം താരതമ്യേന സുരക്ഷിതമായ ഓപ്പറേറ്റിംഗ് സിസ്റ്റമായ ലിനക്സിൽ അത്ര വ്യാപകമായതും ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുള്ളതുമായ വൈറസ് ആക്രമണ ചരിത്രവുമില്ല. അതുകൊണ്ട് തന്നെ ലിനക്സിന്റെ പതിപ്പുകൾ ബുള്ളറ്റ് പ്രൂഫ് പോലെ അതീവ സുരക്ഷിതമാണ്, പേടിക്കാനൊന്നുമില്ല എന്നൊക്കെയുള്ള പൊതുബോധവും ഉണ്ടായിട്ടുണ്ട്. പക്ഷേ കാലം മാറി. ലിനക്സ് സിസ്റ്റം വിൻഡോസിനേക്കാൾ ജനപ്രിയമായ ഒരു കാലഘട്ടമാണ് ഇത്. ഇൻഡസ്ട്രിയൽ ഓട്ടോമേഷനിലും സെർവ്വറുകളിലുമൊക്കെ ലിനക്സിന്റെ വിവിധ വകഭേദങ്ങൾക്ക് ആണ് പ്രാമുഖ്യം.

വെറുതേ ഒരു ഹോബിയായി മാൽവെയർ പ്രോഗ്രാമുകൾ ഉണ്ടാക്കി കമ്പ്യൂട്ടറുകളെയും കമ്പ്യൂട്ടർ ശ്രുംഖലകളെയും ആക്രമിച്ച് പേരെടുത്ത് ആത്മനിർവൃതി അടയുന്ന ഹാക്കർമ്മാരുടെയും ക്രാക്കർമ്മാരുടെയുമെല്ലാം കാലം കഴിഞ്ഞു. വിൻഡോസും മാകും ലിനക്സും മറ്റ് മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റംസും എല്ലാം ഗാർഹിക ആവശ്യങ്ങൾ മുതൽ സൈനിക ആവശ്യങ്ങൾക്ക് വരെ പരക്കെ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് വ്യക്തമായ ലക്ഷ്യങ്ങളോടെ ആണ് മിക്ക മാൽവെയർ പ്രോഗ്രാമുകളും തയ്യാറാക്കപ്പെടുന്നത്. പഴയതുപോലെ വിൻഡോസിനെ മാത്രം ലക്ഷ്യമിട്ട് മാൽവെയറുകൾ ഉണ്ടാക്കിയതുകൊണ്ട് കാര്യം നടക്കണമെന്നില്ല. അതുകൊണ്ട് തന്നെ ആധുനിക കാലഘട്ടത്തിലെ സവിശേഷ ആവശ്യങ്ങൾക്കായി ശമ്പളം കൊടുത്ത് നിയോഗിക്കപ്പെട്ട വിവിധ സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾ ആണ് പ്രമുഖ മാൽവെയറുകൾക്ക് പിറകിൽ ഉള്ളത്. ഇത്തരം സ്ഥാപനങ്ങളും സംഘടനകളും അവരുടെ ലക്ഷ്യത്തിലെത്താൻ ഏത് വഴിയിലൂടെയും സഞ്ചരിക്കും. ലക്ഷ്യം വളരെ പ്രധാനപ്പെട്ടതും വിലമതിക്കുന്നതുമായതിനാൽ വർഷങ്ങൾ എടുക്കുന്ന പദ്ധതികൾ ആയിരിക്കും ഇവർ ഇതിനായി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. ഇറാനിലെ ആണവ ഇന്ധന സമ്പുഷ്ടീകരണ സംവിധാനങ്ങളെ തകർക്കുക എന്ന ലക്ഷ്യം മാത്രം മുൻനിർത്തി നിർമ്മിക്കപ്പെട്ട സ്റ്റക്സ് നെറ്റ് എന്ന അതീവ സങ്കീർണ്ണമായ മാൽ‌വെയർ അമേരിക്കയുടേയോ ഇസ്രായേലിന്റെയോ ഗവണ്മെന്റ് സ്പോൺസേഡ് ഏജൻസികളാൽ വർഷങ്ങളുടെ ഗവേഷണഫലമായി തയ്യാറാക്കപ്പെട്ടതാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇത്രയും കാര്യങ്ങൾ ഇപ്പോൾ പറയാൻ കാരണം ഏറ്റവും പുതിയതും വ്യാപകമായി ലോകത്തെമ്പാടുമുള്ള ലിനക്സ് കമ്പ്യൂട്ടറുകളെ ബാധിച്ചതും മാൽവെയറുകളുടെ പ്രഹരശേഷിയുടെ അളവു കോൽ ആയി കണക്കാക്കപ്പെടുന്ന കോമൺ വൾനറബിലിറ്റി സ്കോറീംഗ് സിസ്റ്റത്തിൽ 10/10 മാർക്കും നേടിയ XZ Utils പിൻവാതിൽ ആക്രമണം. ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഏത് വകഭേദം ഉപയോഗിച്ചവർക്കും വളരെ സുപരിചിതം ആയിരിക്കും XZ എന്നറിയപ്പെടുന്ന ഫയൽ കമ്പ്രഷൻ സിസ്റ്റം. അതായത് വിൻ സിപ്പ്, വിൻ റാർ തുടങ്ങി വിൻഡോസ് കമ്പ്യൂട്ടറുകളിൽ ഫയലുകളെ ഒരുമിച്ച് കൂട്ടി ചെറുതാക്കാൻ ഉപയോഗിക്കുന്ന സംവിധാനം. സ്വന്തന്ത്ര സൗജന്യ സോഫ്റ്റ്‌വേർ ആയതിനാൽ ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിനോടൊത്ത് തന്നെ ആണ് ഇതും റിലീസ് ചെയ്യപ്പെടുന്നത്. അതായത് ഉബുണ്ടു, മിന്റ്, ഫെഡോറ.. തുടങ്ങിയ ഡസ്ക്ടോപ്പ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ തുടങ്ങി റെഡ് ഹാറ്റ് പോലെയുള്ള എന്റർപ്രൈസ് ലിനക്സ് സിസ്റ്റങ്ങളിൽ വരെ ഇത് ഫയൽ കമ്പ്രഷനായുള്ള അപ്ലിക്കേഷനായി ഉപയോഗപ്പെടുത്തുന്നു. മറ്റ് ഫയൽ കമ്പ്രഷൻ സിസ്റ്റത്തിനേക്കൾ വളരെ സാങ്കേതിക തികവാർന്നതും കമ്പ്രഷൻ എഫിഷ്യൻസി ഉള്ളതും ആയ ഒന്നാണ് ഇത്.

മൈക്രോസോഫ്റ്റ് വിൻഡൊസിലും ഈ യൂടിലിറ്റി ലഭ്യമാണ്. മറ്റേത് സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെപ്പോലെയും ലോകത്തെമ്പാടുമുള്ള വിവിധ സോഫ്റ്റ്‌വെയർ കുതുകികൾ ആണ് ഈ അപ്ലിക്കേഷൻ അവരവരുടെ സംഭാവനകളാൽ കുഴപ്പങ്ങൾ പരിഹരിച്ചും പുതിയ ഫീച്ചറുകൾ നൽകിയുമൊക്കെ കാലോചിതമായി പരിപാലിച്ചുകൊണ്ടിരിക്കുന്നത്. പ്രതിഫലം വാങ്ങാതെ ഹോബി ആയും സ്വന്തം കഴിവുകൾ തെളിയിച്ച് ഒരു പോർട്ട് ഫോളിയോ ഉണ്ടാക്കാനുമൊക്കെ ലോകത്തെമ്പാടുമുള്ള കമ്പ്യൂട്ടർ വിദഗ്ദർ ഇത്തരം സ്വന്തത്ര സോഫ്റ്റ്‌വെയറുകളുടെ വികസനത്തിനായി അവരുടെ വിലപ്പെട്ട സമയം ചെലവഴിക്കുന്നതുകൊണ്ടാണ് പൊതുവേ പ്രൊപ്രൈറ്ററി സോഫ്റ്റ്‌വേറുകളെ വെല്ലുന്നതും അതേ സമയം തികച്ചും സൗജന്യമായതുമായ സ്വന്തന്ത്ര സോഫ്റ്റ്‌വേറുകൾ ഉണ്ടാകുന്നതും നിലനിന്ന് പോരുന്നതും. ഇവയുടെ സോഴ്സ് കോഡ് പരസ്യമായതിനാൽ ആർക്കും തന്നെ ഇതിന്റെ ബഗ് ഫിക്സിംഗ് നടത്താവുന്നതും സുരക്ഷാ പഴുതുകൾ ഉണ്ടെങ്കിൽ ചൂണ്ടിക്കാണിക്കാവുന്നതും ഡവലപ്മെന്റിന്റെ ഭാഗഭാക്കാവുന്നതുമൊക്കെ ആണ്. വളരെ വലുതും സജീവവുമായ ഒരു കമ്യൂണിറ്റി ആണ് ഏതൊരു സ്വതന്ത്ര സോഫ്റ്റ്‌വേറിന്റെയും പ്രധാന ശക്തി. ഏതെങ്കിലും ഒരു സ്ഥാപനത്തിന്റെ ഉടമസ്ഥതയിൽ ഉള്ള അടഞ്ഞ സോഴ്സ് കൊഡ് ഉള്ള പ്രൊപ്രൈറ്ററി സോഫ്റ്റ്‌വേറുകളിലെ സുരക്ഷാ പഴുതുകൾ കണ്ടത്തുന്നതും പരിഹരിക്കുന്നതുമെല്ലാം അതാത് സ്ഥാപനത്തിലെ പരിമിതമായ ഉദ്യോഗസ്ഥരുടെയും അവരുടെ അറിവിനെയുമൊക്കെ മാത്രം ആശ്രയിച്ചിരിക്കുമ്പോൾ അത്തരം പരിമിതികൾ സ്വതന്ത്ര സോഫ്റ്റ്‌വേറുകൾക്ക് ഇല്ല. ഇതിനർത്ഥം സ്വതന്ത്ര സോഫ്റ്റ്‌വേറുകൾ അതീവ സുരക്ഷിതവും എല്ലായ്പോഴും പ്രൊപ്രൈറ്ററി സോഫ്റ്റ്‌വേറുകളേക്കാൾ മെച്ചപ്പെട്ടതും ആണെന്നല്ല.

സ്വതന്ത്ര സോഫ്റ്റ്‌വേറുകളുടെ ഡവലപ്മെന്റ്, മെയ്ന്റൈനിംഗ് കമ്യൂണിറ്റി ആണ് അതിന്റെ ശക്തി എന്ന് നേരത്തേ പറഞ്ഞല്ലോ അത് തന്നെ പലപ്പോഴും അതിന്റെ ബലഹീനത ആകാറുമുണ്ട്. ഈ പറഞ്ഞ സോഫ്റ്റ്‌വേർ കമ്യൂണിറ്റിയിലെ അംഗങ്ങൾ എത്തരക്കാർ ആണെന്നൊ അവരുടെ ഐഡന്റിറ്റിയോ അവരുടെ ലക്ഷ്യങ്ങളോ ഒന്നും തന്നെ അതേ കമ്യൂണിറ്റിയിലെ തന്നെ അംഗങ്ങൾക്ക് തന്നെ അറിവുണ്ടാകില്ല, അല്ലെങ്കിൽ അറിയേണ്ട ആവശ്യമില്ല എന്നത് പലപ്പോഴും ഇത്തരം സോഫ്റ്റ്‌വേറുകളെ മാൽവെയറുകൾ കടത്തി വിടാനുള്ള ട്രോജൻ കുതിരകൾ ആയി ഉപയോഗിക്കാൻ ഉപയോഗിച്ച ചരിത്രങ്ങൾ ഉണ്ട്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് XZ Utils.

🛑എന്താണ് XZ Backdoor Vulnerability

ഈ കഴിഞ്ഞ മാർച്ച് 29 നു മൈക്രോസോഫ്റ്റിലെ ജീവനക്കാരൻ ആയ Andres Freund ഒരു സിസ്റ്റത്തിൽ നിന്ന് മറ്റൊരു സിസ്റ്റത്തിലേക്ക് ഫയലുകൾ ട്രാൻസ്ഫർ ചെയ്യാനുള്ള സംവിധാനമായ SSH (Secured Shell) ഉപയോഗിക്കുമ്പൊൾ സാധാരണയിൽ കവിഞ്ഞ് സമയം എടുക്കുന്നതായും കമ്പ്യൂട്ടറിന്റെ സിപിയു കൂടുതൽ ആയി ഉപയോഗപ്പെടുത്തുന്നതായും ശ്രദ്ധിച്ചു. ഇതിന്റെ പിന്നിലെ കാരണങ്ങൾ അന്വേഷിച്ച് പോയ അദ്ദേഹം ഈ പറഞ്ഞ XZ യൂട്ടിലിറ്റി അപ്ലിക്കേഷന്റെ പുതിയ പതിപ്പാണ് കുഴപ്പക്കാരൻ എന്ന് കണ്ടെത്തുകയും ഇത് ഇത്തരം സുരക്ഷാ പഴുതുകൾ റിപ്പൊർട്ട് ചെയ്യുന്ന പ്ലാറ്റ് ഫോമുകളിൽ റിപ്പോർട്ട് ചെയ്ത് ചർച്ചയാക്കുകയും ചെയ്തു. തുടർന്ന് റെഡ് ഹാറ്റ് ഉൾപ്പെടെ ഉള്ള ലിനക്സ് ഡവലപ്മെന്റ് ഏജൻസികൾ ഇതിനെ ഇഴകീറി പരിശോധിച്ചപ്പോൾ ആണ് എത്രമാത്രം അപകടകരം ആണ് ഇതെന്ന് മനസ്സിലായത്. കണ്ടെത്തലുകൾ ഞെട്ടിക്കുന്നതായിരുന്നു. XZ ന്റെ ഈ പതിപ്പ് ഇൻസ്റ്റാൾ ചെയ്യപ്പെട്ടിരിക്കുന്ന കമ്പ്യൂട്ടറുകളുമായി മറ്റ് കമ്പ്യൂട്ടറുകൾക്ക് പ്രത്യേകിച്ച് പാസ്‌വേഡ് ഒന്നും ആവശ്യമില്ലാതെ തന്നെ ബന്ധം സ്ഥാപിക്കാനും ഫയലുകൾ ട്രാൻസ്ഫർ ചെയ്യാനും വഴി ഒരുക്കുന്ന തരത്തിലുള്ള ഒരു പഴുത് ആണ് തുറന്നിട്ടിരിക്കുന്നത്. ലിനക്സ് സിസ്റ്റം ഉപയോഗിക്കുന്നവർക്ക് അറിയാം SSH എന്ന സിസ്റ്റം വഴി ഒരു കമ്പ്യൂട്ടറുമായി ബന്ധം സ്ഥാപിച്ച് കഴിഞ്ഞാൽ എന്തെല്ലാം കാര്യങ്ങൾ ആണ് ചെയ്യാൻ കഴിയുക എന്ന്. ചുരുക്കം പറഞ്ഞാൽ കമ്പ്യൂട്ടറിന്റെ പൂർണ്ണ നിയന്ത്രണം തന്നെ. അതുകോണ്ടാണ് കോമൺ വൾനറബിലിറ്റി സ്കോറിംഗ് സിസ്റ്റത്തിന്റെ പരമാവധി സ്കോർ ആയ 10/10 തന്നെ ഇതിനു കിട്ടിയത്. ഇനി എങ്ങനെ ആണ് XZ Utils നകത്ത് ഈ കുഴപ്പക്കാരൻ കടന്ന് കൂടിയത് എന്ന് നോക്കാം. ഇവിടെ കള്ളൻ കപ്പലിൽ തന്നെ ആയിരുന്നു. അതായത് XZ ന്റെ ഡവലപ്മെന്റ് ടീമിൽ തന്നെ ഒരു വിദ്വാൻ പ്രത്യേക ലക്ഷ്യങ്ങളോടെ കയറിക്കൂടിയിരുന്നു. Jia Tan എന്ന പേരുള്ള ഈ കോണ്ട്രിബ്യൂട്ടർ വളരെ ക്ഷമയോടെ രണ്ട് വർഷത്തിലധികമാണ് ഈ പ്രൊജക്റ്റിൽ വിവിധ സംഭാവനകൾ നൽകിക്കൊണ്ടും സജീവമായി ചർച്ചകളിൽ പങ്കെടുത്തുകൊണ്ടും ടീം അംഗങ്ങളുടെയും തലവന്റെയുമൊക്കെ വിശ്വാസ്യത നേടിയെടുത്തത്. അങ്ങനെ അവസാനം സോഫ്റ്റ്‌വേർ വേർഷനുകൾ പബ്ലിഷ് ചെയ്യാനുള്ള അധികാരം വരെ ഈ പറഞ്ഞ Jia Tan നേടിയെടുത്തു. അതോടെ ഈ കക്ഷി തന്റെ മാൽവെയർ പ്രോഗ്രാം രഹസ്യമായി ഒളിപ്പിച്ച് വച്ച് മോഡിഫൈ ചെയ്ത XZ ന്റെ 5.6.0 , 5.6.1 പതിപ്പുകൾ റിലീസ് ചെയ്തു. പെട്ടന്ന് തിരിച്ചറിയാൻ കഴിയാത്ത രീതിയിലും സാധാരണ ഉപയോഗത്തിൽ ഒരു വിധ ലക്ഷണങ്ങളും കാണിക്കാത്ത രീതിയിലും ആണ് ഈ മാൽവെയർ പ്രോഗ്രാം XZ ൽ ഒളിപ്പിച്ചത്.

ഈ പറഞ്ഞ Jia Tan ഒരു വ്യക്തി ആണോ അതോ ഒന്നിലധികം വ്യക്തികൾ ചേർന്ന ഗ്രൂപ്പ് ആണോ എന്നൊന്നും വ്യക്തമല്ല. എന്തായാലും 2022 മുതൽ ക്ഷമയൊടെ അസൂത്രിതമായി XZ പ്രൊജക്റ്റിൽ സജീവമായ Jia Tan ന്റെ ലക്ഷ്യങ്ങൾ പരക്കെ ലിനക്സ് സിസ്റ്റങ്ങളെ ആക്രമിക്കുന്നതിലുമപ്പുറമായി വ്യക്തമായ മറ്റെന്തെങ്കിലും ലക്ഷ്യങ്ങൾ ഉള്ള സ്റ്റക്സ് നെറ്റ് പോലെയുള്ള ഒരു സ്റ്റേറ്റ് സ്പോൺസേഡ് ആക്രമണം ആയിരിക്കാം എന്നും വിലയിരുത്തപ്പെടുന്നുണ്ട്.

🛑 XZ ബാക് ഡോർ എത്രമാത്രം വ്യാപകമാണ്? ഭാഗ്യവശാൽ ഏറ്റവും പുതിയ റിലീസ് ആയതിനാൽ എല്ലാ ലിനക്സ് ഡിസ്ട്രിബ്യൂഷനുകളിലും XZ ന്റെ പുതിയ പതിപ്പുകൾ ഉൾക്കൊള്ളിച്ചിട്ടില്ലായിരുന്നു.ഈ അടുത്ത് ഫെബ്രുവരിക്ക് ശേഷം പുതിയ പതിപ്പുകൾ റിലീസ് ചെയ്യപ്പെട്ട OpenSuse, Fedora ചുരുക്കം ഡിസ്ട്രിബ്യൂഷനുകളുടെയും മറ്റ് ചിലവയുടെ ഡവലപ്മെൻ്റ് പതിപ്പുകളും ഒഴികെ വളരെ വ്യാപകമായി ഇത് റിലീസ് ചെയ്യപ്പെട്ടില്ല. വളരെ അവിചാരിതമായി കണ്ടുപിടിക്കുകയും റിപ്പോർട്ട് ചെയ്യപ്പെടാതെ പൊവുകയും ചെയ്തിരുന്നു എങ്കിൽ ഇത് ലോകം കണ്ട ഏറ്റവും വലിയ സുരക്ഷാ പ്രശ്നം ആയി മാറുമായിരുന്നു. XZ ന്റെ 5.6.0, 5.6.1 പതിപ്പുകൾ ഇൻസ്റ്റാൾ ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുകയും ഉണ്ടെങ്കിൽ ഡൗൺഗ്രേഡ് ചെയ്യുകയും ആണ് പ്രതിവിധി. ഇത് എങ്ങിനെ ആണ് ചെയ്യുക എന്നത് ലിനക്സ് ഉപയോഗിക്കുന്നവരെ പ്രത്യേകിച്ച് പഠിപ്പിക്കേണ്ട കാര്യമില്ലല്ലോ.

You May Also Like

അഞ്ചലോട്ടക്കാരൻ മുതൽ സൈബോർഗുകൾ വരെ

അഞ്ചലോട്ടക്കാരൻ മുതൽ സൈബോർഗുകൾ വരെ Sabu Jose (ഫേസ്ബുക്കിൽ എഴുതിയത് ) ഇന്ന് സന്ദേശങ്ങൾ കൈമാറുന്നത്…

5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടല്ലോ, എന്താണ് 5ജി ? ഈ വിഷയത്തെ കുറിച്ച് ആധികാരികമായി എഴുതിയ ലേഖനം

5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടല്ലോ.ഏതാനും വർഷങ്ങൾക്ക് മുൻപേ തന്നെ ലോകത്തെ പല രാജ്യങ്ങളിലും പരിമിതമായ തോതിലും…

16ജിബി റാം, 256ജിബി സ്‌റ്റോറേജ്, ചെറിയ ബജറ്റിൽ ഗെയിമിംഗ് ഫോൺ, സ്‌മാർട്ട്‌ ഫോണിൻ്റെ വില 9,000-ത്തിൽ താഴെ

ചെറിയ ബജറ്റിലുള്ള ആളുകൾക്കായി, 16 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഇൻഫിനിക്സ് ഹോട്ട് 40i…

റെയിൻക്യൂബ് – ചരിത്രം സൃഷ്ടിക്കുന്ന മഴപ്രവചന ഉപഗ്രഹം

റെയിൻക്യൂബ് – ചരിത്രം സൃഷ്ടിക്കുന്ന മഴപ്രവചന ഉപഗ്രഹം Sabu Jose (സോഷ്യൽ മീഡിയയിൽ എഴുതിയത് )…