മനുഷ്യൻ മാത്രമാണോ യുദ്ധംചെയ്തിട്ടുള്ളത് ? മറ്റു ജീവികളൊന്നും യുദ്ധം ചെയ്യുന്നില്ലേ ?

84

സിനിമ പ്രേമി

LION VS BUFFALO — The war for survival….

‘യുദ്ധം’, മനുഷ്യകുലത്തിനെ തെല്ലൊന്നുനല്ല സ്വാധീനിച്ചിട്ടുള്ളത്. കല്ലും കമ്പും കൂർപ്പിച്ച് വേട്ടയാടാൻ തുടങ്ങിയ ഗോത്രകാലഘട്ടങ്ങൾ മുതൽക്കേ തുടങ്ങിയ യുദ്ധങ്ങൾ, കാലം മാറിയപ്പോൾ പുതിയ ആയുധങ്ങളും പുതിയ അടവുകളും പുതിയ ലക്ഷ്യങ്ങളും അതിന്റെ മൂർച്ച കൂട്ടി. പെണ്ണിനും മണ്ണിനും പൊന്നിനും വേണ്ടിയുള്ള നിർത്താതെയുള്ള യുദ്ധങ്ങൾ ഒരു ലഹരിപോലെ മനുഷ്യന്റെ തലച്ചോറുകളെ മത്തുപിടിപ്പിച്ചപ്പോൾ മറുകരയിൽ ദശലക്ഷങ്ങൾ കുരുതികൊടുക്കപ്പെട്ടു. ലോക മഹായുദ്ധങ്ങളുടെ കെടുതികൾ കണ്ടറിഞ്ഞിട്ടും ഇന്നും ആ ലഹരിയുടെ അലയൊലികൾ അവന്റെ തലച്ചോറുകളിൽ നിന്ന് മാഞ്ഞുപോയിട്ടില്ല. മനുഷ്യൻ മാത്രമാണോ യുദ്ധംചെയ്തിട്ടുള്ളത്??! മറ്റു ജീവികളൊന്നും യുദ്ധം ചെയ്യുന്നില്ലേ??!

ഉണ്ട്!!!!!! അവർക്കതൊരു ലഹരിയല്ലെന്ന് മാത്രം. അവരുടെ യുദ്ധങ്ങൾ നിലനിൽപ്പിനായുള്ളതാണ്. നിലനിൽപ്പിനായുള്ള ഇത്തരം യുദ്ധങ്ങളിൽ, പലപ്പോഴും എതിരാളികളിലൊരാൾ ദുർബലനായിരിക്കും. എതിരാളികൾ തുല്യരാണെങ്കിലല്ലേ പോരിന് മാറ്റ് കൂടു. എങ്കിൽ മാത്രമേ അടവുകൾക്കും മുറകൾക്കും മൂർച്ചയേറു. ആക്രമണങ്ങളും പ്രതിരോധങ്ങളും മാറിമാറി പയറ്റുന്ന, യുദ്ധതന്ത്രങ്ങൾ കൊണ്ട് കവിതരചിക്കുന്ന ഒരു പോരാടാമുണ്ട് ജന്തുലോകത്ത്. ആഫ്രിക്കൻ പുൽമൈതാനങ്ങളിലെ രണ്ട് അതികായന്മാർ തമ്മിലുള്ള പോരാട്ടം, നിലനിൽപ്പിനായി എന്നോ തുടങ്ങി ഇന്നും തുടരുന്ന പോരാട്ടം, സിംഹവും കാട്ടുപോത്തും തമ്മിലുള്ള പോരാട്ടം…….
“The War between Lion and Cape Buffalo… 🦁 XX 🐃”

സിംഹം, ആഫ്രിക്കൻ ബഫല്ലോ; ‘African big five’ ലെ രണ്ടു ഭീമന്മാർ. ടൂറിസ്റ്റുകളുടെയും വൈൽഡ് ലൈഫ് ഡോക്കുമെന്ററികളിലെയുമൊക്കെ Favorites. ഇതിൽ ഒരാളെപ്പറ്റി മാത്രമായൊരു വിവരണം ഒരിക്കലും സാധ്യമല്ല. രണ്ടും അതിജീവനത്തിനായി നിരന്തരം യുദ്ധം ചെയ്യുന്ന, ഒരേ ചങ്ങലയിലെ രണ്ടു കണ്ണികൾ തന്നെ. വെറും യുദ്ധമല്ല, ഒരുപക്ഷേ അനിമൽ വേൾഡിലെ തന്നെ ഏറ്റവും വലിയ യുദ്ധങ്ങളിലൊന്ന്.

ഇരുകൂട്ടരും കൂട്ടമായി ജീവിക്കുന്ന മൃഗങ്ങളാണ്. അതുതന്നെയാണ് ഇരുവരുടെയും ഏറ്റവും വലിയ കരുത്തും. സിംഹത്തിന്റെ ഒരു കൂട്ടത്തെ പ്രൈഡ് എന്നാണ് പറയുന്നത്. ഒരു കുടുംബം എന്ന് വേണമെങ്കിൽ പറയാം. അതേ സ്ട്രക്ച്ചർ തന്നെയാണ് ഒരു ലയൺ പ്രൈഡിനുമുള്ളത്. ഒരു ആവറേജ് ലയൺ പ്രൈഡിൽ 10-15 അംഗങ്ങൾ വരെയുണ്ടാകും. സാധാരണയായി രണ്ടോ മൂന്നോ ആൺസിംഹങ്ങളും അവരുടെ ഭാര്യമാരും മക്കളും അടങ്ങുന്നതായിരിക്കും പ്രൈഡിന്റെ സ്ട്രക്ച്ചർ. ആൺസിംഹങ്ങളായിരിക്കും പ്രൈഡിനെ നിയന്ത്രിക്കുക. സിംഹങ്ങളെ പറ്റി പറയാതെ തന്നെ അധികമാളുകൾക്കും അറിയാമായിരിക്കും. പക്ഷെ ആഫ്രിക്കൻ ബഫല്ലോ അല്ലെങ്കിൽ Cape Buffalo കളെ പറ്റി കാര്യമായ അറിവ് പലർക്കും ഉണ്ടാകില്ല. അധികം ആമുഖങ്ങൾ ഒന്നും ഇല്ലാതെ തന്നെ സിമ്പിൾ ആയ ഒരു വിവരണം തരാം. ലോകത്തിലെ ഏറ്റവും അകടകാരികളായ പത്ത് മൃഗങ്ങളെ എടുത്താൽ അതിലൊന്ന് ആഫ്രിക്കൻ ബഫല്ലോ ആയിരിക്കും. ഒരുപക്ഷേ മുൻനിരയിൽ തന്നെ ഉണ്ടാകും. ആനയോടും കാണ്ടാമൃഗത്തിനോടും വരെ ഒരു കൂസലുമില്ലാതെ ഏറ്റുമുട്ടാൻ ഒരു പേടിയുമില്ലാത്ത കൂട്ടർ.

ഇവരുടെ കൂട്ടം സിംഹങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. ‘ഹെർഡ്’ എന്നാണ് ഈ കൂട്ടങ്ങളെ വിളിക്കുക. ഒരു ഹെർഡിൽ 30 മുതൽ 100 വരെ മെമ്പേഴ്‌സ് ഉണ്ടാകും. വേനൽകാലങ്ങളിൽ വെള്ളം തേടിയുള്ള പലായനങ്ങളിൽ ചെറു ഹെർഡുകൾ ചേർന്ന് 400 നും 500 നും മുകളിൽ അംഗങ്ങളുള്ള ഹെർഡുകൾ രൂപപ്പെടാറുണ്ട്. കൂട്ടത്തിലെ മുതിർന്ന പെൺബഫല്ലോകളായിരിക്കും ഹെർഡിനെ നിയന്ത്രിക്കുക. ഇതിൽ നിന്ന് വിട്ടുനിൽക്കുന്ന ഒരു കൂട്ടരുമുണ്ട്, ‘The big Bulls’ അവർ പൊതുവെ ഈ ഹെർഡുകളിൽ കാണാറില്ല. മുതിർന്ന ആൺബഫല്ലോകളും ചെറുപ്പക്കാരായ ആൺബഫല്ലോകളും അവരവരുടേതായ ചെറിയ ഹെർഡുകൾ രൂപീകരുച്ചിട്ടുണ്ടാകും. താരതമ്യേന ശക്തരായ ഇവർക്ക് കാട്ടിൽ രണ്ടേരണ്ടു ശത്രുക്കളെ ഉണ്ടാകൂ. ഒന്ന് മറ്റൊരു ബഫല്ലോ ബുൾ മറ്റൊന്ന്……
‘The Lions…’

ആണുങ്ങുടെ ഈ ചെറുകൂട്ടങ്ങൾ വലിയ ഹെർഡുമായി കൂടിച്ചേരുന്ന ഒരുസമയമുണ്ട്, മേറ്റിങ് സീസൺ. കടുത്ത വേനലിന് ശേഷം മഴ തുടങ്ങുമ്പോഴായിരിക്കും മേറ്റിങ്ങിനായി ഇവർ ഒത്തുകൂടുന്നത്. ഈ സമയമായിരിക്കും മുകളിൽ പറഞ്ഞ ആ യുദ്ധത്തിന് അതിന്റെ എല്ലാ രൗദ്രഭവങ്ങളും കൈവരുന്നത്. പല ലയൺ പ്രൈഡ്സും ബഫല്ലോ കളെയാണ് സ്ഥിരമായി ലക്ഷ്യമിടാറുള്ളത്. അതിന് പ്രധാന കാരണം ഒരു പ്രൈഡിനെ മുഴുവൻ തൃപ്തിപ്പെടുത്താനുള്ള മാംസം ഒരു ബഫല്ലോയെ വേട്ടയടിയാൽ കിട്ടും എന്നതുകൊണ്ടുതന്നെ. ചില പ്രൈഡ്‌സ് അവരുടെ ടെറിറ്ററികളിലുടനീളം ബഫല്ലോ ഹെർഡുകളെ പിന്തുടരാറുണ്ട്. പക്ഷെ അവയെ വേട്ടയാടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

സാധാരണയായി സിംഹങ്ങൾ ഇരപ്പിടിക്കാൻ ഉപയോഗിക്കുന്ന സ്ട്രാറ്റെജികൾ നോക്കാം. ഒന്ന് സാധാരണ എല്ലാ predators നേയും പോലെ ഇരയുമായി സെയ്ഫ് ഡിസ്റ്റൻസിൽ എത്തിയ ശേഷം അറ്റാക്ക് ചെയ്യുക എന്ന രീതിയാണ്. നല്ല ഓട്ടക്കാർ ആയതിനാൽ ഇരയെ കുറച്ചുദൂരം പിന്തുടർന്ന് പിടിക്കാനും സിംഹങ്ങൾക്കാകും. ഒറ്റക്ക് വേട്ടയാടുന്ന അവസരങ്ങളിലാണ് കൂടുതലായും ഈ രീതി ഉപയോഗിക്കുന്നത്. ഇനി മറ്റൊരു രീതി ഉണ്ട്, പൂർണമായും ടീംവർക്കിനെ അടിസ്ഥാനമാക്കിയുള്ള ടെക്‌നിക്ക് ആണത്. ഇവിടെ പ്രൈഡിലെ ഓരോ അംഗത്തിനും പ്രത്യേകം റോൾസ് ഉണ്ടാകും. അതിൽ എറ്റവും പ്രധാനപ്പെട്ട റോൾ ആണ് ‘സ്‌ട്രൈക്കർ’ ന്റെ റോൾ. ഫുട്ബോൾ കളിയിലൊക്കെ സ്ഥിരമായി കേൾക്കാറുള്ള ഒരു വാക്കാണിത്. ഒരു ഫുട്ബോൾ കളിയിൽ സ്‌ട്രൈക്കർ എന്താണോ ചെയ്യുന്നത് അതുതന്നെയാണ് ഇവിടെയും സ്‌ട്രൈക്കർ ചെയ്യുന്നത്. എല്ലാ പ്രൈഡിലും ഒരു സ്‌ട്രൈക്കർ ഉണ്ടാകും. കൂട്ടത്തിലെ കരുത്തുറ്റതും മുതിർന്നതുമായ പെൺസിംഹമായിരിക്കും ഈ പൊസിഷൻ ഏറ്റെടുക്കുക.

ഇരയെയോ ഇരയുടെ കൂട്ടത്തെയോ നോട്ടമിട്ടുകഴിഞ്ഞാൽ ആദ്യം തന്നെ സ്ട്രെക്കിംഗ് പൊസിഷനിൽ ഉള്ള സിംഹം പറ്റിയ ഒരു വശത്ത് പുല്ലുകളുടെയും മറ്റും മറവിൽ നിലയുറപ്പിക്കും. ബാക്കിയുള്ള സിംഹങ്ങൾ മറുവശത്തുകൂടി നിശബ്ദമായി ഇരകൾക്ക് ചുറ്റും സ്പ്രെഡ് ആകും. എന്നിട്ട് പതിയെ ഇരകൾക്കരികിലേക്ക് നീങ്ങും. പറ്റിയ അകലത്തിൽ എത്തികഴിഞ്ഞാൽ എല്ലാവരും ഒരുമിച്ച് അറ്റാക്ക് ചെയ്യും എന്നിട്ട് ഇരയെ ഓടിച്ച് പതുങ്ങി ഇരിക്കുന്ന സ്‌ട്രൈക്കറിനടുത്തേക്ക് കൊണ്ടുപോകും. ഇര അടുത്തേത്തികഴിയുമ്പോൾ സ്ട്രെക്കിങ് പൊസിഷനിലുള്ള സിംഹം ചാടി പിടുത്തമിടും. അപ്പോൾ മാത്രമായിരിക്കും ഇര സ്ട്രെക്കിങ് പൊസിഷനിലുള്ള സിംഹത്തെ കാണുന്നത്. അതിനുള്ളിൽ കൃത്യം നടന്നിരിക്കും. ഒരു ഫുട്ബോൾ മത്സരത്തിൽ സ്വന്തം കോർട്ടിൽ നിന്ന് പന്ത് സ്‌ട്രൈകറിലെത്തിച്ച്, അവിടെനിന്ന് വിദഗ്ധമായി സ്‌ട്രൈക്കർ ഗോളടിക്കുന്ന പോലെ തന്നെയാണ് ഇവിടെയും.

പക്ഷെ ഈ രീതികളൊന്നും ബഫല്ലോ ഹണ്ടിങ്ങിൽ വിലപ്പോകില്ല. താരതമ്യേന ചെറിയ ഇരകളിലാണ് ഈ രീതികൾ വിജയിക്കുക. അല്ലെങ്കിൽ അത്രയും ചെറിയ ഹെർഡ് ആയിരിക്കണം. സാധാരണഗതിയിൽ ഇത് സാധ്യമല്ല. അവിടെ പുതിയ കളികളും അടവുകളും പയറ്റണം. കാരണം ശത്രു നിസ്സാരക്കാരനല്ല. കരുത്തനാണെന്ന് മാത്രമല്ല എണ്ണത്തിന്റെ ആനുകൂല്യവുമുണ്ട്. വിൽഡബിസ്റ്റുകളെയോ സീബ്രകളെയോ പോലെ കൂടെയുള്ള ഒരുത്തന് പണികിട്ടിയാൽ തിരിഞ്ഞുനോക്കാത്തവനുമല്ല. ഹെർഡിലെ ഒരംഗത്തിന് എന്തെങ്കിലും അപകടം സംഭവിച്ചാൽ ബാക്കിയുള്ളവർ കയ്യും മെയ്യും മറന്ന് രക്ഷാപ്രവർത്തനത്തിനെത്തിയിരിക്കും. അതുകൊണ്ട് ഇവിടെ ഒരെണ്ണത്തിനെ പിടുത്തമിട്ടാൽകൂടി അതിനെ കൊന്ന് തിന്നുക അതിനേക്കാൾ വലിയ കടമ്പയാണ്. ഇതെല്ലാമാണെങ്കിലും വേട്ടക്കാർ മറ്റാരുമല്ല സിംഹങ്ങളാണെന്നോർക്കണം. യുദ്ധങ്ങൾ രാജവംശങ്ങൾക്ക് ഒരു പുത്തരിയല്ലല്ലോ. ചോര വീഴ്ത്തിയിട്ടെങ്കിലും ജയം മാത്രമാണ് അവരുടെയും ലക്ഷ്യം എങ്ങനെയെന്നല്ലേ??!… നോക്കാം!!!!….

“The game is onnnnnnnn!!!!!! 🔥💥 🦁XXX 🐃”
ആദ്യം പ്രതിരോധത്തിൽ നിന്ന് തുടങ്ങാം. അതായത് ബഫല്ലോ ഹെർഡിൽനിന്ന്. കാരണം ഇവിടെ ആദ്യം അറ്റാക്ക് തുടങ്ങുക സിംഹങ്ങളാണ്. അതവരുടെ ആവശ്യമാണല്ലോ! അത് മറ്റാരേക്കാളും നന്നായി ബഫല്ലോകൾക്കും അറിയാം. അതുകൊണ്ട് തന്നെ എപ്പോഴും അവർ ജാഗരൂകരയിരിക്കും. പെട്ടെന്നുള്ള ഒരറ്റാക്കിനെ പ്രതിരോധിക്കാൻ തക്കരീതിയിൽ തന്നെയായിരിക്കും ഹെർഡിന്റെ ഘടന. കൂട്ടത്തിലെ മുതിർന്നതും ആരോഗ്യവതികളുമായ പെണ്ണുങ്ങളായിരിക്കും മുന്നിൽ നടക്കുക. വശങ്ങളിലും മറ്റുമായി ബിഗ്ബുൾസുമുണ്ടാകും. ഏറ്റവും നടുക്ക് കുട്ടികൾ, അതുകഴിഞ്ഞ് പരിക്ക് പറ്റിയവരും അവശന്മാരും. ചുറ്റും പടച്ചട്ട തീർത്ത പോലെയുള്ള ഈ പ്രതിരോധം തകർക്കുക എന്നത് നിസ്സാര പണിയല്ല. അതുകൊണ്ടു തന്നെ സിംഹങ്ങൾ ഹെർഡിനെ കൃത്യമായി പഠിച്ചതിനുശേഷമേ കളിക്കിറങ്ങൂ. ഹെർഡിലെ കുട്ടികളും മറ്റു വീക്ക് ആയ മെംബെർസുമായിരിക്കും സിംഹങ്ങളുടെ ലക്ഷ്യം. പക്ഷെ അവരിലൊരാളെ കൈക്കലാക്കണമെങ്കിൽ അവർക്കുചുറ്റുമുള്ള പ്രതിരോധം ഭേദിക്കണം.

അതിനുവേണ്ടി അവർ ആദ്യം തന്നെ സ്പ്രെഡ് ആയി ഹെർഡിനെ വളയും. എന്നിട്ട് എല്ലാ പോയിന്റിൽ നിന്നും ആക്രമിക്കാൻ തുടങ്ങും. എങ്കിലും ഇത്രയും വലിയ ഹെർഡിനെ പൂർണമായും വളഞ്ഞ് ഒരാക്രമണം സാധ്യമല്ല. ഏതെങ്കിലും കുറച്ചു ഭാഗങ്ങളിലായി നിരന്നുകൊണ്ടായിരിക്കും ആക്രമണം തുടങ്ങുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ഹെർഡിനെ കൺഫ്യൂഷനിലാക്കി അവരുടെ ഫോർമേഷൻ തകർക്കുക എന്നതാണ് ലക്ഷ്യം. പല ഭാഗങ്ങളിൽനിന്ന് അറ്റാക്ക് വരുമ്പോൾ ആദ്യം ഹെർഡ് പാനിക് ആവുകയും ഭയന്നോടുകയും ചെയ്യുമെങ്കിലും പെട്ടെന്നുതന്നെ അവർ ഫോർമേഷൻ വീണ്ടെടുത്ത് കാര്യങ്ങൾ മനസിലാക്കി തിരയുകയും വലിയ ബഫല്ലോകൾ അവിടെ തങ്ങൾക്കെതിരെ വരുന്ന സിംഹത്തിന് നേരെ പാഞ്ഞടുക്കുകയും ചെയ്യും. അടുത്തെത്തികഴിയുമ്പോൾ സിംഹങ്ങൾ പിന്മാറും. ഇവിടെ സിംഹങ്ങൾ ഏറ്റവും കൂടുതൽ ഭയപ്പെടുന്ന ഒന്നാണ് എതിരാളികളുടെ കൊമ്പുകൾ. തൊട്ടടുത്തെത്തി വെട്ടിത്തിരിഞ്ഞ് പിന്തിരിഞ്ഞോടുമ്പോൾ ഒരു ചെറിയ പിഴവുമതി കഥകഴിയാൻ. ഓരോ കൊമ്പുകളും തമ്മിലുള്ള അകലം ഒരുമീറ്ററിലധികാമുണ്ടാകും. ഒത്തുകിട്ടിയാൽ തീർത്തിരിക്കും.

സിംഹങ്ങൾ തിരിഞ്ഞോടിയാൽ ബഫല്ലോകൾ വീണ്ടും പഴയ പൊസിഷൻ വീണ്ടെടുത്ത് രക്ഷപെടാൻ ശ്രമിക്കും. പക്ഷെ ബഫല്ലോകൾ തിരിയുന്ന ആ നിമിഷം സിംഹങ്ങളും തിരിയും. വീണ്ടും ഹെർഡിന് നേരെ ആക്രമണം അഴിച്ചുവിടും. അപ്പോഴേക്കും കൂടുതൽ വലിയ ബഫല്ലോകളും ബിഗ്ബുൾസും സംഭവസ്ഥലത്ത് അണിനിരക്കും. 1000 കിലോയോളം തൂക്കം വരുന്ന ബുൾ ബഫല്ലോകളെ നേരിടുക എന്നത് അല്പം ബുദ്ധിമുട്ടാണ്. ഇവർക്ക് ഭീഷണി ഉയർത്താൻ പോന്ന വേട്ടക്കാരൻ കാട്ടിൽ ഒരേയൊരാൾ മാത്രം; ഒരേയൊരു രാജാവ്…💥 “The male lions”. പലരുടെയും ധാരണ ആൺസിംഹങ്ങൾ ഉണ്ടുറങ്ങുന്നവർ മാത്രമാണെന്നാണ്. എന്നാൽ അതൊരു തെറ്റിധാരണ മാത്രം. ആഫ്രിക്കയിൽ ഒരു പരീക്ഷണമെന്നോണം ആനകളുടെ കൂട്ടങ്ങൾക്കരികിൽ ആൺസിംഹങ്ങളുടെ ഗർജനം സ്പീക്കറുപയോഗിച്ച് കേൾപ്പിക്കുകയുണ്ടായി. അതുവരെ സമാധാനപരമായി നടന്നുപോകുകയായിരുന്ന ഹെർഡ് ഗർജ്ജനം കേട്ടതും ആ നിമിഷംതന്നെ നടത്തം നിർത്തി പ്രതിരോധത്തിലേക്ക് പോവുകയും ചുറ്റും നിരീക്ഷിക്കാനും തുടങ്ങി. അപ്പോൾ അവർക്കുണ്ടായിരുന്ന വികാരം ഭയമായിരുന്നു. ഒരു വേട്ടകാരനോട് ഇരക്ക് തോന്നാവുന്ന അതേ ഭയം. അതുകൊണ്ടുതന്നെ ഹെർഡിന് ബിഗ്ബുൾ ബഫല്ലോകൾ എങ്ങനെയാണോ അതുപോലെതന്നെയാണ് പ്രൈഡിന് ആൺ സിംഹങ്ങളും. അവർ പൊതുവെ ചെറിയ ഇരകളെ വേട്ടയാടാറില്ല. തങ്ങൾക്കുപോന്ന എതിരാളികളുമായി മാത്രമേ മുട്ടാറുള്ളൂ. ബഫല്ലോ, ആന, ജിറാഫ് പോലുള്ള വലിയ ഇരകളെ വേട്ടയാടുമ്പോൾ ഒരു പെൺസിംഹത്തിന്റെ ഇരട്ടിയോളം ഭാരക്കൂടുതലും അതിനൊത്ത കരുത്തുമുള്ള ആൺസിംഹങ്ങൾ പ്രൈഡിന് നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്. പോർമുഖത്ത് കൂടുതൽ കൊമ്പുകൾ വരുമ്പോൾ സിംഹങ്ങൾ വീണ്ടും പിന്മാറും. ബഫല്ലോകൾ തിരിയുമ്പോൾ വീണ്ടും ആക്രമിക്കും. ഇങ്ങനെ ഒരു നാലോ അഞ്ചോ റൗണ്ടുകൾ കഴിയുമ്പോഴേക്കും ഹെർഡിന്റെ ഘടന മൊത്തത്തിൽ താറുമാറാകും. വീക്ക് ആയിട്ടുള്ള മെമ്പേഴ്‌സ് പുറത്തുവരും. ഈ പരാക്രമങ്ങൾക്കിടയിൽ അവർ കൂടുതൽ ക്ഷീണിതരായിട്ടുണ്ടാകും. ആ നിമിഷം സിംഹങ്ങൾ തങ്ങളുടെ ഇരക്കുമുകളിൽ പിടുത്തമിടും. പക്ഷെ അപ്പോഴും ഹെർഡ് പിന്മാറിയിട്ടുണ്ടാകില്ല. ബോൾ കയ്യിൽ കിട്ടിയതേ ഉള്ളു. ഗോളടിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

കൂട്ടത്തിലൊരാൾക്ക് അപകടം സംഭവിച്ചു കഴിഞ്ഞാൽ ബഫല്ലോകൾ വെറുതേയിരിക്കില്ല. അപകടത്തിൽ പെട്ടയാളെ രക്ഷിക്കുകയായിരിക്കും അവരുടെ ലക്ഷ്യം. ബിഗ് ബുൾസും മറ്റു ബഫല്ലോകളും വീണ്ടും ഇരയെ പിടുത്തമിട്ടിരിക്കുന്ന സിംഹങ്ങൾക്ക് നേരെ തിരിയും. അവർ പാഞ്ഞടുക്കുമ്പോൾ സിംഹങ്ങൾക്ക് വീണ്ടും പിന്മാറേണ്ടി വരും. ഈ സമയം മെയിൽ ലയൺസും മുതിർന്ന പെൺസിംഹങ്ങളും ഹെർഡിന് നേരെ ചാടി വീഴും. അപ്പോൾ ഹെർഡ് പേടിച്ച് തിരഞ്ഞോടും, വീണ്ടും സിംഹങ്ങൾ ഇരക്കുമുകളിൽ പിടുത്തമിടും. ഇത് തുടർന്നുകൊണ്ടേ ഇരിക്കും. ഏറ്റവും കൂടുതൽ ക്ഷമയുള്ള കൂട്ടരാരാണോ അവർ മാത്രമായിരിക്കും വിജയിക്കുക. എല്ലാം നേരിട്ടും സഹിച്ചും പ്രതിരോധിച്ചും അക്രമിച്ചും ആര് നിൽക്കുന്നുവോ അവർക്കുതന്നെ വിജയം. അത് ആരുമാകാം. അവശന്മാരാണെങ്കിൽ പെട്ടെന്നുവീഴുമെങ്കിലും ബിഗ്ബുള്ളുകളോ മറ്റോ ആണെങ്കിൽ വീഴ്ത്താൻ പിടിപ്പതുപണി തന്നെ. പിന്നിൽ നിന്ന് മാത്രമേ ഇരയെ പിടിക്കാൻ കഴിയൂ. കൊമ്പിനെ ഒഴിവാക്കാൻ വേണ്ടിയാണിത്. ആൺസിംഹങ്ങളുണ്ടെങ്കിൽ അവർതന്നെയാകും ഈ ജോലി നിർവഹിക്കുക. ചാടി പോത്തിന്റെ മുകളിൽ ഇരുന്നുകൊണ്ട് കഴുത്തിനുമുകിൽ സ്പൈനൽ കോഡിൽ കടിക്കും. ബാക്കിയുള്ളവർ ഇരയുടെ മുകളിലേക്ക് കൂടുതൽ ഭാരം കൊടുത്ത് താഴെ വലിച്ചിടാൻ ശ്രമിക്കും. പിടുത്തം വീണുകഴിഞ്ഞാൽ ഒരാൾ പതിയെ മുന്നിലെത്തി മൂക്കും വയും പൊത്തി കടിക്കും. ശ്വാസം വിടാതിരിക്കാനാണിത്. നാലുവശത്തു നിന്നും പല്ലും നഖങ്ങളും ആക്രമിച്ചുകൊണ്ടേ ഇരിക്കുമ്പോൾ, വീഴും.

ഇവിടെ വിജയികൾ മാറി മാറി വന്നുകൊണ്ടിരിക്കും. സിംഹങ്ങളുടെ ഭാഗത്തും വൻ പരിക്കുകളും മരണങ്ങളും വരെയുണ്ടാകും. ചില ഹണ്ടുകൾ തുടക്കം തന്നെ പരാജയപ്പെടാം ചിലത് ഇരയെ കൊല്ലുന്നതിന് തൊട്ടുമുൻപ് ഹെർഡ് വന്ന് ഇരയെ രക്ഷപെടുത്തി കൊണ്ടുപോകാം. ചിലപ്പോൾ ഒരു സിംഹം മാത്രം വന്ന് വിജയിക്കാം. അങ്ങനെ എന്തും സംഭവിക്കാം. എന്നിരുന്നാലും അനിമൽ വേൾഡിൽ ഇത്രയും strategic ആയിട്ടുള്ള ആക്രമണങ്ങളും പ്രതിരോധങ്ങളും ഉണ്ടോ എന്നുള്ളത് സംശയമാണ്. കാരണം ഇവിടെ എതിരാളികൾ തുല്യരാണ്. അവരുടെ പോരാട്ടം നിലനിൽപ്പിന് വേണ്ടിയുള്ളതും.
കണ്ണെത്താതെ പരന്നു കിടക്കുന്ന പുൽമൈതാനങ്ങൾ കൊണ്ടുതീർത്ത ആഫ്രിക്കയിലെ ആർദ്ധമരുഭൂമികളിൽ അതിജീവനം അല്പം കടുപ്പമാണ്. പക്ഷെ നിരന്തരമായ പോരാട്ടങ്ങളിലൂടെയും ആക്രമണങ്ങളിലൂടെയും പ്രതിരോധങ്ങളിലൂടെയും ലക്ഷക്കണക്കിന് സ്പീഷീസുകൾ അവിടെ സർവൈവ് ചെയ്യുന്നു. അതിൽ ഒരുദാഹരണം മാത്രമാണ് മുകളിൽ പറഞ്ഞിട്ടുള്ളത്. വിശപ്പും ജീവനും തമ്മിലുള്ള ഏറ്റുമുട്ടലെങ്കിലും ലക്ഷ്യം ഒന്നു തന്നെയാണ്. അതിജീവനം. ഭൂമിയിൽ നിലനിൽപ്പുള്ളടുത്തോളം കാലം അതിജീവനത്തിനായുള്ള ഈ പോരാട്ടം തുടർന്നുകൊണ്ടേ ഇരിക്കും.