Shibu Gopalakrishnan ന്റെ കുറിപ്പ്
മൂന്നുവർഷം മുൻപ് അൻപത്തിമൂന്നാമത്തെ വയസ്സിലാണ് പീറ്ററിനു അൽഷിമേഴ്‌സ് സ്ഥിരീകരിക്കുന്നത്. ആദ്യം മറക്കാൻ തുടങ്ങിയത് താക്കോലുകൾ ആയിരുന്നു, പിന്നീട് വാലറ്റ്, വാക്ക്, വരികൾ. സ്വയം പൂരിപ്പിക്കാനാവാത്ത വിടവുകൾ കൊണ്ടു മറവി പീറ്ററിനു ചുറ്റും കിടങ്ങുകൾ തീർത്തു.
ഒരുദിവസം വീട്ടിലേക്കു ഡ്രൈവ് ചെയ്യുമ്പോൾ വണ്ടി ഓടിച്ചു കൊണ്ടിരുന്ന ലിസ പീറ്ററിനെ ഡ്രൈവർ മാത്രമായി തോന്നി പീറ്റർ വീട്ടിലേക്കു പോകാനുള്ള നിർദേശങ്ങൾ നൽകാൻ തുടങ്ങി. വീടിന്റെ വാതിൽ തുറന്നു ലിസയെ അകത്തേക്കു ക്ഷണിക്കുകയും വീടുമുഴുവൻ കാണിച്ചുകൊടുക്കുകയും ചെയ്തു. ഇന്നലെവരെ ഭാര്യ ആയിരുന്ന ലിസ ഒരുദിവസം പീറ്ററിനു അപരിചിതയായി.
ഒരാൾക്ക് ഓർമ്മകൾ നഷ്ടപ്പെടുമ്പോൾ മണ്ണിനടിയിൽ മറ്റാർക്കും കാണാൻ കഴിയാത്ത ഒരു വേരിനു വെട്ടേൽക്കുകയാണ്. പച്ചമരങ്ങളുടെ കാട്ടിൽ കാറ്റും മഴയും മഴത്തുള്ളികളും നഷ്ടപ്പെട്ട് അയാൾ ഉണങ്ങാൻ തുടങ്ങുന്ന ഒറ്റമരമാകും. നഷ്ടപ്പെടുന്ന ഓർമകളിൽ അയാൾക്കു ചുറ്റുമുള്ള മനുഷ്യരും വേരുകൾ പൊട്ടിയ മനുഷ്യരാവും.
ലിസ ഓർമ്മകൾ കൊണ്ടു തിരിച്ചുപിടിക്കാൻ ശ്രമിച്ചെങ്കിലും പീറ്റർ മറവിയിലേക്കു മറിഞ്ഞുവീണുകൊണ്ടിരുന്നു. ഒരുദിവസം ടിവി കണ്ടുകൊണ്ടിരിക്കെ പീറ്റർ ലിസയോടു വിവാഹാഭ്യർത്ഥന നടത്തി. അവർ വിവാഹിതരാണെന്നു പീറ്റർ മറന്നു കഴിഞ്ഞിരുന്നു. ലിസ പീറ്ററിന്റെ അഭ്യർത്ഥന സ്വീകരിച്ചു. തന്നെ പരിചരിക്കാൻ വന്ന സ്നേഹമയിയായ ഒരാളെ വിവാഹം കഴിക്കാൻ പോവുകയായിരുന്നു പീറ്റർ. ഭർത്താവിന്റെ ഓർമകളിലേക്കു ഭാര്യയായി തിരിച്ചുകയറാൻ ലിസ അൻപതിനാലാമത്തെ വയസ്സിൽ വീണ്ടും വിവാഹിതയായി. മനുഷ്യർ എങ്ങനെയെല്ലാമാണ് ഓർമകളെ കൈയെത്തിപ്പിടിക്കാൻ ശ്രമിക്കുന്നത്.
കണക്ടികട്ടിൽ നിന്നുള്ള പീറ്ററും ലിസ മാർഷലും വിവാഹദിനത്തിൽ