Shibu Gopalakrishnan ന്റെ കുറിപ്പ്
2006 ലെ ജർമൻ ലോകകപ്പിൽ അർജന്റീനയ്ക്കു വേണ്ടി കളിക്കാൻ രണ്ടു ലിയോമാരുണ്ടായിരുന്നു. 19 ആം നമ്പർ താരം ലിയോണൽ മെസ്സിയും 13 ആം നമ്പർ താരം ലിയോണൽ സ്കലോണിയും. അർജന്റീനയ്ക്കു വേണ്ടി കന്നി ലോകകപ്പ് കളിക്കാൻ മുന്നിലും പിന്നിലുമായി അണിനിരന്ന ആകാശനീലിമകൾ. യൂടൂബിൽ കയറിയാൽ മെക്സിക്കോക്കെതിരെയുള്ള മത്സരത്തിൽ സ്കലോണിയിൽ നിന്നും പാസ്സുവാങ്ങി കുതിക്കുന്ന മെസ്സിയെ കാണാം. പതിനാറു വർഷങ്ങൾക്കു മുൻപ് അവർ ഒരുമിച്ചു തുടങ്ങിയ ആ പോരാട്ടം ഇപ്പോഴും തുടരുകയാണ്; അതിന്റെ കൊട്ടിക്കലാശമാണ് ഇന്ന്.
അർജന്റീനയെ ഗതകാല പ്രതാപങ്ങളിലേക്കു തിരിച്ചുനടത്തിയ പിന്നണി നായകനാണ് സ്കലോണി. 28 വർഷങ്ങൾക്കു ശേഷം ബ്യുണസ് ഐറിസിലേക്ക് കോപ്പ അമേരിക്ക കപ്പു കൊണ്ടുവന്ന പരിശീലകൻ. അപരാജിതമായ 36 മത്സരങ്ങൾക്കു ശേഷമാണ് മെസ്സിയുടെ കൈയും പിടിച്ചു സ്കലോണി ഖത്തറിൽ വന്നിറങ്ങിയത്. അർജന്റീന ഗോളടിക്കുമ്പോഴും ജയിക്കുമ്പോഴും അമിതാഹ്ലാദങ്ങൾ പ്രകടിപ്പിക്കാത്ത ശാന്തഗംഭീരൻ. ആഘോഷിക്കാനുള്ള സമയമായിട്ടില്ല എന്നൊരു നിസ്സംഗതയാണ്, നീട്ടിവയ്പ്പാണ്, സ്കലോണി.
എന്നാൽ സെമിഫൈനൽ ജയിച്ചു വന്ന മെസ്സിക്കു മുന്നിൽ സ്കലോണിയുടെ കെട്ടഴിഞ്ഞുപോയി. ഓരോരുത്തരെയായി ആശ്ലേഷിച്ചു മെസ്സി വരികയാണ്. ഏറ്റവും അവസാനത്തെ ആളായി സ്കലോണി കൈയുംകെട്ടി മാറിനിൽക്കുന്നു. അകത്തു കനംകെട്ടി നിന്ന കടൽ മെസ്സിയുടെ ആശ്ലേഷത്തിൽ കരകവിഞ്ഞു. സ്കലോണിയുടെ കണ്ണുകൾ നീലക്കടലുകളായി. കണ്ടുനിൽക്കുന്നവരുടെ കൂടി കരളു നനയ്ക്കുന്ന അത്രയും അഗാധമായൊരു ആശ്ലേഷം! പതിനാറു വർഷങ്ങൾക്കു മുൻപ് ഒരുമിച്ചു തുടങ്ങിയ ഒരു പരിശ്രമത്തിന്റെ പരിസമാപ്തിയിൽ അവർക്കു അതിലും ആഴത്തിൽ ആശ്ലേഷിക്കാനും ആനന്ദിക്കാനും കഴിയട്ടെ.
**